sections
MORE

‘പ്രതീക്ഷകൾ കൈവിടരുത്, ഈ സമയവും കടന്നു പോകും’

HIGHLIGHTS
  • നഷ്‌ടങ്ങൾ, നഷ്‌ടപ്പെട്ടവരുടെ മാത്രം വേദനയാണ്
  • പലരുടെയും നന്മകൾ നമുക്ക് വഴികാട്ടി ആയി വരും
never-give-up-psychologist-kala-mohan-experience
SHARE

വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇവിടെ ഒരു പ്രസക്തിയും ഇല്ല. എന്നിരുന്നാലും, ആർക്കെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്ന് കരുതുന്നു.

കഴിഞ്ഞ പ്രളയത്തിൽ ഞങ്ങൾ കൊല്ലംക്കാർക്ക് പ്രകൃതി അനുകൂലമായിരുന്നു. എങ്കിലും, ഊണും ഉറക്കവും നഷ്‌ടപ്പെട്ട് മനസിക സംഘർഷത്തിലായിരുന്നു സദാസമയവും. ടിവി തുറന്നാൽ കാണുന്ന കാഴ്ചകളും വാർത്തകളും ഭീകരമായിരുന്നല്ലോ.

പ്രളയം അവസാനിക്കും മുൻപ് എന്റെ ദാമ്പത്യം നഷ്‌ടമായി. സ്വന്തം വീട്ടുകാരുടെ തീരുമാനങ്ങൾ കേൾക്കാൻ ഒരുക്കമാകാത്തതു കൊണ്ട് അവിടെയും ഒറ്റപെട്ടു. ഒരു രാത്രിയിൽ, മകളെയും കൂട്ടി നിശ്ചിത വരുമാനം പോലും ഇല്ലാത്ത ഞാൻ തിരുവനന്തപുരത്തേക്കു ചേക്കേറി. ജീവിതം പ്രളയം കൊണ്ടു പോയി എന്നു തന്നെയാണ് ആ നേരങ്ങളിൽ തോന്നിയത്.

സാരമില്ല പോട്ടേ, എന്നൊരു വാക്ക് ആരു പറഞ്ഞാലും അത് ഉൾകൊള്ളാൻ ആകില്ല. ഉപദേശങ്ങൾ തീരെ സഹിക്കാൻ ആകില്ല. നഷ്‌ടങ്ങൾ, നഷ്‌ടപ്പെട്ടവരുടെ മാത്രം വേദന ആണ്‌. അനുഭവസ്ഥർക്കു അല്ലാതെ മറ്റൊരാൾക്ക്‌ അത് ഊഹിക്കാൻ ആകില്ല. 

ഒരു പരിചയവും ബന്ധവും ഇല്ലാത്ത ആരൊക്കെയോ എന്നോട് പറഞ്ഞു കൂടെ ഉണ്ടെന്ന്. മനുഷ്യത്വത്തേക്കാൾ വലിയ മതം മറ്റൊന്നില്ല എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു ഈ കഴിഞ്ഞത്. കർമ്മമാണ്‌ ഈശ്വരൻ എന്നൊരു വിശ്വാസത്തിൽ ഒരു നിമിഷം പാഴാക്കാതെ ഞാൻ പിടിച്ചു കയറി കൊണ്ടിരിക്കുന്നു.

പ്രകൃതി തന്ന പ്രളയം, ബന്ധങ്ങൾ ഒന്നു കൂടി കെട്ടുറപ്പിക്കുന്നതാണ്. വിള്ളൽ വീഴ്ന്നു കൊണ്ടിരുന്ന ബന്ധങ്ങളെ ഒന്നാകെ മുറുക്കി പിടിക്കാൻ പറ്റുന്നത്. ജീവിതം തീർന്നു എന്ന് തോന്നുന്ന ഇടത്ത് നിന്ന് എഴുന്നേൽക്കണം. ആരുമില്ല എന്നൊരു വേദന വേണ്ട. കർമ്മബന്ധത്തിന്റെ വില നന്നായി മനസ്സിലാകുന്ന അവസരങ്ങൾ ആണിതൊക്കെ. മരണത്തെ മുഖാമുഖം കാണുമ്പോൾ ഉണ്ടാകുന്ന തിരിച്ചറിവുകൾ വലുതാണ്. ഞാനും കണ്ടതാണ്.

എന്റെ മോളോട് ഞാൻ ചോദിക്കാറുണ്ട്, വാ മോളെ എന്ന് പറഞ്ഞു ഒരു രാത്രിയിൽ ഇറങ്ങി വന്നപ്പോൾ നിനക്ക് പേടി ഇല്ലായിരുന്നോ എന്ന്. അമ്മയെ എനിക്ക് വിശ്വാസം ആയിരുന്നു എന്ന് അവൾ പറയും. അത്രേയുള്ളൂ. വിശ്വസിക്ക്, നമ്മൾ നേടും, നഷ്‌ടപ്പെട്ടതൊക്കെ... 

ഈ അവസരത്തിൽ എല്ലാം നഷ്‌ടപ്പെടുമ്പോൾ നമുക്ക് ദേഷ്യവും സങ്കടവും വരും. അതു കേൾക്കാനും നമ്മുടെ മാനസികാവസ്ഥ മനസ്സിലാക്കാനും പറ്റുന്ന നന്മകൾ ഒരുപാട് ഉണ്ട് ചുറ്റിലും. ഞാനും അതു അനുഭവിച്ചാണ് പിടിച്ചു കയറുന്നത്. പേടിക്കരുത്. ധൈര്യം കൈവിടരുത്. മുന്നോട്ട് പോകാനുള്ള ഊർജ്ജം കുടുംബത്തിന്റെ, നാടിന്റെ കൂട്ടായ്മകളിൽ നിന്ന് ധാരാളം കിട്ടും. ഭാഗ്യം ചെയ്തവരാണ് നമ്മൾ. കരഞ്ഞു തീർത്തോളൂ. പക്ഷേ, പതറരുത്.

വലിയ ലോകം, അവിടെ നാം എത്ര നിസ്സാരരാണ്. പലരുടെയും നന്മകൾ നമുക്ക് വഴികാട്ടി ആയി വരും. മനുഷ്യസ്നേഹം ജ്വലിക്കുന്ന കണ്ണുകൾ ഒരുപാട് നമ്മുക്ക് ചുറ്റിലും ഉണ്ട്. ഓരോ തരം അനുഭവങ്ങളിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടവർ ആണ്‌ നമ്മളൊക്കെ. സ്വന്തം ആത്മസംഘർഷങ്ങളെ നേരിടാനുള്ള കരുത്ത് സ്വയം നേടിയെടുക്കണം.

കാറ്റിന്റെ ഹുങ്കാരവും ദിക്ക് നടുക്കുന്ന ഇടിനാദങ്ങളും ഉണ്ടെങ്കിലും നല്ലതിനാണ് എന്നൊരു പ്രതീക്ഷ, എല്ലാം ശുഭമായി തീരും എന്നൊരു പ്രാർത്ഥന എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ.

ജീവൻ നൂലപാലത്തിൽ ഇട്ടു അമ്മാനമാടുന്ന അവസ്ഥയിൽ തീരെ പ്രതീക്ഷിക്കാത്ത ഇടത്ത് നിന്ന് കാണപ്പെടാത്ത ദൈവം പോലെ എത്തുന്ന പലരുണ്ട്. 

പ്രതീക്ഷകൾ കൈവിടാതെ ഇരിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും പറയാനില്ല. ഈ സമയവും കടന്നു പോകും. മാനസിക പിന്തുണ ഏറ്റവും ആവശ്യമായ സമയം ആണ്‌. വിദഗ്ധരുടെ സേവനം, എല്ലായിടത്തും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഉപദേശങ്ങൾ അല്ല, ചേർത്തു പിടിക്കൽ ആണു വേണ്ടത്. അവർ പറയുന്നത് കേൾക്കുക, പൊട്ടിത്തെറിക്കും, അലറിക്കരയും. അതൊക്കെ നേരിടാനുള്ള ക്ഷമ ഉള്ളവർ മാത്രം കൗൺസിലിങ്ങുമായി ഇറങ്ങുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA