ADVERTISEMENT

മെറ്റ്ഗാല ചടങ്ങിൽ അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാൻ ഹോളിവുഡ് നടന ഇതിഹാസവും സൗന്ദര്യറാണിയുമായിരുന്ന മെർലിൻ മൺറോയുടെ പ്രശസ്തമായ ഗോൾഡൻ ഗൗൺ ധരിച്ചതിനെച്ചൊല്ലി വിവാദം. ചരിത്രപരമായ പ്രസക്തിയുള്ള ഒരു വേഷമാണിതെന്നും കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തിയാണ് കിം ഇതു ധരിച്ചതെന്നും വിമർശനമുയർന്നു. ഇത്തരം വസ്ത്രങ്ങൾ സംരക്ഷിക്കുന്നതിന്റെ നടപടികൾ വിവരിച്ച് ഇന്റർനാഷനൽ കൗൺസിൽ ഫോർ മ്യൂസിയംസ് മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു.

ഈ മാസം ആദ്യം നടന്ന മെറ്റ്ഗാല ചടങ്ങിലാണ് കർദാഷിയാൻ വിവാദ ഗൗൺ അണിഞ്ഞ് എത്തിയത്. 1962ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 45ാം  ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിനഗാനം പാടിയത് മെർലിൻ മൺറോയായിരുന്നു. അന്ന് ഈ വേഷം ധരിച്ചാണ് ഈ ഗാനം പാടാനായി മെർലിൻ വേദിയിലെത്തിയത്.

2500 ക്രിസ്റ്റലുകൾ കൈകൊണ്ടു തുന്നിപിടിപ്പിച്ച ഈ ഡ്രസ് ശരീരത്തോട് വളരെ ഇറുകിക്കിടക്കുന്നതിനാൽ ധരിച്ച മെർലിനു തന്നെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 1962ൽ മെർലിൻ ഇതു ധരിച്ച് പ്രകാശമാനമായ സ്റ്റേജിലെത്തിയപ്പോൾ ക്രിസ്റ്റലുകൾ മിന്നിത്തിളങ്ങി. ആയിരം മിന്നാമിനുങ്ങുകളെ മെർലിൻ ധരിച്ചിരിക്കുന്നെന്നായിരുന്നു ആ രംഗം ഉപമിക്കപ്പെട്ടത്. കെന്നഡിയും മെർലിനും തമ്മിൽ പ്രണയത്തിലാണെന്നു വരെ ഗോസിപ്പുകളുയരാൻ ആ ജന്മദിന പാർട്ടി വഴിയൊരുക്കി. 1500 യുഎസ് ഡോളറിനായിരുന്നു മെർലിൻ ഇതു വാങ്ങിയത്. പിന്നീട് 12 ലക്ഷം യുഎസ് ഡോളറിന് ഇതു ലേലത്തിൽ വിറ്റു.

ഓർലാൻഡോയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗൗൺ. ഇവിടെനിന്ന് കിം ഇതു വാടകയ്ക്കെടുക്കുകയായിരുന്നു. എന്നാൽ ഒരു റെഡ് കാർപറ്റ് ചടങ്ങിൽ മാത്രമാണ് കിം കർദാഷിയാൻ ഇതു ധരിച്ചതെന്നും മെറ്റ്ഗാലയിൽ താരം ഇതിന്റെ പകർപ്പുകളിലൊന്നാണ് ധരിച്ചതെന്നും അഭ്യൂഹമുണ്ട്. എന്നാൽ വിവാദങ്ങൾ തീരുന്നില്ല.

സാറാ സ്കാർട്ടൂറോയെപ്പോലെയുള്ള ചരിത്ര വസ്ത്ര സംരക്ഷകർ ഇതിനെതിരായി രംഗത്തെത്തി. ചരിത്രപരമായ പ്രത്യേകതകളുള്ള വസ്ത്രങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതു ധരിക്കുന്നത് ഇവയ്ക്ക് കേടു വരുത്തുമെന്നും ഇവർ പറയുന്നു. ചിലപ്പോൾ കൂടുതൽ അളവിലുള്ള സൂര്യപ്രകാശത്തിനു പോലും ഇത്തരം നാശം സംഭവിപ്പിക്കാനാകും. ഈ ഗൗൺ ധരിക്കാനായി തന്റെ ശരീരഭാരം ഒരുപാടു കുറച്ചെന്നും കിം കർദാഷിയാൻ പറഞ്ഞിരുന്നു. ഏഴരക്കിലോയോളം ഭാരമാണ് ഇതിനായി കുറച്ചത്.

എന്നാൽ മെർലിൻ മൺറോയെപ്പോലെ ഒരു താരം ധരിച്ച ഡ്രസ് കിം കർദാഷിയാനു തീരെ യോജിക്കുന്നില്ലെന്നാണ് ഈ വസ്ത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ ബോബ് മാക്കിയുടെ അഭിപ്രായം.

 

English Summary: Kim Kardashian Wearing Marilyn Monroe’s Dress 'Was a Big Mistake', Says Illustrator Bob Mackie 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com