ADVERTISEMENT

5 തലമുറകളുടെ അമരത്തിരിക്കുകയാണു ശ്രീമൂലനഗരം കൂനത്താൻ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി (104); ശ്രീമൂലനഗരം രാജഗിരി ക്രിസ്തുരാജ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പേറുന്ന മറിയക്കുട്ടി ഇന്നും  ആരോഗ്യവതി. എന്നും രാവിലെ 4ന് ഉണരും. 2 മണിക്കൂറോളം പ്രാർഥന. പിന്നെ അടുക്കളയിലേക്ക്. കറിക്ക് അരിഞ്ഞു കൊടുത്തും മറ്റും സഹായിക്കും. സ്വന്തമായി കോഴികളെ വളർത്തുന്നു. കോഴിമുട്ട കൊടുത്തു വരുമാനമുണ്ടാക്കുന്നു.

പുതിയ തലമുറയ്ക്കു മറിയക്കുട്ടി പ്രിയങ്കരിയാണ്. കാരണം, ഒരുപാടു കഥകൾ പറയും. നാടൻപാട്ടുകളും ഭക്തിഗാനങ്ങളും പാടും. വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതാണു മറിയക്കുട്ടിയുടെ ആരോഗ്യ രഹസ്യം എന്നു മറ്റുള്ളവർ വിലയിരുത്തുന്നു. ശ്രീമൂലനഗരം മൃഗാശുപത്രിയിൽ 40 വയസ്സ് മുതൽ പാർട്ട് ടൈം ജോലിക്കാരിയായിരുന്നു മറിയക്കുട്ടി.

27 വർഷം മുൻപാണു വിരമിച്ചത്. യഥാർഥ വിരമിക്കൽ പ്രായമെത്തിയപ്പോൾ, പെൻഷൻ വേണ്ട ജീവിതകാലം മുഴുവൻ ജോലി ചെയ്തോളാമെന്നു മറിയക്കുട്ടി എഴുതിക്കൊടുത്തു. വർഷങ്ങൾക്കു ശേഷം മക്കളും പേരമക്കളും നിർബന്ധിച്ചിട്ടാണു പെൻഷന് എഴുതിക്കൊടുത്തത്. ഇപ്പോൾ 5000 രൂപ പെൻഷൻ കിട്ടുന്നുണ്ടെന്നു വീട്ടുകാർ പറയുമ്പോൾ മറിയക്കുട്ടി തിരുത്തും; ‘5000 അല്ല കുറച്ചു ചില്ലറയുമുണ്ട്’. 

മറിയക്കുട്ടിയുടെ ഭർത്താവ് പൗലോസ് 72 വർഷം മുൻപു മരിച്ചു. പിന്നെ കുടുംബഭാരം മറിയക്കുട്ടിയുടെ തോളിലായി. 2 മക്കളാണു മറിയക്കുട്ടിക്ക്- ദേവസിയും അന്നംകുട്ടിയും. അന്നംകുട്ടി അവിവാഹിതയാണ്. 8 മക്കളുണ്ടായിരുന്നുവെന്നും  മറ്റുള്ളവർ ചെറുപ്പത്തിൽ മരിച്ചെന്നും മറിയക്കുട്ടി പറയുന്നു. 73 വയസ്സുള്ള ദേവസിക്കു 4 മക്കൾ. 

അവർക്ക് എല്ലാവർക്കുമായി  9 മക്കൾ. എറ്റവും പുതിയ തലമുറയിൽ  2 കുട്ടികൾ. ആഘോഷാ വസരങ്ങളിൽ എല്ലാവരും ഒരുമിച്ചുകൂടും. മറിയക്കുട്ടിയുടെ 100-ാം പിറന്നാൾ എല്ലാവരും ചേർന്ന് ആഘോഷമാക്കി.

എല്ലാ ഭക്ഷണവും മറിയക്കുട്ടി കഴിക്കും. സ്വന്തമായി കോഴി ഇടിച്ചു പിഴിഞ്ഞു കഷായം ഉണ്ടാക്കിക്കഴിക്കും. നെഹ്റുവിനെ കണ്ടിട്ടുണെന്നു മറിയക്കുട്ടി പറയുന്നു. ഇന്ദിരാഗാന്ധിയും കൂടെയുണ്ടായിരുന്നു. എന്നാൽ എവിടെവച്ചാണു കണ്ടതെന്നു വ്യക്തതയില്ല. 15 വർഷം മുൻപു വേളാങ്കണ്ണിക്കു പോയതാണു മറിയക്കുട്ടിയുടെ  ഓർമയിലെ  ദീർഘയാത്ര. വിവാഹം കഴിഞ്ഞുവന്ന പഴയ വീട്ടിൽതന്നെയാണു ഇപ്പോഴും താമസം. കൈപ്ര വാഴപറമ്പിൽ കുടുംബാംഗമാണു മറിയക്കുട്ടി 3 സഹോദരങ്ങൾ. ഒരു സഹോദരി ജീവിച്ചിരുപ്പുണ്ട്.

English Summary : Life of Mariyakkutty, a 104 old grand mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com