ADVERTISEMENT

ബിജെപി മഹിളാ മോർച്ച നേതാവ് ചിത്ര വാഗിനെതിരെ പരാതിയുമായി നടിയും മോഡലുമായ ഉർഫി ജാവേദ്. ചിത്ര മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്നുമാണ് ഉർഫിയുടെ പരാതി. സുരക്ഷാ ഭീഷണി ഉണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും മഹാരാഷ്ട്ര വനിതാ കമ്മിഷനു നൽകിയ പരാതിയിൽ ഉർഫി ആവശ്യപ്പെട്ടു. 

 

ഉർഫിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് പുതിയ തലത്തിലേക്ക് എത്തിയത്. ഉർഫി നഗ്നത പ്രദർശിപ്പിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചിത്ര വാഗ് പൊലീസിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഉർഫിയെ പൊലീസ് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് ഉർഫിയും പരാതിയുമായി രംഗത്തെത്തിയത്. 

 

ജോലിയുടെ ഭാഗമായാണ് ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതെന്നും എന്നാൽ അതിന്റെ പേരിൽ ആക്രമണം നേരിടേണ്ടി വരുമോ എന്നു ഭയപ്പെടുന്നു. രാഷ്ട്രീയ നേട്ടത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ചിത്ര തന്നെ ആക്രമിക്കാൻ ആഹ്വാനും ചെയ്തത്. ഇതോടെ മുംബൈ പോലൊരു നഗരത്തിൽ ഭീതിയോടെ ജീവിക്കേണ്ട അവസ്ഥ വന്നു. ഭരണഘടന ഉറപ്പു നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ ലംഘിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതൊരു ഗുരുതരമായ പ്രശ്നമാണ്. മുംബൈ പൊലീസ് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. ഇതിനായി വനിതാ കമ്മിഷൻ റിപ്പോർട്ട് നൽകണമെന്നും ഉർഫി പരാതിയിൽ പറയുന്നു. 

 

ഗ്ലാമറസ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉർഫിക്കെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. നഗ്നത പ്രദർശിപ്പിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെയെല്ലാം അതേ നാണയത്തിലാണ് ഉർഫി നേരിട്ടിത്. ഇതിനിടിയിലാണ് ചിത്ര വാഗ് വിവാദം ഏറ്റെടുത്തത്. ചിത്രയുടെ ആരോപണങ്ങൾക്കും രൂക്ഷമായ ഭാഷയിലാണ് ഉർഫി മറുപടി നൽകിയത്. ഇതിനു പിന്നാലെ ചിത്ര പൊലീസിനെ സമീപിച്ചു. ഇതോടെ വിവാദം കൂടുതൽ ചൂടുപിടിച്ചു. 

 

Content Summary: Urfi Javed files complaint against BJP Leader Chitra Wagh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com