ADVERTISEMENT

ഓരോ നഗരങ്ങളും ഓരോ അനുഭവങ്ങളാണ്. ചെറുതായാലും വലുതായാലും ഒാരോ പട്ടണങ്ങളും തങ്ങളുടേതു മാത്രമായ മണങ്ങളാലും കാറ്റുകളാലും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും... അത്ഭുതവും കൗതുകവും അലിഞ്ഞുചേർന്ന് ഇല്ലാതാകുമ്പോഴേക്കും അടുത്ത ട്രാൻസ്ഫർ വന്നിരിക്കും മൂന്നു വർഷമായല്ലോയെന്ന് ഒാർമിപ്പിച്ച്.  അങ്ങനെ എത്ര എത്ര മൂന്നു വർഷക്കാലമാറ്റങ്ങൾ.  വടക്കും തെക്കും കിഴക്കുമുള്ള ഇന്ത്യൻ നഗരങ്ങളിലൂടെ, ചിലപ്പോൾ അതിർത്തി ഗ്രാമങ്ങളിലൂടെ.

ഇനിയിപ്പോൾ പുണെ. ജൂൺ 2019, വന്നു കയറിയതേ മഴനൂലിലൂടെയാണ്. വൈകിക്കിട്ടിയ മഴയായതിനാൽ ജനങ്ങൾ മഴ ഏറ്റെടുത്തിരിക്കുകയാണ്. മുറിയാത്ത ഗതാഗതക്കുരുക്കിൽ, മഴയ്ക്കിടയിലൂടെ സംഘമായി പാത മുറിച്ചുകടക്കുന്ന ഗ്രാമീണരെ തെല്ലൊരു അസഹിഷ്ണുതയോടെയാണ് ആദ്യം നോക്കിയത്. കൊടിക്കൂറകളും തലയിൽ താങ്ങി നടക്കുന്ന ചിത്രക്കുടങ്ങളും. കാഴ്ച്ച നീണ്ടപ്പോൾ പതിയെ അവരുടെ മാസ്മര സംഗീതത്തിലും താളം പിഴയ്ക്കാത്ത നൃത്ത ചലനങ്ങളിലും മനസുടക്കിപ്പോയി.

ഇമ്പമുള്ള തുക്കാറാം ഭജനുകൾ ആലപിച്ച് ,തങ്ങളുടെ നാടൻ സംഗീതോപകരണങ്ങളാൽ താളമിട്ട്, ചെരുപ്പ് ധരിക്കാതെ, ഒരു കൂട്ടം -അല്ല ഒരു പാട് സംഘങ്ങൾ ,സ്ത്രീകളും പുരുഷൻമാരും കുഞ്ഞുങ്ങളും. പരമ്പരാഗത മറാത്തി രീതിയിൽ  പരുത്തിച്ചേലകളും  വെളുത്ത ധോത്തികളും താറു ചുറ്റിയിരിക്കുന്ന തനി ഗ്രാമീണർ. അവർ എത്ര സൗമ്യമായാണ് ട്രാഫിക് തടയുന്നത്.. കൈ കൂപ്പി കരുണയോടെ ഒരു നിമിഷം യാചിച്ച്  പാതയ്‌ക്ക് കുറുകെ കടക്കുമ്പോൾ ആൾക്കൂട്ടബലത്തിന്റെ ധിക്കാരമോ ഹിംസയോ  ഒരു തരി പോലുമില്ല ചലനങ്ങളിൽ.. തിരക്കു കാരണം ഭ്രാന്തെടുത്തു നിൽക്കുന്ന നഗരത്തോടുള്ള കനിവ് മാത്രം..

phalki-festival-2

താക്കോൽ കാറിൽ തന്നെ ഉപേക്ഷിച്ച്, ചെരുപ്പൂരി കളഞ്ഞ്, മഴ നനഞ്ഞ്, ആടിപ്പാടിയീ പദയാത്രികരുടെ കൂടെ ചേർന്നാലോ എന്ന് ഒരു നിമിഷം വല്ലാത്ത പ്രലോഭിപ്പിച്ചു.  ആരാണിവർ ഈ മഴയത്തിങ്ങനെ എന്ന സംശയം തീർത്തു തന്നത് മഹാരാഷ്ട്രക്കാരനായ സഹപ്രവർത്തകനാണ്.

ആഷാഢമാസത്തിലെ പാൽക്കി ഉൽസവമെന്ന തീർഥയാത്ര. പാട്ടും ഭജനയും മന്ത്രങ്ങളുമായി നൃത്തം ചെയ്ത് ലക്ഷക്കണക്കിന് മനുഷ്യർ 21 ദിവസം നീളുന്ന തീർഥാടനം നഗ്നപാദരായി ആചരിക്കുന്നു. ആയിരത്തോളം വർഷം പഴക്കമുള്ള ആചാരമാണേത്രേ. പണ്ഡാർ പൂരിലെ വിദോഭാ ക്ഷേത്രത്തിലേക്കാണീ യാത്ര. തുക്കാറാം, ധ്യാനേശ്വർ തുടങ്ങിയ ആചാര്യൻമാരുടെ പാദുകങ്ങളും പല്ലക്കിലേറ്റി  പദയാത്ര. ആഷാഢ ഏകാദശി നാളിൽ പലപല ക്ഷേത്രങ്ങൾ സന്ദർശിച്ച്  ഈ തീർഥാടകർ വിദോഭാ ക്ഷേത്രത്തിനു ചാരെ സംഗമിക്കുന്നു. 250 കിലോമീറ്ററോളം കാൽനടയായുള്ള ഈ ജനപ്രവാഹം ലോകത്തിൽതന്നെ ഏറ്റവും പഴക്കമേറിയ തുടർച്ചകളുള്ള സംഘ യാത്രകളിൽ ഒന്നാണത്രേ.

എല്ലാ ജാതികളിലും സാമ്പത്തിക നിലവാരത്തിലുമുള്ള ആളുകൾ വ്രതശുദ്ധിയുമായി ഈ സംഘത്തിലിഴ ചേരുന്നു. അന്നദാനവും പൊതു ശുചീകരണവുമൊക്കെയായി അകവും പുറവും ഒരു പോലെ വൃത്തിയാക്കി, അഹംബോധത്തെ അലിയിച്ച് കളഞ്ഞ്, സംഘത്തിൽ ചേർന്നലഞ്ഞ് ഒരു പുണ്യ പദയാത്ര. കവി സച്ചിദാനന്ദൻ കരുതിയ  പോലെ എല്ലാ സംഘങ്ങളും ഹിംസയുടെ വയലുകളല്ല.

phalki-festival-3

വഴിയരികിൽ വൃക്ഷത്തണലുകളിരിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന പാൽക്കിതീർഥാടകരെ പുണെയിലെവിടെയും ഈ ദിവസങ്ങളിലെല്ലാം കാണാം. വിദോഭയിലേക്കുള്ള ഇടത്താവളമാണ് പുണെ. കൂടെ വിട്ടൽ മഹാദേവക്ഷേത്ര ദർശനവും. ഇവിടെ ഇവരെ ആരും തടയാറില്ല. വൻ സുരക്ഷാകരുതലുള്ള  ആർമി കൺടോൺമെന്റ് പോലും ഉണക്കാനിട്ടിരിക്കുന്ന അവരുടെ പല നിറ പരുത്തിച്ചേലകൾ കൊണ്ട് വർണാഭമായിരിക്കുന്നു. വിശ്രമവേളകളിൽ കഴുകിയുണക്കുന്ന ഒറ്റ വസ്ത്രവും സ്വയം പാകം ചെയ്ത്  കഴിക്കുന്ന അല്പഭക്ഷണവുമൊക്കെയായി ആടിപ്പാടി പ്രാർഥിച്ച് നടന്ന് ഇവർ ഇങ്ങനെ ഒരു പാട് മോഹിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com