ADVERTISEMENT

വീട്ടിലിരുന്ന് ശീലമില്ല ബിനീഷ് ബാസ്റ്റിന്. ജോലിയും സുഹൃത്തുക്കളുമൊക്കെയായി എന്നും പാ‍ഞ്ഞുകൊണ്ടിരുന്നു ഈ കൊച്ചിക്കാരന് വീണ സഡൻബ്രേക്ക് ആണ് ലോക്ഡൗൺ. ലോക്ഡൗണിലെ ബുദ്ധിമുട്ടുകൾ ലോകത്തിന് മുഴുവൻ നല്ലൊരു നാളെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് താരം. അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും പുതിയ തിരിച്ചറിവുകളുമാണ് ഈ ദിവസങ്ങള്‍ ബിനീഷിന് സമ്മാനിച്ചത്. അമ്മയുടെ ചെറിയ ആഗ്രഹങ്ങളുടെ മൂല്യം ബിനീഷ് ഇന്ന് അറിയുന്നുണ്ട്.  ലോക്ഡൗൺ ദിനങ്ങൾ നൽകിയ അനുഭവങ്ങൾ ബിനീഷ് പങ്കുവയ്ക്കുന്നു.‌

പുതിയ ശീലങ്ങൾ

ജോലിക്ക് പോയിരുന്ന കാലം മുതലേ വീട്ടിലിരുന്ന് ശീലമില്ലാത്ത ആളാണ് ഞാൻ. ജോലി ഇല്ലെങ്കിലും പുറത്തു പോകും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും. അങ്ങനെ വീട്ടിലിരിന്നുള്ള ശീലമേ ഇല്ലെന്നു പറയാം. ഞാനും അമ്മയും ഇപ്പോള്‍ ചേട്ടന്റെ വീട്ടിലാണ്. ലോക്ഡൗണിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങൾ കുഴപ്പമില്ലാതെ കടന്നുപോയി. പക്ഷേ, പിന്നീട് വല്ലാത്തൊരു വീർപ്പുമുട്ടലായി. എന്നാൽ അതിനിവിടെ പ്രസക്തിയില്ലല്ലോ. സർക്കാർ നിര്‍ദേശങ്ങൾ പാലിച്ചേ തീരൂ. നമ്മുടെ മാത്രമല്ല, നമ്മുക്ക് ഒപ്പമുള്ളവരുടേയും സമൂഹത്തിന്റെയും സുരക്ഷവരെ ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ നാം ഉറപ്പുവരുത്തുകയാണ്. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ഈ ദിവസങ്ങളിൽ പുറത്തിറങ്ങിയിട്ടില്ല. ഈ ലോക്ഡൗൺ കാലം ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാനും പുതിയ തിരിച്ചറിവുകൾ ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ട്.

ചില തിരിച്ചറിവുകൾ

ഏറ്റവും വലിയ തിരിച്ചറിവ് എന്റെ അമ്മയുടെ അവസ്ഥയാണ്. നാടും വീടുമായിരുന്നു എന്നും അമ്മയുടെ ലോകം. വീട്ടിൽ നിന്ന് റേഷൻകട, മാർക്കറ്റ്, പള്ളി എന്നിവിടങ്ങളിലേക്ക് പോകും, തിരിച്ചുവരും. മറ്റൊന്നുമുണ്ടായിരുന്നില്ല ആ ജീവിതത്തില്‍. ഒരു തരത്തിൽ ആ ജിവിതം എന്നും ലോക്ഡൗൺ ആയിരുന്നു. അതിന്റെ ബുദ്ധിമുട്ട് ഇന്നാണ് ഞാൻ ശരിക്കും മനസിലാക്കുന്നത്. ജോലിക്കോ, ഷൂട്ടിനോ ഒക്കെ പോയി കഴിഞ്ഞ് വന്നാൽ അമ്മ ദൂരെയുള്ള ഏതെങ്കിലും പള്ളിയിലേക്കോ  മറ്റെവിടെയെങ്കിലുമൊക്കെ പോകണമെന്ന് പറയാറുണ്ടായിരുന്നു. അന്നതൊന്നും ഗൗരവമായി എടുത്തിരുന്നില്ല. എന്നും വീട്ടിലിരുന്ന് അമ്മ അനുഭവിച്ച വീര്‍പ്പുമുട്ടൽ ഇപ്പോഴാണ് തിരിച്ചറിയുന്നത്. അതുകൊണ്ട് ലോക്ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് അമ്മയെ ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടു പോകുക എന്നതാണ്. നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു, പക്ഷേ അത് തിരിച്ചറിയാൻ ലോക്ഡൗൺ ആകേണ്ടി വന്നു.

ജീവിതശൈലിയിലെ മാറ്റങ്ങള്‍

ആദ്യ ദിവസങ്ങളിലൊക്കെ കുറേ നേരം ഉറങ്ങുമായിരുന്നു. എന്നാൽ കുറേ ഉറങ്ങി അത് മടുപ്പായി. പുതിയ കാര്യങ്ങൾ പഠിക്കാനും ചെയ്യാനും തീരുമാനിച്ചു. ജിമ്മിൽ പോകുന്ന ഒരാളായിരുന്നു ഞാൻ. ലോക്ഡൗൺ ആയതോടെ ജിം അടച്ചു. ഞാൻ ടറസ്സിനു മുകളിൽ ചെറിയൊരു ജിം ഒരുക്കി. വ്യായാമം ചെയ്താൽ സമയം പോവും. ഒപ്പം മനസ്സിനും ശരീരത്തിനും നല്ല സുഖം ലഭിക്കുകയും ചെയ്യും.

മറ്റൊന്ന് ഒരു കഥ എഴുതാനുള്ള ശ്രമമാണ്. അതിനുവേണ്ടി സമയം കണ്ടെത്തുന്നുണ്ട്. ഒപ്പം കൃഷിയിൽ ശ്രദ്ധിക്കുന്നുണ്ട്. വീട്ടിൽ മുമ്പേ ചെറിയ കൃഷിയൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഞാൻ അതിൽ ശ്രദ്ധിച്ചു  തുടങ്ങിയത്. പാചകം പഠിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോൾ നല്ല ക്ഷമ കിട്ടുന്നുണ്ട്. ഒപ്പം നന്നായി ജീവിക്കാൻ പഠിച്ചതു പോലൊരു തോന്നലും.

കോവിഡ്, ലോക്ഡൗൺ – പ്രാർഥന മാത്രം

എന്റെ സുഹൃത്തുക്കളിൽ കൂടുതലും നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരും ഡ്രൈവർമാരുമൊക്കെയാണ്. ദിവസകൂലിക്ക് ജോലി ചെയ്യുന്നവർക്ക് ഇത്ര ദിവസം പണിക്കുപോകാതെ ഇരിക്കുന്നത് വളരെ കഠിനമായ കാര്യമാണ്. ഓരോ ദിവസം കഴിയും തോറും മനസില്‍ ആശങ്ക കൂടി വരും. അങ്ങനെയുള്ളവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലായി ഉള്ളത്. എല്ലാവരും നന്നായിരിക്കണേ എന്നാണ് പ്രാര്‍ഥന. ഇപ്പോൾ നമ്മൾ സഹിക്കുന്ന വേദനയ്ക്ക് ഈ ഒരു നല്ല ദിവസമായിരിക്കും പ്രതിഫലമായി കിട്ടുക.

English Summary : Bineesh Bastin on lock down days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com