ADVERTISEMENT

പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാതെ ഒരു ബന്ധവും മുന്നോട്ടു പോകില്ല. ഇവയില്‍ പരസ്പരം സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളും, കാലക്രമേണ ഇല്ലാതാകുന്ന അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. എന്നാല്‍ പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ട്. നിങ്ങള്‍ ഒരുമിച്ചുള്ള കാലം മുഴുവന്‍ നിങ്ങളെ അലട്ടുന്ന ആ പ്രശ്നങ്ങൾ ഇവയാണ്.

വെറുപ്പും പുച്ഛവും

പങ്കാളിയോട് ഒരു പ്രത്യേക നിമിഷത്തിലോ സന്ദർഭത്തിലോ തോന്നുന്ന ദേഷ്യവും പിണക്കവും പെട്ടെന്നുതന്നെ പരിഹരിക്കപ്പെടുന്നവയാണ്. എന്നാല്‍ വെറുപ്പും പുച്ഛവും അങ്ങനെയല്ല. കൂടെ ജീവിക്കുന്ന ഒരാളോടു നിങ്ങള്‍ക്കു പുച്ഛമോ വെറുപ്പോ തോന്നുന്നവെങ്കിൽ അതു പരിഹരിക്കുക എളുപ്പമല്ല. ഇങ്ങനെ വെറുപ്പും പുച്ഛം നിലനില്‍ക്കുന്ന ബന്ധങ്ങളുടെ അടിത്തറ വേഗം ദുര്‍ബലപ്പെടും. ഇരുവര്‍ക്കുമിടയില്‍ കൂടുതൽ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ ഇതു കാരണമാകുകയും ചെയ്യും.

അനാവശ്യമായ തര്‍ക്കങ്ങള്‍

അഭിപ്രായവ്യത്യസത്തിന്‍റെ പേരിലുള്ള തർക്കങ്ങൾ പലപ്പോഴും എളുപ്പത്തിൽ പരിഹരിക്കപ്പെടും. കാരണം ഇവിടെ ഒരു പ്രത്യേക വിഷയം മാത്രമാണു തർക്കത്തിനു കാരണം. ആ അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെടുകയോ, പ്രതിപക്ഷ നിലപാടുകള്‍ അംഗീകരിച്ചു മുന്നോട്ടു പോകുകയോ ചെയ്താൽ മതിയാകും. 

എന്നാൽ പങ്കാളി എന്തുപറഞ്ഞാലും അംഗീകരിക്കില്ലെന്ന വാശിയാണു ചിലപ്പോൾ തര്‍ക്കത്തിലേക്കു നയിക്കുക. ദമ്പതികളുടെ വാശിയും ആധിപത്യ മനോഭാവവും മൂലമുണ്ടാകുന്ന ഇത്തരം തര്‍ക്കങ്ങള്‍ക്കു പരിഹാരം കണ്ടെത്താൻ എളുപ്പമല്ല. ബന്ധം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ് ഇത് എത്തുക.

വഞ്ചന

പ്രണയമായാലും ദാമ്പത്യമായാലും ഒരിക്കലും ഉണക്കാത്ത മുറിവ് സൃഷ്ടിക്കുന്ന പ്രവർത്തിയാണു വഞ്ചന. ഞാന്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ഒരാളെ തകര്‍ത്തു കളയും. ഒപ്പം പങ്കാളിയെ തകർക്കാനും പ്രേരിപ്പിക്കാം. വഞ്ചിക്കപ്പെട്ടു എന്നു തിരച്ചറിഞ്ഞതിനുശേഷവും ഒന്നിച്ചു ജീവിക്കുന്നവരുണ്ട്. എന്നാൽ പിന്നീട് ഒരിക്കലും ആ ബന്ധത്തിന്‍റെ ഊഷ്മളത വീണ്ടെടുക്കാനാവില്ല. കാരണം വീണ്ടും താൻ വഞ്ചിക്കപ്പെടുമോ എന്ന ഭയം അവരുടെ ഉള്ളിലുണ്ടാകും.

രഹസ്യം സൂക്ഷിക്കുന്ന പങ്കാളി

ആരോഗ്യകരമായ ദാമ്പത്യത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണു സ്വകാര്യത. പങ്കാളിക്കും വ്യക്തിപരമായ കാര്യങ്ങളുണ്ടെന്നു‌  മനസ്സിലാക്കുന്നവർക്കു സന്തോഷകരമായ ജീവിതം നയിക്കുക എളുപ്പമാണ്.

എന്നാല്‍ ഈ സ്വകാര്യത രഹസ്യത്തിലേക്കു മാറുമ്പോള്‍ അതു പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും. പങ്കാളിയുടെ ജീവിതത്തിനു രഹസ്യസ്വഭാവം വർധിക്കുന്നു എന്ന തിരിച്ചറിവ് പലവിധ സംശയങ്ങളിലേക്കു നയിക്കും. മറ്റു ബന്ധങ്ങളുണ്ടോ എന്ന സംശയം വരെ ഉണ്ടാകാം. ഇതെല്ലാം സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങള്‍ ദാമ്പത്യത്തെ എന്നും പിന്തുടരാനും സാധ്യതയുണ്ട്.

ലൈംഗികത

സന്തുഷ്ടമായ ദാമ്പത്യത്തിൽ ലൈംഗികത വളരെ പ്രാധാനപ്പെട്ടതാണ്. പങ്കാളിയുടെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകണം. ഇക്കാര്യത്തിൽ ഒരാൾക്കു വളരെയേറെ താൽപര്യമുണ്ടാകുന്നതും മറ്റേയാൾക്കു തീരെ താൽപര്യമില്ലാത്തതും ജീവിതത്തിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇങ്ങനെ ബന്ധം തുടർന്നാൽ ജീവിതകാലം മുഴുവൻ ഇരുവർക്കുമിടയിൽ അകൽച്ച നിലനിൽക്കും.

കാര്യങ്ങൾ തുറന്നു സംസാരിക്കനുള്ള സ്വതന്ത്ര്യം പങ്കാളികൾക്കിടയിൽ ഉണ്ടാകണം. ഇതിനു സാധിച്ചില്ലെങ്കിൽ മനസ്സിലുള്ള ചിന്തകളോ, വികാരങ്ങളോ അറിയാത്ത ഒരു യാന്ത്രിക ജീവിതമാകും ലഭിക്കുക. പ്രകടിപ്പിക്കാത്ത വികാരങ്ങൾ മറ്റേതെങ്കിലും സന്ദര്‍ഭത്തില്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. അതായത് പരസ്പരം തുറന്നു സംസാരിക്കാത്ത ദമ്പതിമാരുടെ ജീവിതം ടൈം ബോംബു പോലെയാണ്. ജീവിതകാലം മുഴുവൻ അലട്ടുകയും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com