വിഷാദമാണെന്ന് തിരിച്ചറിയുന്നവരുടെ അവസ്ഥ ഭയാനകം

depression-consumes-life
SHARE

ഏതാനും മണിക്കൂറുകൾ മാത്രം മുമ്പ് ജീവനൊടുക്കിയൊരാൾ സ്ക്രീനിൽ ഉറക്കെച്ചിരിക്കുന്നതും പ്രണയം പറയുന്നതുമൊക്കെ കാണുന്നത് വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു ഫീൽ ആണ്. ഇന്നലെ രാത്രി വൈകി ചിച്ചോരെയും ദ് അൺടോൾഡ് സ്റ്റോറിയുമൊക്കെ കണ്ടിരുന്നപ്പോൾ ഞാൻ അപ്പോഴില്ലാത്ത ആ നായകന്റെ ശൂന്യത കൂടി ചേർത്തു സങ്കൽപിക്കുകയായിരുന്നു. വിഷാദരോഗത്തിന്റെ അതിജീവനകഥകൾ ദീപിക പദുക്കോണിന്റേത് ഉൾപ്പെടെ നാം മുൻപും കേട്ടിട്ടുണ്ട് ബോളിവുഡിൽനിന്ന്. പക്ഷേ വിഷാദത്തെ അതിജീവിക്കാനാകാതെ പോയവരുടെ കഥകളുണ്ട്. സുശാന്തിനെപ്പോലെ എപ്പോഴോ എവിടെവച്ചോ കഥയവസാനിപ്പിച്ചതുകൊണ്ടുമാത്രം നാം കേൾക്കാതെ പോയ കഥകൾ. 

നിങ്ങൾ നിങ്ങളുടെ ഓരോ ദിവസത്തെയും ഡയറിയിൽ പകർത്തുന്നവരാണെങ്കിൽ അതിൽ ഏതെങ്കിലുമൊക്കെ താളുകളിൽ കണ്ണീരിൽ കുതിർന്ന കൈപ്പടയിൽ നിങ്ങളുടെ വിഷാദഗന്ധികളെ വരച്ചുവയ്ക്കാതിരിക്കാൻ ഇടയില്ല. കാരണം നമ്മളിൽ പലരും ഇതിനു സമാനമായ വിഷാദാവസ്ഥകളിലൂടെ കടന്നുപോയവരാണ്. ചിലർക്കത് നൈമിഷികമാണെങ്കിൽ മറ്റു ചിലർക്കത് വർഷങ്ങൾ നീണ്ട വേവുകാലമാണ്. ജീവിതത്തിലെ ഉന്മാദങ്ങളെ കണ്ടെത്താനാകാതെ പോകുന്നവരെ പോലെ വിഷാദത്തെയും തിരിച്ചറിയാനാകാതെ പോകുന്നവരുമുണ്ട്. അവർ ഒരു തരത്തിൽ ഭാഗ്യമുള്ളവരാണ്. ഒരേ മരവിപ്പിന്റെ മഞ്ഞുകൂടാരത്തിനകത്ത് ഒരു നോവിന്റെയും വേവറിയാതെ എങ്ങനെയോ കഴിച്ചുകൂട്ടിക്കൊള്ളും. 

വിഷാദമാണെന്ന് തിരിച്ചറിയുന്നവരുടെ അവസ്ഥയാണ് ഭയാനകം. പുറംകാഴ്ചയിൽ സന്തോഷവതിയെന്നു തോന്നിപ്പിക്കുന്ന ചിലരുടെയൊക്കെയുള്ളിൽ സങ്കടങ്ങളുടെ കടലിരമ്പുന്നതായി തോന്നാറില്ലേ. അടക്കിവയ്ക്കുന്ന കരച്ചിലുകളെ കടിച്ചമർത്താനാണ് അവർ കടുംനിറങ്ങളിലുള്ള ചായങ്ങൾ വാരിത്തൂകുന്നതെന്നു തോന്നാറില്ലേ. ഗുണനപ്പട്ടികയുടെ ചതുരവടിവിലുള്ള ചില ജീവിതങ്ങൾ കാണുമ്പോൾ തന്നെ അറിയാം അവർ കൂട്ടിക്കിഴിച്ചു മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങളിലെ ചുവന്ന അടിവരകൾ... ചിലർ അങ്ങനെ ആരോടുമൊന്നും പറയാതെ അവരവരോടു പോലും പറയാതെ കലണ്ടർതാളുകൾക്കുവേണ്ടി ജീവിച്ചുതീർക്കും. മറ്റു ചിലർ പൊട്ടിത്തെറിക്കും. മൂന്നാമത്തെകൂട്ടർ പൊട്ടിത്തകർന്നു തരിപ്പണമാകും. 

ജെനുവൻ ആയി ജീവിക്കാൻ കഴിയുക എന്നത് ഒരു മഹാഭാഗ്യമാണ്. അപൂർവം പേർക്കേ സാധിക്കൂ. ഉറക്കെയൊന്നു കരയാൻ തോന്നുമ്പോൾ കരയാനും നാലുവാക്ക് പച്ചത്തെറി വിളിച്ചുകൂവാനും കയ്യോങ്ങാനും തനിച്ചിരിക്കാനും 'എന്നെ എന്റെ പാട്ടിനു വിട്ടേ'ക്കെന്ന് പറഞ്ഞ് ചിലപ്പോഴെങ്കിലും തിരിഞ്ഞുനടക്കാനും നമ്മളിൽ എത്രപേർക്കു കഴിയും.. കുടുബം, പാരമ്പര്യം, സമൂഹം, അന്തസ്, ഭാവി തുടങ്ങി എന്തെല്ലാം വഴിമുടക്കികൾ. ഇതൊക്കെയോർത്ത് കോംപ്രമൈസ് ചെയ്യാൻ തീരുമാനിക്കുന്നവർ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുക. അല്ലെങ്കിൽ എന്തും വരട്ടെയെന്നു കരുതി ജെനുവൻ ആയി ജീവിക്കുക. ഇതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ ചോയ്സ് ആണ്. അല്ലാതെ ശരിതെറ്റുകൾ പറയാൻ കഴിയില്ല.

കെട്ട്യോനും പിള്ളേരും കഞ്ഞികുടിക്കാൻ വകയുമില്ലേ എന്നാശ്വസിച്ച് കോംപ്രമൈസ് ചെയ്തു ജീവിക്കുന്ന എത്രയോ പെണ്ണുങ്ങളുണ്ട്. ചേരിയിലെ പാട്ടും നൃത്തവുമായി ഒതുങ്ങിപ്പോകുന്ന എത്രയോ കലാകാരന്മാരുണ്ട്. അവർക്കൊന്നും വിഷാദം ഇല്ലാഞ്ഞിട്ടല്ല. അതും ഒരു സർവൈവൽ രീതിയാണ്. ഈ ഡിപ്രഷൻ എന്നൊക്കെ പറയുന്നത് വളരെ സബ്ജക്ടീവ് ആണ്. ചിലർ വല്ലാതെ സയലന്റായും ചിലർ വല്ലാതെ ബഹളംവച്ചുമൊക്കെ അതിനെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. 

ഏറെക്കാലമായി ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് മറഞ്ഞിരുന്ന ഒരു കൂട്ടുകാരി ഈയടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ അതീവ ആക്ടീവ് ആണ്. സ്വന്തം ഫോട്ടോയും പോസ്റ്റുമൊക്കെയായി വളരെ സജീവം. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൾ പറഞ്ഞു, അടുത്ത ദിവസത്തെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ആലോചനയും അതിനുള്ള ഒരുക്കങ്ങളുമാണ് ഓരോ ദിവസവും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന്.

കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും അങ്ങനെ ഓരോ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ചെയ്യാൻ വേണ്ടി ചെയ്തുകൂട്ടി ദിവസങ്ങൾ തള്ളിനീക്കുന്നവരുണ്ട്. ഒരിക്കലും ഒരു കൗൺസിലിങ് മുറിയിലേക്കോ മറ്റോ തന്റെ പ്രശ്നക്കെട്ടുകളുമായി ടോക്കൺ എടുത്ത് പോകാനാഗ്രഹിക്കാത്തവരുണ്ട്. അവർക്ക് ഡിപ്രഷൻ അവരുടെ പ്രൈവസിയാണ്. പിന്നെ തേഡ് പാർട്ടി ആംഗിളിൽ വെറുതെ ഉപദേശിക്കാം, ഡിപ്രഷൻ ഉണ്ടെങ്കിൽ തുറന്നു പറയൂ, കൗൺസിലറെ കാണൂ എന്നൊക്കെ. അതിനു സാധിക്കുന്നവർ ചെയ്തുകൊള്ളട്ടെ. അല്ലാത്തവരുമുണ്ട്. അവരുടെ സ്വകാര്യതയെകൂടി നാം മനസ്സിലാക്കിയേ മതിയാകൂ.. കാരണം അതും വിഷാദരോഗത്തിന്റെ ഭാഗമാണ്. അവർക്ക് അവരെ ഒരിക്കലും തുറന്നുവയ്ക്കാൻ കഴിയണമെന്നില്ല... മറ്റാരെങ്കിലുമോ എന്തെങ്കിലുമോ അവരുടെ അടഞ്ഞ ജാലകങ്ങളിൽ നിരന്തരം മുട്ടിവിളിക്കാൻ ഉണ്ടെങ്കിൽ അവർ എങ്ങനെയെങ്കിലുമൊക്കെ അതിജീവിക്കുമെന്ന് ആശ്വസിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA