ADVERTISEMENT

പ്രണയലേഖനങ്ങൾ അന്നും  ഇന്നും എന്നും തീവ്രമാണ്. കത്തെഴുത്തു മാറി വാട്സാപ്പ്  വന്നെങ്കിലും പ്രണയലേഖനങ്ങൾ അതേ നെഞ്ചിടിപ്പും അനുഭൂതിയും ഉള്ളിലൊളിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ യുവ കവയിത്രി ആദിത്യ പ്രകാശ് എഴുതിയ പ്രണയലേഖനം ഇതാ.

പ്രിയമുള്ളവനെ,

യാത്ര പറഞ്ഞു പിരിയുമ്പോൾ നീ എനിക്ക് സമ്മാനിച്ച മഷിവറ്റാത്ത പേന. ആ പേന കൊണ്ടാണ് ഈ എഴുത്ത്.  രാത്രിയുടെ അരണ്ട വെട്ടത്തിലിരുന്ന് നിനക്കായ് വാക്കുകൾ പെറുക്കി കൂട്ടുന്നു. എന്റെ ഉള്ളിലെവിടെയോ ഒരു കടൽ ഇരമ്പുന്നുണ്ട്. പ്രണയത്തിന്റെ ഒരു മഹാസമുദ്രം!

ഏറ്റവും നല്ല വസന്തകാലമേ, നിനക്കു നന്ദി...ഋതുഭേദങ്ങൾക്കപ്പുറം പൂത്തതിന്, എന്നിലേക്ക് പടർന്ന നിന്റെ ഗന്ധത്തിന്‌, ചുടുചുംബനമേകിയ നിന്റെ ചുണ്ടുകൾക്ക്, ചേർത്തു നിർത്തിയ നിന്റെ കരങ്ങൾക്ക്.

നഷ്ടങ്ങൾ മാത്രം കുറിച്ചുവെയ്ക്കുന്ന കാലചക്രം നിന്നെയും എന്നെയും മറക്കില്ല; നിലാവും നിശഗന്ധിയുമറിയാതെ നാം കൈമാറിയ രഹസ്യങ്ങളും. നിന്റെ വേരുകൾ പടർന്ന ഓർമ്മച്ചോട്ടിൽ തന്നെയാണ് ഞാനിപ്പഴും, എന്റെ ഓരോ യാത്രയും നിന്നിലേക്ക് തന്നെയാണ്.

നിനക്കറിയുവോ, പല രാത്രികളും സ്വപ്നത്തിൽ നിന്നെ വരവേൽക്കാൻ ഉറക്കം നടിച്ചു ഞാൻ കാത്തിരിക്കാറുണ്ട്, ആ നിമിഷങ്ങളിൽ നിന്റെ കണ്ണുകളെനിക്കു കാണാം, നീ പറയാതെ പറയുന്ന വാക്കുകൾ എനിക്കു കേൾക്കാം.

ഇത്രമാത്രം മതി ഈ ജന്മം, നിന്നിലലിയാൻ.

പ്രിയമുള്ളവനെ, മൗനത്തിന്റെ മൂകതയിൽ ഇനിയും നമുക്ക് പ്രണയിക്കാം.. കാണതെ, മിണ്ടാതെ, അറിയാതെ ഞാൻ നിനക്കും നീ എനിക്കും കൂട്ടിരിക്കുക. ഇരുട്ടിന്റെ മൂകതയിൽ ഊർന്നിറങ്ങിയ കണ്ണുനീരിൽ കുതിർന്ന കൈപ്പടയും, മങ്ങിയ ഓർമ്മകളും ബാക്കി വയ്‌ക്കുന്നു..

നിന്റെ ഞാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com