ADVERTISEMENT

രണ്ടു പേര്‍ക്കിടയിലെ സ്നേഹം വര്‍ധിക്കുന്നത് അതു പങ്കുവയ്ക്കുമ്പോഴാണ്. പക്ഷേ, എപ്പോഴും ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞു കൊണ്ടിരിക്കാന്‍ ആർക്കും സാധിക്കില്ല. സന്തോഷം നിറഞ്ഞതും നീണ്ടുനില്‍ക്കുന്നതുമായ ബന്ധം രൂപപ്പെടാന്‍ സ്നേഹം പങ്കുവെയ്ക്കണം. ഇതിനായി മറ്റു പലമാര്‍ഗങ്ങളും ആവശ്യമാണ്. പലപ്പോഴും മനസ്സില്‍ നിറയെ സ്നേഹമുണ്ടെങ്കിലും ഇത് പ്രകടിപ്പിക്കുന്നതില്‍ മിക്കവരും പരാജയപ്പെടാറാണു പതിവ്. ഇത് രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളും സൃഷ്ടിക്കും. 

സ്നേഹം പ്രകടിപ്പിക്കേണ്ടതിന്‍റെ ആവശ്യം

പ്രണയത്തിലായശേഷവും വിവാഹത്തിനുശേഷവും പങ്കാളികള്‍ക്കു സംഭവിക്കുന്ന ഒരു മാറ്റമുണ്ട്. തനിക്കു വേണ്ടി പങ്കാളി ചെയ്യുന്ന കാര്യങ്ങളെല്ലാം കടമയായി മാത്രം കാണാന്‍ തുടങ്ങും. ഈ ചിന്ത ശക്തി പ്രാപിക്കുന്നതോടെ ഒരോ പ്രവര്‍ത്തികളിലും സ്നേഹം കാണാനോ കാണിക്കാനോ സാധിക്കാതെയാകും. ഇത് ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന്‍റെ ഊഷ്മളതയെ ബാധിക്കും. ഇതോടെ ജീവിതം യാന്ത്രികമായി മാറും. ഇതെല്ലാം ഒഴിവാക്കാനുള്ള ഏക വഴി സ്നേഹം പ്രകടിപ്പിക്കുക എന്നതാണ്. അതും നാട്യങ്ങളില്ലാതെ. ഇങ്ങനെയാണെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നത് വാക്കുകളിലൂടെ ബോധിപ്പിക്കേണ്ടി വരില്ല.

അവരെ ശ്രദ്ധയോടെ കേള്‍ക്കുക

സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നു ചിന്തിക്കേണ്ട. ഒരാൾക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നത്. ഇങ്ങനെ ചെവി കൊടുത്താൽ നിങ്ങൾ പങ്കാളിയെ അംഗീകരിക്കുന്നതായി അവർക്കു തോന്നും.  നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും വർധിക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്ന കാര്യം ബോധ്യപ്പെടുകയും പരസ്പരമുള്ള ആശയവിനിമയം കൂടുതൽ സുഖമമാവുകയും ചെയ്യും. ഇങ്ങനെ ബന്ധം കൂടുതൽ സുദൃഢമാക്കാം. മനസ്സിലുള്ള അനുഭവിക്കാം.

അവർക്കായി സമയം കണ്ടെത്തൂ

പുതിയ സാധനങ്ങള്‍ വാങ്ങിയാൽ അതിന്‍റെ മോടി പോകും വരെ ഉപയോഗിക്കും. കുറച്ചു കഴിഞ്ഞാൽ ആ വസ്തുവിനോടുള്ള താൽപര്യം കുറയും. ഇതു മനുഷ്യരുടെ ഒരു പൊതു‌സ്വഭാവമാണ്. ആ വസ്തുവിനു നൽകുന്ന പരിഗണനയും ഇതോടൊപ്പം കുറഞ്ഞു വരുന്നു.  വസ്തുക്കളോടു മാത്രമല്ല, മനുഷ്യരോടും ഇങ്ങനെ പെരുമാറുന്നവരുണ്ട്. ദമ്പതികള്‍ക്കിടയിലും പ്രണയികൾക്കിടയിലും ഇതു പതിവാണ്. ഇത് ആരോഗ്യകരമായ ബന്ധത്തിനു യോജിച്ചതല്ല. 

ഭാര്യയോ ഭർത്താവോ കാമുകനോ കാമുകിയോ ആകുന്ന വ്യക്തിക്ക് എപ്പോഴും നമുക്കൊപ്പം നിൽക്കാന്‍ ബാധ്യത ഉണ്ടെന്നാണു പലരും വിശ്വസിക്കുന്നത്. എപ്പോഴും അവർ നമ്മുടെ കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നതിനാൽ അവർക്കു വേണ്ടി സമയം മാറ്റിവെയ്ക്കണമെന്നു ചിന്തിക്കാറുമില്ല. എന്നാൽ ആ ചിന്ത വളരെ അപകടകരമാണ്. ബന്ധങ്ങളെ ഇല്ലാതാക്കാൻ കാരണമായി ഈ ചിന്ത മാറും.

പങ്കാളിയ്ക്കു വേണ്ടി സമയം മാറ്റിവയ്ക്കൂ. നിങ്ങളുടേതു മാത്രമായ സ്വകാര്യ നിമിഷങ്ങൾ. നിങ്ങളിലെ പ്രണയം മനസ്സിലാക്കാന്‍ ഈ സമയം ഉപകരിക്കും. 

ഒത്തുതീര്‍പ്പുകള്‍

സ്വന്തം ഇഷ്ടം വേണ്ടെന്നുവയ്ക്കുക എന്നതു വിവാഹജീവിതത്തിലെ സ്ഥിരം സംഭവമാണ്. എന്നാല്‍ കൂടുതലും സ്ത്രീകളാണ് ഇതു ചെയ്യുന്നതെന്നു മാത്രം. ഇതിനു കാരണം ആരോഗ്യകരമായ വിവാഹജീവിതമല്ല, മറിച്ച് അനാരോഗ്യകരമായ സാമൂഹിക വ്യവസ്ഥയാണ്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്. 

എന്റെ ഇഷ്ടങ്ങൾ വിട്ടു മറ്റൊന്നും ചെയ്യില്ലെന്ന വാശി നല്ലതല്ല. തന്‍റെ പങ്കാളിക്കു വേണ്ടി സ്വന്തം താൽപര്യങ്ങളെ മറികടന്നു പുതിയ കാര്യങ്ങള്‍ ചെയ്യുന്നത് ഇരുവര്‍ക്കുമിടയിലെ ബന്ധം ശക്തമാക്കും. ഇത്തരം പ്രവര്‍ത്തികളിലൂടെ ഒരാള്‍ക്കു മറ്റൊരാളോടുള്ള ഇഷ്ടത്തിന്‍റെ ആഴം പറയാതെ പറയുകയാണു ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com