ADVERTISEMENT

പ്രണയം തകരുന്നത് വേദനയാണ്. ചിലപ്പോഴൊക്കെ അതിൽ സമാധാനം കണ്ടെത്തുന്നവർ ഉണ്ടെങ്കിലും വേദനിക്കുന്നവരും നൈരാശ്യത്തിൽ അകപ്പെടുന്നവരുമാണ് കൂടുതൽ. ചെറുതും വലുതുമായ പല കാരണങ്ങൾ തകർച്ചകൾക്കു പിന്നിലുണ്ടാകും. ചിലപ്പോഴൊക്കെ വീണ്ടും ഒരു അവസരം ചോദിച്ച് പങ്കാളി എത്തും. ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കും. നേരിട്ട് കണ്ടും അഭ്യർഥിക്കും. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാകും പലരും എത്തിച്ചേരുക. മനസ്സിനേറ്റ മുറിവിനും അവസാനിക്കാത്ത പ്രണയത്തിനുമിടയിൽ നിൽക്കുമ്പോൾ എങ്ങനെ തീരുമാനമെടുക്കും. ഇനി ഒരു അവസരം കൊടുക്കണോ?

തെറ്റുകൾ ഗുരുതരമാണോ?

ബന്ധം അവസാനിപ്പിക്കും മുൻപാണ് ഈ ചോദ്യത്തിന് പ്രാധാന്യമുള്ളത്. എങ്കിലും വീണ്ടും അവസരം ആവശ്യപ്പെടുമ്പോൾ ഈ ചോദ്യം വീണ്ടും ചോദിക്കാം. എന്തായിരുന്നു തെറ്റ്? ഒരിക്കലും ക്ഷമിക്കാനാവാത്തതാണോ? ഈ ചോദ്യങ്ങൾ ആവർത്തിക്കുക. പല രീതിയിൽ ചിന്തിക്കുക. ഗുരുതരവും ഒരിക്കലും ക്ഷമിക്കാനാവാത്തതും ഇനിയും വേദനിക്കേണ്ടി വരും എന്ന് ഉറപ്പുണ്ടെങ്കിൽ വീണ്ടും അവസരം എന്ന ചിന്ത ആവശ്യമില്ല. അല്ലാത്ത പക്ഷം ഈ ചോദ്യങ്ങൾ ചോദിച്ചു മുന്നോട്ടു പോവുക.

തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നുണ്ടോ?

അവസരം ചോദിക്കുന്ന പങ്കാളി തെറ്റ് ഏറ്റു പറയാന്‍ തയാറാകുന്നുണ്ടോ എന്നു നോക്കണം. തെറ്റു സമ്മതിക്കാതെ അവസരം ചോദിക്കുന്നവരുണ്ട്. അവ പരിഗണക്കുന്നതിൽ അർഥമില്ല. ബന്ധം തകരാനിടയായ തെറ്റ് ഏറ്റുപറഞ്ഞ് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് നൽകുന്നു എങ്കിൽ അവസരം നൽകുന്നതിനെക്കുറിച്ച് ചിന്തിക്കാം.

പ്രണയം കൊണ്ടു മാത്രമാകില്ല

വിശ്വാസം, ബഹുമാനം, ആത്മാർഥത എന്നിവ കൂടി ഉണ്ടെങ്കിലേ  ബന്ധം മുന്നോട്ടു പോകൂ. പ്രണയം അതിലെ ഒരു ഘടകം മാത്രമാണ്. ഇതെല്ലാം വ്യക്തമായി പരിഗണിക്കുക. തെറ്റുകൾ ആവർത്തിക്കാനുള്ള കാരണം ഇതിലൊന്നിന്റെ അഭാവമാണ്. ഇതു കണ്ടെത്തുക. മനസ്സിലാക്കി തിരുത്തിയാൽ പ്രണയം കൂടുതൽ ശക്തമയായി മുന്നോട്ടു കൊണ്ടു പോകാനാകും. എന്നാൽ അവസരം കൊടുത്താൽ ബന്ധം മെച്ചപ്പെടുമെന്ന് ഉറപ്പുണ്ടാകണം.

സംസാരത്തിലല്ല കാര്യം

വാക്കുകൾ കൊണ്ട് അവസരം ചോദിക്കുന്നതില്ല, പെരുമാറ്റത്തിൽ നിങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദനയും പ്രണയം തിരിച്ചു കിട്ടണമെന്ന ആഗ്രഹവും വേണം. ഇക്കാര്യം ഉറപ്പാക്കുക. 

നിങ്ങൾക്കും നഷ്ടം തോന്നുന്നുണ്ടോ?

ഇനി ഒരു ആത്മപരിശോധന ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചശേഷം നിങ്ങൾക്ക് ഈ പ്രണയം നഷ്ടപ്പെട്ടതിൽ വേദനയുണ്ടോ എന്നു കണ്ടെത്തുക. ബന്ധം തുടരാൻ തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ മാത്രം മുന്നോട്ടു പോവുക.

ഉറപ്പാക്കുക

ഇപ്പോഴും സംശയം ബാക്കിയാണെങ്കിൽ നേരിട്ട് സംസാരിച്ച് ഉറപ്പാക്കുക. വീണ്ടും ഒന്നിക്കുകയാണെങ്കിൽ ഇനിയെന്ത്? എങ്ങനെ? എന്ന് ഇരുവരും അറിയണം. ആരോഗ്യകരമായ, തിരുത്തലുകളുള്ള ഒരു ബന്ധമായിരിക്കും ഇനിയെന്ന് ഉറപ്പിക്കുക. ഇനി ഒരു അവസരം ഉണ്ടാകില്ലെന്ന് തുറന്നു പറയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com