ADVERTISEMENT

‘‘എന്റെ പൊന്നു സാറേ എനിക്കറിയാൻ പാടില്ല. ഇത്തിരി ചോറ് താ ചേച്ചി എന്നു പറഞ്ഞ് ഇപ്പൊ കേറി വന്നിരുന്നതാണ്.’’ ആക്‌ഷൻ ഹീറോ ബിജുവിൽ ചീട്ടു കളിക്കാരനെ പിന്തുടർന്ന് എത്തിയ നായകനോട് വീട്ടിലെ സ്ത്രീ പറയുന്ന സംഭാഷണമാണ്. തൊട്ടു പിന്നാലെ തളർന്ന്, കിതച്ച് നിസ്സഹായമായി ‘സാറേ പെട്ടെന്നൊരു ഐഡിയ തോന്നിയതാണ്’ എന്നു പറയുന്ന ആ ചീട്ടുകളിക്കാരൻ. ഏതാനും നിമിഷങ്ങൾ മാത്രമുള്ള ആ സീനിലൂടെയാണ് അസീസ് നെടുമങ്ങാട് ബിഗ് സ്ക്രീനിൽ ശ്രദ്ധ നേടുന്നത്. എന്നാൽ അതിനും വർഷങ്ങൾക്കു മുൻപ് മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയതാരമായിരുന്നു അസീസ്.

വിവിധ ഷോകളിലൂടെ നിരവധി കഥാപാത്രങ്ങൾക്ക് രൂപവും ഭാവവുമായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. അവസരങ്ങൾക്കു വേണ്ടി കാത്തിരുന്ന ഒരു ചെറുപ്പക്കാരനിൽ നിന്ന് വിദേശത്തടക്കം വേദികളിലെ അവിഭാജ്യ ഘടകമായി മാറിയ ഹാസ്യകലാകാരൻ. ഈ വളര്‍ച്ചയുടെ പിന്നിൽ ആരാണെന്നു ചോദിച്ചാൽ നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്ര സന്നിധിയിലേക്കായിരിക്കും അസീസ് എത്തുക. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ആർപ്പുവിളികൾ അസീസിന്റെ ഓർമകളിൽ മുഴങ്ങും. പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ... 

‌നാടകത്തിൽ തുടങ്ങി മിമിക്രിയിലേക്ക്

അഭിനയത്തോട് ചെറുപ്പം മുതലേ താൽപര്യം ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ യുവജനോൽസവത്തിന് നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. ‘പെരുന്തച്ചൻ’ എന്ന നാടകം കളിച്ച് ഞങ്ങൾ ജില്ലാ തലത്തിൽ പോയിട്ടുണ്ട്. ഞാനായിരുന്നു പെരുന്തച്ചൻ. എന്നാൽ യുവജനോത്സവങ്ങളിൽ കയ്യടി നേടിയിരുന്നത് മിമിക്രി അവതരിപ്പിക്കുന്ന വിദ്യാർഥികളായിരുന്നു. അൽ റാസിഖ് എന്ന എന്റെ ഒരു സുഹൃത്ത് നന്നായി മിമിക്രി ചെയ്യും. റാസിഖിന് സ്കൂളിൽ നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. പെൺകുട്ടികളൊക്കെ അവനെ നോക്കി നിൽക്കും. അങ്ങനെയാണ് മിമിക്രിയോട് ഇഷ്ടം തോന്നുന്നത്. 

azees-nedumagad-0

റാസിഖിനോട് മിമിക്രി പഠിപ്പിച്ചു തരാൻ പറഞ്ഞു. പ്രേം നസീറിന്റെ ശബ്ദത്തിലായിരുന്നു തുടക്കം. പിറ്റേ വർഷം മുതൽ ഞാൻ അനുകരണവും സ്കിറ്റുകളും ചെയ്യാൻ തുടങ്ങി. അമരത്തിലെ അശോകന്റെ കഥാപാത്രത്തെയാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്റെ ചേട്ടത്തിയാണ് അശോകന്‍ ചെയ്യാനാകുമെന്ന് പറഞ്ഞത്.

ആ ക്ഷേത്രം എന്നെ കലാകാരനാക്കി

എന്നെ കലാകാരനാക്കിയതും പ്രോത്സാഹിപ്പിച്ചതും എന്റെ സുഹൃത്തുക്കളും നാട്ടുകാരുമാണ്. നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ ഉത്സവത്തിന് വലിയ പരിപാടികളുടെ ഇടയിൽ എന്റെ പരിപാടികൾ സംഘടിപ്പിക്കാൻ അമ്പല കമ്മറ്റിക്കാരും  സുഹൃത്തുക്കളും അവസരം ഒരുക്കി തന്നിരുന്നു. ആ ദേവിയുടെ നടയിലാണ് എന്റെ കലാജീവിതം ആരംഭിക്കുന്നത്. ആ ക്ഷേത്രസന്നിധിയിലൂടെയാണ് എന്നിലെ കലാകാരൻ വളർന്നത് എന്നു പറയാൻ അഭിമാനമാണ്.

ഞാൻ ഒന്നും അല്ലാതിരുന്നിട്ടും എല്ലാ വർഷവും അവിടെ എനിക്കു വേദി ലഭിച്ചു. ഒരു വർഷം ഉത്സവത്തിന് ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു ട്രൂപ്പ് തട്ടികൂട്ടി പരിപാടി അവതരിപ്പിച്ചു. അന്നു പരിപാടി അവതരിപ്പിക്കാന്‍ എത്തിയ പ്രഫഷനൽ ട്രൂപ്പിനേക്കാൾ കയ്യടി ഞങ്ങൾ നേടി. അവിടെയുള്ള ജനങ്ങൾ എനിക്ക് നോട്ടു മാല ഇട്ടു തന്നു. ഒരു നിലവിളക്ക് സമ്മാനിച്ചു. അന്നു ലഭിച്ച വിളക്ക് ഞാൻ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഇന്നും ആ വിളക്ക് ദേവിയുടെ നടയിൽ ഇരിക്കുന്നുണ്ട്. 

ലോകത്തിന്റെ ഏതു കോണിലായാലും എല്ലാ വർഷവും ഉത്സവത്തിന് അവിടെ എത്തും. ട്രൂപ്പുകളിൽ ചേർന്ന് തിരക്കിലായി ഉത്സവത്തിന് എത്താനായില്ലെങ്കിൽ മറ്റൊരു ദിവസം അവിടെ ചെന്നിരിക്കും. എങ്കിലേ എനിക്കു സമാധാനം കിട്ടൂ.

എന്‍ജിനീയറിങ് പഠിച്ച് ‘പ്രഫഷന’ലായി

സ്കൂൾ കഴിഞ്ഞ് ഇലക്ട്രിക് എൻജിനീയറിങ്ങിന് ചേർന്നു. പക്ഷേ മിമിക്രി ആയിരുന്നു തലയിൽ. കഷ്ടിച്ചാണ് എൻജിനീയറിങ് പാസായത്. തിരുവന്തപുരത്തെ മാഗ്നറ്റ് എന്ന സമതിയിലൂടെയാണ് പ്രഫഷനല്‍ രംഗത്തേക്കു ചുവടുവയ്ക്കുന്നത്. പിന്നീട് നിരവധി ട്രൂപ്പുകളുടെ ഭാഗമായി. സുരാജേട്ടന്റെ (സുരാജ് വെഞ്ഞാറമുട്) കൂടെ പരിപാടികൾ അവതരിപ്പിക്കാൻ ചെറുപ്പത്തിലേ ഭാഗ്യം കിട്ടി. അദ്ദേഹം അന്നു മിമിക്രി വേദികളിൽ സൂപ്പര്‍താരമാണ്. ആ അനുവഭങ്ങളെല്ലാം പിന്നീട് മിമിക്രിയിൽ തിളങ്ങാൻ സഹായിച്ചു. 

azees-nedumangad-3

മിനിസ്ക്രീനിലേക്ക് ‘കിടു’

എന്നെ ആദ്യമായി മിനിസ്ക്രീനിലേക്ക് കൊണ്ടു വരുന്നത് ‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയുടെ സംവിധായകനായ ആർ.എസ് വിമൽ ആണ്. അദ്ദേഹം ഒരു ചാനലിനു വേണ്ടി പ്രൊഡ്യൂസ് ചെയ്ത ‘കിടു’ എന്ന പ്രോഗ്രാമിലൂടെയായിരുന്നു അരങ്ങേറ്റം. എന്നെ ജനങ്ങൾ അറിയാന്‍ തുടങ്ങിയത് കോമഡി സ്റ്റാർസിലൂടെ ആയിരുന്നു. ഒരുപാട് മിമിക്രി താരങ്ങൾക്ക് ബൈജു മേലില സർ തുറന്നിട്ടു കൊടുത്ത വലിയൊരു വാതിലായിരുന്നു അത്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 

‌പൃഥ്വിരാജിന്റെ ‘കൈപിടിച്ച്’ സിനിമയിലേക്ക്

മിനിസ്ക്രീനിൽ വരുന്നതിനു മുൻപേ സിനിമയിൽ അഭിനയിച്ചിരുന്നു. എന്നെ സിനിമയിലേക്ക് ‘കൈപിടിച്ചു’ കയറ്റിയത് പൃഥ്വിരാജ് ആണെന്നു പറയാം. വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. ‘നമ്മൾ തമ്മിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് ശ്രീകാര്യം എൻജിനീയറിങ് കോളജിൽ നടക്കുന്നുണ്ടായിരുന്നു. ഞാനും എന്റെ അമ്മാവന്റെ മകളും കൂടി ഷൂട്ടിങ് കാണാൻ പോയി. പൃഥ്വിരാജിനെ എടുത്തു പൊക്കുന്ന ഒരു രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. എന്നാൽ എടുത്തു പൊക്കാൻ ആൾ ഉണ്ടായിരുന്നില്ല. അദ്ദേഹം വന്ന് ആൾക്കൂട്ടത്തിൽ നിന്ന് എന്നെ വിളിച്ചുകൊണ്ടു പോയി. അങ്ങനെ ഒരു ‘അപ്രതീക്ഷിത എൻട്രി’

ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ 37 സിനിമകൾ ചെയ്തു. ഉറിയടി, പൂഴികടകന്‍ എന്നീ സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. എനിക്ക് നല്ല വേഷം ലഭിച്ച സിനിമയായിരുന്നു ഗ്രാമവാസീസ്. മികച്ച കഥയായിരുന്നു അത്. പക്ഷേ, ചെറിയ ബജറ്റിൽ ഒരുങ്ങിയതുകൊണ്ടാവാം ആ ചിത്രം ശ്രദ്ധ നേടിയില്ല. എന്നാൽ ആക്‌ഷൻ ഹീറോ ബിജുവിലെ കഥാപാത്രം ജനങ്ങൾ സ്വീകരിച്ചു. ഒരൊറ്റ രംഗത്തിലൂടെ ആ കഥാപാത്രം കയ്യടി നേടി.

azees-nedumagad-1

നാടും നാട്ടുകാരും മറക്കാനാവില്ല

ഒരു തവണ മണിച്ചേട്ടനെ ഞങ്ങളുടെ അമ്പലത്തിലേക്ക് കൊണ്ടു വന്നിരുന്നു. അന്ന് ഒരു പോസ്റ്റിൽ മണിച്ചേട്ടന്റെ ഫ്ലക്സും  മറ്റൊന്നില്‍ എന്റേതും വച്ചിരുന്നു. ‘നിനക്ക് ഇത്ര ആരാധകരുണ്ടോ’ എന്നു മണിച്ചേട്ടന്‍ എന്നോടു ചോദിച്ചു. ‘നാട്ടുകാർ ഒരു സന്തോഷത്തിന് ചെയ്യുന്നതാ’ എന്നു ഞാൻ പറഞ്ഞു. സ്വന്തം നാട്ടിൽ ആദരവു കിട്ടുന്നതാണ് ഒരു കലാകാരന് ലഭിക്കുന്ന വലിയ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

സജി സുരേന്ദ്രൻ ചേട്ടനെ ആദരിക്കാൻ ഒരിക്കൽ അവിടേക്ക് വിളിച്ചിരുന്നു. അന്ന് എന്നെ വേദിയിലേക്ക് വിളിച്ചപ്പോൾ നാട്ടുകാർ നിറകയ്യടികളോടെയാണ് വരവേറ്റത്. ‘‘അസീസിനെ നാട്ടുകാർ ഇത്രയധികം സ്നേഹിക്കുന്നുണ്ട് എന്ന് അറിയില്ലായിരുന്നു. എന്തായാലും എന്റെ അടുത്ത ചിത്രത്തിൽ അസീസിന് ഒരു വേഷം ഉണ്ടായിരിക്കും എന്ന് അദ്ദേഹം നാട്ടുകാരോടു പറഞ്ഞു. അങ്ങനെ കുഞ്ഞളിയനില്‍ വേഷം കിട്ടി. നാട്ടുകാരുടെ സ്നേഹമാണ് ആ വേഷം എനിക്കു കിട്ടാൻ കാരണം. ഇതൊന്നും ഒരിക്കലും മറക്കാനാവില്ല.

മാന്യമായി വിമര്‍ശിക്കൂ സുഹൃത്തേ

എന്തിനും പ്രതികരിക്കാൻ അവസരമുള്ള കാലമാണിത്. സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ ഒരോരുത്തർ പ്രതികരണം തുടങ്ങും. ‘അത് ശരിയല്ല, ഇതു ശരിയല്ല, സ്കിറ്റ് മോശം എന്നിങ്ങനെ ഇല്ലാത്ത കുറ്റങ്ങളില്ല. ഓരോ ഷോയ്ക്കു വേണ്ടി ആഴ്ചയിൽ നാലു സ്കിറ്റു വരെ അവതരിപ്പിക്കുന്ന സാഹചര്യമുണ്ട്. അത്രയധികം ബുദ്ധിമുട്ടിയും അധ്വാനിച്ചുമാണ് ഓരോന്നും ചെയ്യുന്നത്. അങ്ങനെ ചെയ്യുന്ന സ്കിറ്റിനെ വളരെ മോശമായ രീതിയിൽ വിമര്‍ശിക്കുന്നതു കാണുമ്പോൾ വേദന തോന്നും. നമ്മുടെ വീട്ടുകാരെ വരെ തെറി വിളിക്കുന്നവരുണ്ട്. മാന്യമായി വിമർശിച്ചു കൂടെ. ഇപ്പോൾ കമന്റുകൾ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

അന്ന് അടിച്ചു, ഇന്ന് സുഹൃത്തുക്കൾ

ഒരു പ്രോഗ്രാം വൈകിയതിന്റെ പേരിലാണ് അന്ന് പ്രശ്നം ഉണ്ടായത്. അന്ന് അടികിട്ടി ആശുപത്രിയിലായി. എന്നാൽ പ്രശ്നങ്ങള്‍ പറഞ്ഞു തീർത്തു. അവർ എന്നെ വീണ്ടും ക്ഷണിച്ചു. ഞാൻ ആ ക്ഷേത്രത്തില്‍ പോയി പരിപാടി അവതരിപ്പിച്ചു. അന്ന് തല്ലിയ ആൾ ഇന്നെന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ശത്രുത വച്ചുകൊണ്ടിരുന്നിട്ട് എന്തു പ്രയോജനം. ചെറിയൊരു കാലയളവല്ലേ ഭൂമിയിലുള്ളൂ.

azees-nedumangad-2

താങ്ങാവണം, സ്വപ്നങ്ങളുണ്ട്

എന്റെ മക്കളെ നല്ലതു പേലെ പഠിപ്പിക്കണം. അവരെ ഒരു നിലയിലെത്തിക്കണം. എന്റെ ബാപ്പ ഗൾഫിലായിരുന്നു. എന്നാൽ അദ്ദേഹത്തിന് അവിടെ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ശരിക്കും അവിടെ പെട്ടു പോയതായിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും ഉച്ചക്ക് ആഹാരം കഴിക്കാനില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം എനിക്ക് ആഹാരം കൊണ്ടു വന്നിരുന്നത് ശ്രീലാൽ എന്ന സുഹൃത്താണ്. എന്നും രണ്ടു പൊതിച്ചോറുമായാണ് അവൻ വരിക. ശ്രീലാലിന് അന്നു സംവിധായകൻ ആകാനും എനിക്ക് നടൻ ആകാനുമായിരുന്നു ആഗ്രഹം. സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ ക്ലാസിലെ കുട്ടികളുമായി സംഘട്ടനം അവൻ ഡയറ്ക് ചെയ്യും. ഞാൻ അഭിനയിച്ചു കാണിക്കുമായിരുന്നു. ശ്രീലാൽ ഇപ്പോൾ മലയാള സിനിമയിലെ തിരക്കേറിയ ഒരു അസോസിയേറ്റ് ഡയറക്ടറാണ്.

കഷ്ടപ്പെടുന്നവരെ സഹായിക്കണം എന്നതാണ് മറ്റൊരു ആഗ്രഹം. അനാഥരും അനാഥാലയങ്ങളും ഉണ്ടാകരുതേ എന്നാണ് പ്രാർഥന. പക്ഷേ, നമ്മുടെ നാട്ടിൽ ഒരുപാട് അനാഥരുണ്ട്. അവരിൽ കുറച്ചു പേർക്കെങ്കിലും അഭയമാകാൻ ഒരു അനാഥാലയം തുടങ്ങണം.

കുടുംബം

ഭാര്യ മുബീന. വീട്ടമ്മയാണ്. മൂത്തമകൾ ആഷ്ന. രണ്ടാമത്തെ മകൾ ഫിദ നസ്രിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com