sections
MORE

വീട്ടിലേക്ക് കയറുമ്പോൾ അമ്മയുടെ കാലിൽ ചെളിയാകരുത്: ബിനീഷ് ബാസ്റ്റിൻ

HIGHLIGHTS
  • കാറിൽ വിജയ് സാറിന്റെ ചിത്രമുണ്ട്
  • ഇതുവരെ ഒന്നും ലോൺ എടുത്ത് വാങ്ങിയിട്ടില്ല
malayalm-actor-bineesh-bastin-life-and-style
SHARE

ഗൂണ്ടാ വേഷങ്ങളിലൂടെ ബിനീഷ് ബാസ്റ്റിൻ മലയാളികൾക്ക് സുപരിചിതനാകുന്നത്. അഭിനയിച്ചതിൽ ഭൂരിഭാഗവും ഗൂണ്ടയായി തന്നെയാണ്. കട്ടപ്പനിയിലെ ഹൃത്വിക് റോഷനിലൂടെ ‘മലയാള സിനിമയിലെ സ്ഥിരം ഗൂണ്ട’യുമായി.

വിജയ് നായകാനായ തമിഴ് ചിത്രം ‘തെരി’യിലൂടെയാണ് ബിനീഷ് മലയാളികളുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രദർശന ദിവസവും ടൈൽസു പണിക്കു പോകുന്ന ആ വില്ലൻ കേരളത്തിലെ യുവാക്കൾക്ക് നായകനായി. കോളജുകളിലെ പരിപാടികൾക്ക് ഉദ്ഘാടകനായി. പത്താം ക്ലാസു തോറ്റ, കൂലി പണിക്കാരനായ താൻ ഇങ്ങനെ ഉയരുമെന്ന് ഈ ഫോർട്ട് കൊച്ചിക്കാരൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഇന്ന് സോഷ്യൽ മീഡിയയില്‍ താരത്തിനു നിരവധി ഫോളോവേഴ്സ് ഉണ്ട്. ഇനി ചെറിയൊരു വീട് വയ്ക്കണം, അമ്മയെ നന്നായി നോക്കണം, മികച്ച കഥാപാത്രങ്ങള്‍ ചെയ്യണം, വിവാഹം കഴിക്കണം. ജീവിതത്തെയും സ്വപ്നങ്ങളെയും കുറിച്ച് ബിനീഷ് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

നാട്ടുകാർ കളിയാക്കുന്ന ‘സ്ഥിരം ഗൂണ്ട’

ഞങ്ങൾ നാലു മക്കളാണ്. മൂന്ന് ആണും 1 പെണ്ണും. പത്തു വരെ പഠിച്ച് അതിനുശേഷം ജോലിക്കു പോകാനായിരുന്നു തീരുമാനം. വീട്ടിലെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. പഠിക്കുന്ന സമയത്ത് യുവജനേത്സവങ്ങളിൽ നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. പത്തിൽ തോറ്റു അതോടെ ടൈൽസ് പണിക്കു പോകാൻ തുടങ്ങി. അന്ന് ബോഡി ബിൾഡിങ്ങിൽ ശ്രദ്ധിച്ചിരുന്നു. 18-ാം വയസ്സിൽ എറണാകുളം സബ്ജൂനിയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

bineesh-bastin

പിന്നീട് ‘പാണ്ടിപട’ എന്ന സിനിമയിലാണ് ആദ്യമായി അവസരം ലഭിക്കുന്നത്. രാജൻ പി.ദേവിന്റെ ഗൂണ്ട ആയിട്ടായിരുന്നു. അന്ന് ഡയലോഗ് പറയാനൊക്കെ പറ്റി. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ ഏതാനും സെക്കന്റുകൾ മാത്രമേ  സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂ. അന്ന് മുതൽ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമൊക്കെ കളിയാക്കുമായിരുന്നു. പിന്നീട് തുടർച്ചയായി ഗൂണ്ടാവേഷങ്ങൾ. അതോടെ കളിയാക്കലുകൾ കൂടുതൽ ശക്തമായി. അങ്ങനെ 80 സിനിമകൾ ചെയ്തപ്പോഴും 90 ശതമാനവും ഗൂണ്ടാവേഷങ്ങൾ. ചില നല്ല കഥാപാത്രങ്ങൾ കിട്ടിയെങ്കിലും സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. 

ക്ലീൻഷേവിൽ നിന്ന് താടിയിലേക്ക്

അന്ന് ക്ലീൻഷേവ് ചെയ്തായിരുന്നു സിനിമകളിൽ അഭിനയിച്ചിരുന്നത്. ഒരു ട്രെയിൻ യാത്രയിൽ അടുത്തിരുന്ന ചിത്രകാരനാണ് താടി വെച്ചാൽ നന്നായിരിക്കും എന്നു പറഞ്ഞത്. അങ്ങനെ താടി വളർത്താൻ തുടങ്ങി. താടി വെച്ചതോടെ ഡയലോഗുള്ള ഗുണ്ടാവേഷങ്ങൾ കിട്ടി. പക്ഷേ, അതോടെ സിഗററ്റ് പോലും വലിക്കാത്ത ഞാൻ നാട്ടിൽ കഞ്ചാവ് വലിക്കാരനായി.

ജീവിതം മാറ്റിമറിച്ച ‘തെരി’

നാട്ടുകാരോ വീട്ടുകാരോ അല്ലാതെ ആരും സിനിമാ നടൻ എന്ന നിലയിൽ തിരിച്ചറിഞ്ഞിരുന്നില്ല. എങ്കിലും ഉള്ളിൽ വാശി ഉണ്ടായിരുന്നു. ചെന്നൈയിൽ ഷൂട്ടിങ്ങിനു പോയപ്പോൾ ഒരു കാസ്റ്റിങ് കമ്പനിക്ക് നൽകിയ ഫോട്ടോ കണ്ടിട്ടാണ് ആറ്റ്ലി തെരിയിലേക്ക് വിളിക്കുന്നത്.

ആ സിനിമ റിലീസ് ചെയ്ത ദിവസമാണ് ഞാൻ അവസാനമായി ടൈൽസ് പണിക്കു പോയത്. പിന്നീട് ലഭിച്ചതെല്ലാം ജീവിതത്തിലെ ഭാഗ്യങ്ങളാണ്. ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഇതുവരെ 170 ലധികം കോളജുകളിൽ ഉദ്ഘാടനത്തിനു പോയി. നിരവധി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് തോറ്റ, കൂലി പണി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ഒരാളെ സംബന്ധച്ചിടത്തോളം ഇതെല്ലാം വലിയ കാര്യങ്ങളാണ്. പണ്ടൊക്കെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ സ്റ്റീൽ ഗ്ലാസിലായിരുന്നു ചായ തന്നിരുന്നത്. താമസിക്കാൻ ലോഡ്ജ് ആയിരിക്കും. കുറേ ആളുകളുള്ള മുറികൾ. 12 വർഷത്തോളം അങ്ങനെയായിരുന്നു. അതെല്ലാം മാറിയത് വിജയ് സാറിന്റെ കൂടെ അഭിയിച്ചതിനുശേഷമാണ്.

bineesh-bastin-1

കസേര കണ്ടാൽ പേടിയാണ്!

ഒരിക്കൽ ഒരു സിനിമയുടെ പൂജയ്ക്ക് പോയിരുന്നു. അവസരം ചോദിക്കാൻ വേണ്ടി പോയതാണ്. സാധാരണ പൂജയ്ക്ക് പോയാൽ പിന്നിൽ നിൽക്കുകയാണ് പതിവ്. അന്ന് കസേരകൾ കാലിയായി കണ്ടപ്പോൾ ഇരുന്നു. ചടങ്ങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അഥിതികളും സംവിധായകന്റെ സുഹൃത്തുക്കളും വരാൻ തുടങ്ങി. സീറ്റ് നിറഞ്ഞതോടെ അവർ എന്നോടു മാറാൻ പറഞ്ഞു. അന്നു മുതൽ കസേര കാണുമ്പോൾ പേടിയാണ്. ‘തെരി’ ഇറങ്ങിയതോടെ ആ അവസ്ഥ മാറി. ഇന്ന് എവിടെ പോയാലും ഒരു സീറ്റ് എനിക്ക് കിട്ടും. പലയിടത്തും മുഖ്യാതിഥിയായി ക്ഷണിക്കുന്നു. വലിയ സ്ഥാപനങ്ങളോ, ബ്രാൻഡുകളോ ഒന്നുമല്ല. പക്ഷേ ആ ക്ഷണങ്ങൾ എനിക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. 

ടൈൽസ് പണി മിസ് ചെയ്യുന്നു

അന്ന് ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും പണിയെടുക്കുക. ഞായറാഴ്ചത്തെ ക്ഷീണം മാറ്റൽ തിങ്കളാഴ്ചയിലേക്കും നീളും. പണിയെടുത്ത് കിട്ടുന്ന പൈസയിൽ നിന്ന് കൃത്യമായി വീട്ടിലെ ആവശ്യങ്ങൾക്കുള്ളത് കൊടുക്കും. ആ ദിവസങ്ങളിൽ ഇറച്ചി വാങ്ങും. അതും കൂട്ടി ആഹാരം കഴിച്ച് ജോലിയുടെ ക്ഷീണം മാറ്റാൻ വീട്ടിൽ കിടന്ന് നന്നായി ഉറങ്ങും.  കൂട്ടുകാരോടൊപ്പമുള്ള കറക്കവുമുണ്ട്. ഇതെല്ലാം കഴിഞ്ഞാൽ കയ്യിലെ പൈസ തീരും. ചൊവ്വാഴ്ച ജോലിക്കു പോകാനുള്ള വണ്ടികൂലി വീട്ടിൽ നിന്നു വാങ്ങും. നാളേക്കു വേണ്ടി ഒന്നും സമ്പാദിക്കൽ ഇല്ലായിരുന്നു. ചിലപ്പോൾ ആ ദിവസങ്ങളൊക്കെ നഷ്ടപ്പെട്ടതു പോലെ തോന്നും. ഞാൻ എത്ര വലിയ കലാകാരനായാലും ആ സുഖമൊന്നും കിട്ടില്ല. സിനിമാ മേഖലയിൽ പിടിച്ചു നിൽക്കാനാവാതെ വന്നാൽ വീണ്ടും ടൈൽസു പണി ചെയ്യാൻ യാതൊരു മടിയുമില്ല.

സോഷ്യൽ മീഡിയിയല്‍ ആക്ടീവാ...

ഞാൻ എപ്പോഴും തിരക്കുള്ള ആളൊന്നുമല്ല. സോഷ്യൽ മീഡിയയിൽ എന്നെ പിന്തുടരുന്ന നിരവധി ആളുകളുണ്ട്. ഒരു പോസ്റ്റിട്ടാൽ അതിനു കമന്റ് ഇടുന്നവർക്കെല്ലാം മറുപടി നൽകാൻ ശ്രദ്ധിക്കാറുണ്ട്. അവർക്ക് അതൊരു സന്തോഷമായിരിക്കും. അവരാണ് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം. പലരും ചോദിക്കാറുണ്ട് ഇവനൊക്കെ സിനിമയ്ക്കു വേണ്ടി എന്തു ചെയ്തിട്ടാ ഇങ്ങനെ ഉദ്ഘാടനത്തിന് കൊണ്ടു പോകുന്നതും സ്വീകരിക്കുന്നതും എന്നൊക്കെ. ശരിയാണ് ഞാനൊരു സെലിബ്രിറ്റിയല്ല, സാധാരണക്കാരനാണ്. പക്ഷേ എനിക്കു കിട്ടുന്ന അവസരങ്ങൾ എന്നെ സ്നേഹിക്കുന്നവർ തരുന്നതാണ്.

വിദ്യാഭ്യാസം വേണം 

bineesh-bastin-0

ഇംഗ്ലിഷ് മിഡിയം കോളജുകളിൽ പോകുമ്പോൾ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അവിടെ അവതാരകരും മറ്റ് അതിഥികളും ഇംഗ്ലിഷിലാണ് സംസാരിക്കുക. അവതാരക അനൗൺസ്മെന്റിനിടയിൽ ബിനീഷ് ബാസ്റ്റിൻ, ഇനാഗ്രേഷൻ എന്നൊക്കെ പറയുമ്പോൾ ഞാൻ കരുതും ഉദ്ഘാടനം ചെയ്യാൻ വിളിച്ചതാണ് എന്ന്. എഴുന്നേറ്റ് ഉദ്ഘാടനത്തിനു തയാറെടുക്കും. പിന്നെ അബദ്ധം മനസ്സിലാക്കി ഇരിക്കും. 

 പ്രസംഗിക്കുമ്പോൾ എനിക്ക് ഇംഗ്ലിഷ് വലിയ വശമില്ല എന്നു പറയും. എനിക്കു സംഭവിച്ചത് ഒരു തമാശയായി കണ്ടാൽ മതി. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ പലപ്പോഴും നേരിട്ടിട്ടുണ്ട്. പക്ഷേ നിങ്ങൾ എത്ര വിദ്യാഭ്യാസം നേടാനാകുമോ അത്രയും നേടണം. വിദ്യാഭ്യാസം ഉണ്ടെങ്കിൽ എവിടെയും തല ഉയർത്തി നിൽക്കാം എന്ന് ഞാൻ അവരോടു പറയും.

താടി കളയാം

ഇപ്പോൾ താടി വളർത്തി തുടങ്ങിയിട്ട് 9 വർഷമായി. താടി മാറ്റിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്. വേറെ കഥാപാത്രങ്ങളിലേക്ക് മാറാൻ അങ്ങനെ അവസരം ലഭിക്കും എന്നാണ് അവർ പറയുന്നത്. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് ഇങ്ങനെ ഞാൻ മാറിയതിൽ എന്റെ താടിക്കു വലിയ പങ്കുണ്ട്. യുവാക്കൾക്കിടയിൽ ശ്രദ്ധ നേടാൻ താടി സഹായിച്ചിട്ടുണ്ട്. അങ്ങനെ അത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയെന്നു പറയാം. മികച്ച കഥാപാത്രങ്ങൾക്കു വേണ്ടി താടി കളയാൻ തയാറാണ്. ആ കഥാപാത്രം ഒരു ബ്രേക്ക് തരുന്നതായിരിക്കണം.

സിനിമകൾ

രാക്ഷസരാവണൻ എന്ന സിനിമയിൽ ഞാനും രാജേഷ് ശർമയാണ് നായകന്മാർ. വട്ടിപ്പണം എന്ന സിനിമയിൽ നാലു നായകന്മാരിൽ ഒരാളാണ്. ഒരു തമിഴ്പടത്തിൽ പ്രധാന വില്ലാനായും അഭിനയിക്കുന്നു. എല്ലാം മികച്ച കഥാപാത്രങ്ങളാണ്.

എന്റെ കാറും വിജയ് സാറും

വളരെ ആഗ്രഹിച്ചാണ് കാര്‍ വാങ്ങിയത്. വിജയ് ഫാൻസ് വഴി ഒരു അറുപതോളം ഉദ്ഘാടനങ്ങള്‍ ലഭിച്ചു. അങ്ങനെ കിട്ടിയ പണമാണ് കാറു വാങ്ങാൻ ഉപയോഗിച്ചത്. നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നവരാണല്ലോ ദൈവങ്ങൾ. കാർ എന്ന ആഗ്രഹം സാധിച്ചത് വിജയ് സർ കാരണമാണ്. അതുകൊണ്ട് തന്നെ എന്റെ കാറിൽ അദ്ദേഹത്തിന്റെ ചിത്രം ഒട്ടിച്ചിട്ടുണ്ട്.

ഇനി വീടാണ് സ്വപ്നം

bineesh-bastin-house

നാട്ടിൽ പൊളിച്ചു പണിയാത്ത ഒരു വീടുണ്ടെങ്കിൽ അത് എന്റെയായിരിക്കും. ഒരു വീട് പണിയാനുള്ള പണം കൂട്ടിവയ്ക്കുന്നുണ്ട്. ജീവിതത്തിൽ ഒന്നും ലോൺ എടുത്ത് വാങ്ങിയിട്ടില്ല. എല്ലാം കാത്തിരുന്ന്, പണം കൂട്ടിവച്ചാണ് സ്വന്തമാക്കിയത്. വീടും അങ്ങനെ മതി എന്നാണ് തീരുമാനം. ലോൺ എടുത്താൽ സമാധാനമായി വീട്ടിൽ കിടന്ന് ഉറങ്ങാനാവില്ല. 

ഓർമ വെച്ച കാലം മുതലേ മഴ പെയ്താൽ മുറ്റത്ത് ചെളി നിറയുന്ന, ചുറ്റിലും വെള്ളം കെട്ടി കിടക്കുന്നതാണ് എന്റെ വീട്. അങ്ങനെയൊന്നും ഇല്ലാത്ത ചെറിയൊരു വീട് മതി. രണ്ടര സെന്റ് ഭൂമിയാണ് ഉള്ളത്. അമ്മ ചെളിയിൽ ചവിട്ടിയാണ് കാലമിത്രയും നടന്നത്. ഇനി വീട്ടിലേക്ക് കയറുമ്പോൾ അമ്മയുടെ കാലിൽ ചെളി ആകരുത്. അതാണ് എന്റെ സ്വപ്നം.

അധ്വാനിച്ചു സ്വന്തമാക്കണം

പ്രളയസമയത്ത് എന്റെ വീട്ടിൽ വെള്ളം കയറിയത് വാർത്ത ആയിരുന്നു. അന്ന് പല സംഘടനകളും വീടുവയ്ക്കാൻ സഹായിക്കണോ എന്നു ചോദിച്ചു. എനിക്ക് പണി എടുക്കാനുള്ള ആരോഗ്യമുണ്ട്. എന്നെക്കാൾ കഷ്ടപ്പെടുന്ന, വീടു പോലുമില്ലാത്ത ആളുകളുണ്ട്. അവരെ സഹായിക്കൂ എന്ന് ഞാൻ അവരോടു പറഞ്ഞു. കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെ ഞാൻ വീടുണ്ടാക്കും. അതിനുശേഷം ഒരു സാധാരണ കുടുംബത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA