ADVERTISEMENT

കോവിഡ് 19 സൃഷ്ടിച്ച തളർച്ച മറികടന്ന് ഫാഷന്‍ ലോകം ഉണർവിന്റെ പാതയിലാണ്. ആ തിരിച്ചു വരവ് പ്രതിഫലിപ്പിക്കുന്ന വൈബ്രന്റ് നിറങ്ങളാണ് സ്പ്രിങ് 2022ൽ മുൻനിരയിലുള്ളത്. ശുഭാപ്തി വിശ്വാസം, ഊഷ്മളത, പുരോഗതി, ആവേശം എന്നിവയാണ് ഈ നിറങ്ങളിലൂടെ ഫാഷൻ ലോകം മുന്നോട്ടു വയ്ക്കുന്നത്. ഇക്കൂട്ടത്തിലെ ചില പ്രധാന നിറങ്ങളും അവയുടെ കോമ്പിനേഷനുകളും അറിയാം.

peri

∙ വെരി പെറി

വെരി പെറി എന്ന ലാവൻഡർ നിറമാണ് ‘കളർ ഓഫ് ദി ഇയർ’ ആയി കളർ റജിസ്ട്രി കമ്പനിയായ പാന്റോൺ തിരഞ്ഞെടുത്തിരിക്കുന്നത്. അല്ലലില്ലാത്ത ആത്മവിശ്വാസവും കൗതുകവും ഉണർത്തുന്ന ഫ്രഷ് ഷെയ്ഡ് ആണ് വെരി പെറി. ഫാഷൻ ലോകത്തെ ടോപ് ബ്രാൻഡുകൾ ആയ ലൂയി വിറ്റോൻ, വാലന്റീനോ, ഗുച്ചി എന്നീ ബ്രാൻഡുകളുടെ സ്പ്രിങ് കലക്‌ഷനിൽ ഈ നിറത്തിന്റെ പ്രാധാന്യം ദൃശ്യമാണ്. സെലിബ്രിറ്റികളായ സെൻഡേയ, ലേഡി ഗാഗ, കമീല കാബെല്ലോ എന്നിവർ വെരി പെറി ഔട്ട്ഫിറ്റിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ദൈനംദിന ഫാഷനിൽ ഈ നിറം ഉൾപ്പെടുത്തിയാൽ നിങ്ങൾക്കും സ്മാർട്ടായി തിളങ്ങാം. വൈറ്റ്, ബെയ്ജ്, ഗ്രീൻ എന്നീ നിറങ്ങൾക്കൊപ്പം വെരി പെറി അനായാസം ചേരും. ബോൾഡ് സ്റ്റേറ്റ്മെന്റ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ വെരി പെറിക്കെപ്പം ബ്രൈറ്റ് നിറങ്ങളായ ബോൾഡ് പിങ്ക്, ബ്ലൂ എന്നിവ പെയർ ചെയ്യാം.

vento

∙ ഇന്യുവെന്റോ

ബോൾഡ് പിങ്ക് ഷെയ്ഡ് ആയ ഇന്യുവെന്റോ ആണ് ഫാഷൻ ലോകത്തെ ആകർഷിച്ച മറ്റൊരു നിറം. ഫ്യൂഷ പിങ്കിനോട് സാദൃശ്യമുള്ള ഈ നിറം ഒരു സ്റ്റേറ്റ്മെന്റ് കമാന്‍ഡിങ് ലുക്ക് നൽകാൻ ഉചിതമാണ്. ശോഭയുള്ളതും കുട്ടിത്തം നിറഞ്ഞതുമായ ഈ കളർ മോണോക്രോം അഥവാ ഒരേ ഷെയ്ഡ് ആയി ധരിക്കാം. അല്ലെങ്കിൽ ന്യൂട്രൽ ടോണിലുള്ള ലൈറ്റ് ഷെയ്ഡുകളായ ലാവൻഡർ, വൈറ്റ്, ലൈറ്റ് ഗ്രീൻ എന്നിവയ്ക്കൊപ്പം ധരിക്കാം. പ്രസന്നതയും ഓമനത്വവും തോന്നിക്കുമ്പോൾ തന്നെ ബോൾഡ് ലുക്ക് നൽകാനും ഇന്യുവെന്റോ ഫലപ്രദമാണ്. സമാന ഷെയ്ഡിലുള്ള പൗഡർ പിങ്ക്, ബബിൾഗം പിങ്ക് എന്നിവയോടൊപ്പ‌വും അനായാസം ധരിക്കാം. വ്യത്യസ്തത ആഗ്രഹിക്കുന്നവർ ആണെങ്കിൽ ബ്രൈറ്റ് ഷെയ്ഡ്സിന് ഒപ്പം മിക്സ് ആൻഡ് മാച്ച് ചെയ്യാം.

kelly

∙ കെല്ലി ഗ്രീൻ

പച്ചപ്പിനാൽ സമ്പന്നമായ അയർലന്റിലെ പ്രകൃതിയെ ആസ്പദമാക്കിയുള്ള കെല്ലി ഗ്രീൻ എന്ന കളർ ഷെയ്ഡ് ഫാഷൻ ലോകത്തെ കീഴടക്കിയിരിക്കുകയാണ്. 2020 ൽ മൈക്രോ ട്രെൻഡിങ് ആയ ഈ നിറം 2022 ൽ പല പ്രമുഖ സെലിബ്രിറ്റികളുടെയും വാഡ്രോബിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കൗതുകം ഉണർത്തുന്നതും ഉന്മേഷം ജനിപ്പിക്കുന്നതുമായ ഈ നിറം  ആക്സസറികളിലും സ്ഥാനം കണ്ടെത്തി. നിരവധി ബ്രാൻഡുകൾ കെല്ലി ഗ്രീനിലുള്ള ബാഗുകളും ചെരിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. നാടകീയത നിറയുന്ന നിറം ആയതുകൊണ്ട് കളർ വീലിന്റെ തൊട്ടടുത്തുള്ള ബ്ലൂ, വയലറ്റ്, യെല്ലോ എന്നീ ഷെയ്ഡുകള്‍ അല്ലെങ്കിൽ പച്ചയുടെ വ്യത്യസ്ത ഷെയ്ഡുകൾ ഉപയോഗിച്ച് മോണോക്രോം ലുക്ക് പരീക്ഷിക്കാം. എർത്തി ടോണുകൾക്കൊപ്പം അനായാസം മാച്ച് ചെയ്യാനും സാധിക്കും.

ഇനി അൽപ്പം പേസ്റ്റൽ ഷെയ്ഡ്സ് ആയാലോ? ബ്രൈറ്റ് ഷെയ്ഡ്സിനൊപ്പം ഈ സീസണിൽ പൗഡർ ഷെയ്ഡ്സിനും സ്ഥാനമുണ്ട്.

glacial

∙ ഗ്ലേഷ്യൽ ലേക്ക്

പേരുപോലെ തന്നെ കുളിർമയും സൂപ്പർ ഫ്രഷും ആയിട്ടുള്ള ടോൺ ആണ് ഗ്ലേഷ്യൽ ലേക്ക്. വളരെ ഡസ്റ്റി ആയിട്ടുള്ള ഇളം നീല നിറമാണ് ഇത്. എല്ലാ സ്കിൻ ടോണുകൾക്കും യോജിക്കും എന്നതാണ് പ്രത്യേകത. ലോകോത്തര ഫാഷൻ കമ്പനിയായ അലക്സാണ്ടർ മക്ക്വീൻ മുതൽ വിവിധ ബ്രാന്‍ഡുകൾ ഈ കളർ തീമിൽ ഡ്രസുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. സിംപിൾ ആൻഡ് സൂപ്പർ ഫ്രഷ് ലുക്കിന് ഇതിലും അനുയോജ്യമായ നിറം വേറെയില്ല. മറ്റ് പേസ്റ്റൽ ഷെയ്ഡുകൾക്കൊപ്പമോ അല്ലെങ്കിൽ ബ്രൈറ്റ് നിറങ്ങൾക്കൊപ്പമോ ഇണങ്ങിച്ചേരാൻ ഈ നിറത്തിനാവും. എർത്തി ടോണുകളായ ബ്രൗൺ, കൊക്കോ, മസ്റ്റാർഡ് എന്നിവയ്ക്കൊപ്പവും ചേരും.

mokka

∙ കോക്ക മോക്ക

ക്ലാസിക് ലുക്ക് പ്രദർശിപ്പിക്കുന്നതിൽ എന്നും മുൻനിരയിലാണ് എർത്തി ടോണ്‍സിന്റെ സ്ഥാനം. മണ്ണിനോട് ഇണങ്ങി ചേർന്നിട്ടുള്ള നിറങ്ങളെയാണ് എർത്തി ടോൺസ് എന്ന് പറയുന്നത്. മോണോക്രോമാറ്റിക് ലുക്ക് നൽകാൻ എർത്തി ഷെയ്ഡ്സ് ആണ് അനുയോജ്യം. ബ്രൗണിന്റെ ഷെയ്ഡ് ആയ കോക്ക മോക്ക ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഉണ്ട്. ഫെൻഡി, പ്രാഡ തുടങ്ങിയ ബ്രാൻഡുകളുടെ ഔട്ട്ഫിറ്റ്സിൽ ഈ ഷെയ്ഡിന് വലിയ പ്രാധാന്യമാണുള്ളത്. ഹോട്ട് ആൻഡ് റിച്ച് ലുക്ക് നല്‍കാൻ കോക്ക മോക്ക അനുയോജ്യമാണ്. പച്ചനിറത്തിന്റെ ഷെയ്ഡുകളുമായി കോക്ക മോക്ക പെയർ ചെയ്യുന്നത് ക്ലാസിക് സ്റ്റേറ്റ്മെന്റ് ലുക്ക് നൽകും. കോമ്പിനേഷൻ നിറങ്ങൾ മാറ്റി മുഴുവൻ ലുക്കും മാറ്റാനാകും എന്നതാണ് ബ്രൗണിന്റെ വലിയൊരു സവിശേഷത. ന്യൂട്രൽ ഷെയ്ഡ് കോമ്പിനേഷലൂടെ ഫോർമൽ ലുക്കും ബ്രൈറ്റ് ഷെയ്ഡ്സ് ഉപയോഗിച്ചാൽ ഷീക്ക് ലുക്കും ലഭിക്കും. 

greeshma-mariya-sebastian
ഗ്രീഷ്മ മരിയ സെബാസ്റ്റ്യന്‍

വിവരങ്ങൾക്ക് കടപ്പാട്: ഗ്രീഷ്മ മരിയ സെബാസ്റ്റ്യൻ 

ഫാഷന്‍ ഡിസൈനർ/ സ്റ്റൈലിസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com