ADVERTISEMENT

ഭാര്യയുടെ ശരീരഘടനയെ പരിഹസിക്കുക, മറ്റുള്ള സ്ത്രീകളുടെ ശരീരസൗന്ദര്യത്തെ വര്‍ണിക്കുക. ഇത് സ്ത്രീകളെയും ദാമ്പത്യത്തെയും എങ്ങനെ ബാധിക്കുമെന്ന് വിശദമാക്കുകയാണ് മനശാസ്ത്രജ്ഞ കല മോഹൻ. കൗണ്‍സിലിങ്ങിനായി എത്തിയ സ്ത്രീകളുടെ അനുഭവങ്ങളുള്ള കുറിപ്പാണ് സമൂഹമാധ്യമത്തിൽ കല പങ്കുവച്ചിരിക്കുന്നത്.

ഭാര്യയുടെ ബന്ധുക്കളായ സ്ത്രീകളുടെ ശരീരസൗന്ദര്യം മുൻനിർത്തിയാണ് പരിഹാസം. നീ മാത്രം എന്തേ ഇങ്ങനെയായി എന്ന ചോദ്യം. ഇത് ഭാര്യയുടെ മനസ്സിൽ മുറിവേൽപിക്കുന്നു. അവൾ അപമാനിതയാകുന്നു. തമാശയായി ഇതു ചെയ്യുന്ന നിരവധി പുരുഷന്മാരുണ്ട് എന്ന് കല വ്യക്തമാക്കുന്നു. പക്ഷേ ഇത്തരം പ്രവൃത്തികൾ സ്ത്രീയെ എങ്ങനെ ബാധിക്കുന്നു എന്ന് പുരഷന്‍ മനസ്സിലാക്കുന്നില്ല.

കല മോഹന്റെ കുറിപ്പ് വായിക്കാം;

ശരപഞ്ജരം എന്ന പഴയ സിനിമയിലെ ഒരു രംഗം തമാശയായി സ്ത്രീ സൗഹൃദങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മ. സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും യഥാർഥത്തിൽ പെണ്ണുങ്ങൾ പുരുഷനിലേക്ക് അടുക്കുമ്പോൾ അവന്റെ ശരീരം പ്രധാനമായി കാണുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെ കാര്യമാണ് പറയുന്നത്.

സ്നേഹം, പ്രേമം, കാമം ഇങ്ങനെ ഒരു ഒഴുക്ക്. അതാണവരുടെ ഒരു രീതി. ഇഷ്‌ടപ്പെട്ട പുരുഷന്റെ ശരീരം അവൾക്കു സ്വർഗം ആണ്. അതിലെ കുറവുകൾ അവൾ കാണുന്നില്ല. അല്ലേൽ അവൾ അതിൽ ഗൗരവം കണ്ടെത്താതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കും.

എന്തിനാണ് ഈ എഴുത്ത് എന്നു വെച്ചാൽ, ഏറെ സങ്കടത്തോടെ മുന്നിൽ ഇരുന്നു കരയാറുള്ള ചില സ്ത്രീകൾ. അവർ പറയുന്നത് ഒരേ പരാതി ആണ്. ‘‘ഭർത്താവിനു കൊടുക്കേണ്ടത് കൊടുക്കണം. അവൻ വേറെ പെണ്ണിനെ തേടി പോയി എന്നും പറഞ്ഞു കരഞ്ഞിട്ട് കാര്യമുണ്ടോ.’’ ഈ ചോദ്യം ഭാര്യ നേരിടേണ്ടി വരുന്ന സാഹചര്യം ഊഹിക്കാമല്ലോ?

‘‘ശരീരം തീരെ ഇല്ല എന്ന കളിയാക്കൽ സഹിക്കാം മാഡം. പക്ഷേ, എന്റെ കസിൻ പെൺകുട്ടികളിൽ ചിലരുടെ രൂപലാവണ്യം  ചൂണ്ടി കാണിച്ചു പരാതി പറയും. ഒരേ കുടുംബത്തിൽ ആയിട്ട് നീ എന്താ ഇങ്ങനെ NH 47 പോലെ എന്ന്. എന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ. സത്യത്തിൽ ഇപ്പോൾ അദ്ദേഹം എന്നെ തൊടുമ്പോൾ മരവിപ്പാണ്.’’

ഇതൊരു ഒറ്റപെട്ട പ്രശ്നം അല്ല. സ്നേഹിക്കുന്ന പുരുഷന്റെ നോട്ടം മറ്റൊരു സ്ത്രീയുടെ മേൽ പതിയുന്നത് പോലും സഹിക്കില്ല.

അപ്പോഴാണ് കിടപ്പറയിൽ തന്റെ ശരീരം ഉപയോഗിക്കുന്ന ഭർത്താവിന്റെ മനസ്സിൽ മറ്റു പലരും ആണ് എന്ന തിരിച്ചറിവ്. ഒരുപക്ഷേ, ഒരു തമാശ ആകാം പുരുഷൻ ഉദേശിച്ചത്‌. പക്ഷേ, പെണ്ണിന്റെ മനസ്സിൽ അതെത്ര ആഴത്തിൽ മുറിവേൽക്കും, അവൾ എത്ര അപമാനിതയാകും എന്നവൻ ചിന്തിക്കുന്നുണ്ടാകില്ല.

അവളുടെ അവകാശത്തെ നിഷേധിക്കുന്ന പോലെ ആ മനസ്സ് നീറും. ഭാര്യയുടെ സ്വസ്ഥമായ മനസികാവസ്ഥയ്ക്കു ഭംഗം വരുത്തും. ഭർത്താവ് പൂർണ്ണമായും തന്റേതല്ല എന്ന പേടി കൂടും.

തുറന്നു ചർച്ച ചെയ്യാൻ പറ്റാതെ ഭാരമേറിയ ഒരടപ്പു പോലെ സംഘർഷം മുഴുവൻ ഉള്ളിൽ ഒതുക്കി അവൾ നിരന്തരമായ തലവേദനയ്ക്ക് അടിമപ്പെടുന്നു. രാത്രിയായാൽ അവൾക്കു തലവേദന ആണെന്ന് പരാതി ആണിനും ഉണ്ടല്ലോ.

അടുത്ത സ്ത്രീയുടെ വാക്കുകൾ: പ്രശ്നം ചെറുതാണോ വലുതാണോ എന്നറിയില്ല. ഭർത്താവിന്റെ മൊബൈലിൽ സർച്ച് ഹിസ്റ്ററിയിൽ മോശമായ സൈറ്റ് കാണുന്നു. അതിൽ പലതും വൈകല്യങ്ങൾ ആണ്. ചിന്തകൾ ഒരിടത്തും നില്കുന്നില്ല. ശ്രദ്ധ ചിതറി പോകുന്നു. അതു കാരണം ഓഫിസിൽ ജോലി കുഴയുന്നു. ‘എന്റെ തൂങ്ങിയ വയറും ശരീരവും മടുത്തു. അതൊക്കെ വീണ്ടെടുക്കണം’ എന്നദ്ദേഹം പലപ്പോഴായി പറയുന്നു.

ഇതേ പ്രശ്നം അരിശത്തോടെ മറ്റൊരു പെണ്ണ് അവതരിപ്പിച്ചു. ‘കുറ്റം പറയാൻ തുടങ്ങിയാൽ അങ്ങേരു പോയി തൂങ്ങി ചാവും’. അതേ, സ്ത്രീകൾക്ക് അത് വിലക്കുള്ള കാര്യമാണ്. ഭർത്താവിന്റെ ശരീരത്തിലോ അവന്റെ ലൈംഗികതയിലോ അവൾ കുറവ് കാണാൻ പാടില്ല. പറഞ്ഞാൽ പിന്നെ മുന്നോട്ട് ജീവിതം ഉണ്ടാകുമോ എന്നും അറിയില്ല.

പക്ഷേ, പുരുഷന് അതിനവകാശമുണ്ട്. അതിന്റെ ഫലമോ? ഭാര്യ തൊട്ടടുത്തു കിടപ്പുണ്ട്. പക്ഷേ, എത്ര അകലത്തിൽ. സ്ത്രീ ലൈംഗികതയെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യമാണ് അവളുടെ ശരീരത്തെ ആസ്വദിക്കുന്ന പുരുഷൻ. അവന്റെ കണ്ണിലെ കൊതിയിൽ ആണവളുടെ രതി പൂർണമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com