ADVERTISEMENT

ഷൂട്ടിങ്ങിന് ഇടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ കാക്കനാട്ടെ വീട്ടിൽ എത്തിയതായിരുന്നു നിഷ സാരംഗ്. ക്യാമറയ്ക്കു മുന്നിൽ അഞ്ചു കുട്ടികളുടെ അമ്മയാണ് നിഷ അവതരിപ്പിക്കുന്ന നീലിമ. എന്നാൽ വീട്ടിലെത്തുമ്പോൾ പേരക്കുട്ടി റയാനിന്റെ കുസൃതിക്കാരിയായ അമ്മമ്മയാകും താരം. റിച്ചു എന്നു വിളിക്കുന്ന റയാനിന്റെ കളിചിരികൾക്കൊപ്പമാണ് നിഷയുടെ ഇടനേരങ്ങൾ. കുഞ്ഞുങ്ങൾക്കൊപ്പം മനസു തുറന്ന് അവരുടെ കുസൃതികൾ ആസ്വദിച്ചിരിക്കാൻ കഴിയാതിരുന്ന ഒരു ഭൂതകാലത്തിന്റെ നോവോർമകൾ മായ്ച്ചു കളഞ്ഞത് നീലു എന്ന കഥാപാത്രമാണെന്ന് നിഷ പറയുമ്പോൾ ആ ശബ്ദം ഇടറുന്നുണ്ട്. അത് എത്ര പറഞ്ഞാലും ആർക്കും മനസിലാകില്ല. കാരണം നഷ്ടപ്പെട്ടവർക്കു മാത്രമെ ആ വേദന എന്തെന്ന് മനസിലാകൂ എന്നു നിഷ പറയുന്നു. 

അവിടെ പാറുക്കുട്ടി, ഇവിടെ റയാൻ ബേബി

ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സന്തോഷം റിച്ചുവാണ്. റയാൻ– എന്റെ മകളുടെ കുട്ടി. ഷൂട്ട് കഴിഞ്ഞാൽ ഞാൻ ഇവന്റെ അടുത്തേക്ക് ഓടിയെത്തും. പാറുക്കുട്ടിയെക്കാൾ അഞ്ചാറു മാസം ചെറുപ്പമാണ് റയാൻ. ഏതാണ്ട് ഒരേ സമയത്താണ് എനിക്ക് ഇവനെയും പാറക്കുട്ടിയെയും കിട്ടിയത്. ഷൂട്ടിന്റെ സമയത്ത് എനിക്ക് റയാനെ മിസ് ചെയ്യാറുണ്ട്. അതുപോലെ വീട്ടിലെത്തിയാൽ പാറുക്കുട്ടിയെയും മിസ് ചെയ്യും. റയാൻ എട്ടാം മാസത്തിൽ തന്നെ ജനിച്ചു. ഒരു മാസത്തോളം എൻ.ഐ.സി.യുവിൽ അവനെ കിടത്തേണ്ടി വന്നു. വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. ഷൂട്ട് മുടക്കാൻ കഴിയില്ല. ആശുപത്രിയിൽ നിന്ന് ലൊക്കേഷനിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ഓട്ടങ്ങൾ! എന്തായാലും അവനെ കുഴപ്പമൊന്നുമില്ലാതെ തന്നെ ഞങ്ങൾക്കു കിട്ടി. എനിക്കിപ്പോൾ രണ്ടു പേരക്കുട്ടികളാണ്. റയാനും പാറുക്കുട്ടിയും. രണ്ടു പേരോടും എനിക്ക് ഒരുപോലെ ഇഷ്ടമാണ്! 

nisha-sarang-05

നഷ്ടപ്പെട്ട സന്തോഷങ്ങൾ തിരികെ തന്ന നീലു

ഒരു അമ്മയായി സന്തോഷത്തോടെ ജീവിക്കാനായിട്ടില്ല. ഏറ്റവും നല്ല കുടുംബിനിയായി, ഭാര്യയായി, മരുമകളായി ജീവിതാവസാനം വരെ ജീവിക്കണം എന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു. അത് ഇന്നും സാധിച്ചിട്ടില്ല. പക്ഷേ, അങ്ങനെ ജീവിക്കുന്നതിന്റെ സന്തോഷവും സുഖവും ഞാനിപ്പോൾ അനുഭവിക്കുന്നത് ഉപ്പും മുളകും എന്ന പരമ്പരയിലെ നീലിമ എന്ന കഥാപാത്രത്തിലൂടെയാണ്. ഏറ്റവും നല്ല ഭാര്യയും അമ്മയും മകളും മരുമകളുമൊക്കെയാണ് ആ പരമ്പരയിലെ എന്റെ കഥാപാത്രം. ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ ഭാഗ്യവും നീലിമയ്ക്കുണ്ട്. ഒരു വയസുള്ള പാറക്കുട്ടിയുടെ മുതൽ 24 വയസുള്ള മുടിയന്റെ വരെ അമ്മയാണ് നീലു. പല പ്രായത്തിലുള്ള അഞ്ചു മക്കളുടെ അമ്മയായി ഞാനിപ്പോൾ ജീവിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ ഈശ്വരൻ എനിക്ക് അവസരം തന്നത് എന്റെ മനസിലെ ആഗ്രഹം മനസിലാക്കിയിട്ടാണെന്ന് തോന്നും. അത് എത്ര പറഞ്ഞാലും ആർക്കും മനസിലാകില്ല. കാരണം നഷ്ടപ്പെട്ടവർക്കു മാത്രമേ ആ വേദന എന്തെന്ന് മനസിലാകൂ. 

പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും വിവാഹം

എന്റെ അച്ഛന് എന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. കാരണം, അദ്ദേഹം വളരെ വൈകിയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് വിവാഹം വൈകിപ്പിക്കണ്ട എന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാൻ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്നു കണ്ടപ്പോൾ അതു തന്നെ നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റിൽ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളായി. വിവാഹത്തിനു ശേഷം കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടായി. അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഭർത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവിൽ ഞങ്ങൾ വിവാഹമോചനം നേടി. 

nisha-sarang-02

കുട്ടികളുമൊത്ത് വാടക വീട്ടിലേക്ക്

വിവാഹമോചനത്തിനു ശേഷം ഞാൻ എന്റെ വീട്ടിൽ തന്നെയായിരുന്നു. അച്ഛന്റെ ബിസിനസിൽ സഹായിച്ച് വീട്ടിൽ തന്നെ കുറച്ചുകാലം നിന്നു. അച്ഛൻ മരിക്കുന്നതിന് ഒരു വർഷം മുൻപാണ് ഞാൻ കുട്ടികളെയും കൊണ്ട് വേറെ വീട്ടിലേക്ക് മാറുന്നത്. അച്ഛൻ പറഞ്ഞിട്ടാണ് വേറെ വീട്ടിലേക്ക് മാറിയത്. അപ്പോഴേക്കും എന്റെ മൂത്ത സഹോദരന്റെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹമോചിതയായ ഒരു പെങ്ങൾ വീട്ടിലുണ്ടാകുന്നത് ഒരു ഭാരമായി ആർക്കും തോന്നരുത് എന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. അച്ഛൻ പറഞ്ഞത്, ഒറ്റയ്ക്ക് ഞാനെന്റെ ഇടം കണ്ടെത്തണം എന്നായിരുന്നു. അച്ഛൻ സഹായിക്കാമെന്നും പറഞ്ഞു. അങ്ങനെ കുട്ടികളെയും കൊണ്ട് ഒരു വാടക വീട്ടിലേക്ക് മാറി. ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ പെട്ടെന്ന് മരിച്ചു. അത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. അച്ഛന്റെ മരണം എന്നെ തളർത്തി. എന്റെ മാനസികനില തെറ്റുമോ എന്നു പോലും ഞാൻ ഭയപ്പെട്ടു. അത്രയ്ക്കും ഞാൻ തകർന്നു പോയിരുന്നു. 

ജീവിതം തിരികെ തന്ന് അഭിനയം

അച്ഛൻ മരിച്ച് ആറു ദിവസത്തിനുള്ളിൽ ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കായി എന്നെ വിളിച്ചു. അത് വലിയൊരു വഴിത്തിരിവായി. അതിനു മുൻപ് അഗ്നിസാക്ഷി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ഞാൻ ചെയ്തിരുന്നു. ശോഭനയ്ക്കൊപ്പം ഒരു ചെറിയ ഡയലോഗ് ഉള്ള കഥാപാത്രമായിരുന്നു ചെയ്തത്. അച്ഛനുള്ളപ്പോഴായിരുന്നു ആ അവസരം വന്നത്. എന്നാൽ അഭിനയം ഒരു തൊഴിലാക്കണമെന്ന് കരുതിയിരുന്നില്ല. എന്നാൽ, പിന്നീട് നാടകങ്ങളിലും ചില സിനിമകളിലും മറ്റും അഭിനയിക്കാൻ വിളിച്ചു. നാടകത്തിൽ ഒറ്റ ഷോട്ടിൽ ആണല്ലോ അഭിനയം. അങ്ങനെ നിരവധി നാടകങ്ങളിൽ അഭിനയിച്ച പരിചയം ഇപ്പോൾ ഉപകാരപ്പെട്ടു. ക്യാമറയ്ക്കു മുന്നിൽ ധൈര്യത്തോടെ ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ അതിലൂടെ ധൈര്യം കിട്ടി. പിന്നെ, നാടകം ചെയ്തതുകൊണ്ടല്ല പേരിന്റെ കൂടെ സാരംഗ് എന്നു വന്നത്. എന്റെ അച്ഛന്റെ പേര് ശാരംഗധൻ എന്നാണ്. അതിൽ നിന്നാണ് സാരംഗ് എന്ന പേര് ഞാൻ സ്വീകരിച്ചത്. അല്ലാതെ എനിക്ക് നാടകസമിതിയൊന്നും ഇല്ല. നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നു മാത്രം. 

nisha-uppum-mulakum

അത് ഇപ്പോഴും വലിയ സങ്കടമാണ്

എന്റെ മക്കൾ വളരുന്ന പ്രായത്തിൽ അവർക്കൊപ്പം നിന്ന് അവരെ സംരക്ഷിക്കാനുള്ള സമയമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അവരുടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. പക്ഷേ, അടുത്തു നിന്ന് അതെല്ലാം കാണാനുള്ള ഭാഗ്യം ഇല്ലായിരുന്നു. ജീവിക്കാനും ജീവിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ. മക്കളെ അടുത്തിരുത്തി കൊഞ്ചിക്കാനും അവർക്ക് ഭക്ഷണം വാരിക്കൊടുക്കാനുമൊക്കെ എനിക്ക് വളരെ കുറച്ചു മാത്രമെ കഴിഞ്ഞിട്ടുള്ളൂ. അത് എപ്പോഴും എനിക്ക് വലിയ സങ്കടം തന്നെയാണ്. മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിക്കാനൊന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, എനിക്ക് പറ്റുന്ന പോലെ രണ്ടു പേരെയും ഞാൻ പിജി വരെ പഠിപ്പിച്ചു. ഒരാളെ വിവാഹം കഴിപ്പിച്ചു. അവൾക്ക് ഒരു കുഞ്ഞായി. ഒറ്റയ്ക്കു നിന്ന് ഇതെല്ലാം ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. 

അവരുടെ മുൻപിൽ ഞാൻ ഒന്നുമല്ല

ഒരു നടി ആയതുകൊണ്ട് ഒറ്റയ്ക്കു നിന്ന് കുട്ടികളെ വളർത്തി വലുതാക്കി, അവർക്ക് വിദ്യാഭ്യാസം നൽകി എന്നു പറയുന്നത് എളുപ്പമാണെന്ന് കരുതാം. പുറത്തു നിന്നു നോക്കുമ്പോൾ ഇതെല്ലാം എളുപ്പമാണ്. പക്ഷേ, ചെയ്യുന്ന പെണ്ണിന്, അതിപ്പോൾ ഏതു വരുമാനത്തിൽ ജീവിക്കുന്ന ആളായാലും, ഒറ്റയ്ക്കു നിന്ന് ചെയ്യാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. പാറ പണിക്കു പോയും വീട്ടു പണിക്കു പോയും കുട്ടികളെ വളർത്തുന്ന എത്രയോ സ്ത്രീകളുണ്ട്. അവരെ വച്ചു നോക്കുമ്പോൾ ഞാൻ ഒന്നുമല്ല. അവരൊക്കെ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് കുട്ടികൾക്കു വേണ്ട ഫീസും പുസ്കകങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങി നൽകുന്നത്. അങ്ങനെയുള്ള ഒരുപാടു അമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. എങ്കിലും, എന്നെക്കൊണ്ട് സാധിക്കുന്ന തരത്തിൽ എനിക്കെന്റെ മക്കളെ നല്ല രീതിയിൽ വളർത്താൻ പറ്റി എന്നതിൽ എനിക്ക് സന്തോഷമുണ്ട്. 

അതിജീവനം വെല്ലുവിളിയാണ്

എന്നെപ്പോലെ ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ട നിരവധി സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ പിന്തുണയ്ക്കാൻ ആളുകൾ ഉണ്ടായെന്നു വരാം. എന്നാൽ, തളർത്താനായിരിക്കും കൂടുതൽ പേർ ശ്രമിക്കുക. കുറ്റപ്പെടുത്താനും അപവാദം പ്രചരിപ്പിക്കാനുമാകും സമൂഹത്തിന് കൂടുതൽ ശുഷ്കാന്തി. എന്നാൽ, വീട്ടിലുള്ളവർ പട്ടിണി കിടക്കാതിരിക്കാനാണ് ഒരു പെണ്ണ് രാവും പകലുമില്ലാതെ ഓടി നടക്കുന്നത് എന്ന് ആരും ഓർക്കില്ല. ഓടുന്ന സ്ത്രീകൾക്കു പിന്നിലാകും സമൂഹത്തിന്റെ കണ്ണുകൾ. ഇതിനെ അതിജീവിക്കലാണ് ഒറ്റയ്ക്കു ജീവിക്കുന്ന എന്നെപ്പോലെയുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളി. 

nisha-family

പ്രശ്നമുണ്ടായപ്പോൾ പ്രേക്ഷകർ പിന്തുണച്ചു

എന്റെ കരുത്ത് തീർച്ചയായും നീലിമ എന്ന കഥാപാത്രത്തെ സ്നേഹിക്കുന്ന പ്രേക്ഷകരാണ്. സീരിയൽ അഭിനയത്തിനിടെ എനിക്കൊരു പ്രശ്നം ഉണ്ടായപ്പോൾ ആ കഥാപാത്രമായി എന്നെ പിടിച്ചു നിറുത്തിയത് പ്രേക്ഷകരാണ്. നമ്മെ പിന്തുണയ്ക്കാൻ ഒരുപാട് പേരുണ്ടെന്ന് തിരിച്ചറിയുമ്പോൾ ആത്മധൈര്യം കൂടും. അങ്ങനെയൊരു ആത്മധൈര്യത്തോടെയാണ് ഞാനിപ്പോൾ നീലിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്കൊരു പ്രശ്നം വന്നപ്പോൾ 'അമ്മ'യും 'ഡബ്ല്യൂ.സി.സി'യും 'ആത്മ'യും എന്നെ പിന്തുണയ്ക്കാനെത്തി.  ഒപ്പം എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരും. ജനങ്ങളുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് സന്തോഷത്തോടെ ക്യാമറയ്ക്കു മുന്നിൽ നിന്ന് അഭിനയിക്കാനും ജീവിക്കാനും എനിക്ക് കഴിയുന്നത്. എന്റെ ജീവിതത്തിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടു മാത്രമാണ്. എനിക്കൊരു നല്ല ജീവിതം തന്ന പ്രേക്ഷകരോട് ഒരുപാടു നന്ദിയുണ്ട്. തീർത്താൽ തീരില്ല ഈ കടപ്പാട്, നെഞ്ചിൽ തൊട്ടുകൊണ്ട് നിഷ സാരംഗ് ഇതു പറയുമ്പോൾ അവരുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആ കണ്ണുകളിലെ വെളിച്ചത്തിന് എന്തൊരു തെളിച്ചം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com