ADVERTISEMENT

കാൻസർ എന്ന രോഗത്തെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട പലരെയും നാം കണ്ടിട്ടുണ്ട്. രോഗാവസ്ഥയിൽ നിന്ന് കരകയറാൻ അവർക്കെല്ലാം പ്രചോദനമായത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും പോസിറ്റിവ് ചിന്തകളും ആയിരുന്നു. എങ്കിലും കാൻസർ വന്നാൽ ജീവിതം അവസാനിച്ചു എന്നു ചിന്തിക്കുന്ന നിരവധിപ്പേരുണ്ട്. സ്വാഭാവിക ജീവിതത്തിന് അർഹതയില്ല എന്നു വിശ്വസിക്കുന്നവര്‍ ഉൾപ്പടെയുണ്ട്. പുനലൂർ സ്വദേശിയായ ഡോ. അഞ്ജു എസ്. കുമാറും ഭർത്താവ് വിനോദും പ്രചോദനമാകുന്നത് ഇവിടെയാണ്. 

ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടു കൂടിയാണ് വിനോദ് കണ്ടിരുന്നത്. എന്നിട്ടും തന്റെ ജീവിതത്തിന്റെ ഭാഗമാകാനുള്ള അഞ്ജുവിന്റെ തീരുമാനം അംഗീകരിക്കാൻ ആദ്യം വിനോദിന് സാധിച്ചില്ല. 

ആറു മാസത്തെ പരിചയത്തിനുശേഷം മനസിലെ പ്രണയം വെളിപ്പെടുത്തി വിനോദിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം അഞ്ജു പറഞ്ഞപ്പോൾ തനിക്ക് രക്താർബുദമാണെന്നും കീമോതെറാപ്പി ചെയ്യുന്നുണ്ടെന്നും വിനോദ് വെളിപ്പെടുത്തി. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാമെന്നു പറഞ്ഞ് അഞ്ജുവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അഞ്ജു ഇന്ന് വിനോദിന്റെ ഭാര്യയാണ്. അവരുടെ കിളിക്കൂട്ടിൽ ഒരു കുഞ്ഞു കിളിയുമുണ്ട്. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ആ പ്രണയകഥ അഞ്ജു മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

സൗഹൃദം പ്രണയത്തിലേക്ക്

2015ലാണ് കണ്ണനെ (വിനോദ്) പരിചയപ്പെടുന്നത്. എന്റെ അടുത്ത സുഹൃത്തായിരുന്ന ജോമോന്റെ സുഹൃത്തായിരുന്നു കണ്ണൻ. ആയുർവേദിക് മെഡിസിനിൽ ബിരുദപഠനം കഴിഞ്ഞശേഷം ഞാൻ പാങ്ങോട് മെഡിക്കൽ ഓഫിസറായി ജോലി ചെയ്യുമ്പോഴാണ് ജോമോന്റെ കൂടെ മരുന്ന് വാങ്ങുന്നതിനായി ഇദ്ദേഹം വരുന്നത്. സുഹൃത്തിന്റെ സുഹൃത്ത് എന്ന നിലയില്‍ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. പിന്നീട് ഫോണിലൂടെയും വാട്സാപ്പിലൂടെയും പരിചയം കൂടുതൽ ശക്തമായി. ജീവിതത്തോട് വല്ലാത്തൊരു പോസിറ്റിവ് ആറ്റിട്യൂഡ് ആയിരുന്നു അദ്ദേഹത്തിന്. അതെന്നെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹത്തെ വിവാഹം കഴിച്ചാലോ എന്ന ആഗ്രഹം തോന്നി. ഒരു വ്യക്തിയോട് പ്രണയം തോന്നുന്നത് തെറ്റല്ലല്ലോ. ഏകദേശം ആറു മാസത്തെ പരിചയത്തിനുശേഷം ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് എനിക്കു ലഭിച്ചത്. 

ഞെട്ടിച്ച മറുപടി

അദ്ദേഹത്തിന് എന്നോടു പ്രണയമുള്ളതായി ഞാന്‍ മനസിലാക്കിയിരുന്നു. എന്നാൽ ഞാൻ പറഞ്ഞതെല്ലാം കേട്ടശേഷം ‘എനിക്കു നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്, എല്ലാം നീ അറിയണം’ എന്നു പറഞ്ഞു. അപ്പോഴും ഇങ്ങനെയാരു കാര്യമായിരിക്കും എന്നു ഞാൻ കരുതിയില്ല. ‘‘എനിക്കു ബ്ലഡ് കാൻസറാണ്. കീമോ തെറാപ്പി നടക്കുന്നുണ്ട്. എനിക്കു നിന്നെ ഇഷ്ടമാണ്. പക്ഷേ, അതു ഞാൻ ഉള്ളിൽ ഒതുക്കാം. നീ പറഞ്ഞ കാര്യം ഇപ്പോൾ തന്നെ മറന്നേക്കാം’’ – അദ്ദേഹം പറഞ്ഞു. 

രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമെല്ലാം പറഞ്ഞശേഷം ഇനിയും എന്നോട് പ്രണയം തോന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഉണ്ടെന്നു തന്നെ മറുപടി നൽകി. പിന്നെയും നാളുകളെടുത്തു കണ്ണനെ പറഞ്ഞു മനസിലാക്കാൻ. രോഗിയായ ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നത് എടുത്ത് ചാട്ടമാവരുത് എന്നു പറഞ്ഞുകൊണ്ട് പലവട്ടം എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കാന്‍സർ ജീവിതത്തിന്റെ അവസാനമല്ല എന്ന തിരിച്ചറിവാണ് എനിക്കുണ്ടായിരുന്നത്. ഒരു ഡോക്ടർ ആയ ഞാൻ അങ്ങനെത്തന്നെയാണ് ചിന്തിക്കേണ്ടതും. 

യാത്രകൾ ആർസിസിയിലേക്ക് 

ജീവിതത്തിൽ ഒന്നിക്കാം എന്നു തീരുമാനിച്ചശേഷം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ഞാനും ഒന്നിച്ചുണ്ടായിരുന്നു. അർബുദത്തിന്റെ ‘അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കിമിയ’ എന്ന അവസ്ഥയായിരുന്നു കണ്ണേട്ടന്. ആർസിസിയിൽ പ്രഫസർ എൻ.പ്രകാശിന്റെ ചികിത്സയിലായിരുന്നു. ഒന്നിക്കാനുള്ള തീരുമാനമെടുത്തശേഷം അടുത്ത കീമോയ്ക്ക് ഞാനും ഒപ്പം പോയി. ഡോക്ടറുമായി സംസാരിച്ചു. വിവാഹം കഴിക്കാൻ പോകുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. വളരെ മികച്ച പിന്തുണയാണ് അദ്ദേഹം നൽകിയത്. അതോടെ ഞങ്ങൾ കൂടുതൽ പോസിറ്റിവ് ആയി. ജീവിതം ഉപേക്ഷിക്കുന്നത് ചിന്തിക്കേണ്ട അവസ്ഥയില്ലെന്നും വിവാഹജീവിതം പൂർണ വിജയമാകും എന്നും അദ്ദേഹം പറഞ്ഞു. അതോടെ മികച്ച ചികിത്സ ലഭ്യമാക്കി രോഗത്തെ പടിയിറക്കുന്നതിലായി ഞങ്ങളുടെ ശ്രദ്ധ.

പോസിറ്റിവിറ്റി കാപ്സ്യൂൾ

ഒരു വ്യക്തിക്ക് ജീവിതത്തിൽ എത്രമാത്രം പോസിറ്റിവ് ആകാം എന്നതിനുള്ള ഉദാഹരണമാണ് അദ്ദേഹം. ആ പോസിറ്റിവ് ആറ്റിട്യൂഡ് ആണ് എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. രോഗ വിവരം അറിഞ്ഞുകൊണ്ടും പൂർണ സന്തോഷത്തോടെ, ചിരിക്കുന്ന മുഖത്തോടെ അല്ലാതെ അദ്ദേഹത്തെ ഞാൻ  കണ്ടിട്ടില്ല. രോഗാവസ്ഥ മറികടക്കാൻ കാരണവും ആ ശുഭാപ്തി വിശ്വാസം തന്നെയാണ്.

വീട്ടുകാരുടെ പിന്തുണ

നമ്മൾ എന്ത് തീരുമാനിച്ചാലും അതിന് പിന്തുണ നൽകാൻ വീട്ടുകാർ കൂടി കൂടെയുണ്ടെങ്കിൽ അതൊരു ബലമാണ്. ഞാൻ എന്റെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം ചില ആശങ്കകൾ പങ്കുവച്ചു. എങ്കിലും ഒരു ഡോക്ടര്‍ ആയ ഞാൻ ഇക്കാര്യത്തിൽ ശരിയായ തീരുമാനം മാത്രമേ എടുക്കൂ എന്ന വിശ്വാസം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. അതിനാൽ പിന്നീടുള്ള ഞങ്ങളുടെ യാത്രയിൽ അവർ പൂർണ പിന്തുണ നൽകി കൂടെ നിന്നു. വീണ്ടും രണ്ടു വർഷത്തോളം ചികിത്സ നീണ്ടു നിന്നു. ഒടുവിൽ കാൻസറിനെ ശരീരത്തിൽ നിന്നും പൂർണമായും ഇറക്കിവിട്ട ശേഷം 2018 ഏപ്രിൽ 8ന് മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരായി. 

കാൻസർ ഒന്നും നഷ്ടപ്പെടുത്തില്ല

കാൻസർ വന്നാൽ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നഷ്ടമാകും എന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, കാൻസർ വന്നതിനെത്തുടർന്ന് ഞങ്ങൾക്ക് ഒന്നും നഷ്ടമായിട്ടില്ല. ജീവിതം കൂടുതൽ പോസിറ്റിവ് ആയി. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ പഠിച്ചു. ജീവിതത്തിൽ എന്നെന്നും പോസിറ്റിവ് ആയിരിക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. രണ്ടാം വിവാഹവാർഷിക ദിനത്തിൽ ഞങ്ങളുടെ ജീവിതകഥ ഞാൻ പങ്കുവയ്ക്കുന്നതിനുള്ള കാരണം തന്നെ, കൂടുതൽ ആളുകൾക്ക് പോസിറ്റിവ് എനർജി ലഭിക്കട്ടെ എന്നു ചിന്തയാണ്. 

anju-vinod-daughter

സന്തോഷക്കൂട്ടിലെ കുഞ്ഞിക്കിളി

കാൻസർ ആരുടെയും കുറ്റം അല്ല. അത് എനിക്കും വന്നേക്കാം. അതിനാൽ ആരേയും മാറ്റി നിർത്തേണ്ട കാര്യമില്ല. ഇതുവരെ ഞങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. നാളത്തെ കാര്യം നമ്മൾ ആർക്കും തീരുമാനിക്കാനാവില്ല. അതു ദൈവത്തിന്റെ കയ്യിലാണ്. ജീവിതത്തിൽ ലഭിച്ച ഈ സന്തോഷത്തിന് ഇരട്ടി മധുരം പകരാൻ ഞങ്ങളുടെ കുഞ്ഞുവാവ അഥിലിയും ഞങ്ങൾക്കൊപ്പമുണ്ട്. ആറുമാസത്തിലൊരിക്കൽ ചെക്കപ്പ് ഉണ്ട് എന്നതൊഴിച്ചാൽ ജീവിതം വളരെ നോർമൽ ആണ്. അടുത്ത ചെക്കപ്പ് ജൂണിൽ നടക്കുമ്പോൾ ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു പോകും.

English Summary : Anju S. Kumar - Vinod heart touching Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com