sections
MORE

പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിലെ ബാർബർ കേശവൻ കൊണ്ടുവന്ന ഭാഗ്യം

HIGHLIGHTS
  • 2008 ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് അഭിനയ രംഗത്ത് വഴിത്തിരിവായത്
  • ‘ഐൻ’ എന്ന ചിത്രത്തിലെ വേഷമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിത്തന്നത്.
actor-musthafa
SHARE

തേഞ്ഞിപ്പലത്തെ ഭരത തിയറ്ററിന്റെ അമച്വർ നാടകങ്ങളിലൂടെ വളർന്ന നടൻ മുസ്തഫ, അഭിനയ മികവിന് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മുപ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള മുസ്തഫ, തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള സിനിമയാണെന്നു ബോധ്യപ്പെട്ടാൽ അതു ഒരു സീനാണെങ്കിൽ പോലും മടിയില്ലാതെ അഭിനയിക്കുന്ന നടനാണ്. രഞ്ജിത്തിന്റെ ‘പാലേരി മാണിക്യം ഒരു പാതിര കൊലപാതകം’, സിദ്ധാർഥ ശിവയുടെ ‘ഐൻ‌’, പാമ്പള്ളിയുടെ ‘സിൻജാർ’, ഫെല്ലിനിയുടെ ‘തീവണ്ടി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു. നാടകത്തിന്റെ അണിയറയിലും പ്രവർത്തിച്ചിരുന്ന മുസ്തഫ സിനിമയുടെ അണിയറയിലും പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്തിന്റെ സംവിധാന സഹായിയായി ലോഹം, ഞാൻ എന്നീ സിനിമകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മുസ്തഫ തന്റെ നാടക–സിനിമ ജീവിതത്തിലെ വഴിത്തിരിവുകൾ പങ്കുവയ്ക്കുന്നു.........

'തേഞ്ഞിപ്പാലത്തെ ഭരത തിയേറ്ററും അതിലെ സുഹൃത്തുക്കളുമാണ് എന്നിലെ നടനെ തേച്ചുമിനുക്കിയെടുത്തത്. 2001 ൽ ആണ് ഞാൻ‌ ‘ഭരത’ യിലെ പ്രവർത്തകരുമായി സഹകരിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു നാടക പഠിച്ചെത്തിയ പ്രതാപായിരുന്നു ഭരതയിലെ മുഖ്യ സംഘാടകൻ (പ്രതാപ് ഇപ്പോൾ ജപ്പാനിൽ നാടക പ്രവർത്തകനാണ്). ‘ഭരത’ യ്ക്ക് പ്രത്യേക ഓഫിസോ റിഹേഴ്സൽ ക്യാംപോ, കെട്ടിടമോ  ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ ഞങ്ങൾ, നാടകത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ യൂണിവേഴ്സിറ്റി ക്യാംപസിലെ മരച്ചുവട്ടിലോ, ഓപ്പൺ എയർ ഓഡിറ്റോറിയത്തിലോ ഒത്തുകൂടി നാടകം ചർച്ച ചെയ്യും.

മികച്ച കഥകളും നാടകങ്ങളും തേടിപ്പിടിച്ചു വായിക്കുക, നാടക റിഹേഴ്സൽ നടത്തുക എന്നിവയായിരുന്നു പ്രധാന പരിപാടി. അക്കാലത്ത് ചെയ്ത നാടകങ്ങളാണ് തീരം, കടൽതീരത്ത്, കല്യാണ സൗഗന്ധികം എന്നിവ. ഇങ്ങനെ അമച്വർ നാടകങ്ങളും എന്റെ തൊഴിലായ ഫൊട്ടോഗ്രഫിയുമായി വർഷങ്ങൾ കടന്നുപോയി.

2008 ൽ ഒരു ചാനൽ നടത്തിയ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് അഭിനയ രംഗത്ത് വഴിത്തിരിവായത്. ആ ഷോയിലെ അവസാന 5 പേരിൽ ഒരാളാകാൻ കഴിഞ്ഞു. അന്ന് വിധികർത്താക്കളായിരുന്ന മുരളി മേനോനും രമേശ് കോന്നിയുമെല്ലാം സിനിമ സംവിധായകരെ പോയി കാണാൻ ഉപദേശിച്ചു. അങ്ങനെയാണ് സംവിധായകൻ രഞ്ജിത്തിനെ പോയി കാണുന്നത്. ‘തിരക്കഥ’ യുടെ ചിത്രീകരണ വേളയിലായിരുന്നു ആദ്യം കണ്ടത്.

അടുത്ത സിനിമയിൽ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിൽ ബാർബർ കേശവന്റെ വേഷം ലഭിക്കുന്നത്. ഇന്നും പലയിടത്തും പോകുമ്പോൾ ആളുകൾ ബാർബർ കേശവനെക്കുറിച്ചാണ് ആദ്യം പറയുക. ശരിയായ വഴിത്തിരിവ് ബാർബർ കേശവനായിരുന്നു.

അതിനു ശേഷം കൊച്ചു കൊച്ചു വേഷങ്ങളിലായി ചില സിനിമകളിൽ അഭിനയിച്ചെങ്കിലും 2014 ൽ സിദ്ധാർഥ ശിവ യുടെ ‘ഐൻ’ എന്ന ചിത്രത്തിലെ വേഷമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിത്തന്നത്. 

ലക്ഷദ്വീപിലെ ജെസരി ഭാഷയിലെ ആദ്യ സിനിമയായ സിൻജാറിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനായതും വലിയ നേട്ടമായാണ് കാണുന്നത്. ഇതിലൂടെ ചരിത്രത്തിന്റെ ഭാഗമാകാനായെന്നതാണ് ഞാൻ കാണുന്ന വലിയ സന്തോഷം. ഏറെ വിഷമതകൾ അനുഭവിച്ച് ചെയ്ത ആ കഥാപാത്രം നന്നായെന്ന് ഗോവ ചലച്ചിത്രോൽസവത്തിൽ സിനിമ കണ്ട പലരും വിളിച്ചു പറഞ്ഞു. 

ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജുമേനോൻ നായകനായ ‘പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. അടുത്തു തന്നെ ഈ സിനിമ തിയറ്ററിലെത്തും.

തേഞ്ഞിപ്പലത്തെ വീട്ടിൽ ഉപ്പ മൂസ്സക്കോയ, ഉമ്മ സുബൈദ, ഭാര്യ റസീന, മക്കളായ റിൻഷ, റയാൻ എന്നിവർക്കൊപ്പം സന്തോഷത്തോടെ കഴിയുന്ന എന്റെ ഇപ്പോഴത്തെ ആഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ്. അതിന്റെ ഒരുക്കത്തിലാണ്’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA