ADVERTISEMENT

കണ്ണിൽ കാണുന്നതും ഇഷ്ടം തോന്നുന്നതുമായ വസ്ത്രങ്ങളെല്ലാം വാങ്ങിക്കൂട്ടന്ന രീതിയല്ല ഇന്നു ഫാഷൻ ലോകത്തുള്ളത്. സസ്റ്റൈനബിൾ ഫാഷനു പ്രാധാന്യം നൽകി, പ്രകൃതിയോട് കൂടുതൽ ചേര്‍ന്നു നിൽക്കാനാണു ലോകത്തെ മുൻനിര ബ്രാൻഡുകളുടെ ശ്രമം. അതിനൊടൊപ്പം പരമാവധി വിൽപന നടത്തി ലാഭം നേടുക എന്നതിൽനിന്നും വ്യത്യസ്തമായി റീയൂസ്, റീസൈക്ലിങ്, അപ്സൈക്ക്ലിങ് എന്നിവയ്ക്ക് പ്രാധാന്യം നൽകി സാമൂഹിക പ്രതിബന്ധതയോടെ മുന്നോട്ടു പോകാൻ ബ്രാൻഡുകൾ ശ്രദ്ധിക്കുന്നു. ഇത്തരം ശ്രമങ്ങളിൽ എന്നും മുൻപന്തിയിലാണ് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിലുള്ള ഫാഷൻ ലേബൽ പ്രാണ. പുതുമകളെയും മാറ്റങ്ങളെയും മടി കൂടാതെ സ്വീകരിക്കാനും അതോടൊപ്പം പാമ്പര്യമൂല്യങ്ങളെ ചേർത്തുപിടിക്കാനുമുള്ള ശ്രമങ്ങള്‍ വ്യക്തി ജീവിതത്തിൽ നടത്തുന്ന പൂർണിമ, പ്രാണയുടെ പ്രവർത്തനങ്ങളിലും അതിനു പ്രാധാന്യം നൽകാറുണ്ട്. ബനാറസി സാരികളുടെ പാരമ്പര്യ പ്രൗഢി പുത്തൻ വസ്ത്രങ്ങളിലേക്ക് വിളിക്കിച്ചേർത്ത് മലയാളികളുടെ ഫാഷൻ കാഴ്ചപ്പാടിന് മറ്റൊരു അനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് പൂർണിമയിപ്പോൾ. ജൂൺ മാസത്തിലെ വനിത കവർ ഫോട്ടോഷൂട്ടിൽ പൂർണിമ ധരിച്ച സാരികളിലൊന്ന് ഇത്തരത്തിലുള്ളതായിരുന്നു. 30 വർഷം പഴക്കമുള്ള ബനാറസി സാരിയുടെ പ്രൗഢിയാണ് അപ്സൈക്ക്ലിങ്ങിലൂടെ കവർ ഷൂട്ടിൽ പുനരാവിഷ്കരിച്ചത്. സമാനമായ രീതിയിൽ പൂർണിമ ഒരുക്കിയ ചുരിദാർ സെറ്റ് ധരിച്ച് ഒരു പൊതുപരിപാടിക്ക് എത്തിയ നടി മഞ്ജു വാരിയരും ഫാഷൻ ലോകത്തെ അദ്ഭുതപ്പെടുത്തി. യഥാർഥ ബനാറസി പാരമ്പര്യം വർഷങ്ങൾക്കിപ്പുറം ചേർത്തു പിടിക്കുന്നതെങ്ങനെയെന്നും അതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നും പൂർണിമ ഇന്ദ്രജിത്ത് മനോരമ ഓണ്‍ലൈനോട് പറയുന്നു.

∙ പ്രചോദനം

പാരമ്പര്യമായി നമുക്കുള്ളതിനെ അടുത്ത തലമുറയിലേക്ക് കൈമാറാന്‍ സാധിക്കുന്നത് മഹത്തായ കാര്യമാണ്. അത് സ്വർണമാണെങ്കിലും വസ്ത്രമാണെങ്കിലും. നമ്മുടെ അലമാരകളിലിരിക്കുന്ന കാഞ്ചീപുരം, ബനാറസി സാരികൾക്കും കഥകളും ഓർമകളും പങ്കുവയ്ക്കാനുണ്ടാകും. എന്നാൽ പലപ്പോഴും അതവിടെ ഇരുന്നു നശിച്ച് പോകുന്നു. അതൊഴിവാക്കി വീണ്ടും ഉപയോഗപ്പെടുത്താനും അടുത്ത തലമുറയ്ക്ക് കൈമാറാനും നമ്മുടെ മുമ്പിൽ ഇന്ന് സാധ്യതകളുണ്ട്. പഴയ സ്വർണാഭരണങ്ങൾക്കും പട്ടിനും ഇന്നും ഡിമാന്റ് ഉണ്ട്. അന്നത്തെ കലാകാരന്മാരുടെ വൈദഗ്ധ്യത്തിനാണ് ഈ മൂല്യം. മനസ്സു വച്ചാൽ അതു നമുക്ക് ഇന്നത്തെ രീതിയിലേക്ക് മാറ്റിയെടുത്ത് ഉപയോഗിക്കാനാവും. എപ്പോഴും ആവശ്യക്കാർ ഉള്ളതുകൊണ്ട് ഉയർന്ന റീസെല്ലിങ് മൂല്യം ഇത്തരം ബോർഡറുകൾക്കുണ്ട്. അതിനാല്‍ ഈ വസ്ത്രങ്ങൾ എപ്പോൾ വേണമെങ്കിലും പട്ടു നെയ്ത്തുശാലകളിൽ വിൽക്കാനാവുമെന്ന ഗുണവുമുണ്ട്.

പണം കൊടുക്കുമ്പോൾ പുതിയത് വാങ്ങുന്നതല്ലേ നല്ലത് എന്നു ചിന്തിക്കുന്നവർക്ക് ഇതൊരു സാധ്യതയല്ല. അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റുമില്ല. എന്നാൽ ഒരു മൂല്യം കൈമാറണമെന്നോ, അല്ലെങ്കിൽ പാരമ്പര്യം പിന്തുടരണമെന്നോ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഇത്തരം വസ്ത്രങ്ങൾ. വേരുകൾ തേടിപ്പോകാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. അമ്മയുടെ വിവാഹസാരി തന്റെ വിവാഹത്തിന് ഉടുക്കണം, അല്ലെങ്കില്‍ അതിൽനിന്ന് എന്തെങ്കിലുമൊന്ന് തന്റെ വിവാഹവസ്ത്രത്തിൽ ഉൾപ്പെടുത്തണം എന്ന ആവശ്യവുമായി എത്തുന്ന നിരവധി കസ്റ്റമേഴ്സ് ഉണ്ട്. ഇതെല്ലാം മനസ്സിലാക്കി, എന്തു ചെയ്യാനാവും എന്ന ചിന്തിച്ചതിന്റെ ഫലമാണ് അപ്സൈക്ക്ലിങ്ങിലൂടെ ബനാറസി സാരിയുടെ മൂല്യം ഇന്നിലേക്ക് ചേർത്തു വയ്ക്കാനുള്ള ശ്രമത്തിനു പിന്നിൽ. ആദ്യ ഘട്ടത്തിൽ 6 സാരികളാണ് ചെയ്തത്. അവയ്ക്ക് ലോഞ്ച് ചെയ്യുന്നതിനു മുമ്പേ ആവശ്യക്കാരുമുണ്ടായി.  

∙ പഴമ തേടി

നെയ്ത്തിന്റെ തനിമയിൽ ഓരേ‍ വർഷം പിന്നിടുമ്പോഴും മാറ്റങ്ങൾ വരുന്നുണ്ട്. പഴയ തീവ്രത ഇപ്പോൾ അവകാശപ്പെടാനാവില്ല. നെയ്ത്തിന്റെ സാങ്കേതിക വിദ്യകളിലും തൊഴിലാളികളുടെ പ്രവർത്തന രീതികളിലും കസവിന്റെ ഗുണമേന്മയിലുമുള്ള മാറ്റങ്ങൾ ഇതിനു കാരണമാണ്. അതു സ്വാഭാവികവുമാണ്. കാരണം വ്യവസായം മുന്നോട്ടു പോകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണ്. എങ്കിലും പഴയ നെയ്ത്തിന്റെ പ്രൗഢിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ മുൻനിര ഫാഷൻ ബ്രാൻഡുകളും പട്ടു നെയ്ത്തുശാലകളും പഴയ സാരികൾ വാങ്ങി സൂക്ഷിക്കുന്നു. ഇവ പിന്നീട് പല രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്. ബനാറസി സാരി ഉള്‍പ്പടെയുള്ള പഴയ ഒറിജിനൽ പട്ടു സാരി ശേഖരിക്കാനായി പ്രവർത്തിക്കുന്നവർ നോർത്തിന്ത്യയിൽ ഇപ്പോഴുമുണ്ട്. ഇത്തരത്തിലുള്ളവരെ തേടി പോവുകയും അവരിൽ നിന്നു സാരികൾ വാങ്ങുകയുമാണു ചെയ്യുന്നത്. 40 വർഷം പഴക്കമുള്ള സാരികൾ വരെ ഇങ്ങനെ സംഘടിപ്പിക്കാനാവും. 

∙ ബനാറസി

ഇന്നും പഴയ ബനാറസി സാരികൾക്ക് ഉയർന്ന മൂല്യമുണ്ട്. ബനാറസി സാരികളിൽ ഏറ്റവും പ്രാധാന്യം ബോർഡറിനാണ്. കസവും മനോഹരമായ നെയ്ത്തും ചേർന്നുള്ള ഗംഭീരമായ ബോർഡറുകളാണ് ഇവ. ബോർഡറിന്റെ സറി ഹെവിയാണ്. അതിനാൽ കൂടുതൽ കാലം നിലനിൽക്കും. ഇതു മികച്ച രീതിയിൽ അപ്സൈക്കിൾ ചെയ്യാനാവും. യഥാർഥ സ്വർണം/വെള്ളി നൂലുകളാൽ നെയ്യുന്നതുകൊണ്ട് വർഷങ്ങൾ പിന്നിട്ടാലും അതിന്റെ പൊലിമ കാലത്തെ അതിജീവിക്കുന്നു.

സാരിയുടെ ബേസ് ഭാഗങ്ങള്‍ മടയ്ക്കി വയ്ക്കുമ്പോൾ നിറം മങ്ങാനും പിന്നിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ ബോർഡർ എടുത്ത് അതിന്റെ ബേസ് ഫാബ്രിക് മാറ്റി പുതിയ ബേസ് നൽകുന്നു. ഡാണിങ്ങിലൂടെയും എംബ്രോയ്ഡറിയിലൂടെയുമാണ് ഇതു ചെയ്യുന്നത്. വർഷങ്ങൾ പഴക്കമുള്ളതിനാൽ ചെറിയ അശ്രദ്ധ പോലും ബോർഡറിനെ നശിപ്പിക്കാം എന്നതിനാൽ ഈ പ്രോസസ് ചെയ്യുമ്പോൾ വളരെ സൂക്ഷ്മത ആവശ്യമാണ്.

വളരെ വിലയുള്ളതിനാൽ അന്നത്തെ ബോർഡറുകളുടെ നീളവും കുറവായിരുന്നു. അതിനാൽ 5 മീറ്ററാകും കഷ്ടിച്ച് കിട്ടുക. ബോർഡറിലുള്ള ചെറിയ കോടുപാടുകൾ അതു പോലെ തന്നെ പുതിയ വസ്ത്രത്തിലും ഉണ്ടാകും. പാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിയുന്നവർക്ക് അതു മനസ്സിലാക്കാനാവും. പ്രശ്നങ്ങളൊന്നുമില്ലാത്ത ബേസ് ഫാബ്രിക് ചിലപ്പോൾ ഉണ്ടാകാറുണ്ട്. പക്ഷേ എങ്കിലും അവ മാറ്റും. കസ്റ്റമറിന് മിനിമം ഗ്യാരണ്ടി ഉറപ്പു നൽകാനാണ് അത്. ഈ ബേസ് പാർട്ടും സാരിയിലെ മറ്റു ഡിസൈനുകളും ഫേബ്രിക് ആഭരണങ്ങളാക്കി അപ്സൈക്കിൾ ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 

∙ മഞ്ജുവിന്റെ ചുരിദാർ

ഈ കലക്‌ഷനിലെ ഏക സൽവറാണ് മഞ്ജു ധരിച്ചത്. എന്റെ പ്രിയസുഹൃത്തും സമാന ചിന്താഗതിയുള്ള വ്യക്തിയുമാണ് മഞ്ജു. ഇത്തരം കാര്യങ്ങൾ തുറന്ന മനസ്സോടെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. സസ്റ്റൈനബിൾ ഫാഷന്റെ പ്രാധാന്യം മഞ്ജുവിന് പറഞ്ഞു കൊടുക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ഈ ആശയത്തിനും പിന്തുണ നൽകി. ബനാറസി സാരിയിൽ നിന്നെടുത്ത ബോർഡറുള്ള ഓറഞ്ച് ചുരിദാർ സെറ്റാണ് മജ്ഞുവിന് നൽകിയത്. ഫാഷനിൽ മേഖലയിൽ വലിയ സ്വാധീനമാണ് സെലിബ്രിറ്റികൾക്കുള്ളത്. ഫാസ്റ്റ് ഫാഷന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തിൽ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന പ്രവൃത്തി മഞ്ജുവിനെപ്പോലെ ഒരാളിൽനിന്നുണ്ടാകുമ്പോൾ അതിന്റെ സ്വാധീനം വളരെ വലുതായിരിക്കും. 

∙ ഒന്നിച്ച് മുന്നേറാം

വ്യക്തിപരമായും ഇത്തരം രീതികൾ പിന്തുടർന്ന ആളാണു ഞാൻ. എല്ലാ ബ്രാൻഡുകളും ‍‌പുതുമകൾക്കും പരീക്ഷണങ്ങൾക്കും തയാറാകണം എന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും ഒരു വ്യക്തി ചെയ്തതു കൊണ്ടു മാത്രം വലിയ മാറ്റങ്ങൾ സാധ്യമാകില്ല. എന്നാൽ എല്ലാവരും ശ്രമിച്ചാൽ വലിയ മാറ്റങ്ങൾ സാധ്യമാണു താനും. സോഷ്യൽ മീഡിയ സജീവമായ ഈ ലോകത്ത് ഒരു തവണ ധരിച്ച വസ്ത്രം വീണ്ടും ധരിക്കാനാവില്ല എന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്. എല്ലാവരും അങ്ങനെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്താൽ എന്താകും നമ്മുടെ ലോകത്തിന്റെ അവസ്ഥ?!

യഥാര്‍ഥത്തിൽ ഈ പരീക്ഷണം എനിക്ക് കൂടുതൽ വെല്ലുവിളികൾ നൽകുന്നു. യാത്രകൾ ചെയ്യണം, ഒറിജിനൽ ആണോ എന്ന് ഉറപ്പു വരുത്തണം, സാരികൾ‌ സംഘടിപ്പിച്ചു കൊണ്ടിരിക്കണം. പക്ഷേ അവ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ലാഭം മാത്രം നോക്കി എപ്പോഴും ബിസിനസിൽ തീരുമാനങ്ങളെടുക്കുന്നതിൽ അർഥമില്ല. ചില മൂല്യങ്ങളും മുന്നോട്ടു വയ്ക്കാനാവണം. ഒരു വ്യക്തി എന്ന നിലയിലും ബ്രാന്‍ഡ് എന്ന രീതിയിലും അതിനാണ് പ്രാധാന്യം നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com