ADVERTISEMENT

കോവിഡ് കാലത്ത് കൊച്ചി കഠോരി ബാഗിലെ നേവൽ ക്വാർട്ടേഴ്‌സിന്റെ സുരക്ഷിതത്വത്തിൽ കഴിയുമ്പോഴും മുല്ലയുടെ മനസ്സിൽ ആശങ്കയായിരുന്നു. ശ്രീകാകുളത്തെയും ഉപ്പടയിലെയും കുപ്പടത്തെയും ബെനാറസിലെയും നെയ്ത്തു കുടുംബങ്ങളുടെ പ്രതീക്ഷയുടെ ഒരുപങ്ക് തന്റെ കൂടെ ചുമലിലാണെന്ന കരുതലിലാണ് മുല്ല സിറിൽ തന്റെ സ്വപ്നത്തിനു ചിറകു നൽകിയത്. തറികളിൽ ജീവിതം നെയ്യുന്നവർക്കു വേണ്ടി 2015ൽ മുല്ല തുടങ്ങിയതാണ് ‘വിങ്സ് ടു സ്റ്റൈൽ’ എന്ന സംരംഭം. പക്ഷേ കോവിഡ് അതുവരെ പരിചിതമല്ലാത്തൊരു പ്രതിസന്ധി സൃഷ്ടിച്ചു. നെയ്ത്തുകാരുടെ ആശങ്കകൾക്കു മുന്നിൽ പകച്ചുനിൽക്കാനാകില്ലെന്ന തിരിച്ചറിവിൽ മുല്ല നേവി വിമൻസ് അസോസിയേഷനു മുന്നിലെത്തി. കോവിഡ് പ്രോട്ടോക്കോൾ അതികർശനമായിരുന്നെങ്കിലും മുല്ലയുടെ ആവശ്യത്തിന് അവരുടെ പച്ചക്കൊടി. എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിച്ചു നെയ്ത്തുകാരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിനു വയ്ക്കാനുള്ള അനുമതി ലഭിച്ചതോടെ ആശ്വാസമായി, മുല്ലയ്ക്കും നെയ്തു കുടുംബങ്ങൾക്കും. 

 

കൊച്ചി സെന്റ് തെരേസാസ് കോളജിലെ പഠനകാലത്ത് ആർട്സ് ക്ലബ് സെക്രട്ടറിയായി തിളങ്ങിയതിന്റെ പരിചയസമ്പത്തിലാണ് നെയ്ത്തുകാരുടെ പ്രതീക്ഷകൾക്കു മുൻതൂക്കം നൽകിക്കൊണ്ടു തന്നെ സ്വന്തമായൊരു സംരംഭം തുടങ്ങാൻ മുല്ല മുന്നിട്ടിറങ്ങിയത്. നാവിക സേനയിൽ പൈലറ്റായ ഭർത്താവ് സിറിൽ മാത്യൂവിനൊപ്പം രാജ്യത്തെ വിവിധ നേവി ക്വാർട്ടേഴ്സുകളിൽ മാറി മാറി ജീവിക്കുമ്പോഴും ചുറ്റുമുള്ള സ്ത്രീകൾക്ക് ജീവിതം മെച്ചപ്പെടുത്താൻ അവസരം നൽകുംവിധം എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മുല്ലയുടെ മനസ്സിൽ. ന്യൂഡൽഹിയിലെ താമസക്കാലത്താണ് ചെറിയരീതിയിൽ ഒരു സംരംഭത്തിനു തുടക്കമിട്ടത്. 

മുല്ല സിറില്‍
മുല്ല സിറില്‍

എന്നാൽ ആന്ധ്രപ്രദേശിലെ ഉപ്പട എന്ന നെയ്ത്തുഗ്രാമത്തിലേക്കുള്ള യാത്രയാണ് ആ ചിറകുകൾക്കു കരുത്തുപകർന്നത്. ജിഐ ടാഗ് ലഭിച്ചിട്ടുള്ള ഉപ്പട ജാംദാനി സാരിയുടെ ഭംഗിയും അതു നെയ്തെടുക്കുന്നവരുടെ ജീവിതസാഹചര്യവും കണ്ടതോടെ കൃത്യമായ ദിശയിലേക്കു പറന്നുനീങ്ങി ‘വിങ്സ് ടു സ്റ്റൈൽ’. പ്രാദേശിക സവിശേഷതകളോടെയുള്ള രാജ്യത്തെ വിവിധ കൈത്തറി സാരികളുടെ അഴക് എല്ലാവരിലേക്കും എത്തുന്നില്ലെന്നതാണ് മുല്ല ആദ്യം തിരിച്ചറിഞ്ഞത്. ‘‘ഉപ്പട തീർത്തും കനമില്ലാത്ത സാരിയാണ്. അതു കയ്യിലെടുത്താൻ അറിയാം. സിൽവർ സറി നൂലുകളാൽ കൈകൊണ്ട് ഒരുക്കുന്ന സാരികളാണിവ. 10 മുതൽ 60 ദിവസം വരെയെടുത്താണ് ഈ സാരികളൊരുക്കുന്നത്’’, മുല്ല പറഞ്ഞു. 

 

ഗുണമേന്മയുള്ള സാരികൾ യഥാർഥ മൂല്യത്തോടെ ഉപഭോക്താക്കളുടെ അടുത്തെത്തിക്കാനും അതുവഴി പ്രധാന പങ്ക് നെയ്ത്തുകാരിലേക്കു തന്നെ തിരികെയെത്തിക്കാനുമായിരുന്നു മുല്ലയുടെ ശ്രമം. അതിനായി ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ തേടി. സുഹൃത്തു കൂടിയായ ഗായിക രാജലക്ഷ്മിയാണ് മുല്ലയുടെ സാരിശേഖരത്തിന്റെ ആദ്യ കസ്റ്റമർ ആയത്. പിന്നീട് ഒട്ടേറെ പേർ വ്യത്യസ്തമായ സാരികൾക്കായി മുല്ലയുടെ അടുത്തെത്തി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നെയ്ത്തുകാരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കാതെ മുന്നോട്ടു നീങ്ങാനായെന്ന് മുല്ല പറയുന്നു. 

 

കൈത്തറി മേഖലയിലെ അധ്വാനവും നെയ്ത്തുകാരുടെ ജീവിതസാഹചര്യവും നേരിട്ടറിഞ്ഞതാണ് തറികളിൽ ഒരുങ്ങുന്ന ഉത്പന്നങ്ങൾക്കായി ഇടമൊരുക്കാൻ മുല്ലയ്ക്ക് പ്രചോദനമായത്. വെറുമൊരു ഓൺലൈൻ ബുത്തീക് അല്ല, വെർച്വൽ പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ നെയ്ത്തുകാർക്കു മാത്രമായി ഉപയോഗപ്പെടുത്തുകയാണ് ‘വിങ്സ് ടു സ്റ്റൈൽ’ ലക്ഷ്യമിട്ടത്. ഓരോ സംസ്ഥാനത്തെയും പ്രാദേശിയ നെയ്ത്തിലെ വ്യത്യസ്തകൾ എത്ര മനോഹരമാണെന്ന് എല്ലാവരും കണ്ടറിയണമെന്നായിരുന്നു മുല്ലയുടെ ആഗ്രഹവും. ‘‘ഉപ്പട സാരിയിൽ തന്നെ എത്രയോ വ്യത്യസ്തതകളുണ്ട്. 200 കുടി ബോർഡർ, 400 കുടി ബോർഡർ എന്നിങ്ങനെ വരുന്ന കുപ്പട പട്ടുസാരികളുണ്ട്. വൈകുണ്ഠപുരം ഉപ്പടയുണ്ട്, ജാംദാനീ ബൂട്ട വരുന്ന ഉപ്പട സാരിയും മഹാനദി ചെക്കുകൾ വരുന്ന ഉപ്പട സാരിയുമുണ്ട്. ഉപ്പടയിൽ പോച്ചംപിള്ളി ബോർഡർ വരുന്ന സാരികളും സെമി പോച്ചംപിള്ളിയുമുണ്ട്. ഉപ്പട ടിഷ്യൂ സാരിക്കും ഗീച്ച സിൽക്കിനും ഒട്ടേറെ ആവശ്യക്കാരുണ്ടിവിടെ.’’ സാരികളെക്കുറിച്ചു വാതോരാതെ സംസാരിക്കും മുല്ല. 

 

‘‘പൊതുവെ കൈത്തറി സാരികൾക്കു വില അൽപം കൂടുമെങ്കിലും ചെറിയ ബജറ്റിലൊതുങ്ങുന്ന സാരികളുണ്ട്. ചന്ദേരി കുടി ബൂട്ട സാരികൾ, ചന്ദേരി ബോർഡർ കാഞ്ചി സാരികൾ എന്നിവ അവയിൽചിലതാണ്. ലിനൻ സാരികളും കോട്ട സാരികളും ഉടുത്താൽ എത്ര മനോഹരമാണ്. സാരിയുടുക്കാൻ മടിക്കുന്നവരും ഈ കനം കുറഞ്ഞ സാരികൾ കയ്യിലെടുത്താൽ പിന്നെ താഴെ വയ്ക്കില്ല. അതുകൊണ്ടു തന്നെ ചെറുപ്പക്കാർക്കും പ്രായം ചെന്നവർക്കും ഒരുപോലെ അനുയോജ്യമാണ്. അവസരങ്ങൾക്ക് അനുസരിച്ചു ചേരുന്ന സാരികൾ തിരഞ്ഞെടുക്കാം. ഉപ്പട സാരികൾ വിവാഹസാരിയായി ഉപയോഗിക്കാം. അതേസമയം വധുവിന്റെ അടുത്ത ബന്ധുക്കൾക്ക് ഉപയോഗിക്കാവുന്ന സാരികളായും തിരഞ്ഞെടുക്കാം. 20,000 രൂപയുടെ കുപ്പടസാരിയുണ്ട്. 2000 രൂപയുടെ സാരിയുമുണ്ട്. ഓഫിസ് വെയറായി ധരിക്കാവുന്നതാണ് സെമി പോച്ചംപിള്ളി സാരികൾ’’. 

 

‘‘വെറുമൊരു സാരിയെന്നതിനേക്കാൾ നെയ്ത്തുകാരുടെ നല്ലമനസ്സിന്റെ ഐശ്വര്യം കൂടിയാണ് ഓരോ സാരിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ പറഞ്ഞാൽ നല്ല ഐശ്വര്യമുള്ള സാരികളാണിവ. നെയ്ത്തുകാരുടെ ആ നന്മയാണ് എന്നിലൂടെ ഓരോരുത്തരിലേക്കുമെത്തുന്നത് എന്ന സന്തോഷമാണെനിക്ക്’’, മുല്ല സിറിൽ പറയുന്നു. 

 

രാജഗിരി സെന്റർ ഓഫ് ബിസിനസ് സ്റ്റഡീസിൽ നിന് എച്ച്ആർ ബിരുദം നേടിയിട്ടുണ്ട് മുല്ല സിറിൽ. 11 വയസ്സുള്ള ജെർമിയയും രണ്ടു വയസ്സുകാരൻ ജോർദാനുമാണ് മക്കൾ. കുടുംബത്തിന്റെയും ഓൺലൈൻ സംരംഭത്തിന്റെയും തിരക്കിലും പിഎച്ച്ഡി പഠനം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് മുല്ല. ‘വിങ്സ് ടു സ്റ്റൈൽ ബൈ മുല്ല സിറിൽ’ എന്ന സെർച്ചു ചെയ്താൽ മുല്ലയുടെ സാരിശേഖരം കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com