2002 ലെ ഒരു ബാർബർ ഷോപ്പ്. കയ്യിൽ കിട്ടിയ തല, കത്രികക്കൈയ്യും ചീപ്പുകൈയ്യും കൂട്ടിച്ചേർത്തുപിടിച്ച് ബാർബർ ഇടത്തോട്ടു തിരിക്കുന്നു. ചുമരിൽ ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, ശോഭന, ഉർവശി, അതിനിപ്പുറത്ത് സിൽക് സ്മിതയുടെ പടത്തിനു മീതേ മറ്റൊരാൾ.. ബാറ്റ് കാറ്റിനെതിരെ വീശി ഉടൽകൊണ്ട് നൃത്തം ചെയ്യുന്നവൾ. പന്ത് അടിച്ചകറ്റുന്ന ആ നടനനിമിഷത്തിൽ മറുകൈ കൊണ്ടു നൃത്തത്തിലെ മയൂരമുദ്ര വിരിയിക്കുന്നവൾ, കാറ്റിൽ വട്ടം തിരിഞ്ഞു വരും വഴി നിശ്ചലമായ വെള്ള ജഴ്സി, സിനിമാനടികളേപ്പോൽ സുന്ദരി.. നീയാര്? തലയിൽ കത്രികയും ചീപ്പും എയ്സുകൾ പായിച്ചു കളിക്കുന്നു. ബാർബർ തല അതാ വലത്തോട്ടു തിരിക്കുന്നു. അവിടെയും അവളുടെ പോസ്റ്റർ. (കത്രിക ചെവി തിന്നാതിരുന്നത് ഭാഗ്യം) കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാർബർ ഷോപ്പുകളിൽ ചിത്രമായി പതിക്കപ്പെട്ട ആദ്യത്തെ വനിതാ കായികതാരം. സാനിയ മിർസ! എം മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിൽ, തൊട്ടിലിൽ കിടന്നു കൊണ്ടു ചുമരിലെ ഇഎംഎസിന്റെ ചിത്രം കണ്ടു കരച്ചിൽ നിർത്തി ‘ഇഎംഎസ് അഡിക്ട്’ ആയ അപ്പുക്കുട്ടനെ ഓർമിപ്പിക്കുന്നു അവൾ. റോഡരികിൽ നൂറുകണക്കിനു കട്ടൗട്ടുകളിൽ അവൾ കളി തുടർന്നു. ഉത്സവപ്പറമ്പുകളിൽ ദൈവങ്ങളേയും കാറൽമാർക്സിനേയും നെഹ്റുവിനെയും ചിത്രങ്ങളാക്കി വിറ്റിരുന്നവർ സാനിയ മിർസയേയും നിരത്തി.
HIGHLIGHTS
- ചിലർ നമ്മുടെ ജീവിതത്തിൽനിന്നു വിട്ടുപോകുമ്പോഴും ചില പ്രതീക്ഷകൾ ബാക്കിവയ്ക്കും. സാനിയ മിർസ അങ്ങനെയാണ്. വിരമിച്ചാലും സാനിയ നമ്മുടെ കൺവെട്ടത്തുതന്നെയുണ്ട്. അത്രമാത്രമാണ് അവരുമായി ഈ രാജ്യത്തിനുള്ള ആത്മബന്ധം. സാനിയച്ചിത്രങ്ങൾ മാത്രം വച്ചുള്ള മാഗസിൻ പതിപ്പുകൾ വരെ ഇറങ്ങിയ കാലമുണ്ടായിരുന്നു. അക്കാലത്തെക്കുറിച്ചാണിത്... ഒരു വേറിട്ട കുറിപ്പ്...