ADVERTISEMENT

റിലേഷന്‍ഷിപ്പ് അഥവാ ബന്ധങ്ങള്‍ നമ്മുടെ ശരീരത്തെ പോലെയാണ്. അവ ആരോഗ്യകരമായി ഇരുന്നാല്‍ നമുക്ക് സന്തോഷവും ആനന്ദവും സംതൃപ്തിയുമൊക്കെ തോന്നും. മറിച്ച് അവ അനാരോഗ്യകരവും വിഷലിപ്തവുമാകുമ്പോള്‍ നാം നിരാശയുടെയും സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റെയുമൊക്കെ കരകാണാ കയത്തിലേക്ക് വീണു പോവുകയും ചെയ്യും. 

 

ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ (വിഷലിപ്തമായ ബന്ധങ്ങള്‍) ആദ്യമേ തന്നെ തിരിച്ചറിഞ്ഞ് അവ അവസാനിപ്പിക്കേണ്ടത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനുമൊക്കെ വളരെ അത്യാവശ്യമാണ്. കൃത്യ സമയത്ത് അവസാനിപ്പിക്കാത്ത ഇത്തരം വിഷമയമായ റിലേഷന്‍ഷിപ്പുകളാണ് പിന്നീടൊരു ആസിഡ് ആക്രമണമോ സൈബര്‍ അപകീര്‍ത്തിയോ ഒക്കെയായി പരിണമിക്കുന്നത്. ഇത്തരം ബന്ധങ്ങളില്‍ പൊതുവേ കണ്ട് വരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തെറ്റായ വ്യക്തികള്‍ക്ക് നാം നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നല്‍കുന്നു. രണ്ട് നമ്മളോട് മോശമായി പെരുമാറാന്‍ അവരെ അനുവദിക്കുന്നു. ചില പെരുമാറ്റ വൈകല്യങ്ങളാണ് ബന്ധങ്ങളെ ഈ വിധം വിഷലിപ്തമാക്കുന്നത്.അവ ഏതൊക്കെയാണെന്ന് നോക്കാം.

 

ആത്മരതിപരമായ സ്വഭാവം

 

അവനവനില്‍ തന്നെ ഭ്രമിച്ചിരിക്കുന്ന വ്യക്തികളാണ് നാര്‍സിസ്റ്റുകള്‍ അഥവാ ആത്മരതിക്കാര്‍. ഇക്കൂട്ടര്‍ക്ക് ലോകത്തില്‍ മറ്റൊരാളെ കുറിച്ചും ഉത്കണ്ഠയുണ്ടാകില്ല. ലോകം അവര്‍ക്ക് ചുറ്റും കറങ്ങുന്നു എന്നാണ് അവരുടെ ചിന്ത. ഇവരുടെ ആധിപത്യ മനോഭാവം കാരണം നാര്‍സിസ്റ്റുകള്‍ മറ്റുള്ളവരുടെ വികാരങ്ങളോട് മുഖം തിരിച്ചിരിക്കും. സദാസമയം മറ്റുള്ളവരെ കളിയാക്കുന്ന ഈ സ്വഭാവക്കാര്‍ക്ക് എന്ത് ചെയ്തു കൊടുത്താലും സന്തോഷമാകില്ല. 

 

കുറ്റപ്പെടുത്തല്‍

 

എന്തൊക്കെ ചെയ്താലും അവസാനം കുറ്റം പറയുന്ന മനോഭാവക്കാരുടെ ഒപ്പം ഒരു ആരോഗ്യകരമായ പ്രണയബന്ധം സാധ്യമല്ല. അവരുമായി നിരന്തരം കലഹത്തില്‍ ഏര്‍പ്പെടേണ്ടി വരും. എന്നിട്ടോ, അതും നിങ്ങളുടെ കുറ്റമാണെന്ന് നിങ്ങളെ കൊണ്ട് തോന്നിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇക്കൂട്ടരും നിര്‍വികാരത മുഖമുദ്രയാക്കിയിരിക്കുന്നതിനാല്‍ ഇവരും നിങ്ങളുടെ മനോവികാരങ്ങളെ ആദരിക്കില്ല. 

 

ദേഷ്യം

 

ദേഷ്യം നിയന്ത്രിക്കാന്‍ അറിയാത്ത പങ്കാളികള്‍ നിങ്ങളുടെ ജീവിതം നരകമാക്കുമെന്നതിന് യാതൊരു സംശയവും വേണ്ട. നിങ്ങളുടെ പങ്കാളി അവരുടെ കോപത്താല്‍ നിങ്ങളെ ഇടയ്ക്കിടെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ആ ബന്ധത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ സമയമായി എന്നാണ് അര്‍ത്ഥം. എത്രയും വേഗം അത്തരം ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കണം. 

 

നിന്ദിക്കുന്ന സ്വഭാവം

 

നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടാറുണ്ടോ? അങ്ങനെയാണെങ്കില്‍ ഏത് തരത്തിലാണ് അവര്‍ നിങ്ങളോട് സംസാരിക്കുന്നതെന്ന് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. നിങ്ങളെ എപ്പോഴും നിന്ദിച്ചും ആദരവില്ലാതെയുമാണ് അവരുടെ സംസാരമെങ്കില്‍ ആ ബന്ധം വിഷമയമായതാണെന്ന് മനസ്സിലാക്കുക. 

 

പരിധിക്കപ്പുറമുള്ള വിധേയത്വം

 

ഒരു പരിധിയില്‍ കൂടുതല്‍ പങ്കാളി നിങ്ങളെ ആശ്രയിക്കുന്നത് അവരുടെ കുറഞ്ഞ ആത്മവിശ്വാസം മൂലമാണ്. ഇത്തരക്കാര്‍ക്ക് നിങ്ങളെ ശ്വാസം മുട്ടിക്കുമെന്ന് ഉറപ്പ്. സ്വാതന്ത്ര്യത്തോടെ ഒരു നിമിഷം ഇരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും പങ്കാളിക്ക് നിങ്ങള്‍ വേണമെന്ന അവസ്ഥ തീര്‍ച്ചയായും പ്രോത്സാഹനജനകമല്ല. 

 

ഇര വാദം

 

താന്‍ എപ്പോഴും ഇരയായി മാറുന്നു എന്ന തരത്തില്‍ പെരുമാറുന്ന പങ്കാളിയെയും കരുതിയിരിക്കുക. എപ്പോഴും താന്‍ എന്തിന്റെയൊക്കെയോ ഇരയായതിനാല്‍ ഇങ്ങനെയായി എന്നു കരുതുന്നവര്‍ തങ്ങളുടെ കുറവ് കണ്ടെത്താനോ അത് നികത്താനോ തയ്യാറല്ലാത്തവരാണ്. സ്വയം പഴിക്കുന്നവര്‍ സ്വന്തം  വിനാശത്തിന്റെ കുഴി തോണ്ടും. അവരുടെ പങ്കാളികളെ കൂടി വലിച്ച് ഈ കുഴിയിലേക്ക് ഇടാന്‍ ശ്രമിക്കുകയും ചെയ്യും. 

 

ഊര്‍ജ്ജനഷ്ടം 

 

ചിലയാളുകള്‍ ബര്‍മുഡ ട്രയാങ്കിള്‍ പോലെയാണ്. അവര്‍ നിങ്ങളുടെ ഊര്‍ജ്ജവും സമയവുമെല്ലാം സദാസമയവും അവരിലേക്ക് വലിച്ചെടുത്തു കൊണ്ടിരിക്കും. അവരുമായി ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നേണ്ടതിന് പകരം നിങ്ങളുടെ ഊര്‍ജ്ജമെല്ലാം നഷ്ടപ്പെട്ടതായി തോന്നും. ഇത് റിലേഷന്‍ഷിപ്പില്‍ നല്ലൊരു സൂചനയല്ല. നിങ്ങളുടെ മുന്‍ഗണനകളെ പറ്റിയും നിങ്ങള്‍ക്ക് എന്താണ് ആ ബന്ധത്തില്‍ നിന്ന് വേണ്ടതെന്നും വീണ്ടും ആലോചിക്കുക. 

 

നിയന്ത്രണ സ്വഭാവം

 

പങ്കാളിയുടെ എല്ലാ കാര്യങ്ങളും കയറി അങ്ങ് നിയന്ത്രിക്കുക. ഇതെല്ലാം എനിക്ക് നിന്നോടുള്ള കരുതല്‍ കൊണ്ടാണ് എന്ന് പറയുക. ഇത്തരക്കാര്‍ തീര്‍ച്ചയായും വിഷലിപ്തമായ ബന്ധങ്ങളുണ്ടാക്കും. കരുതല്‍ വേറെ. നിയന്ത്രണം വേറെ. ഇത് തിരിച്ചറിഞ്ഞ് അമിതമായി നിയന്ത്രിക്കുന്ന ബന്ധങ്ങളില്‍ നിന്ന് വേഗം പുറത്ത് കടക്കുക. 

 

English Summary : Eight Signs of a toxic relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com