sections
MORE

ലോക്ഡൗണിലെ വിഷാദചിന്തകൾ എങ്ങനെ മറികടക്കാം?

overcome-depression-during-lock-down
പ്രതീകാത്മക ചിത്രം
SHARE

കോവിഡ്-19 മൂലമുള്ള ലോക്ഡൗൺ നിരവധിപ്പേരിൽ വിഷാദത്തിന് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കടുത്ത വിഷാദം പതിയെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ കാരണമാകുന്നു. ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയ്ക്കു പിന്നാലെ അദ്ദേഹം ആറു മാസമായി വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും ഉയർന്നു നിൽക്കുന്നവരും മാനസിക പ്രതിസന്ധികളിൽ നിന്നു മുക്തരല്ല എന്നിത് ഒന്നുകൂടി വ്യക്തമാക്കുന്നു.

കൊറോണ രോഗം സൃഷ്ടിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ചുറ്റിലുമുള്ളത്. ജോലി നഷ്ടപ്പെടുമോ, ബിസിനസ് തകരുമോ, ലോൺ എങ്ങനെ അടയ്ക്കും എന്നിങ്ങനെ ആശങ്കകള്‍ നിരവധിയുണ്ട്. ഒന്നും ചെയ്യാൻ സാധിക്കാതെ ഇരിക്കേണ്ടി വരുന്നതിന്റെ മടുപ്പ് ഒരു വശത്ത്. ജീവിത രീതിയിലെ മാറ്റങ്ങൾ പ്രണയ ബന്ധങ്ങളിലും ദാമ്പത്യത്തിലും വരെ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. 

കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ജീവിതം പഴയതുപോലെയാകാൻ ഇനിയും സമയം വേണ്ടിവരുമെന്നുറപ്പ്. ഇതെല്ലാം ചേർന്ന് വിഷാദത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തിലെ ചില ശീലങ്ങളിൽ മാറ്റം വരുത്തിയാൽ ഒരു പരിധിവരെ വിഷാദ ചിന്തകളെ  മറികടക്കാം. 

പ്രിയപ്പെട്ടവരോട് സംസാരിക്കാം

ഒറ്റപ്പെട്ടു കഴിയുന്നവർ നിരവധിയാണ്. ജോലി, ഭാവി എന്നിവയെക്കുറിച്ചുള്ള  ആശങ്കയിലൂടെയായിരിക്കും പലരും കടന്നു പോകുന്നത്. സംസാരിക്കാനും വേദന പങ്കുവയ്ക്കാനും സമീപത്ത് ആരുമില്ലെന്ന ചിന്ത ഉണ്ടാകാം. പ്രിയപ്പെട്ടവരോട് നേരിട്ടോ ഫോണിലൂടെയോ ഇത്തരം ചിന്തകൾ പങ്കുവയ്ക്കുന്നതിലൂടെ ഒരു പരിധിവരെ നിഷേധാത്മക ചിന്തകളെ മറികടക്കാൻ സാധിക്കും. ആരെയും വിളിക്കാൻ മടിക്കേണ്ടതില്ല. വിശ്വസ്തതയുള്ള, കേൾക്കുമെന്നുറപ്പുള്ള ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കാം, സംസാരിക്കാം.

ദിനചര്യ കാത്തു സൂക്ഷിക്കാം

ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവർ ഒരു ദിനചര്യ കാത്തുസൂക്ഷിക്കുന്നത് നല്ലതാണ്. വീട്ടിലിരുന്നു ജോലി ചെയ്യുന്നവർ ജോലിക്കു പുറമേ എന്തെല്ലാം ചെ്യതു തീർക്കാനുണ്ടെന്നു കുറിച്ചു വയ്ക്കുകയും അവ ഓരോന്നായി ചെയ്യുകയും ആവാം- പ്രധാനകാര്യങ്ങൾ ആദ്യം എന്ന രീതിയിൽ. എന്നാൽ ഒരു ജോലി ചെയ്തു തീർന്നില്ല എങ്കിൽ സ്വയം പഴിക്കാതിരിക്കുക. അതു ചെയ്തുതീർക്കാൻ അടുത്ത ദിവസം വിനിയോഗിക്കുക. ഒരു കാരണവശാലും വെറുതെ മടിപിടിച്ച് ചിന്തിച്ചിരിക്കരുത്. 

വ്യായാമം, മെഡിറ്റേഷൻ

ഒരു ദിവസം എഴുന്നേറ്റയുടൻ ഫോണിലേക്കു കണ്ണോടിക്കുന്നയാളാണോ നിങ്ങൾ, എങ്കിൽ ആ ശീലം ആദ്യം ഉപേക്ഷിക്കുക. അതിനു പകരം ചെറിയ വ്യായാമങ്ങളിലും യോഗ, ധ്യാനം പോലുള്ള മെഡിറ്റേഷനുകളിലും ഏർപ്പെടുന്നത് മനസ്സിന് സമാധാനവും നിയന്ത്രണവും നല്‍കും.

എഴുതാം

കൂടെയിരിക്കാനും സംസാരിക്കാനും ആരും അടുത്തില്ലെങ്കിൽ ചെയ്യാവുന്ന ഒരു കാര്യമാണ് എഴുതുക എന്നത്. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും മനസ്സിൽ തോന്നുന്നതും ഡയറിയിലോ നോട്ടു പുസ്തകത്തിലോ എഴുതിവയ്ക്കുക. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇതു സഹായിക്കും. 

മൊബൈൽ ഉപയോഗം നിയന്ത്രിക്കാം

ഒരു ദിവസം മണിക്കൂറുകളോളം മൊബൈൽ ഫോണിലും സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. അവിടെ കാണുന്ന നെഗറ്റീവ് വാർത്തകളും വിഷാദ ചിന്തകൾക്കു കാരണമാകുന്നുണ്ട്. ഒന്നിനും അഡിക്റ്റ് ആകുന്നത് നല്ലതല്ല. മൊബൈൽ മാത്രമാകരുത് ലോകം. മൊബൈൽ ഉപയോഗം കുറച്ച് മറ്റു ഹോബികൾക്ക് വേണ്ടിയും സമയം കണ്ടെത്തണം. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കും. 

വിദഗ്ധസഹായം തേടാൻ മടിക്കരുത്

വിഷാദചിന്തകൾ ഒരു പരിധി വരെ മറികടക്കാൻ മുകളിൽ പറഞ്ഞ വഴികൾ സഹായിക്കുമെങ്കിലും കടുത്ത വിഷാദരോഗമുള്ളവർക്കും ആത്മഹത്യാ ചിന്തകളുള്ളവർക്കും വിദഗ്ധരുടെ സഹായം കൂടിയേ തീരൂ. ചിലപ്പോഴെല്ലാം വിഷാദരോഗത്തിന് മരുന്നുകളും ആവശ്യമായി വന്നേക്കാം. 

എല്ലാവർക്കും ഇതൊരു പരീക്ഷണകാലമാണ്. നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കണം. കൂടെയുള്ളവരോട് സംസാരിക്കുന്നതും പ്രശ്നങ്ങളറിയുന്നതും പ്രധാനമാണ്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കിൽ അവർ പറയുന്നതു കേൾക്കാനും ആശ്വാസിപ്പിക്കാനും മടിക്കരുത്. ഒരുപക്ഷേ നമ്മുടെ ഒരു ആശ്വാസ വാക്കായിരിക്കാം ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

English Summary : Overcome Depression

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA