sections
MORE

ഇനി മിണ്ടാതിരിക്കില്ല: മനസ്സ് തുറന്ന് അമ്പിളിദേവിയും ആദിത്യനും; വിഡിയോ

HIGHLIGHTS
  • അമ്പിളിക്ക് രണ്ട് വിവാഹാലോചനകൾ വന്നു
  • ശത്രുക്കൾ ആരാണെന്ന് നമുക്കറിയാം
SHARE

ആമുഖങ്ങൾ ആവശ്യമില്ലാത്ത താരദമ്പതികളാണ് ആദിത്യനും അമ്പിളി ദേവിയും. വിവാഹത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെയും വിമർശനങ്ങളുടെയും കാലം കഴിഞ്ഞു. പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും കുടുംബവും. അമ്പിളിയും ആദിത്യനും മനസ്സ് തുറക്കുന്നു...

പറയാതെ പോയ പ്രണയം...

ആദിത്യൻ : എന്റെ ആദ്യത്തെ വർക്കു മുതലേ അമ്പിളിയെ അറിയാം. പക്ഷേ അന്നൊന്നും പരിചയപ്പെടാൻ സാധിച്ചിട്ടില്ല. കാരണം അന്ന് അമ്പിളി എന്നെക്കാൾ സീനിയർ ആർട്ടിസ്റ്റ് ആണ്. പിന്നീട് സീരിയലിൽ വന്നശേഷം ആണ് കുറച്ചു കൂടി അടുപ്പമായത്. സ്നേഹത്തൂവൽ എന്ന സീരിയലിൽ ഒരുമിച്ചഭിനയിച്ചു. ആ സമയത്തായിരുന്നു അമ്പിളിയുടെ വിവാഹം. പിന്നെ അമ്പിളി കുടുംബജീവിതവുമായി മുന്നോട്ടു പോയി. പിന്നെ കാണുന്നത് 2015 ലാണ്.

ambili-devi-adithyan-jayan-23

ചില ആളുകൾ പറയുന്നതു പോലെ ഒരാളുടെ കുടുംബം നശിപ്പിച്ച് ഞാൻ കുടുംബം ഉണ്ടാക്കി എന്നൊക്കെ പറയുന്നത് വിഷമിപ്പിക്കാറുണ്ട്. വിവാഹമോചന ശേഷം അമ്പിളിക്ക് രണ്ട് വിവാഹാലോചനകൾ വന്നതാണ്. കുട്ടിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ വന്നപ്പോൾ അമ്പിളിയുടെ വീട്ടുകാർ തന്നെ വേണ്ടെന്നു വച്ചു. അമ്പിളിയുടെ യോഗം എന്റെയൊപ്പം ആയിരുന്നു. അത് സംഭവിച്ചു പോയതാണ്. നേരത്തേ തന്നെ എനിക്ക് അമ്പിളിയോട് ഇഷ്ടമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇപ്പോൾ കുഴപ്പമൊന്നും ഇല്ലാതെ പോകുന്നു. തിരിച്ച് എങ്ങനെയായിരുന്നു എന്ന് അമ്പിളി പറയട്ടെ...‌

അമ്പിളി : അങ്ങനെയൊരു ഇഷ്ടം ജയൻ ചേട്ടന് എന്നോട് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്റെയടുത്ത് കുറച്ച് ആർട്ടിസ്റ്റുകൾ, 'ആദിത്യന് അമ്പിളിയെ ഇഷ്ടമാണെന്ന്' പറഞ്ഞിരുന്നു.  അപ്പോഴൊക്കെ ഞാൻ പറഞ്ഞു ഏയ് അങ്ങനെയൊന്നുമില്ല. നിങ്ങൾ വെറുതെ ഗോസിപ്പ് ഉണ്ടാക്കല്ലേ എന്ന്.

ആദിത്യൻ : ഞാൻ അങ്ങനെയൊരു ഇഷ്ടം സെറ്റിലൊന്നും കാണിച്ചിട്ടില്ല. വർക്ക് ചെയ്യും, പോകും എന്നല്ലാതെ ഫോൺ വിളിയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ 2015 മുതൽ ഞങ്ങൾ അടുപ്പിച്ച് വര്‍ക്ക് ചെയ്തിരുന്നു. അതിലൊക്കെ എന്റെ ഭാര്യയായാണ് അമ്പിളി അഭിനയിച്ചതും. പിന്നെ മോനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കുഞ്ഞിന്റെ ഒന്നര വയസ്സു മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ്. അങ്ങനെ നല്ലൊരു ബന്ധം ഉണ്ടായി. പിന്നീട് അത് അമ്പിളിയിലേക്കുമെത്തി എന്നുവേണം പറയാൻ.

ഇഴഞ്ഞ് അഭിനയിച്ച സിനിമ...   

അമ്പിളി : മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. വളരെ യാദൃശ്ചികമായാണ് ആ കഥാപാത്രം എനിക്കു കിട്ടുന്നത്. അംഗവൈകല്യം ഉള്ള ഒരു കുട്ടിയാണെന്ന് പറഞ്ഞപ്പോൾ വീൽചെയറിൽ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ സാർ കഥയെല്ലാം പറഞ്ഞു കഴിഞ്ഞിട്ടാണ് പറയുന്നത്, നിലത്തിരുന്ന് ഇഴഞ്ഞു വേണം  അഭിനയിക്കാൻ എന്ന്. ഒന്നര മാസത്തോളം ഒരുപാട് കഷ്ടപ്പെട്ടു ആ ഒരു കഥാപാത്രം ചെയ്യാൻ വേണ്ടി. ഒരുപക്ഷേ അതിന്റെ ഫലമായിരിക്കാം ഇന്നും ആൾക്കാർ എന്റെ പേര് കേൾക്കുമ്പോൾ ആ പടത്തിൽ ഇഴഞ്ഞഭിനയിച്ച കുട്ടിയല്ലേ എന്ന് പറയുന്നത്. അത് വലിയൊരു കാര്യമാണ്. ഒരുപാട് സന്തോഷം ഉണ്ട്. 

adithyan-jayan-birthday-ambili-devi-gift

സമൂഹമാധ്യമത്തിലെ വിമർശനങ്ങൾ...

ആദിത്യൻ : സൈബർ ആക്രമണം ഒന്നുമില്ല. നമ്മുടെ ശരീരം നോവുന്ന കാര്യം ഒന്നുമല്ലല്ലോ അത്. നേരത്തെ എനിക്കെതിരെ പല ആരോപണങ്ങൾ വന്നപ്പോഴും അതിനെതിരെ ഒന്നിനും ഞാൻ പോയിട്ടില്ല. കല്ല്യാണ ശേഷം പലതിനും ഞാൻ മറുപടി പറഞ്ഞത് പല കഥകളും കെട്ടിച്ചമച്ചവയായിരുന്നതു കൊണ്ടാണ്. പിന്നെ ആരാണ് ഇതൊക്കെ ചെയ്യുന്നതെന്നും, ശത്രുക്കൾ ആരാണെന്നും ഒക്കെ നമുക്കറിയാം. അതിനൊക്കെ അത്ര വിലയേ ഞാൻ കൊടുക്കുന്നുള്ളൂ. അതിനെ അതിന്റെ വഴിക്കു വിടുന്നു.

ഞാൻ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്റെ ജീവിതത്തിൽ വന്ന് കയറി ഇറങ്ങിപ്പോയ ആരും എന്നോട് എന്തൊക്കെയാണ് ചെയ്തത് എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ അമ്പിളിയുമായുള്ള ജീവിതത്തിൽ ഞാൻ എത്ര വലിയ ഉത്തരവാദിത്തം ആണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് എനിക്കു മാത്രമേ അറിയാൻ സാധിക്കൂ. എന്റെ ചുറ്റും വേറെ ആരുമില്ല. പ്രാർത്ഥന മാത്രമേ ഉള്ളൂ. എന്റെ തൊഴിലിനെ പോലും അത് ബാധിച്ചിട്ടുണ്ട്. ചില സുഹൃത്തുക്കളോട് എന്റെ വിഷമങ്ങൾ പറയാറുണ്ട് പിന്നെ ദൈവത്തോടും. 

പിന്നെ അടുത്തിടെ ഉണ്ടായ ഒരു സംഭവം. നടൻ സത്താറിക്ക മരിച്ച സമയത്തായിരുന്നു. എന്റെ വല്യച്ഛന്റെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം ഞാൻ ചില സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ പരിചയം ഉണ്ട്. അദ്ദേഹം മരിച്ചപ്പോൾ ഇട്ട ഒരു കമന്റിന് ഒരുപാട് ചീത്ത കേൾക്കേണ്ടി വന്നിട്ടുണ്ട്. പലരും മരിക്കുമ്പോഴാണ് വാഴ്ത്തുപാട്ടുകളുമായി പലരും വരുന്നത്. ജീവിച്ചിരിക്കുമ്പോൾ അർഹമായ അംഗീകാരം കൊടുക്കുകയല്ലേ വേണ്ടത്..

പിന്നെ ഞാനും അമ്പിളിയും ആരെയും നശിപ്പിച്ച് ജീവിതം തുടങ്ങിയവരല്ല. ഞങ്ങള്‍ ജീവിക്കുന്നു. ആരുടെയും കാര്യത്തിൽ ഇടപെടുന്നില്ല. ഓരോ വാർത്തകൾ വരുമ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ അടുത്ത് മാത്രം ഞാൻ വിശദീകരണം കൊടുക്കാറുണ്ട്. ഇതൊന്നും സത്യമല്ല എന്ന്. ബാക്കി ഒന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല. കുടുംബം നന്നായി പോകണമെന്ന് മാത്രം. മറ്റുള്ളവർ പറയുന്നത് പറയട്ടെ.

പുതിയ സംരംഭങ്ങൾ...

അമ്പിളി : നൃത്ത്യോദയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്നാണ് നൃത്തവിദ്യാലത്തിന്റെ പേര്. നേരത്തേ തന്നെ ക്ലാസിക്കൽ ഡാൻസും മ്യൂസിക്കും വയലിനും ഒക്കെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഓണത്തോടനുബന്ധിച്ച് കളരി, യോഗ, സിനിമാറ്റിക് ഡാൻസ് എന്നിവയും കൂടി ഉൾപ്പെടുത്തി. 

ambili-devi

ആദിത്യൻ : സീരിയൽ ഇല്ലെങ്കിലും ജീവിക്കാനുള്ള മാർഗ്ഗങ്ങൾ ഞങ്ങൾ ബുദ്ധിപരമായി കണ്ടുപിടിക്കുകയാണ്. 

പുതിയ അതിഥിയെ കാത്തിരിക്കുന്നു...

ആദിത്യൻ : വിവാഹത്തിന് മുൻപ് ഞങ്ങൾ രണ്ട് വ്യക്തികളാണ്. രണ്ടു േപർക്കും അറിയാവുന്നത് ആദിത്യൻ എന്ന നടനെയും അമ്പിളി എന്ന നടിയെയും ആണ്. ഒരു കുടുംബമാകുമ്പോൾ രണ്ടുപേർക്കും രണ്ട് സ്വഭാവമാണ്. അങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ വലിയ വഴക്കായൊന്നുമില്ല. നന്നായി പോകുന്നു. പുതിയ അതിഥിയെ കാത്തിരിക്കുന്നു. പിന്നെയെല്ലാം ഈശ്വര നിശ്ചയം.

അമ്പിളി : അതെ, ജയൻചേട്ടനും ഞാനും മോനും എല്ലാവരും പുതിയ വാവയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഞങ്ങളേക്കാൾ അപ്പുവിനാണ് വലിയ സന്തോഷം. വാവ എന്നാണ് വരുന്നതെന്ന് തീയതി ചോദിച്ചു എണ്ണി എണ്ണി കാത്തിരിക്കുവാണ്. ആ ഒരു സന്തോഷവും പ്രതീക്ഷയുമൊക്കെയാണ് ഞങ്ങളുടെ മനസ്സിൽ. നിങ്ങളുടെ പ്രാർത്ഥനയും ഞങ്ങൾക്കൊപ്പമുണ്ടാകണം.

Summary : Ambili Devi and Adhithyan Jayan revealing their Love Story - Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA