ADVERTISEMENT

ആരവിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ് നാലുമാസത്തിന് ശേഷം ഹോങ്കോങ്ങില്‍നിന്നു വേദനിപ്പിക്കുന്ന ഒരു അറിയിപ്പ് വന്നു. വത്സ വീണ്ടും രോഗബാധിതയായിരിക്കുന്നു. വൃക്ക മാറ്റിവയ്ക്കല്‍ കഴിഞ്ഞിട്ട് അപ്പോഴേക്കും എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഒരു ദിവസം പഴയ രോഗം വത്സയെ വീണ്ടും ആക്രമിച്ചു തുടങ്ങി. ഫിസിഷ്യന്‍സില്‍ നിന്നും മറ്റു വിദഗ്ധരില്‍നിന്നും ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ഒരു കിഡ്നി മാറ്റിവച്ചാല്‍ അത് സ്വീകര്‍ത്താവില്‍ 12 മുതല്‍ 20 വര്‍ഷം വരെയും ചില സന്ദര്‍ഭങ്ങളില്‍ അതിലും കൂടുതല്‍ കാലം നന്നായി പ്രവര്‍ത്തിക്കും. അതേസമയം ഏതെങ്കിലും ഗൗരവതരമായ അണുബാധ സ്വീകര്‍ത്താവിനെ ബാധിച്ചാല്‍ ആദ്യം തകരാറിലാവുന്ന അവയവം ദാനം കിട്ടിയ കിഡ്നിയാവും. മാറ്റി വയ്ക്കപ്പെട്ട കിഡ്നിയെ സ്വീകര്‍ത്താവിന്‍റെ ശരീരം പുറത്തുനിന്നു വന്ന ഒരു ‘വിദേശി’ ആയിട്ടാവും പരിഗണിക്കുക. അതുകൊണ്ടുതന്നെ ഏത് തരം അണുബാധയും ആദ്യം ബാധിക്കുന്നത് ഈ ‘വിദേശി’യെത്തന്നെയാവും. വത്സയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഒന്നരവര്‍ഷം മുന്‍പ് അവരെ ന്യൂമോണിയ ബാധിച്ചിരുന്നു.

സാവധാനം അവരുടെ കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചു. രണ്ടാമത് ഒരിക്കല്‍ കൂടി വൃക്കമാറ്റി വയ്ക്കല്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രണ്ടും മൂന്നും തവണ വൃക്ക മാറ്റി വച്ച രോഗികളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വാഭാവികമായും രണ്ടാം മാറ്റിവയ്ക്കല്‍ വീണ്ടും പ്രതീക്ഷ തന്നു. പ്രിയ അവളുടെ കിഡ്നികളിലൊന്ന് വത്സയ്ക്കു നല്‍കിയാല്‍ നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ അവരുടെ രക്തഗ്രൂപ്പുകള്‍ തമ്മില്‍ യോജിക്കുന്നില്ല. ജോച്ചന്‍ ഒരു ഹൃദ്രോഗിയായതു കൊണ്ട് കിഡ്നി ദാനം ചെയ്യാന്‍ സാധിക്കില്ല. വൃക്കദാനം ചെയ്യാന്‍ മനസ്സുളള മറ്റുളളവരിലേക്ക് ഞങ്ങള്‍ അന്വേഷണം വ്യാപിപ്പിച്ചു.

തൃശൂരിലുള്ള എന്‍റെ സഹോദരന്‍റെ സഹായത്തോടെ ഒരു ഡോണറെ സംഘടിപ്പിച്ചു. അതിനുളള അനുമതി സംബന്ധിച്ച എഴുത്തുകുത്തുകളും രേഖകളും സംഘടിപ്പിക്കാന്‍ തുടങ്ങി. അതേസമയം ഡോക്ടര്‍മാര്‍ വത്സയില്‍ പുതിയ പരിശോധനകള്‍ തുടങ്ങി. ആവര്‍ത്തിച്ചുളള ആശുപത്രി ദിനചര്യകള്‍ എല്ലാവരെയും മടുപ്പിച്ചു. പ്രിയ ബെംഗളൂരുവില്‍നിന്നു കൊച്ചിയിലെത്തി. പഴയ പ്രസരിപ്പോടെ വത്സയെ കാണാന്‍ ഞങ്ങളെല്ലാം അതിയായി ആഗ്രഹിച്ചു. ഈ സമയത്താണ് ഞാന്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കുന്നത്. എന്നോടൊപ്പമുളള ഒരുപാടു പേരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു തീരുമാനം.

ഒരു ദിവസം വത്സയുടെ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ചു കൊണ്ട് ഞങ്ങള്‍ വീടിന്‍റെ സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഞാന്‍ പറഞ്ഞു: 

‘ഞാന്‍ എന്‍റെ കിഡ്നി ആര്‍ക്കെങ്കിലും ദാനം ചെയ്യട്ടെ?’ വല്ലാത്ത ഒരു നിശ്ശബ്ദതയായിരുന്നു ഒപ്പമുള്ളവരുടെ മറുപടി. 

മറ്റുളളവരില്‍ ആ ചിന്ത ഉണ്ടാക്കാനിടയുളള പ്രത്യാഘാതങ്ങളെക്കുറിച്ച് ആ സമയത്ത് ഞാന്‍ തീരെ ബോധവാനായിരുന്നില്ല. മറ്റുളളവര്‍ സ്തബ്ധരായിരുന്നപ്പോള്‍ പ്രിയ മാത്രം സംഭ്രമം പ്രകടിപ്പിച്ചു. മറ്റുള്ളവര്‍ അപ്പോഴും നിശ്ശബ്ദരായി ഇരുന്നു. ഞാന്‍ എന്‍റെ മനസ്സില്‍ ഉടലെടുത്ത ആശയത്തിന് ശബ്ദം പകര്‍ന്നുവെന്നു മാത്രമേ ഉണ്ടായിരുന്നുളളു. ഇപ്പോഴും എനിക്കറിയില്ല എവിടെ നിന്നാണ് ആ അപരിചിതമായ ആശയം എന്‍റെ മനസ്സിലേക്കു വന്നതെന്ന്. ചാപല്യങ്ങളുടെയോ ഭാവനയുടെയോ ലോകത്ത് വിഹരിക്കുന്ന ഒരാളല്ല ഞാനെന്ന് എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കുമറിയാം. ആലോചിക്കാതെ എടുത്തുചാടി പ്രസ്താവനകള്‍ നടത്തുന്നതും എന്‍റെ രീതിയല്ല. കുടുംബത്തില്‍ മാത്രമല്ല ഞങ്ങളുടെ കമ്പനിയിലും ഈ വാര്‍ത്ത പ്രകമ്പനം സൃഷ്ടിച്ചു.

പ്രതിവര്‍ഷം 50% വളര്‍ച്ചാ നിരക്കില്‍ 5000 കോടി വിറ്റുവരവുളള പ്രസ്ഥാനമായി മാറുന്നത് സംബന്ധിച്ച ആസുത്രണങ്ങളിലും തയാറെടുപ്പുകളിലുമായിരുന്നു വി-ഗാര്‍ഡ് ആ സമയത്ത്. ആ തീരുമാനത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും അമരക്കാരനാണിത് പറയുന്നത്. ആയിരക്കണക്കിന് ഓഹരിയുടമകള്‍, ആയിരത്തിലേറെ ജീവനക്കാര്‍, നൂറുകണക്കിന് സ്റ്റോക്ഹോള്‍ഡേഴ്സ്, വിതരണക്കാര്‍, മുഖ്യസ്റ്റോക്കിസ്റ്റുകള്‍, ചില്ലറ വില്‍പനക്കാര്‍... ഇവരോടെല്ലാം ഉത്തരം പറയേണ്ട എനിക്ക് ഇത്തരമൊരു ചിന്തയെ അറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമോ?

പെട്ടെന്നുളള ആവേശത്തിന് എന്തെങ്കിലും വിളിച്ചു പറയുന്നവരുണ്ട്. അതിന്‍റെ വരുംവരായ്കകളെക്കുറിച്ച് അവര്‍ ചിന്തിച്ചിരിക്കില്ല. എന്നെ സംബന്ധിച്ച് ഒരു ചിന്ത മനസ്സില്‍ വന്നാല്‍ ദിവസങ്ങളോളം എടുത്ത് ആലോചിച്ച് എല്ലാ വശവും പഠിച്ചശേഷമേ പുറത്ത് വിടാറുളളൂ. 

ഒരിക്കല്‍ കൂടി ഞാന്‍ ആ ചോദ്യം ആവര്‍ത്തിച്ചു: ‘ആരോഗ്യവാനാണെങ്കില്‍ എന്തുകൊണ്ട് കിഡ്നി ഡൊണേറ്റ് ചെയ്തുകൂടാ?’

എന്‍റെ ഭാര്യ ഷീലയുടെ ഇരിപ്പും നോട്ടവും കണ്ടാലറിയാം ഒരു കാരണവശാലും ഇത്തരമൊരു കാര്യം അവര്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്. അറുപതുകാരനായ ഒരാളില്‍നിന്ന് ഇത്തരമൊരു കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പ്രിയ. ഞാനതിന് കുസൃതി കലര്‍ന്ന ഒരു മറുപടി കൊടുത്തു: ‘എനിക്ക് 59 വയസ്സേ ആയിട്ടുളളു. എന്തായാലും നമുക്ക് ഡോക്ടറോട് ചോദിക്കാം’

ഈ നേരം ഷീലയും അരുണും തുറിച്ചു നോക്കിക്കൊണ്ട് ഉത്തരം നല്‍കി. അവരതിന് വലിയ ഗൗരവം നല്‍കിയിട്ടില്ലെന്ന് എനിക്ക് തോന്നി. അവര്‍ അവരുടെ ദിനചര്യകളിലേക്ക് മടങ്ങി.

എല്ലാം കൊണ്ടും ഞങ്ങളുടെ ബിസിനസ് തൃപ്തികരമായി മുന്നോട്ടു പോകുന്ന സന്ദര്‍ഭം. സ്വാഭാവികമായും എനിക്കു തോന്നി, എന്‍റെ ജീവിതം കൊണ്ട് ഇതിനുമപ്പുറം വലിയ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാനുളള സമയമായിരിക്കുന്നു. ആ ചിന്ത മനസ്സില്‍ വലിയ ആഹ്ളാദം നിറച്ചു. ദിവസങ്ങള്‍ പിന്നിടുന്തോറും കിഡ്നി ദാനം ചെയ്യുക എന്ന ചിന്ത ശക്തിപ്പെട്ടു. അത് കൂടുതല്‍ തീവ്രമായിക്കൊണ്ടിരുന്നു. ഓര്‍ക്കുംതോറും ആവേശമുണര്‍ത്തുന്നതായി അത്. ശരീരത്തിലെ സുപ്രധാനമായ ഒരു അവയവം ഒരാളുടെ നന്മയ്ക്ക് വേണ്ടി ദാനം ചെയ്യുക. മറ്റെന്തെങ്കിലും അർഥം ആ പ്രവൃത്തിക്ക് ഞാന്‍ കല്‍പിച്ചിരുന്നില്ല. ആരെങ്കിലും ഒരാളോട് കരുണ കാട്ടുക എന്നത് മാത്രമായിരുന്നു അജൻഡ. ആരോഗ്യവാനായ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യജീവിക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ എന്‍റെ വൃക്കകളിലൊന്ന് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ അത് കൊടുക്കുക തന്നെ. അതിനപ്പുറം മറ്റൊന്നിനും ഇനി എന്‍റെ മനസ്സില്‍ സ്ഥാനമില്ല.

(തുടരും)

English Summary : Kochouseph Chittilappilly Life Series part - 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com