ചക്രക്കസേരയിലെ പോരാട്ടം; മിനി നിർമിച്ചത് ഒരു ലക്ഷത്തിലേറെ പേപ്പർ പേനകൾ

HIGHLIGHTS
  • 30 വർഷമായി ചക്രകസേരയിൽ
  • ആർത്രൈറ്റിസ് രോഗം പിടിപ്പെട്ടത് 9–ാം വയസ്സിൽ
differently-abled-lady-made-more-than-one-lakh-paper-pen
മിനി
SHARE

കുറ്റിപ്പുഴ പുതുശേരി വീട്ടിലെ തന്റെ ചക്രക്കസേരയിലിരുന്ന് മിനി ചാക്കോ ഇതു വരെ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ പേപ്പർ പേന. ഈ പേനയിലെല്ലാം അഗസ്ത്യവൃക്ഷത്തിന്റെ വിത്തുമുണ്ടായിരുന്നു. ഉപയോഗശേഷം പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ള ഈ പേനകളിൽ നിന്നു വിത്തു കിളിർത്ത് ഇപ്പോൾ ഒട്ടേറെ മരങ്ങൾ വളരുന്നുണ്ടാകാം എന്നാണു മിനിയുടെ പ്രതീക്ഷ.

ഒൻപതാം വയസ്സിൽ പിടിപെട്ട ആർത്രൈറ്റിസ് രോഗമാണു മിനിയെ തളർത്തിയത്. 30 വർഷമായി ചക്രക്കസേരിയിലാണു ജീവിതം. ചികിൽസ ഇപ്പോഴും തുടരുന്നുണ്ട്. ഏതാനും വർഷം മുൻപു കയ്യിൽകിട്ടിയ പേപ്പർ പേനയാണു മിനിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. യുട്യൂബ് പരിശോധിച്ചും മറ്റും പേന നിർമാണം സ്വയം പഠിച്ചെടുത്തു. വൃക്ഷവിത്തു നിറച്ച പേനകളുടെ വിവരം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ പേനകൾക്ക് ആവശ്യക്കാരുണ്ടായി. കല്യാണം, മാമോദീസ, കൺവൻഷനുകൾ തുടങ്ങിയവയ്ക്കെല്ലാം പേനകളുടെ ഓർഡർ മിനിക്കു ലഭിക്കുന്നുണ്ട്. ആവശ്യപ്പെട്ടാൽ പരിപാടിയുടെ സ്റ്റിക്കർ പതിച്ചും ഇഷ്ടമുള്ള നിറങ്ങളിലുമെല്ലാം മിനി പേന നിർമിച്ചു നൽകും.

കുമളി സ്വദേശി ബിൻസി ജെയിംസാണ് അഗസ്ത്യവൃക്ഷത്തിന്റെ വിത്തുകൾ എത്തിക്കുന്നത്. പിതാവ് ചാക്കപ്പനും മാതാവ് ഏലമ്മയും സഹോദരൻ ആന്റണിയുമൊക്കെ സഹായവുമായി എപ്പോഴും ചുറ്റുമുണ്ടാകും.

ഓൺലൈൻ പോർട്ടലുകളുമായി സഹകരിച്ചു വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിവയുടെ മാർക്കറ്റിങും മിനി ചെയ്യുന്നുണ്ട്. പ്രത്യേക വെബ്സൈറ്റും എഫ്ബി പേജും ഇതിനുണ്ട്. ഹരിതകേരള മിഷന്റെ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മിനിയെത്തേടിയെത്തി.

2018ലെ പ്രളയത്തിൽ വീടു മുങ്ങിയപ്പോൾ നിർമാണ സാമഗ്രികളെല്ലാം നശിച്ചു . ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പ്രത്യാശ പദ്ധതി പ്രകാരം ലഭിച്ച അര ലക്ഷം രൂപ ഉപയോഗിച്ചാണു വീണ്ടും പേന നിർമാണം സജീവമാക്കിയത്.

സ്കൂളുകളിൽപേപ്പർ പേനയുടെ നിർമാണ പരിശീലനം മിനി നൽകുന്നുണ്ട്. തുണിസഞ്ചി, പേപ്പർ ഫയൽ തുടങ്ങിയവയുടെ നിർമാണം തുടങ്ങാനുള്ള തയാറെടുപ്പിലാണു മിനി.

English Summary : The differently able lady made more than one lakh paper pen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA