ADVERTISEMENT

 ‘‘ഒറ്റയ്ക്കു നടന്നു പോകുമ്പോൾ ആരെങ്കിലും നിങ്ങളുടെ മാല പൊട്ടിക്കാനോ ആക്രമിക്കാനോ ശ്രമിച്ചാൽ എന്തു ചെയ്യും?’’ 

 തിരുവല്ലം പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന യുവ വനിതാ ഐപിഎസ് ഓഫിസർ ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടേതാണ് ചോദ്യം. ആകമിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു സ്റ്റുഡന്റ് പൊലീസ് കുട്ടികളുടെ ചുറുചുറുക്കോടെയുള്ള മറുപടി. അപ്പോൾ ഐശ്യര്യ തിരുത്തി. ‘‘വെറുതെ അടിച്ചാൽ പോര. അതിനും ചില അടവുകളൊക്കെയുണ്ട്’’ .

കണ്ണട മുകളിലേക്കുയർത്തി സ്റ്റൈലായി മുടിയിൽ തിരുകി ഐശ്യര്യ കളത്തിലിറങ്ങി. മാലപൊട്ടിച്ച് ഓടാൻ ഒരു കുട്ടിയോടു പറഞ്ഞു. കുട്ടി ഓടിയതും ഐശ്യര്യ പിന്നാലെ പാഞ്ഞു; ഇടതു കൈകൊണ്ട് മുതുകിൽ ഒരടി. വലതുകൈ കഴുത്തിലൂടെ ചുറ്റിവരിഞ്ഞു നിലത്തേയ്ക്കു വലിച്ചിട്ടു. കള്ളൻ ദേ നിലത്ത്. 

കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം സിറ്റി പൊലീസിനു കീഴിലെ എസ്പിസി കുട്ടികൾക്കായി സംഘടിപ്പിച്ച വേനൽക്കാല സംഗമത്തിലായിരുന്നു ഐശ്വര്യയുടെ ആക്രമണ പ്രതിരോധ ക്ലാസ്. 

കഴിഞ്ഞ മാസം പ്രഭാതനടത്തത്തിനിടെ ഐശ്വര്യയ്ക്കു നേരെ മാലപൊട്ടിക്കൽ ശ്രമം നടന്നിരുന്നു. പിന്നാലെ പ്രതി അറസ്റ്റിലുമായി. മാതാപിതാക്കളുടെ നിർബന്ധം കൊണ്ടൊന്നുമല്ല, മറിച്ച് കുട്ടിക്കാലം മുതലുള്ള ആഗ്രഹം കൊണ്ടാണു താൻ ഐപിഎസ് തിരഞ്ഞെടുത്തതെന്ന് മഹാരാഷ്ട്ര സ്വദേശിയായ ഐശ്വര്യ കുട്ടികളോടു പറഞ്ഞു. 

ആക്രമണമുണ്ടായാൽ മനഃസാന്നിധ്യം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ 10 സെക്കൻഡിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഒന്ന്, കഴിയുന്നത്ര ഉച്ചത്തിൽ നിലവിളിക്കുക. ഇത് ആളെക്കൂട്ടാൻ ഉപകരിക്കും.

 രണ്ട്, അക്രമിയെ കീഴ്പ്പെടുത്തുക. മൂന്ന്, അക്രമിയുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുക. ശരീരത്തിന്റെ മിക്ക ഭാഗങ്ങൾക്കും ശക്തി വർധിപ്പിക്കാൻ പുഷ്അപ് അത്യാവശ്യമാണെന്നും ഐശ്വര്യ പറഞ്ഞു.

ആ കേസ് ഇങ്ങനെ ..!

കഴിഞ്ഞ മാസം കോവളം ബൈപാസിൽ പ്രഭാതനടത്തത്തിനിടെ  ഐശ്വര്യപ്രശാന്തിനു നേരെ മാലപൊട്ടിക്കൽ ശ്രമം നടന്നിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി പൂന്തുറ മാണിക്കവിളാകം സ്വദേശി സലിമിനെ അറസ്റ്റ് ചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com