ADVERTISEMENT

വലിയ അറിവുണ്ടെങ്കിലും പെട്ടെന്നൊരു ചോദ്യം ചോദിച്ചാൽ പതറിപ്പോകുന്നവരാണ് പലരും. എന്നാൽ പാമ്പാടി ക്രോസ്റോഡ്സ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആഷിഷ് വി.അനിലിന് അത്തരം സമ്മർദ്ദങ്ങൾ പ്രശ്നമേയല്ല. അറിവും സാമർത്ഥ്യവും അളക്കുന്ന പ്രശ്നോത്തരി മത്സരങ്ങളിൽ തിളക്കമാർന്ന വിജയങ്ങളാണ് വെറും മൂന്നു വർഷങ്ങളിൽ ഈ കൗമാര പ്രതിഭ നേടിയെടുത്തത്. അറിവിന്റെ മത്സരവേദികളിലെ വിജയങ്ങളെക്കാൾ ആഷിഷിനെ വ്യത്യസ്തനാക്കുന്നത് മറ്റൊന്നാണ്. പ്രശ്നോത്തരി മത്സരങ്ങളിൽ നിന്നുള്ള സമ്മാനത്തുക ചെലവഴിച്ചാണ് ചേച്ചിയെ ആഷിഷ് പഠിപ്പിക്കുന്നത്. 

ashish-spend-his-prize-money-from-quiz-to-sisters-study3

വളരെ ചെറുപ്പത്തിൽ തന്നെ ജീവിതവഴിയിൽ തനിച്ചായപ്പോൾ പരസ്പരം താങ്ങാകാനായിരുന്നു ഈ സഹോദരങ്ങളുടെ തീരുമാനം. അച്ഛൻ മരിച്ചതിനു ശേഷം അച്ഛന്റെ സഹോദരിയാണ് ഇവരെ സംരക്ഷിക്കുന്നത്. പഠനച്ചിലവുകളും മറ്റും അമ്മായിയുടെ കയ്യിൽ നിൽക്കില്ലെന്ന തിരിച്ചറിഞ്ഞപ്പോൾ സ്വന്തമായി എന്തു ചെയ്യാമെന്നായി ചിന്ത. പഠനത്തിൽ മിടുക്കനായതിനാൽ ആ വഴി തന്നെ ആഷിഷ് തിരഞ്ഞെടുക്കുകയായിരുന്നു. ചേച്ചിയാണ് ക്വിസിന്റെ വഴിയിലേക്ക് ആഷിഷിനെ തിരിച്ചു വിട്ടത്. ഭൂരിഭാഗം ക്വിസ് മത്സരങ്ങളിലും ക്യാഷ് പ്രൈസ് ലഭിക്കുമെന്നുള്ളതായിരുന്നു പ്രധാന ആകർഷണം. 

ashish-spend-his-prize-money-from-quiz-to-sisters-study2

രണ്ടാം ക്ലാസ് മുതൽ പാമ്പാടി ക്രോസ്റോഡ്സ് സ്കൂളിലാണ് ആഷിഷിന്റെ പഠനം. ചേച്ചിയുടെ പുസ്തകങ്ങൾ വായിച്ചാണ് ക്വിസിലേക്ക് ആഷിഷിനും താൽപര്യം തോന്നിത്തുടങ്ങിയത്. തയ്യാറെടുപ്പുകൾക്ക് അധ്യാപകരും സഹായത്തിനെത്തും. ഇതുവരെ അറുപതിലധികം ക്വിസ് മത്സരങ്ങളിൽ ആഷിഷ് പങ്കെടുത്തിട്ടുണ്ട്. അതിൽ ഭൂരിഭാഗം മത്സരങ്ങളിലും ആഷിഷ് വിജയം നേടുകയും ചെയ്തു. ചില മത്സരങ്ങളിൽ പങ്കാളിയായി മറ്റൊരു വിദ്യാർത്ഥി കൂടിയുണ്ടാകും. 

ashish-spend-his-prize-money-from-quiz-to-sisters-study1

ചേച്ചി പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ആഷിഷ് സജീവമായി ക്വിസ് മത്സരരംഗത്തേക്ക് വരുന്നത്. സമ്മാനം കിട്ടിത്തുടങ്ങിയപ്പോൾ ചേച്ചിക്ക് പുസ്കം വാങ്ങാനും ഫീസടക്കാനും ആ തുക കൊടുത്താലോ എന്നു ആഷിഷിനു തോന്നി. അതോടെ എത്രയും കൂടുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കണമെന്നതായി ചിന്ത. പുസ്തകങ്ങൾ കൂടുതലായി വായിച്ചും പഠിച്ചും അറിവിന്റെ ആകാശം വിപുലമാക്കുകയാണ് ഈ കൗമാരപ്രതിഭ. സ്കൂളിൽ അധ്യാപകരുടെ പൂർണ പിന്തുണയും ആഷിഷിനുണ്ട്. പഠനം കഴിഞ്ഞാൽ പിന്നെ ആഷിഷിന് താൽപര്യം സ്പോർട്സിനോടാണ്. 

 

കേരളത്തിലുടനീളം നിരവധി ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സുരേഷ് ഗോപി അവതരിപ്പിക്കുന്ന 'നിങ്ങൾക്കുമാകാം കോടീശ്വരൻ' എന്ന പരിപാടിയിൽ മാറ്റുരയ്ക്കണമെന്നതാണ് ആഷിഷിന്റെ വലിയ മോഹം. പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് സിവിൽ സർവിസ് എന്ന സ്വപ്നത്തിലേക്കുള്ള കുതിപ്പിലാണ് ആഷിഷ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com