ADVERTISEMENT

‘ഭർത്താവ് തന്റെ വീട്ടുകാരെ അപമാനിച്ചും അവഹേളിച്ചും സംസാരിക്കുന്നു. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. കഠിനമായ മാനസിക സംഘർഷമാണ് ഉണ്ടാകുന്നത്’, ഈ പരാതിയുള്ള നിരവധി സ്ത്രീകൾ സമൂഹത്തിലുണ്ട്. കലഹത്തിനിടയിൽ ജയിക്കാൻ വേണ്ടി ഭാര്യയുടെ വീട്ടുകാരെ തരംതാഴ്ത്തി സംസാരിക്കുന്ന പുരുഷന്മാരുണ്ട്. എന്നാൽ അവസരം കിട്ടുമ്പോഴെല്ലാം അപമാനിച്ച് സന്തോഷം കണ്ടെത്തുന്നവരും ഉണ്ട്. ഭാര്യയുടെ കുടുംബത്തിന്റെ സാമ്പത്തികമോ, സാമൂഹികമോ ആയ പിന്നോക്കാവസ്ഥ മുൻനിർത്തിയായിരിക്കും പരിഹാസം. ബന്ധം ശിഥിലമാക്കേണ്ടെന്നും കലഹം വേണ്ടെന്നും കരുതി നിശബ്ദത പാലിക്കുന്ന സ്ത്രീകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണു ചെയ്യുക? ഇങ്ങനെ ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നതിൽ അർഥമുണ്ടോ? 

പരസ്പര ബഹുമാനത്തിലൂടെ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കൂ. പുരുഷ േമല്‍കോയ്മയിൽ ഊറ്റം കൊള്ളുന്ന ഭർത്താവിൽ നിന്ന് സ്ത്രീക്ക് ബഹുമാനം കിട്ടണമെന്നില്ല. അതിന്റെ ഭാഗമാണ് അവഹേളനം. ഭാര്യയുടെ കുടുംബാംഗങ്ങളെ കുറിച്ച് എന്തും പറയാനുള്ള അധികാരം ഉണ്ട് എന്ന തോന്നലാണ് പല പുരുഷന്മാരിലും ഉള്ളത്.

തെറ്റാണെന്നു ബോധ്യമുള്ള കാര്യത്തിനെതിരെ ശബ്ദിക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് സ്ത്രീകൾ ചെയ്യേണ്ടത്. ജീവിതക്കാലം മുഴുവൻ വീട്ടുകാരെ അപമാനിക്കുകയും നിങ്ങളെ ബഹുമാനിക്കുകയും ചെയ്യാത്ത ഒരാളുമായി ജീവിക്കുക സാധ്യമല്ല. അതിനാൽ കാര്യങ്ങൾ തുറന്നു പറയാന്‍ തയാറാകണം. നമുക്കിടയിലുള്ള പ്രശ്നത്തിൽ വീട്ടുകാരെ കുറിച്ച് പറയേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കുക.

ഒന്നും തുറന്നു പറയാനുള്ള കരുത്തില്ലാത്തതാണു പ്രശ്നമെങ്കിൽ അതു ദൗർബല്യമാണെന്നു മനസ്സിലാക്കി പരിഹരിക്കാന്‍ ശ്രമിക്കണം. പരിധികളും ഭയവും മികച്ചൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന് ഒരിക്കലും തടസ്സമാകരുത്. ഇതിനു വേണ്ടി കൗൺസിലറെ സമീപിക്കാം. ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും കൗൺസിലിങ് ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com