എല്ലാം അവസാനിച്ചു എന്നു കരുതി, കരുത്തേകി എന്റെ ഉമ്മ: ഷിയാസ് കരീം

HIGHLIGHTS
  • തളർന്നു പോയപ്പോൾ കരുത്തേകിയത് ഉമ്മയാണ്
  • എനിക്ക് പ്രണയമുണ്ടായിരുന്നു
model-actor-shiyas-kareem-interview
ഷിയാസ് കരീം
SHARE

എത്ര ശ്രമിച്ചിട്ടും ഒന്നും ശരിയാവുന്നില്ല. ആഗ്രഹങ്ങൾ മാത്രം മനസ്സിൽ ബാക്കി. മോഡലിങ് കരിയറും സിനിമാ സ്വപ്നങ്ങളും അവസാനിപ്പിച്ച് മറ്റേതെങ്കിലും ജോലിക്കു ശ്രമിച്ചാൽ മതിയെന്നു ചിന്തിക്കാൻ തുടങ്ങി ഷിയാസ് കരീം. മനസ്സിലെ വിങ്ങൽ സ്വന്തം ഉമ്മയോടു തന്നെ തുറന്നു പറയാൻ തീരുമാനിച്ചു. അന്ന് ഉമ്മയുടെ വാക്കുകൾ നൽകിയ കരുത്താണ് ഇന്ന് മറ്റുള്ളവർ അറിയുന്ന ഷിയാസ്.

മോഹൻലാൽ അവതാരകനായി എത്തിയ റിയാലിറ്റി ഷോയിലൂടെയാണ് ഷിയാസ് മലയാളികളുടെ സ്വീകരണ മുറിയിലെത്തുന്നത്. ഷോ അവസാനിച്ചപ്പോൾ അയാൾ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായി. ചെറുപ്പം മുതൽ കണ്ട സ്വപ്നങ്ങൾ പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഷിയാസ്. താൻ പിന്നിട്ട ജീവിതവഴികളും ഇനിയുള്ള സ്വപ്നങ്ങളും ഷിയാസ് മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

ഷിയാസിനു ലഭിച്ച സ്വീകാര്യത

ഞാൻ എങ്ങനെയാണോ അതുപോലെ തന്നെ ആയിരിക്കാൻ ശ്രദ്ധിച്ചതുകൊണ്ടായിരിക്കണം ഈ സ്വീകാര്യ ലഭിച്ചത്. വലിയവരെയും ചെറിയവരെയും ഒരുപോലെ കാണാനാണ് ജീവിതത്തിൽ ശ്രമിച്ചിട്ടുള്ളത്. അത് ഉമ്മ എനിക്കു നൽകിയ ഗുണമാണ്. ആ ഗുണം ഞാനെന്നും നിലനിർത്തുന്നു. ഒരാളുടെ പോസിറ്റീവ് മാത്രമായോ നെഗറ്റീവ് മാത്രമാ ഞാൻ പറയാറില്ല, രണ്ടും പറയും. അങ്ങനെ തുറന്നു പറയുന്ന സ്വഭാവം ആളുകൾക്ക് ഇഷ്ടമായിരിക്കാം. അതുകൊണ്ടായിരിക്കാം എന്നെ ഇഷ്ടപ്പെടുന്നതെന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിനു നെഗറ്റീവും പോസിറ്റീവും ഉണ്ട്. അതിലെ നെഗറ്റീവിനെ പോസിറ്റീവ് ആയി സ്വീകരിച്ചാൽ പ്രശ്നം തീർന്നു. 

shiyas-kareem (5)

സ്വപ്നം സിനിമ, പക്ഷേ...

സ്കൂൾ കാലഘട്ടം മുതലേ അഭിനേതാവ് ആകാനായിരുന്നു മോഹം. പത്തിൽ പഠിക്കുമ്പോൾ ടീച്ചർ എന്നോടു ചോദിച്ചിരുന്നു എന്ത് ആകാനാണ് ആഗ്രഹമെന്ന്. അന്നു ഞാൻ പറഞ്ഞതു സിനിമാ നടൻ എന്ന്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക നിലയോ സാഹചര്യങ്ങളോ അതിന് അനുയോജ്യമായിരുന്നില്ല. അതുകൊണ്ട് ആ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചുവച്ചു. പിന്നീട് കായിക മേഖലയുമായി മുന്നോട്ടു പോയി. സ്പോർട്സ് ക്വാട്ടയിലായിരുന്നു പഠിച്ചത്. എന്നാൽ പരുക്കിനെത്തുടർന്ന് അതിൽ നിന്നു പിന്മാറേണ്ടി വന്നു. പിന്നെ വർക്ക് ഔട്ടും ജിമ്മുമൊക്കെയായി മുന്നോട്ടു പോകുമ്പോൾ സുഹൃത്തുക്കളാണ് പറഞ്ഞത് മോഡലിങ് ശ്രമിച്ചു നോക്കാൻ. അങ്ങനെയാണു മോഡലിങ്ങിൽ എത്തിയത്.

മറക്കാനാവാത്ത നിമിഷങ്ങൾ

ഞാൻ സ്വപ്നം കണ്ടത് യാഥാർഥ്യമാവുകയാണ്. എനിക്കൊപ്പം ആളുകൾ ഫോട്ടോ എടുക്കുന്നതും എന്നെക്കുറിച്ചു സംസാരിക്കുന്നതും സ്വപ്നം കണ്ടിരുന്നു. അതെല്ലാം ഇപ്പോൾ യാഥാർഥ്യമാകുന്നു. ഇതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ്. എന്റെ ശബ്ദം സിനിൽ സൈനുദ്ധീൻ അനുകരിച്ചിരുന്നു. പലരും എന്റെ ചിത്രങ്ങൾ വരയ്ക്കുന്നു, പങ്കുവയ്ക്കുന്നു. എന്റെ ശബ്ദത്തിനു ടിക് ടോക് ചെയ്യുന്നു. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നും.

വേദനിപ്പിച്ചിട്ടുണ്ട്

അവസരങ്ങൾ‌ കിട്ടുമെന്നു പറഞ്ഞ് ഒഡീഷനുകൾക്കു വിളിച്ചു വരുത്തി വഞ്ചിക്കുന്നതാണ് വേദനിപ്പിച്ച അനുഭവം. പലപ്പോഴും കടം വാങ്ങിയ പണവുമായിട്ടായിരിക്കും ഒഡീഷനു പോവുക. എന്നാൽ നിരാശരായി മടങ്ങേണ്ടി വരും.  

shiyas-kareem (4)

എന്റെ ഉമ്മ, എന്റെ ജീവിതം

എന്റെ ജീവിതം മുഴുവൻ ഉമ്മയോടുള്ള കടപ്പാടാണ്. തളർന്നു പോയപ്പോഴെല്ലാം കരുത്തേകിയത് ഉമ്മയാണ്. 2017ന്റെ അവസാനത്തിലൊക്കെ ഒന്നും ആകുന്നില്ല എന്ന ചിന്ത എന്നെ വേട്ടയാടി. എല്ലാം നിർത്തി വേറെ ഏതെങ്കിലും ജോലിക്കു പോയാലോ എന്ന ചിന്തയായി മനസ്സില്‍. അങ്ങനെ തകർന്നിരിക്കുമ്പോഴാണ് ഉമ്മയോടു സംസാരിക്കുന്നത്. നീ പൂർണവിശ്വാസത്തോടെ ഇതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പടച്ചവൻ ഫലം നൽകുമെന്നായിരുന്നു ഉമ്മ പറഞ്ഞത്. അന്ന് ആ വാക്കുകൾ കേട്ടില്ലെങ്കിൽ ഷിയാസ് ഇന്നിവിടെ എത്തില്ലായിരുന്നു. അന്ന്  മറ്റൊരാളോടാണു സംസാരിച്ചിരുന്നതെങ്കിൽ എന്റെ കരിയർ അവസാനിപ്പിച്ച് മറ്റു ജോലി നോക്കിയിട്ടുണ്ടാവാം. 

ഇതെല്ലാമാണ് ഞാന്‍

കുടുംബം, സുഹൃത്തുക്കൾ, ഭക്ഷണം, വർക്ക് ഔട്ട്. ഇതാണ് ഞാന്‍ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങൾ. എന്റെ ഉമ്മ, അനിയൻ, സഹോദരി എന്നിവരുൾപ്പെടുന്ന കൊച്ചുകുടുംബത്തെ സുരക്ഷിതമാക്കണം. ആരോഗ്യം നിലനിർത്തണം. സുഹൃത്തുക്കൾ ഒപ്പമുള്ള നിമിഷങ്ങൾ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇതെല്ലാം എനിക്കു പ്രിയപ്പെട്ടതാണ്.

ദേഷ്യം മാറ്റി

പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു ഞാൻ. ആ സ്വഭാവം മാറ്റി കൊണ്ടിരിക്കുകയാണ്. മാറിയെന്നും പറയാം. ആ ഷോ എനിക്ക് ഒരു പാഠമായിരുന്നു. എന്റെ സ്വഭാവത്തിലെ നല്ലതും ചീത്തയും തിരിച്ചറിയാൻ സാധിച്ചു. അതിന്റെ ചില വിഡിയോകൾ കണ്ടപ്പോൾ ദേഷ്യം മാറ്റണമെന്നു തോന്നി.

പ്രണയം

shiyas-kareem (2)

എനിക്ക് പ്രണയമുണ്ടായിരുന്നു. എന്നാൽ അത് അവസാനിപ്പിക്കേണ്ടി വന്നു. ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു. ആ ഷോ കഴിഞ്ഞപ്പോൾ എന്നെ വിളിച്ചിരുന്നു. എന്നോട് ഉണ്ടായിരുന്ന ദേഷ്യം പോയി എന്നു പറഞ്ഞു. സംസാരിച്ച് എല്ലാം കൂളാക്കി. ഷിയാസ് എന്താണ് എന്ന് പുള്ളിക്കാരിക്കു മനസ്സിലായി, അതോടെ ദേഷ്യംവച്ചിട്ടു കാര്യമില്ലെന്നും. ഇപ്പോൾ എന്റെ ഉമ്മയാണ് എല്ലാം. കരിയർ കൂടുതൽ ഗൗരവത്തോടെ കാണുന്നു. നല്ല സമയമാകുമ്പോൾ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് കല്യാണം കഴിക്കണം. 

സങ്കല്‍പ്പത്തിലെ ഭാര്യ

എന്റെ കുടുംബവുമായി ചേർന്നു പോകുന്ന ഒരാളാകണം. അതാണ് എനിക്കു നിർബന്ധമുള്ള കാര്യം. എന്റെയും അവളുടെയും കുടുംബങ്ങളെ യോജിപ്പിച്ചും ബന്ധം ശക്തിപ്പെടുത്തിയും മുന്നോട്ടു പോകാൻ സാധിക്കുന്ന ഒരാൾ‌. അങ്ങനെ ഒരാളെ കിട്ടിയാൽ കെട്ടും. മൂന്നു വർഷം കൂടി കഴിഞ്ഞിട്ടു വിവാഹം മതിയെന്നാണു തീരുമാനം. 

മരയ്ക്കാർ

വലിയ സിനിമയുടെ ചെറിയൊരു ഭാഗമാകാൻ കിട്ടിയ അവസരം. എനിക്കു വലിയ സന്തോഷമുണ്ട്. അത്ര ദിവസം ലാലേട്ടനെ കണ്ടിരിക്കാം എന്നത് വളരെ സന്തോഷം നൽകുന്നു. 

shiyas-kareem (3)

നല്ല നടനാകണം

ഇന്ത്യൻ സിനിമ അറിയുന്ന ഒരാൾ ആകണം. ഒരു ഹീറോ എന്നല്ല, ഒരു നല്ലൊരു നടന്‍ എന്നാണ് ആഗ്രഹം. ഷിയാസ് കരീം എന്നൊരു വ്യക്തിയെ ഗൂഗിളിൽ തിരഞ്ഞാല്‍ കിട്ടണം. എന്റെ തലമുറ എന്റെ പേരിൽ അറിയപ്പെടണം. ഇങ്ങനെ ചില സ്വപ്നങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA