ചിരിയുടെ ലോകത്തെ ‘പട്ടാളക്കാരൻ’ ; സതീഷ് വെട്ടിക്കവലയുടെ ജീവിതം

artist-satheesh-vettikkavala-life-story
SHARE

മിമിക്രി ആർടിസ്റ്റ്, അവതാരകൻ, നടൻ എന്നിങ്ങനെ പല വേഷങ്ങളിൽ സതീഷ് വെട്ടിക്കവല മലയാളി പ്രേക്ഷകർക്ക് പരിചിതനാണ്. പട്ടാളക്കാരനാകാൻ പോയി തിരിച്ചു വന്ന് കലയുടെ ലോകത്തെ മിന്നും താരമായതാണ് സതീഷിന്റെ കഥ. ചിരിയുണ്ടകളുമായി വേദികളിലും ടെലിവിഷന്‍ ഷോകളിലും സതീഷ് തിളങ്ങാൻ തുടങ്ങിയിട്ട് 20 വർഷങ്ങൾ പിന്നിട്ടു. ഇതിനിടയിൽ എത്രയോ തവണ ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ മനസ്സിലേക്ക് സർജിക്കൽ സ്ട്രൈക് നടത്തിയിരിക്കുന്നു ഈ കലാകാരൻ. സതീഷ് തന്റെ ജീവിത കഥ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു. 

കലാരംഗത്തേക്ക്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള വെട്ടിക്കവലയാണ് എന്റെ സ്വദേശം. കൊല്ലം എസ്.എൻ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് മിമിക്രി ചെയ്തു തുടങ്ങുന്നത്. ‘കൊല്ലം ഹൈനസ്’ എന്ന പേരിലൊരു ട്രൂപ്പ് ആരംഭിച്ചു. കോളജിലേക്ക് പോയതിനേക്കാൾ കൂടുതൽ പരിപാടികൾ അവതരിപ്പിക്കാനാണ് അന്നു പോയിരുന്നത്. അതിന്റെ ഫലം പ്രീഡിഗ്രിയിലെ തോൽവി ആയിരുന്നു. 

അതിനിടയിൽ ‘കൊല്ലം ആത്മമിത്ര’ എന്ന നാടക ട്രൂപ്പിൽ അവസരം കിട്ടി. അങ്ങനെ ഒരു വർഷം നാടകവുമായി നടന്നു. പക്ഷേ, മനസു മുഴുവൻ മിമിക്രിയായിരുന്നു. അങ്ങനെ കോട്ടയം കലാഭാവനയിലൂടെ വീണ്ടും മിമിക്രിയിലേക്ക് തിരിച്ചു വന്നു. ഒരു സീസൺ കഴിഞ്ഞപ്പോഴേക്കും എനിക്ക് പട്ടാളത്തിൽ ജോലി കിട്ടി. അങ്ങനെ ട്രെയിനിങ്ങിനായി ഊട്ടിയിലേക്ക് വണ്ടി കയറി. 

Satheesh-Vettikkavala-4
സതീഷ് വെട്ടിക്കവല പട്ടാള ട്രെയിനിങ് സമയത്ത്

വിടരാതെ പോയ പട്ടാള ജീവിതം

എന്റെ അച്ഛനും ചേട്ടനും പട്ടാളക്കാരായിരുന്നു. പൂർണ മനസ്സോടെയാണ് ഞാനും പട്ടാളത്തിൽ ചേരാൻ പുറപ്പെട്ടത്. എന്നാൽ എല്ലാം നന്നായി പോകുന്നതിനിടയ്ക്ക് വന്ന ശാരീരികമായ ചില ബുദ്ധിമുട്ടുകളും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും കാരണം ട്രെയിനിങ് പൂർത്തിയാക്കാനാവാതെ ഞാൻ തിരിച്ചു വന്നു. അങ്ങനെ പട്ടാളക്കാരനാവുക എന്ന മോഹം അവിടെ അവസാനിച്ചു. എങ്കിലും ഒരുപാട് അനുഭവങ്ങൾ ആ ട്രെയിനിങ് കാലഘട്ടം എനിക്കു നൽകി. അന്നു പഠിപ്പിച്ച സാറുമാരുമായി ഇന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

കലാരംഗത്തേക്ക് ‘സർജിക്കൽ സ്ട്രൈക്ക്’

പട്ടാളക്കാരനാകാൻ പോയ ഞാൻ വീണ്ടും കലാരംഗത്തേക്ക് തിരിച്ചെത്തി. ചാനലുകളിൽ നല്ല അവസരങ്ങൾ അക്കാലയളവിൽ ലഭിച്ചു. അന്നത്തെ ഹിറ്റ് പ്രോഗ്രാമായിരുന്ന വാൽക്കണ്ണാടിയുടെ അവതാരകനായിരുന്നു. കാഴ്ചവട്ടം, ഫിലിമി തമാശ എന്നീ പ്രേഗ്രാമുകളുടേയും അവതാരകനായി. പിന്നീട് രസികരാജ നമ്പർ 1 എന്ന പ്രോഗ്രാമിൽ പങ്കെടുത്തു. ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സീരിയലിലെ പൂവാലൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ‘എങ്കിലും എന്റെ ഗോപാലകൃഷ്ണാ’ എന്ന സീരിയലിലും അഭിനയിച്ചു. ഇതിനുശേഷമാണ് ‘കോമഡി സ്റ്റാർസ്’ എന്ന പ്രോഗ്രാമിൽ പങ്കെടുത്തത്.  

Satheesh-Vettikkavala-5

ജീവിതത്തിലെ മറ്റൊരു ഘട്ടമായിരുന്നു അത്. നിരവധി വേദികൾ ലഭിക്കാനും വിദേശത്തു പരിപാടികൾക്കു പോകാനുമെല്ലാം അതിലൂടെ അവസരം കിട്ടി. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു. സത്യത്തിൽ ജീവിതം മാറിമറിഞ്ഞു എന്നു തന്നെ പറയാം.

മറക്കാനാവില്ല ആ അനുഭവം

2017ൽ കാനഡയിൽ ഒരു ഫിലിം അവാർഡ്സിൽ പ്രോഗ്രാം അവതരിപ്പിക്കാൻ പോയിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉൾപ്പടെ പങ്കെടുക്കുന്ന അവാർഡ് ഷോ ആയിരുന്നു അത്. അസീസും സെന്തില്‍ രാജാമണിയും സുനീഷ് വാരനാടുമുൾപ്പടെ ഞങ്ങൾ നാലു പേരായിരുന്നു മിമിക്രി അവതരിപ്പിച്ചത്. പ്രോഗ്രാമിനുശേഷം ആഹാരം കഴിഞ്ഞ് ഞങ്ങൾ നാലു പേരും ഇറങ്ങി വരുന്ന സമയത്ത് ഒരു അമ്മച്ചിയും അച്ചായനും കൂടെ അടുത്തേക്ക് വന്നു. അമ്മച്ചി എന്നെ കെട്ടിപിടിച്ചു. എന്റെ കൂടെയുള്ളവരെല്ലാം കത്തി നിൽക്കുന്ന സമയമാണ്. അതിനിടയിലാണ് ഒരു അമ്മച്ചി വന്ന് എന്നെ കെട്ടിപ്പിടിക്കുന്നത്. എനിക്കാണേൽ സന്തോഷം കൊണ്ടു ചിരി വന്നു. കെട്ടിപ്പിടിച്ചശേഷം അമ്മച്ചി ഭർത്താവിനോട് ‘അച്ചായോ ഇതാരാണെന്നു മനസ്സിലായോ ?’ എന്നൊരു ചോദ്യം. ‘പിന്നെന്താ എനിക്കറിയില്ലേ നമ്മുടെ കോട്ടയം നസീർ’ എന്നായിരുന്നു പുള്ളിക്കാരന്റെ മറുപടി. 

Satheesh-Vettikkavala-2
ഭാര്യ സജിത, മകന്‍ ദീക്ഷിത് എന്നിവർക്കൊപ്പം സതീഷ്

ഞാനവിടെ നിന്ന് ഉരുകി. അവർ ചിലപ്പോൾ കാനഡയിൽ താമസിക്കുന്നവർ ആയതുകൊണ്ടാകും ആളെ മനസിലാകാതെ പോയത്. എന്തായാലും ഞാൻ ചമ്മി. മാത്രമല്ല നല്ല ബെസ്റ്റ് ആളുകൾ അടുത്തു നിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതും. ഇനി എല്ലാവരും ഇക്കാര്യം അറിയുകയും ചെയ്യും. എന്തായാലും അതൊരിക്കലും മറക്കാനാവാത്ത അനുഭവമാണ്. തമാശയായി ഇത്തരം സംഭവങ്ങൾ പറയാറുണ്ടെങ്കിലും അത് അനുഭവിച്ചപ്പോൾ ഉണ്ടായ ചമ്മൽ ഒരിക്കലും മറക്കാനാവില്ല. 

സ്വപ്നം സിനിമ

സിനിമ തന്നെയാണ് സ്വപ്നം. ‘ഒറ്റ മന്ദാരം’ എന്ന വിനോദ് മങ്കര സാറിന്റെ ചിത്രത്തില്‍ നല്ലൊരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. കൂടുതൽ നല്ല അവസരങ്ങളൊന്നും പിന്നീട് ലഭിച്ചിട്ടില്ല. എങ്കിലും നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Satheesh-Vettikkavala-3
സതീഷ് അച്ഛന്‍ രാമചന്ദ്രനും അമ്മ തങ്കമണിയ്ക്കുമൊപ്പം

കുടുംബം

അച്ഛന്‍ രാമചന്ദ്രൻ നായർ. അമ്മ തങ്കമണി. സഹോദരൻ സായ്ചന്ദ്രൻ. എന്റെ ഭാര്യ സജിത തിരുവനന്തപുരം സ്വദേശിനിയാണ്.. മകൻ ദീക്ഷിത് ഒന്നാം ക്ലാസിൽ പഠിക്കുന്നു. 

English Summary : Artist Satheesh Vettikkavala Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA