sections
MORE

പിരിയുവാൻ വയ്യ ഈ അമ്മയ്ക്ക്; കണ്ണു നിറച്ച് ലോക്ഡൗണിലെ സ്നേഹക്കാഴ്ച

life-of-lakshmi-in-quarantine-shelter
അഭയ കേന്ദ്രത്തിൽ നിന്നു പോകുമ്പോൾ പൊട്ടിക്കരയുന്ന ലക്ഷ്മിയമ്മ ∙ചിത്രം - റസൽ ഷാഹുൽ
SHARE

ലക്ഷ്മി അവർക്ക് അമ്മയായിരുന്നു, ജീവിതത്തിൽ അന്നു വരെ അനുഭവിക്കാത്ത കരുതലും സ്നേഹവുമായിരുന്നു ആ 45 ദിവസങ്ങളിൽ ലക്ഷ്മിക്ക് അവർ നൽകിയത്. ‌പിരിയാൻ നേരം അമ്മയെ വേർപെടുന്ന കുഞ്ഞിനെപ്പോലെ കരയുകയായിരുന്നു ലക്ഷ്മി. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവിൽ അലഞ്ഞ് നടന്നിരുന്നവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കൂട്ടത്തിലാണ് ലക്ഷ്മിയും ആ താൽക്കാലിക അഭയ കേന്ദ്രത്തിലെത്തിയത്. 20 പേരുണ്ടായിരുന്നു സംഘത്തിൽ. പലരും ഇതിനിടെ വീട്ടിലേക്ക് മടങ്ങി. പോകാൻ ഇടമില്ലാത്ത ചിലരെയാണ് വെള്ളിമാട് കുന്നിലെ സാമൂഹിക ക്ഷേമ വകുപ്പിന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അവിടേക്ക് പോകാനായി ബസിൽ കയറിയപ്പോഴാണ് മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞത്.

ബസ് സ്റ്റാൻഡിലും റെയിൽവെ സ്റ്റേഷനിലും അന്തിയുറങ്ങിയിരുന്ന തമിഴ്നാട്ടുകാരിയ ലക്ഷ്മിക്ക് ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു ഇത്. കുളിപ്പിക്കാനും സമയത്ത് ആഹാരം കൊടുക്കാനും സാരി നേരയാക്കി കൊടുക്കാൻ വരെ ചുറ്റിലും ഒരുപാട് മക്കൾ. വോക്കറിന്റെ സഹായത്തോടെ നടന്നിരുന്ന ലക്ഷ്മിയുടെ ആരോഗ്യ പ്രശ്നങ്ങൾ അന്വേഷിക്കാനും മരുന്നു കൊടുക്കാനും മക്കൾ മത്സരിച്ചു. ഇതെല്ലാം ചേർന്നപ്പോൾ ലക്ഷ്മിയുടെ മാനസിക പ്രയാസങ്ങൾ അകലുകയും ചെയ്തു. 

ഒന്നര മാസമായി താമസിച്ചിരുന്നിടത്ത് ആളുകൾ കുറഞ്ഞതും പഠനാവശ്യത്തിനായി കോളജ് വിട്ടു നൽകേണ്ടതിനാലുമാണ് ലക്ഷ്മിയെയും കുടെയുള്ളവരെയും മാറ്റേണ്ടി വന്നത്. സോഷ്യൽ സയൻസ് വിദ്യാർഥികളായ വളണ്ടിയർന്മാർക്ക് ഒരു ഇന്റേൺഷിപ്പിലും കിട്ടാത്ത അനുഭവവും. ജില്ലാ ഭരണ കൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന തണൽ സംഘടനയിലെ സോഷ്യൽ സൈക്കോ പ്രവർത്തകരാണ് ഇവരെ പരിചരിച്ചത്. 

രണ്ട് വർഷം കൊണ്ടു കിട്ടുന്ന ജീവിതപാഠങ്ങളാണ് ഒന്നര മാസത്തെ ക്വാറന്റീൻ ക്യാംപിൽ നിന്നു കിട്ടിയതെന്ന് വിദ്യാർഥികളായ ഹസീനയും റീത്തുവും റെയ്സയും പറയുന്നു. ലക്ഷ്മി അമ്മയെ പിരിയുന്നതിൽ ഇവർക്കും അതിയായ സങ്കടമുണ്ട്. ബസിൽ കയറിയിരുന്ന് യാത്ര പറയുമ്പോൾ ഇവരുടെ കൈപിടിച്ച് കൊച്ചു കുട്ടിയെപ്പോലെ ലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ‌ ആരുടെയും കണ്ണു നനയിക്കും. ഇവിടെ വളണ്ടിയറായി നിന്ന ടീം ക്ലീൻ ബീച്ച് പ്രവർത്തകൻ അരുൺ ദാസാണ് വൈകാരികത നിറഞ്ഞ ഈ വിഡിയോ പകർത്തി മനോരമ ഓൺലൈന് നൽകിയത്.

English Summary : Life of Lakshmi Amma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA