sections
MORE

അനന്തരം (യശോധരയുടെ പത്മപാതകൾ)

HIGHLIGHTS
  • എന്റെ ശരണം ഞാൻ തന്നെയാണ്
  • സർവ സുകൃതിനിയായ സ്ത്രീ
the-paths-of-yashodhara
SHARE

ദേവതാരു മരങ്ങളുടെ ഗന്ധമാണ് ഹിമാലയത്തിലെ ബുദ്ധവിഹാരങ്ങൾക്ക്. ഉയരങ്ങളിൽ വളരുന്ന, സുഗന്ധമുള്ള പൈൻമരപ്പലകകൾ കൊണ്ട് നിർമിച്ചതാണ് മലമുകളിലെ ഗൊംപകളുടെ ചുവരുകളധികവും. (ഗൊംപ എന്നാണ് ബുദ്ധ മൊണസ്ട്രികൾക്ക് ഇവിടങ്ങളിൽ പറയുക.)

മാസാദ്യ ശനിയാഴ്‌ചകളിൽ കുന്തിരിക്കം മരങ്ങൾ നിറഞ്ഞ കുത്തനെയുള്ള കുന്നുകൾ കയറി, ബോംഡിലയിലും ചില്ലിപാമിലുമുള്ള* മൊണസ്ട്രികളിലെ മെഡിക്കൽ ക്യാംപുകൾക്ക് വോളന്റീർ ചെയ്താണ് പോയിരുന്നത്. ആശുപത്രിയിലെ സ്റ്റെറിലിയം - ഡെറ്റോൾ ഗന്ധങ്ങളിൽ നിന്നകന്ന് ഒരു ദിവസത്തെ സുഗന്ധ പര്യടനം. കാണുമ്പോഴേക്കും ഓടിവന്ന് പാൽപ്പല്ലുകൾ കാട്ടിച്ചിരിക്കുന്ന കുട്ടിലാമമാരും സദാ ജപമാലയുരുട്ടി ഒന്നോ രണ്ടോ വാക്കിൽ സംസാരമൊതുക്കുന്ന മുതിർന്ന ലാമമാരും നിരാസക്തമായ കണ്ണ്കളുമായി മരപ്പടികളിൽ കാവൽ കിടക്കുന്ന ഹിമാലയൻ ഷെപ്പേർഡ് ആശ്രമ നായകളുമൊക്കെയായി ബുദ്ധവിഹാരങ്ങൾ. മഞ്ഞ മംഗോളിയൻ സ്കിന്നിൽ ഇണങ്ങിക്കിടക്കുന്ന മെറൂൺ ഉടയാടകൾ, കരിംപച്ച പൈൻ മരങ്ങൾ, കടുംവർണ്ണങ്ങളിൽ നിറം പിടിപ്പിച്ച ഗൊംപയുടെ താഴികക്കുടങ്ങൾ. ആകെക്കൂടി കളർഫുൾ സാറ്റർഡേയ്സ്.

the-paths-of-yashodhara-5

സുഹൃത്തായ ലാമ ടാഷി അവിടെയുള്ള സമയമാണെങ്കിൽ കൂടുതൽ സന്തോഷമാണ്. സമയമെടുത്ത് പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ടിബറ്റൻ വെണ്ണച്ചായ അദ്ദേഹം വ്യാളികളുടെ ചിത്രമുള്ള മൺ കോപ്പകളിൽ പതുക്കെ പതുക്കെ നിറച്ച് ഒരുപാടു കഥകൾ പറഞ്ഞ് സൽക്കരിക്കും. (സോളോ പെർഫോർമൻസിന് 2006-ലെ ഗ്രാമി അവാർഡ് നോമിനിയാണ് അദ്ദേഹം). ഒരു ദിവസം ഒഴുക്കൻ ഒറ്റയുടുപ്പണിഞ്ഞ കുറെ സുന്ദരികളായ ചെറുപ്പക്കാരികളെ കണ്ടു. ശിരോവസ്ത്രം ഊർന്നു വീഴുമ്പോൾ പൊടുന്നനെ അനാവൃതമാവുന്ന  മുണ്ഡനം ചെയ്ത തലകൾ നമ്മളെ ഞെട്ടിക്കുമെങ്കിലും അവരെ തീരെ ലജ്ജിപ്പിക്കുന്നില്ല. തലമുണ്ട് തിരിച്ച് വലിച്ചുപോലുമിടാതെ അവർ നിഷ്കളങ്കമായി ചിരിക്കുന്നു. ബുദ്ധമതത്തിൽ ഇപ്പോഴും സന്യാസിനിമാരുണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു. ദൂരെയുള്ള വിഹാരങ്ങളിൽനിന്ന് മെഡിക്കൽ ക്യാംപിനു വേണ്ടി വന്നതാണവർ.

ബുദ്ധസന്യാസിനിമാരുടെ തുടക്കവും വഴികളും എങ്ങനെയായിരുന്നുവെന്ന് പറഞ്ഞു തന്നത് ലാമ ടാഷിയാണ്. ആദ്യത്തെ ഭിക്ഷുണിമാരുടെ പേരുകൾ അദ്ദേഹം പറഞ്ഞപ്പോൾ അദ്ഭുതപ്പെട്ടു. ശ്രീബുദ്ധനും ചരിത്രവും മറന്നിട്ടിട്ടുപോയ ബുദ്ധന്റെ പ്രിയപ്പെട്ട സ്ത്രീകൾ ആ പട്ടികയിലുണ്ട്. ഒരുപാട് നിർബന്ധത്തിനു ശേഷം മനസ്സില്ലാമനസ്സോടെ, കൂടുതൽ കഠിനമായ നിഷ്ഠകളോടെ, ശ്രീബുദ്ധൻ സ്വീകരിച്ച ഭിക്ഷുണിമാരിൽ ആദ്യം ദീക്ഷ ലഭിച്ചയാൾ പോറ്റമ്മ തന്നെയാണ്. ജനിച്ച് ഏഴാം ദിവസം അമ്മ നഷ്ടപ്പെട്ട സിദ്ധാർഥനെ സ്വന്തം കുഞ്ഞായി വളർത്തിയെടുത്ത ഇളയമ്മ ഗൗതമി.

the-paths-of-yashodhara-8

ഇനിയുള്ള പട്ടികയിൽ യശോധരയുമുണ്ട്. ബുദ്ധചരിതത്തിന്റെ  പുസ്തകത്താളുകളിൽനിന്ന് ഞെരുങ്ങി കേൾക്കുന്ന അമർത്തിപ്പിടിച്ച കരച്ചിലായിരുന്നു യശോധര ഇതുവരെ...

അനന്തരം അവനെന്തു സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. അവൾ എവിടെപ്പോയി എന്നുള്ളത് എന്നും ഒരു നെഞ്ചുലയ്ക്കുന്ന ചോദ്യമായിരുന്നു. യശോധര- പ്രകാശത്തെ ധരിച്ചവൾ എന്നാണർഥം. പക്ഷേ ഉടയാടയാക്കിയ പ്രകാശം അവളെ പൊള്ളിച്ചു കളഞ്ഞോ..

അവൻ അതു ചെയ്തത് ഒരുപാട് നല്ല കാരണങ്ങൾക്കു വേണ്ടിയാവാം. ജ്ഞാനം, ബോധോദയം, പ്രകാശം, ലോകരക്ഷ അങ്ങനെയങ്ങനെ. പക്ഷേ അവൾ വെറും ഉപേക്ഷിക്കപ്പട്ടവളാണ്.

the-paths-of-yashodhara-1

കയ്യൊഴിയലിന്റെ ഭീകരതയെയും തന്നോടുതന്നെ തോന്നുന്ന അവജ്ഞയെയും അവൾ എങ്ങനെ കുറുകെ കടന്നുവെന്നതാണിത്. പതിമൂന്നു വർഷങ്ങൾ കളിച്ച് ചിരിച്ച്, പ്രണയം പങ്കിട്ട്, ഓമനിക്കപ്പെട്ട് ജീവിച്ചിട്ട് പിന്നെ വഴിയിൽ തടസമാവാതെ കാലുകൊണ്ടു തട്ടി താഴെയുരുട്ടിയിട്ട കല്ലു പോലെ തന്നെത്തന്നെ കണ്ടവൾ പിന്നെയാ ആഴങ്ങൾ കടന്നു കയറിയത് എങ്ങനെയാണെന്നതാണ്.

എന്നിട്ടും ആദരത്തോടെ അവന്റെ വഴി തന്നെ ശരിയെന്നു പറയുന്നതിലും അതുതന്നെ പിൻതുടരുന്നതിലും ഞാനാലോചിച്ചിട്ട് ഒറ്റക്കാരണമേ ശരിക്കും ഉണ്ടാവൂ. അന്ധമായ പ്രണയം. ഏതായാലും അത് അവന്റേതിനെക്കാൾ അഗാധം തന്നെ.

ശാക്യ രാജകുമാരി യശോധര ശരിക്കും സിദ്ധാർഥന്റെ മച്ചുനത്തി ആയിരുന്നു. ശുദ്ധോദന മഹാരാജാവിന്റെ സഹോദര പുത്രി. സിദ്ധാർഥന്റെ അതേ പ്രായം. വൈശാഖ മാസത്തിൽ ഒരേ ദിവസമാണവർ ജനിച്ചതെന്ന് പാരമ്പര്യം  പറയുന്നു. ഒരുമിച്ച് വളർന്നവർ. പ്രണയിച്ച് പരിണയിച്ചവർ. ഒരുപാട് രാജകുമാരിമാർ പങ്കെടുത്ത ഒരു സ്വയംവരത്തിന്റെ അവസാനം അവരെയെല്ലാം ഉപഹാരങ്ങൾ കൊടുത്ത് തിരിച്ചയച്ച സിദ്ധാർഥൻ അരികിൽനിന്ന മച്ചുനത്തിയുടെ മുമ്പിൽ മുട്ടുകുത്തിയാണ് തന്റെ പ്രണയം പറഞ്ഞതും വധുവാകാമോ എന്നു യാചിച്ചതും. അതും ഒരു തവണയല്ല; രണ്ടു തവണ.

the-paths-of-yashodhara-6

സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങിപ്പോവുമെന്നുള്ള പ്രവചനമോർമിപ്പിച്ച് പിതാവ് എതിർത്തിട്ടും അവൾ അവനു കൊടുത്ത വാക്കിൽ ഉറച്ചു നിന്നു.  പക്ഷേ പതിനാറാം വയസ്സിൽ കൈ പിടിച്ച് കൂടെക്കൂട്ടിയ കളിക്കൂട്ടുകാരൻ പതിമൂന്നു വർഷങ്ങൾക്കു ശേഷം, അതും മകൻ ജനിച്ച് ഏഴാം ദിവസം പടിയിറങ്ങിപ്പോയി.

അവളോട് നേരത്തെ പറഞ്ഞിരുന്നുവോ.. നമുക്കറിഞ്ഞു കൂടാ... പ്രസവം കഴിഞ്ഞയുടനെ ഇത്രയും വലിയ വിഷാദവും തിരസ്ക്കരണവും അവൾ നേരിട്ടതെങ്ങനെ.. അതു മറിഞ്ഞുകൂടാ. പക്ഷേ വീണ്ടും കൈ പിടിക്കാൻ വന്ന കുറെയേറെ രാജകുമാരൻമാരെ അവൾ നിരാകരിച്ചുവെന്നറിയാം. ബന്ധുക്കളാൽ നിർബന്ധിക്കപ്പെട്ടിട്ടും ചമയങ്ങളും കുറിക്കൂട്ടുകളും ഉപേക്ഷിച്ച് ഒഴുക്കൻ മഞ്ഞച്ചേലയും വീടുവിട്ട ഗൗതമന്റെ അതേ അല്പാഹാരച്ചിട്ടകളുമായി പരുക്കൻ നിലത്തുറങ്ങി കൊട്ടാരത്തിലെ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയെന്നറിയാം.

പക്ഷേ ഒരുപാടു നാളുകൾക്കു ശേഷം ബോധോദയമുണ്ടായി ബുദ്ധനായിത്തീർന്ന ഭർത്താവ് ഭിക്ഷാടനത്തിനായി കപിലവസ്തുവിൽ വന്നപ്പോൾ മകൻ രാഹുലനെ കണ്ടു നമസ്കരിക്കുവാൻ പറഞ്ഞയച്ചുവെങ്കിലും പോയിക്കാണാൻ അവൾ കൂട്ടാക്കിയില്ല. തന്നോട് സംസാരിക്കണമെങ്കിൽ തങ്ങളുടെ ശയ്യാഗൃഹത്തിൽ വച്ച് ഒറ്റയ്ക്ക് എന്നവൾ നിബന്ധന വച്ചു.

അവൾക്ക് അറിയാമായിരുന്നു അവന് അവളെത്തേടി വരാതിരിക്കാനാവില്ല എന്ന്. അതുപോലെ തന്നെ ശ്രീബുദ്ധൻ യശോധരയെ കണ്ട് വണങ്ങുവാൻ വന്നു. അവളാഗ്രഹിച്ചതു പോലെ അവരുടെ ഉറക്കറയിൽ വച്ച് തനിച്ചു സംസാരിച്ചു. അവളുടെ ത്യാഗം തന്റെ വഴികളെ ജന്മാന്തരങ്ങളിലേക്കു സഫലമാക്കിയെന്ന്  കുമ്പസാരിച്ചു.

ബുദ്ധൻ തിരിയെത്തന്നെ പോയി. തനിയെ.. വീണ്ടും തിരിഞ്ഞു നോക്കാതെ.. മകൻ രാഹുലനും കുറെ നാളുകൾക്കു ശേഷം ബുദ്ധന്റെ ചാരെ പോയി ദീക്ഷ സ്വീകരിച്ചു.

the-paths-of-yashodhara-7

യശോധരയോ? ‘ഖുദക നികായയും’ ‘തേരി ഗാഥ’യും (ചരിത്രത്തിൽ  ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ സ്ത്രീരചനയാണീ  ബുദ്ധഭിക്ഷുണിമാരുടെ പാട്ട്) സിംഹള ഭാഷയിലുള്ള ‘അപദാന’കളും പാരമ്പര്യങ്ങളും ഒക്കെ അവളുടെ പിന്നീടുള്ള കഥ പറയുന്നു. ബുദ്ധന്റെ ആന്തരിക പരിസരത്തു തന്നെ തമ്പു കെട്ടി പാർക്കാൻ അവൾ ആഗ്രഹിച്ചിരിക്കാം. അത്രയ്ക്ക് അഗാധമായിരുന്നു അവളുടെ പ്രണയം...

യശോധരയുടേതായി പാരമ്പര്യം പറയുന്ന ഒരു ബുദ്ധവർണനയുണ്ട്. ഉത്തമ ഗീതത്തിലെ കാമുകിയെപ്പോലെ  അത്ര അഭിനിവേശത്തോടെയാണവൾ ഗൗതമനെ വർണ്ണിക്കുക.. പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖവും കരിനീലപ്പീലികൾ ഇടതൂർന്ന നീലക്കണ്ണുകളും ചുവന്ന പാദങ്ങളും സുവർണ്ണനിറവും.. അങ്ങനെ അംഗപ്രത്യംഗവർണന.. പ്രേമപരവശയായ ഒരു പ്രണയിനിക്ക് മാത്രം അറിയുന്നതുപോലെ.. ചെഞ്ചുവപ്പ് രസനയെക്കുറിച്ചും ആഴമുള്ള മൃദുവായ സ്വരത്തെക്കുറിച്ചും പോലും പറയുന്നു.

അജന്താ ഗുഹകളിലെ ചുവർ ചിത്രങ്ങളിൽ വരച്ചു ചേർത്തിട്ടുള്ള, വിടർന്ന കണ്ണ്കളുമായി ഗൗതമനെ നോക്കി നിൽക്കുന്ന യശോധരയുടെ ശരീരഭാഷ പൂർണ്ണ അനുരാഗിണിയുടേതാണ്.  പ്രണയത്തിന്റെ വഴികളിലൂടെ നടന്നുനടന്ന് സുകൃതത്തിന്റെ പടവുകൾ കയറുകയാണ് യശോധര.

വൈകാരികതയുടെ ഒരു കഠിനകാണ്ഡം താണ്ടാൻ കഴിയുമ്പോൾ തെളിഞ്ഞു വരുന്ന ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒറ്റയടിപ്പാതകൾ. ആ ഒറ്റയടിപ്പാതകളൊക്കെ സംഗമിക്കുന്ന പ്രകാശത്തിന്റെ മലമുകൾ... ഏകാന്ത ബുദ്ധൻമാരുടെ സംഗം ശരണം....

the-paths-of-yashodhara-9

അവിടെയാണ് ഒരു അരങ്ങിൽ പല ചായങ്ങൾ അണിയേണ്ടിവന്ന ഒരുവളുടെ അവസാന അങ്കം. തുളസി പോലെ ശുദ്ധയും തീക്ഷ്ണയുമായ യോഗിനിയാവുക. 

മഹാപ്രജാപതി ഗൗതമി ആയിരുന്നു അവളുടെ പ്രകാശമുള്ള വഴികാട്ടിയും സഹയാത്രികയും. മഹാമായ മരിച്ചതിനു ശേഷം കുഞ്ഞുസിദ്ധാർഥന് അമ്മ തന്നെയായി മാറിയ പോറ്റമ്മ. ബുദ്ധന്റെയടുത്തേക്കുള്ള യശോധരയുടെ രണ്ടാം യാത്രയെ സുഗമമാക്കുക, അവളെ അനുയാത്ര ചെയ്യുക എന്നൊരു ധർമം കൂടി ആ സാധ്വിക്കുണ്ടായിരുന്നു. ശ്രീബുദ്ധന്റെ സ്നേഹപ്രതിരോധം മറികടന്ന് മുടി മുണ്ഡനം ചെയത് ഭിക്ഷുണികളാവാൻ പുറപ്പെട്ട അവരുടെ കൂടെ ഒരുപാട് അന്തഃപുരസ്ത്രീകളും ഉണ്ടായിരുന്നു.

രണ്ടു തലങ്ങളിലുള്ള സമാന്തര അന്വേഷണങ്ങളാണ് ഗൗതമന്റേതും യശോധരയുടേതും. ഒരാൾ പ്രകാശത്തിനു വേണ്ടി വീടുവിട്ടിറങ്ങിയെങ്കിൽ, അയാൾ ഉപേക്ഷിച്ചു പോയ ഉത്തരവാദിത്തങ്ങളെ കുലീനമായി നിറവേറ്റിക്കൊണ്ടാണ് മറ്റേയാൾ അതു ചെയ്തത്. കർമബന്ധങ്ങളെ അഴിച്ചു മാറ്റുന്ന രണ്ടു രീതികൾ. അഗാധമായ ആത്മീയതയും അനന്യമായ കരുണയുമുള്ള ഇണകൾ അവരുടെ ആത്മീയയാത്രയിൽ പരസ്പരം സഹായിക്കുന്നു. 

പിന്നീട് അനേകായിരം ബുദ്ധഭിക്ഷുണികളെ പുണ്യവഴികളിൽ നയിക്കുന്ന മഹാ ഭിക്ഷുണിയായി മാറി അവർ. ബോധോദയം ലഭിച്ച ആദ്യ ബുദ്ധ സന്യാസിനിമാരിൽ ഒരുവൾ. ഒടുവിൽ പരമോന്നത സുകൃതമായ സ്വച്ഛന്ദമൃത്യു എന്ന നിർവാണവും സാധ്യമായി.

എഴുപത്തിയെട്ടാം വയസ്സിൽ നിർവാണം പ്രാപിക്കുന്നതിനുമുന്നേ ബുദ്ധന്റെ അനുഗ്രഹം സ്വീകരിക്കാൻ ഗൗതമിക്കൊപ്പം യശോധര പോകുന്ന ഒരു രംഗം വർണിക്കുന്നുണ്ട് സിംഹളീസ് അപദാനയിൽ. ‘സർവ സുകൃതിനിയായ സ്ത്രീ’ എന്നാണ് ശ്രീബുദ്ധൻ യശോധരയെ വർണ്ണിക്കുന്നത് ഇതിൽ– ‘most virtuous woman’ 

the-paths-of-yashodhara-10

ബോധോദയം പ്രാപിക്കാൻ സഹായിച്ചതിന് ശ്രീബുദ്ധനോട് നന്ദി പറയുന്നുണ്ടെങ്കിലും ഗൗതമിയെപ്പോലെ യശോധര നിർവാണത്തിന് അനുവാദം ചോദിക്കുന്നതേയില്ല. സമുദ്രത്തിലേക്ക് ഒഴുകിയ ജലം ഒരിക്കലും തിരിച്ചൊഴുകാത്തതു പോലെ താൻ കർമബന്ധനത്തിൽനിന്ന് വിമുക്തയാവുകയാണെന്ന് ശ്രീബുദ്ധനെ അറിയിക്കുക മാത്രം ചെയ്യുന്നു. അവൾ പറയുന്നു: I am my own refuge... – ‘എന്റെ ശരണം ഞാൻ തന്നെയാണ്.’

ശ്രീബുദ്ധന്റെ കഥയുടെ അനുബന്ധമായി കണ്ണീരും സഹതാപവും തുല്യം ചേർത്ത് വരച്ചു ചേർത്ത ഒരു സുന്ദരീഛായാചിത്രമല്ല മനസ്സിൽ ഇനി യശോധര.. ദീപ്തമായ ആത്മീയ ഉന്നതിയിലേക്ക് സമാന്തര വഴികളിലൂടെയെങ്കിലും ഒരുമിച്ചു യാത്ര ചെയ്ത ഇണകളായി ശ്രീബുദ്ധനും യശോധരയും...

പ്രകാശത്തിന്റെ തുല്യ അവകാശികൾ...

..................................................

* അരുണാചൽ പ്രദേശിലെ വെസ്റ്റ് കെമങ് ജില്ലയിലെ ബുദ്ധവിഹാരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA