ADVERTISEMENT

ഫൊട്ടോഗ്രാഫറായി ഒരു വിവാഹത്തിന് എത്തിയപ്പോൾ അപ്രതീക്ഷിതമായി കണ്ട പെൺകുട്ടി. ഇതുവരെ മറ്റൊരു പെൺകുട്ടിക്കും തോന്നാത്ത പ്രത്യേക അവൾക്കുള്ളതായി അയാൾക്കു തോന്നി. പേരു ചോദിക്കാൻ പോലുമാകും മുൻപ് അവളെ കാണാതായി. പിന്നെ അപ്രതീക്ഷിതമായി ആ പെൺകുട്ടിയെ അയാൾ കണ്ടെത്തുന്നു. യാദൃച്ഛികതയും നിറയുന്ന ഈ പ്രണയകഥ കേൾക്കുമ്പോൾ ഒരു സിനിമാ കഥ പോലെ തോന്നാം, അദ്ഭുതപ്പെടാം. എന്നാൽ കോഴിക്കോട് സ്വദേശിയായ ലിജിൻ സി.ആർ എന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണിത്. ഡിസംബർ 15ന് തൃശൂർ സ്വദേശിനി ശിൽപയെ ജീവിതസഖിയായി കൂടെ കൂട്ടുകയാണ് ലിജിൻ. ‘എന്റെ പ്രണയകഥ’ എന്ന പേരിൽ ലിജിൻ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ലിജിൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

എന്റെ പ്രണയകഥ

കുറച്ച് മാസം മുൻപ് തൃശൂരിൽ ഒരു കല്യാണ വർക്കിന്‌ കാൻഡിഡ് ഫൊട്ടോഗ്രാഫർ ആയിട്ട് പോയതായിരുന്നു. അവിടെ ഒരു പെൺകുട്ടി. അവളുടെ ചിരിയും തമാശകളും കുസൃതികളുമായിരുന്നു എന്റെ ക്ലിക്കുകളിൽ ഭൂരിഭാഗവും. എന്റെ ക്യാമറ അവളറിയാതെ അവൾക്കൊപ്പം സഞ്ചരിച്ചു. എല്ലാരോടും ചിരിച്ചും കളിച്ചും നടക്കുന്ന ഒരു പെൺകുട്ടി. അന്നവളെ പരിചയപ്പെടണം എന്നുണ്ടായിരുന്നു. പ്രണയമൊന്നും തോന്നീട്ടല്ല. പക്ഷേ, മറ്റൊരു പെൺകുട്ടിയിലും ഞാൻ കണ്ടിട്ടില്ലാത്ത ചുറുചുറുക്ക് അവളിൽ ഉണ്ടായിരുന്നു

കുടുംബ ചിത്രങ്ങൾ പകർത്താൻ വീട്ടിനുള്ളിൽ കയറി തിരിച്ചു വരുമ്പോഴേക്കും അവൾ പോയിരുന്നു. അവളെ കുറിച്ച് ചോദിക്കാൻ എനിക്കറിയുന്ന ആരും അവിടെ ഇല്ലായിരുന്നു. ആദ്യമായി ഒരാളെ പരിചയപ്പെടാൻ പറ്റിയില്ലലോ എന്ന നഷ്ടബോധം അലട്ടി. പേരറിയാമെങ്കിൽ എഫ്ബിയിൽ എങ്കിലും തിരയാമായിരുന്നു. 

കോഴിക്കോട് ആയിരുന്നേൽ എങ്ങനെയെങ്കിലും ഞാൻ കണ്ടെത്തിയേനെ. പക്ഷേ, ഇത് തൃശൂർ. അന്നവിടെ നിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ അവൾ ആയിരുന്നു മനസ്സിൽ. ദിവസങ്ങൾ കടന്നു പോയി. പതിയെ അവളെയും അവളുടെ ഓർമകളേയും മറന്നു. തിരക്കുകളിലേക്ക് ജീവിതം പോയി.

എന്റെ സുഹൃത്ത് അഞ്ജുവിന്റെ കുട്ടിയുടെ പിറന്നാളിന്റെ ഫൊട്ടോഗ്രഫി ചെയ്തിരുന്നു. അവിടെ നിന്ന് അവരുടെ വക എനിക്ക് ഒരു കല്യാണാലോചന. അഞ്ജുവിന്റെ കൂടെ പഠിച്ച കുട്ടി. ഞാൻ ഇപ്പോൾ കല്യാണം ഒന്നും നോക്കുന്നില്ല എന്നും പറഞ്ഞ് ഒഴിഞ്ഞു മാറി. വീട്ടിലെത്തി വാട്സാപിൽ നോക്കിയപ്പോൾ അഞ്ജുവിന്റെ മെസേജുകൾ. അവളുടെ കൂട്ടുകാരിയെ കുറിച്ചുള്ള വർണനകളും രണ്ടു ഫോട്ടോയും. ആളു വളരെ സുന്ദരി. ഞാൻ എന്റെ മനസിനോട് പറഞ്ഞു ‘‘ലിജിനെ നീ വീഴരുത്. നമുക്ക് ബാച്ചിലർ ലൈഫ്’’

പക്ഷേ അഞ്ജു വിടുന്ന ലക്ഷണം ഇല്ല. ഫോട്ടോകൾ വന്നു കൊണ്ടേ ഇരുന്നു. കൂട്ടത്തിൽ ഒരു ഗ്രൂപ്പ്‌ ഫോട്ടോയും വന്നു. ഈ സുന്ദരിയും അവളുടെ കുറച്ചു ഫ്രണ്ട്സും. ആ ഫോട്ടോ കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം ഈ ലോകത്തു വേറെ ആർക്കും ഉണ്ടായിക്കാണില്ല. അന്നു കല്യാണ വീട്ടിൽ എനിക്കു നഷ്ടപ്പെട്ട ആ കാൻഡിഡ് പെൺകുട്ടി ആ ഗ്രൂപ്പ്‌ ഫോട്ടോയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ഞാൻ അഞ്ജുവിനെ വിളിച്ചു. ഗ്രൂപ്പ്‌ ഫോട്ടോയിൽ കണ്ട ആ പെൺകുട്ടിയെ കുറിച്ച് ചോദിച്ചു. അവൾ അറിയില്ല എന്നു പറഞ്ഞു. ഞാൻ വിട്ടില്ല. എനിക്ക് കല്യാണം ആലോചിച്ച കുട്ടിയുടെ നമ്പർ വാങ്ങി. അവളെ വിളിച്ച് ഇവളെ കുറിച്ച് ചോദിച്ചു.

പേര് ശിൽപ. വീട് ഇരിഞ്ഞാലക്കുട. മേക്കപ്പ് വർക്കുകൾ ചെയ്യുന്നു. പോരാത്തതിന് സിംഗിൾ. ശിൽപയുടെ നമ്പർ വാങ്ങാനോ അവളെ പരിചയപ്പെടാനോ ഉള്ള ധൈര്യം എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞ് പരിചയപ്പെടും. എന്നെ അവൾക്കു അറിയുക പോലുമില്ല. പോരാത്തതിന് ഞാൻ കോഴിക്കോടും അവൾ തൃശൂരും. അവളുടെ എഫ്ബി ഐഡി തപ്പിയെടുത്ത് റിക്വസ്റ്റ് അയച്ചു.

ആക്സപ്റ്റ് ചെയ്തില്ല. ആക്സപ്റ്റ് ചെയ്തോ എന്ന് ദിവസവും നോക്കും. ആ ഐഡിയിൽ നിന്ന് അവളുടെ ഫാമിലിയിയിലും സുഹൃത്‌സംഘത്തിലുമുള്ള ചിലരെ ഞാൻ സുഹൃത്തുക്കളാക്കി. അവരോടു ചാറ്റ് ചെയ്തു സൗഹൃദം സമ്പാദിച്ചു. ഭാവിയിൽ അടി വരാൻ സാധ്യത ഉള്ള വഴികൾ അടയ്ക്കുന്നതാണ് എപ്പോഴും നല്ലത്. പക്ഷേ അവൾ എന്നെ ആക്സപ്റ്റ് ചെയ്തേ ഇല്ല.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. അഞ്ജു എനിക്ക് ആലോചിച്ച കുട്ടിയുടെ കല്യാണം ഉറപ്പിച്ചു. 2 മാസത്തിനുശേഷം കല്യാണവും ആയി. ആ കല്യാണത്തിന് മേക്കപ്പ് ചെയ്യുന്നത് ശിൽപ ആയിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് വൻ നഷ്ടത്തിൽ ആ വെഡ്ഡിങ് ഫൊട്ടോഗ്രഫി ഞാൻ ഏറ്റെടുത്തു.

അവിടെ വച്ചു ആദ്യമായി അവളോട്‌ സംസാരിച്ചു. ഞാൻ പിന്നാലെ ഉള്ളത് അറിയാത്തതുകൊണ്ട് വളരെ ഫ്രണ്ട്‌ലി ആയി അവളും സംസാരിച്ചു. ആ കല്യാണം കഴിയുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു. അവിടെ വച്ച് എന്റെ എഫ്ബി റിക്വസ്റ്റ് ശിൽപയെ കൊണ്ട് ആക്സപ്റ്റ് ചെയ്യിപ്പിച്ചു. അവളറിയാതെ എടുത്ത ചിത്രങ്ങൾ അയച്ചു കൊടുത്തു. ഞങ്ങളുടെ സൗഹൃദം വളർന്നു.

ശിൽപയെ കൂടുതൽ മനസിലാക്കാൻ ഞാൻ ശ്രമിച്ചു. ജീവിതത്തിൽ അവൾ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിച്ചിരുന്നത് കൊണ്ടായിരിക്കാം ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങളിൽ സാമ്യത ഉണ്ടായിരുന്നത്. എന്റെ ചിന്തകളോട് ചേർന്ന് പോകുന്നതായിരുന്നു അവളുടെ ചിന്തകളും.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ പറഞ്ഞു. ‘എനിക്ക് നിന്നെ ഇഷ്ടമാണ്’. ഒന്ന് ഫ്രണ്ട്‌സ് ആയാൾ അപ്പോഴേക്കും ഇഷ്ടാണെന്നു പറഞ്ഞു പിറകെ വരുന്നതാണ് എല്ലാരുടേയും സ്വഭാവം, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് അവളങ്ങു ചൂടായി. ഒടുവിൽ ഒരു പഞ്ച് ഡയലോഗും. അത്രക്ക് ഇഷ്ടമാണെങ്കിൽ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാണമെന്ന്. അതിനുള്ള ധൈര്യം ഉണ്ടോ എന്നൊരു വെല്ലുവിളിയും. എന്നിട്ട് അവളുടെ അഡ്രസ്സും പറഞ്ഞ് തന്നു.

വീട്ടിൽ വന്നു പെണ്ണ് ചോദിച്ചിട്ട് ഇഷ്ടല്ല എന്നു പറഞ്ഞാൽ അവിടെ വരെ വന്ന പെട്രോൾ ക്യാഷ് തരേണ്ടി വരുമെന്നു ഞാനും. അതിനു ആദ്യം വാ എന്നിട്ടല്ലേ ബാക്കി എന്ന് അവളും. ഇതൊക്കെ കേട്ടാൽ ഞാൻ പിന്നെ ആ വഴിക്ക് പോകില്ല എന്ന കടുത്ത ആത്മവിശ്വാസം ആയിരിക്കും അവളെ കൊണ്ടത് പറയിപ്പിച്ചത്. പക്ഷേ എന്തു ചെയ്യാം എന്റെ പേര് ലിജിൻ എന്നാണെന്ന് അവൾക്കു അറിയില്ലല്ലോ.

അന്നു തന്നെ ഞാൻ അവളുടെ അമ്മയെ വിളിച്ചു സംസാരിച്ചു. എന്നെയും എന്റെ ജോലിയേയും കുടുംബത്തെയും കുറിച്ച് അവരോടു പറഞ്ഞു. എന്നെ കുറിച്ച് അന്വേഷിച്ചിട്ട് ഞാൻ നിങ്ങളുടെ മകൾക്കു പറ്റിയ ആളാണെന്ന് തോന്നുന്നുണ്ടെങ്കിൽ, എന്നെ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണെങ്കിൽ ശിൽപയെ ഞാൻ കല്യാണം കഴിച്ചോട്ടേ എന്നു ഞാൻ തന്നെ അവരോടു ചോദിച്ചു. വീട്ടുകാരോടൊക്കെ ആലോചിച്ചിട്ട് പറയാമെന്നും പറഞ്ഞ് അവർ ഫോൺ വച്ചു.

ശിൽപയുടെ വീട്ടുകാർ എന്നെക്കുറിച്ച് അവളോട് ചോദിച്ചു. അവൾ എന്നെക്കുറിച്ചും ഞങ്ങൾക്കിടയിലെ സൗഹൃദവും  അവരോടു പറഞ്ഞു. ഈ ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ ഫോൺ കോൾസോ മെസേജുകളോ അധികം ഉണ്ടായിരുന്നില്ല. ശിൽപയില്‍ വീട്ടുകാരുടെ ഒരു നോട്ടം വീണിരുന്നു.

രണ്ടു ദിവസമായിട്ടും ശിൽപയുടെ വീട്ടിൽ നിന്നും മറുപടി ഒന്നുമുണ്ടായില്ല. സംഗതി കൈവിട്ടു പോയെന്ന് എനിക്ക് തോന്നി. ഇരിഞ്ഞാലക്കുടയിൽ നിന്ന് പശുക്കടവിലേയ്ക്ക് 200 കിലോമീറ്റർ ദൂരം ഉണ്ട്. ഇത്രയും ദൂരെ കെട്ടിച്ചയക്കാൻ അവർക്കു താല്പര്യമില്ല എന്ന തരത്തിലൊക്കെ സംസാരം ഉണ്ടായതോടെ ഞാൻ ഇത് നടക്കില്ല എന്ന് ഉറപ്പിച്ചു. അവരുടെ ഭാഗവും ശരിയാണ്. അവരുടെ മുന്നിൽ വളർന്ന പെൺകുട്ടിയെ ഇത്ര ദൂരത്തേയ്ക്ക് കെട്ടിച്ചയക്കാൻ ആരായാലും ഒന്ന് മടിക്കും. അതും സിറ്റിയിൽ ജനിച്ചു വളർന്ന ഒരു കുട്ടിയെ പശുക്കടവ് പോലെ ഒരു ഗ്രാമത്തിലേക്ക്. അവരുടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെയേ ചിന്തിക്കു. ‘വീട്ടുകാർക്ക് താല്പര്യമില്ല, ഇതു നടക്കാൻ സാധ്യത ഇല്ല’ എന്ന് ശിൽപയും പറഞ്ഞതോടെ സംഗതി പോയി എന്ന് ഞാനും ഉറപ്പിച്ചു.

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഞങ്ങൾക്കിടയിൽ മെസ്സേജും കോളുകളും പതിയെ കുറഞ്ഞു വന്നു. ഞങ്ങൾ തമ്മിലുള്ള ഇഷ്ടം മനസ്സിലാക്കിയിട്ടാണോ, അതോ ശിൽപയുടെ സന്തോഷങ്ങൾ ഇല്ലാതാകുന്നത് കണ്ടിട്ടോ എന്നറിയില്ല. പെണ്ണുകാണാൻ ചെല്ലാൻ ആവശ്യപ്പെട്ട് എനിക്കൊരു ഫോൺ കോൾ വന്നു. അവരുടെ മകൾ കണ്ടെത്തിയ വ്യക്തിയാണ് അവൾക്കു സന്തോഷം നൽകുന്നതെന്നു മനസിലാക്കി, ആ ജീവിതം അവൾക്കു സമ്മാനിക്കാൻ കുടുംബം അവള്‍ക്കൊപ്പം നിന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെണ്ണുകാണൽ, നിശ്ചയം, ഡിസംബർ 15 ന് കല്യാണം. ആരേയും വിഷമിപ്പിക്കാതെ, എല്ലാരുടെയും സമ്മതത്തോടെ ഞങ്ങൾ ഒന്നാകാൻ പോകുന്നു.

ഇതിൽ ഏറ്റവും കോമഡി പെണ്ണുകാണൽ ആയിരുന്നു. അതിനെ കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ എഴുതാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com