sections
MORE

അമ്മ കഴിഞ്ഞാൽ ബഹുമാനിക്കുന്ന സ്ത്രീകൾ ഇതുപോലെയുള്ളവർ; ഹൃദയം തൊടും കുറിപ്പ്

HIGHLIGHTS
  • ഒരുപാട് സമയമെടുത്തു കാര്യങ്ങൾ തുറന്നു പറയാൻ
  • എനിക്കൊപ്പം എല്ലാം മറന്ന് ഉറക്കെ ചിരിച്ചു
life-of-kolanji-akhil-dharmajan-facebook-post
കൊലഞ്ചിയും അഖിലും
SHARE

20 വർഷം മുൻപ് ജോലിക്കായി കേരളത്തിലെത്തിയ കൊലഞ്ചിയുടെ ജീവിതമാണ് അഖിൽ.പി.ധർമജൻ എന്ന യുവ എഴുത്തുകാരൻ വനിതാ ദിനത്തിൽ പങ്കുവയ്ക്കുന്നത്. എറണാകുളത്തു നിന്നു സ്വദേശമായ സേലത്തേക്കുള്ള ട്രെയിൻ യാത്രയിലാണു കൊലഞ്ചിയെ അഖില്‍  പരിചയപ്പെടുന്നത്. ചെന്നൈയിലേക്കായിരുന്നു അഖിലിന്റെ യാത്ര. ക്ലേശകരമായ ജീവിതത്തിനൊപ്പം, ലുലു മാളിൽ കയറാനും ബൈക്കിനു പുറകിലിരുന്നു സഞ്ചരിക്കാനുമുള്ള കൊലഞ്ചിയുടെ കൊച്ചു ആഗ്രഹങ്ങളുമുള്ള കുറിപ്പ് ഹൃദയം തൊടും.

അഖിലിന്റെ കുറിപ്പ് വായിക്കാം; 

500 രൂപയ്ക്ക് 20 വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ ഒരു വീട്ടിൽ ജോലിക്കായി വന്ന് ഇപ്പോൾ 5000 രൂപ മാസ ശമ്പളത്തിന് അതേ വീട്ടിൽ തുടരുന്നവൾ...ആ വീട്ടുകാർ ലുലു മാളിലും മറ്റും പോകുമ്പോൾ കാറിൽ പാർക്കിങിൽ മണിക്കൂറുകളോളം കാത്തിരുന്നവൾ...വീട്ടുകാർ മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ തിരികെയെത്തി വീട്ടിൽ അവശേഷിക്കുന്ന ഭക്ഷണം കഴിക്കാനായി വിശപ്പടക്കി കത്തിരിക്കുന്നവൾ..!

ഇത് "കൊലഞ്ചി"

സ്വദേശമായ സേലത്തേക്ക് നാട്ടുകാർ ആരുടെയോ മരണ വിവരം അറിഞ്ഞ് പോകുകയാണ്...പിറ്റേന്നുതന്നെ തിരികെയെത്തണം എന്ന നിബന്ധനയിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടശേഷം ആ വീട്ടുകാർ പോയി...ജനറൽ കമ്പാർട്ട്‌മെന്റിൽ എനിക്കരികിൽ വന്നിരിക്കുമ്പോൾ എന്നോടു ചോദിച്ചിട്ടാണ് ഒപ്പം ഇരുന്നതു പോലും...

അതുകൊണ്ടുതന്നെ എന്തോ ഒരു കൗതുകത്തിന്റെ പേരിൽ പരിചയപ്പെട്ടതാണ്...ഒരുപാട് സമയമെടുത്തു കാര്യങ്ങൾ തുറന്നു പറയാൻ...

ഒടുവിൽ എറണാകുളം മുതൽ സേലം വരെ ഞങ്ങൾ സംസാരിച്ചു...സംസാരിക്കാൻ ഒരാളെ കിട്ടാൻ കത്തിരുന്നവളെപ്പോലെ അവർ അവരുടെ വിശേഷങ്ങൾ പങ്കുവച്ചു...എന്റെ വിശേഷങ്ങൾ താൽപ്പര്യത്തോടെ കേട്ടിരുന്നു...ട്രെയിനിൽ ഇടയ്ക്കിടെ ഉണ്ടായ തമാശകൾ കണ്ട്‌ എനിക്കൊപ്പം എല്ലാം മറന്ന് ഉറക്കെ ചിരിച്ചു...

ഇതിൽ നിമിത്തം എന്തെന്നു വച്ചാൽ ആറു മാസങ്ങൾക്കു മുൻപ് ഞാനും വീട്ടുകാരും ചേർന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഉത്സവ നാളിൽ പോയപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ മറ്റൊരു മുറിയിൽ ഈ അമ്മയും ആ വീട്ടുകാർക്കൊപ്പം ഉണ്ടായിരുന്നുവത്രേ...ഒരുപക്ഷേ തമ്മിൽ കണ്ടിരിക്കാം ഇല്ലായിരിക്കാം...പക്ഷേ ഈ യാത്രയിൽ ഞങ്ങൾ കണ്ടുമുട്ടി...ലുലു മാളിന്റെ ഉള്ളിൽ കയറണം എന്നതും ബൈക്കിന്റെ പിന്നിൽ കയറി സഞ്ചരിക്കണം എന്നതുമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങൾ എന്നു പറഞ്ഞു...

ഇനി ഒരുപക്ഷേ തമ്മിൽ കണ്ടില്ലെങ്കിലോ എന്നോർത്തു കയ്യോടെ ഞാൻ നമ്പർ വാങ്ങി...ഇനി ചെന്നൈയിൽ നിന്നും തിരികെ നാട്ടിൽ എത്തിയശേഷം ആദ്യംതന്നെ അവരുടെ ഈ രണ്ട് ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണം...ഇല്ലെങ്കിൽ എന്നോടു യാത്ര പറഞ്ഞ് സേലത്ത് ഇറങ്ങുമ്പോൾ അവരുടെ നിറഞ്ഞ കണ്ണുകളോടു ഞാൻ ചെയ്യുന്ന തെറ്റായിരിക്കും അത്...!

എന്റെ അമ്മ കഴിഞ്ഞാൽ ഞാൻ ബഹുമാനിക്കുന്ന സ്ത്രീകൾ ഇതുപോലെയുള്ളവരെയാണ്...അല്ലാതെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറി ഓരോന്നും കാണിച്ചുകൂട്ടുന്നവരെയല്ല...!

ഏവർക്കും വനിതാദിനാശംസകൾ...!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA