അമ്മയും മകനും സുഖമായിരിക്കുന്നു; അച്ഛനായ സന്തോഷം പങ്കുവച്ച് ശബരിനാഥൻ എംഎൽഎ

mla-sabarinathan-divya-ias-blessed-with-baby-boy
SHARE

കെ.എസ്.ശബരിനാഥൻ എംഎൽഎക്കും ദിവ്യ എസ്.അയ്യർക്കും ആൺകുഞ്ഞ് പിറന്നു. ഫെയ്സ്ബുക്കിലൂടെയാണു ശബരിനാഥാൻ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ‘അമ്മയും മകനും സുഖമായിരിക്കുന്നു; കൂടെ അച്ഛനും’- ശബരിനാഥൻ കുറിച്ചു. ദിവ്യയുടെയും കുഞ്ഞിന്റെയും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2017 ജൂൺ 30നായിരുന്നു ഇവരുടെ വിവാഹം. അരുവിക്കര എംഎൽഎയാണു ശബരിനാഥൻ. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോൾ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.

അന്തരിച്ച കോൺഗ്രസ് നേതാവ് ജി കാർത്തികേയന്റെ മകനായ ശബരിനാഥൻ കോൺഗ്രസ് പാർട്ടിയിലെ യുവമുഖമാണ്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരിനാഥന്‍ അച്ഛന്‍റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എം.ടി സുലേഖയാണ് അമ്മ.

ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്.അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി എന്ന നിലയിലും ദിവ്യ ശ്രദ്ധ നേടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA