sections
MORE

മൃഗങ്ങൾക്കും ദുരിതമായി കൊറോണക്കാലം; ആഹാരക്ഷാമം രൂക്ഷം, മരുന്നുകളില്ല

HIGHLIGHTS
  • ആഹാരസാധനങ്ങളുടെ ക്ഷാമമാണു പ്രധാനപ്രശ്നം
  • പെറ്റ് ഷോപ്പുകളിലെ ഓമനകളും പ്രതിസന്ധിയിലാണ്
animals-suffer-in-the-lock-down
പ്രതീകാത്മക ചിത്രം
SHARE

ചൂടുകാലം വളർത്തുമൃഗങ്ങൾക്ക് അസുഖങ്ങൾ വരുന്ന സമയമാണ്. വളർത്തു നായ്ക്കൾക്കും മറ്റും വരുന്ന കടുത്ത പനിയാണ് ഇതിൽ  പ്രധാനം. ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങുക മാത്രമാണു പരിഹാരം. ജില്ലയിൽ പലയിടത്തും സർക്കാർ, സ്വകാര്യ ക്ലിനിക്കുകളുണ്ടെങ്കിലും നിയന്ത്രണങ്ങൾ കാരണം ഇതിൽ പലതിന്റെയും പ്രവർത്തനം തടസ്സപ്പെടുന്നു. വളർത്തുമൃഗങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾ പലതും കടകളിൽ സ്റ്റോക്ക് തീരുകയാണ്. യാത്രാനിയന്ത്രണം മൂലം ഇവ എത്തിക്കാൻ മൊത്തവിതരണക്കാർക്ക് ആകുന്നില്ല.

ഭക്ഷണമില്ല

‘ലക്ഷങ്ങൾ വില മതിക്കുന്ന നായ്ക്കളും പൂച്ചകളും പക്ഷികളുമാണു ഭക്ഷണമില്ലാതെ വലയുന്നത്. ഇവ വീടുകളിലുണ്ടാക്കുന്ന സാധാരണ ഭക്ഷണം കഴിക്കില്ല. ടിൻഫുഡും തിനയും മറ്റും കിട്ടാത്ത അവസ്ഥയാണ്. എന്തുചെയ്യണമെന്ന് അറിയില്ല.’ – മുണ്ടംവേലി സ്വദേശി കെ.എക്സ്. ലോറൻസ് പറയുന്നു. വിലകൂടിയ നായ്ക്കളെയും പേർഷ്യൻ പൂച്ചകൾ അടക്കമുള്ളവയെയും ഓമനകളായി വളർത്തുന്ന ഒട്ടേറെപ്പേരുണ്ടു കൊച്ചിയിൽ. ഇവയ്ക്കുള്ള ഭക്ഷണം വിറ്റിരുന്ന കടകളെല്ലാം ലോക്ഡൗണിനെത്തുടർന്ന് അടച്ചു.

അരോണ തുടങ്ങിയ വിലയേറിയ മീനുകൾക്കു പ്രത്യേക ഭക്ഷണമാണു നൽകുന്നത്. 21 ദിവസം ഇവയെ എങ്ങനെ സംരക്ഷിക്കുമെന്ന് അറിയില്ലെന്ന് അലങ്കാര മത്സ്യങ്ങളെയും കിളികളെയും വളർത്തുന്ന ലോറൻസ് പറഞ്ഞു. ‘സാധാരണ ഭക്ഷണം കൊടുത്തിട്ട് അവ കഴിക്കുന്നില്ല. ലോക്ഡൗണിന്റെ കാര്യം അവയ്ക്കറിയില്ലല്ലോ’– വാലുമ്മേൽ സ്വദേശി ടി.ജെ. ജോർജ് പറയുന്നു. 50,000 രൂപ വില കൊടുത്ത് 8 വർഷം മുൻപു വാങ്ങിയ മുന്തിയ ഇനത്തിൽപെട്ടതടക്കം 3 നായ്ക്കൾക്കു ഭക്ഷണം എങ്ങനെ കൊടുക്കുമെന്നറിയാതെ വിഷമിക്കുകയാണു മുണ്ടംവേലി സ്വദേശി മനു ആന്റണി.

പട്ടികൾക്കും പക്ഷികൾക്കുമുള്ള ഭക്ഷണം അന്വേഷിച്ചു ഒട്ടേറെ ഫോൺകോളുകളാണ് എത്തുന്നതെന്ന് അക്വാലാൻഡ് അക്വേറിയം ഉടമ സബിനോസ് ആന്റണി പറഞ്ഞു. ‘തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ചരക്കു വരവു നിലച്ചതോടെ കിളികൾക്കുള്ള തെന, സൺഫ്ലവർ എന്നിവയും പട്ടി, പൂച്ച എന്നിവയ്ക്കുള്ള മരുന്നുകളും ലഭിക്കാതെയായി’– സബിനോസ് പറയുന്നു. അവശ്യവസ്തുക്കളുടെ ഗണത്തിൽപെടുത്തി ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകൾ കുറച്ചു സമയത്തേക്കെങ്കിലും തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകണമെന്നു കടയുടമകളും പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നവരും ആവശ്യപ്പെടുന്നു.

അലങ്കാര മത്സ്യങ്ങളും അപകടഭീഷണിയിൽ 

‘വിൽക്കാൻ സൂക്ഷിച്ച അലങ്കാര മത്സ്യങ്ങൾ ചത്തുകൊണ്ടിരിക്കുന്നു. ദിവസവും അക്വേറിയത്തിലെ വെള്ളം മാറ്റാനും ഭക്ഷണം കൊടുക്കാൻ കഴിയാത്തതുമാണു കാരണം. ഊണും ഉറക്കവും നഷ്ടപ്പെട്ടു. മനസ്സിൽ ആശങ്കയും ഭീതിയും നിറഞ്ഞ അവസ്ഥയിലാണു ഞങ്ങൾ’– കഴിഞ്ഞ 10 വർഷമായി ആലുവയിലും കളമശേരിയിലും നായ്ക്കളെയും പക്ഷികളെയും വിൽക്കുന്ന ഭാരതി പെറ്റ്സ് വേൾഡ് ഉടമ കണ്ണൻ പറഞ്ഞു. കണ്ണനും സഹോദരനായ  മുത്തുവും സങ്കടത്തിലാണ്.

ലോക് ‍‍ഡൗൺ പ്രഖ്യാപിച്ച ദിവസം തന്നെ കടകളിലുണ്ടായിരുന്ന  ഇരുപതോളം നായ്ക്കുട്ടികളെ സ്വന്തം വീടിന്റെ ടെറസിലേക്കും കൂട്ടുകാരുടെയും മറ്റും ഒഴിഞ്ഞ പറമ്പുകളിലേക്കും മാറ്റി. ഇവയ്ക്കുള്ള ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തിട്ടുണ്ടെങ്കിലും  എല്ലാവർക്കും ഇവയെ കൈകാര്യം ചെയ്തു പരിചയമില്ലാത്തിനാൽ ബുദ്ധിമുട്ടുണ്ട്. പൊലീസ് വിലക്കാണു പ്രധാന തടസ്സം. വാഹനങ്ങൾ ഓടുന്നതിനു വിലക്കുള്ളതിനാൽ സ്റ്റോക്ക് തീരുന്ന മുറയ്ക്കു സാധനങ്ങൾ എത്തിക്കാനും ശേഖരിച്ചു വയ്ക്കാനും സാധിക്കുന്നില്ല’– ഇരുവരും പറഞ്ഞു.

നായ് പരിശീലന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

ഭക്ഷണത്തിന്റെ കുറവ് വളർത്തുനായ്ക്കളുടെ പരിശീലന, ബോർഡിങ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഒരേ സമയം ഒട്ടേറെ നായ്ക്കളെ പാർപ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളിലേക്കു വൻതോതിൽ ഇത്തരം ഭക്ഷണം ആവശ്യമാണ്. ഇതു മൊത്തമായി വാങ്ങി സൂക്ഷിക്കുകയാണു പലപ്പോഴും നടത്തിപ്പുകാർ ചെയ്യുന്നത്.

ഭക്ഷണം വൻതോതിൽ ശേഖരിച്ച സ്ഥാപനങ്ങൾ എറണാകുളം നഗരത്തിലും മറ്റും പ്രവർത്തിക്കുന്നുണ്ടെങ്കിലും  പലരും പതിവിൽ കൂടുതൽ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനാൽ സ്റ്റോക്ക് നേരത്തെ തീർന്നേക്കുമെന്ന ആശങ്കയുണ്ട്. നായ്ക്കൾക്കു ഭക്ഷണം കടകളിൽ പോയി എടുക്കാനും തടസ്സം നേരിടുന്നുണ്ട്. പെല്ലറ്റ് രൂപത്തിലുള്ള ഭക്ഷണം കഴിച്ചു ശീലിച്ച നായ്ക്കൾ മറ്റു ഭക്ഷണം കഴിക്കാൻ വിമുഖത കാണിക്കും. ബദൽ ഭക്ഷണമായി ഉപയോഗിക്കാവുന്ന കോഴിയിറച്ചിയും മറ്റും വേണ്ടത്ര ലഭ്യവുമല്ല.

പ്രാവുകൾക്കു ഭക്ഷണം മുടക്കാതെ ചിലർ

മട്ടാഞ്ചേരി ജൈന ക്ഷേത്രത്തിൽ പ്രാവുകൾക്കുള്ള ഭക്ഷണം മുടക്കിയിട്ടില്ല. കൃത്യം 12.15നു നൂറുകണക്കിനു പ്രാവുകളാണു ഭക്ഷണം കഴിക്കാൻ ഇവിടേക്കു പറന്നിറങ്ങുന്നത്. ക്ഷേത്രം അധികൃതർ ഇതിനായി ചുമതലപ്പെടുത്തിയ സതീഷ് ഷാ ഇക്കാര്യം മുടങ്ങാതെ നിർവഹിക്കുന്നു. പാലസ് റോഡിൽ രാവിലെ പ്രാവുകൾക്കു ഭക്ഷണം നൽകുന്ന ദിലീപ്കുമാർ മണിക്ജി ഇതുവരെ പതിവു തെറ്റിച്ചിട്ടില്ല. ഫോർട്ട്കൊച്ചി കടപ്പുറത്തും പതിവായി എത്തുന്ന പ്രാവുകൾക്കു ചില സന്നദ്ധ പ്രവർത്തകർ  ഭക്ഷണം നൽകുന്നുണ്ട്. ഫോർട്ട്കൊച്ചി സിഐ ജി.പി.മനുരാജ്  രാവിലെ ബീച്ചിലെത്തി  ഇവയ്ക്കു ഭക്ഷണം കൊടുക്കുന്നു.

English Summary : Pets suffering due to lack of food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA