ഇരുട്ടിന്റെ രാജാവ്, മരണമില്ലാത്തവൻ, മന്ത്രവാദി ; പ്രേക്ഷകരെ വിസ്മയിപ്പിച്ച അണ്ടർടേക്കറിന്റെ ജീവിതം

HIGHLIGHTS
  • യഥാർഥ പേര് മാർക്ക് വില്യം കാലവേ
  • 30 വർഷം നീണ്ട കരിയറിന് അവസാനം
life-story-of-wwe-undertaker
SHARE

ഇരുട്ട്, പുക, മണിയൊച്ച ഇതെല്ലാം പ്രതീകങ്ങളാക്കിയുള്ള എൻട്രി. കണ്ണുരുട്ടി, നാവ് നീട്ടി, കറുത്ത വസ്ത്രം ധരിച്ച് എതിരാളിക്ക് പിന്നില്‍ പ്രത്യക്ഷപ്പെടുന്നയാൾ. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ജനിച്ചവരെ കോരിത്തരിപ്പിക്കാന്‍ ഈയൊരു സീൻ ധാരാളം. റിങ്ങിൽ അയാളുടെ പേര് ‘അണ്ടർടേക്കർ’, ലോകമെങ്ങുമുള്ള പ്രേക്ഷകരെ ഭയപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്ത ആൾ. മറ്റൊരു വൻകരയിലിരുന്ന് റസ്‌ലിങ് റിങ്ങിൽ അണ്ടർടേക്കർ എതിരാളികളെ മലർത്തിയടിക്കുമ്പോള്‍ ഇങ്ങ് കേരളത്തിലെ ഗ്രാമങ്ങളിൽ വരെ ആവേശവും അദ്ഭുതവും നിറ‍ഞ്ഞു. എത്രയോ ചർച്ചകൾ നടന്നു. കളിസ്ഥലത്തും വീടിനുള്ളിലും ക്ലാസ് മുറികളിലും നടന്ന തല്ലുകളിൽ അയാളെ അനുകരിച്ചു. 

ഈ പ്രകടനത്തിന് അവസാനം കുറിച്ച് അണ്ടർടേക്കർ റസ്‌ലിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വാർത്ത തെല്ലൊന്നുമല്ല ആരാധകരെ വേദനിപ്പിച്ചത്. അഭിനയവും റസ്‌ലിങ്ങും കൂടിക്കലർന്ന വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിലെ (ഡബ്ല്യുഡബ്ല്യുഇ) മുടിചൂടാ മന്നനായിരുന്നു അണ്ടർടേക്കർ എന്ന റിങ് നെയിമിൽ അറിയപ്പെട്ട മാർക്ക് വില്യം കാലവേ. 30 വർഷം നീണ്ട കരിയറിന് 55-ാം വയസ്സിൽ അവസാനം കുറിക്കുന്ന മാർക്ക് വില്യം കാലവേയുടെ ജീവിതത്തിലൂടെ......

ബാസ്‌കറ്റ്‌ബോൾ to റസ്‌ലിങ്

1965 മെയ് 24 ന് അമേരിക്കയിലെ ടെക്സസിൽ ഫ്രാങ്ക് കോംപ്സ്റ്റർ കാലവേയുടെയും ബെറ്റി കാതറിൻ ട്രൗബിയുടെയും അഞ്ച് ആൺമക്കളിൽ ഇളയവനായി ജനനം. സ്കൂൾ കാലത്ത് ബാസ്കറ്റ് ബോളിനോടും ഫുട്ബോളിനോടുമായിരുന്നു കമ്പം. മികച്ച ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്ന കാലവേ ടെക്സസിലെ വെസ‌്‌ലിയൻ സർവകലാശാലയിൽ കോളേജ് പഠനം പൂർത്തിയാക്കിയത് ബാസ്കറ്റ് ബോൾ സ്കോളർഷിപ്പോടെയായിരുന്നു. കോളജ് കാലഘട്ടത്തിൽ മിക്സ്ഡ് മാർഷ്യൽ ആർട്സിൽ തോന്നിയ കമ്പമാണ് പ്രഫഷനൽ റസ്‌ലിങ്ങിലേക്ക് വഴിതിരിച്ച് വിടുന്നത്.

the-undertatker-3

കിരീടങ്ങളുടെ രാജാവ്

1987 ൽ വേൾഡ് ക്ലാസ് ചാമ്പ്യൻഷിപ്പിലൂടെയാണ് തുടക്കമെങ്കിലും 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലെത്തുന്നത്. മറ്റൊരു പ്രഫഷനൽ റസലറായ ഹൾക്ഹോഗന്‍ വഴിയാണ് ഈ എൻട്രി. ആദ്യ മത്സരത്തിൽ പരാജിതനായെങ്കിലും പിന്നീട് കാലവേയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ‘മാസ്റ്റർ ഓഫ് പെയ്ൻ’ എന്ന പേരിലെത്തി, തുടര്‍ന്നു വന്ന വേൾഡ് ഹെവി വെയ്റ്റ് ചാംപ്യൻഷിപ്പിൽ അന്നത്തെ ഏറ്റവും മികച്ച പ്രഫഷനൽ റസ്‌ലർ ജെറി ലവ്‌ലയെ പരാജയപ്പെടുത്തി. പിന്നീട് 7 തവണയാണ് ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് കാലവേ സ്വന്തമാക്കിയത്. വാർഷിക ഇവന്റായ റസ്ൽമാനിയയിൽ 1991 മുതൽ 2013 വരെ തുടർച്ചയായി 21 വിജയങ്ങൾ നേടിയിട്ടുണ്ട്. 

the-undertatker-1

റിങ് നെയ്മുകൾ

പ്രഫഷനൽ റസ്‌ലിങ്ങിൽ റിങ് നെയ്മുകൾ സർവസാധരണമാണ്. പല കാലത്തായി എട്ടോളം പേരുകളിലാണ് കാൽവേ റിങ്ങിലെത്തിയിട്ടുള്ളത്. മാസ്റ്റർ ഓഫ് പെയ്ൻ, മാർക്ക് കാലസ്, ദ് പണിഷർ, ടെക്സസ് റെഡ്, കെയ്ൻ ദി അണ്ടർടേക്കർ തുടങ്ങിയവയാണ് അതിൽ ചിലത്. 

the-undertatker-6

കെയ്ൻ ദി അണ്ടർടേക്കർ

ഇടി മാത്രമല്ല മാസ് എൻട്രികളും പഞ്ച് ഡയലോഗുകളും ഡബ്ല്യുഡബ്ല്യുഇയിൽ പ്രധാനമായിരുന്നു. അത്തരത്തിൽ ഒരു കംപ്ലീറ്റ് പെർഫോമർ തന്നെയായിരുന്നു അണ്ടർടേക്കർ. 1997ൽ ‘കെയ്ൻ ദി അണ്ടർടേക്കർ’ എന്ന പേരിൽ ഡബ്ല്യുഡബ്ല്യുഇയിൽ സഹോദര റസ്‌ലർമാരെ അവതരിപ്പിച്ചു. കഴുത്തിലെ പിടുത്തമാണ് രണ്ടു പേരുടെയും മാസ്റ്റർ പീസ്. പിന്നീട് ഇരുവരും പിരിഞ്ഞു. പല ഭാവങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇരുട്ടും പുകയും കറുത്ത വസ്ത്രം ധരിച്ചും ശവപ്പെട്ടിയിൽ യാത്ര ചെയ്തുമൊക്കെ ‘അണ്ടർടേക്കർ’ ലോകമാതെ തരംഗം തീർത്തു. ‘റെസ്റ്റ് ഇൻ പീസ്’ ആയിരുന്നു ഏറ്റവും പഞ്ച് ഡയലോഗ്.

the-undertatker-5.

ഡെഡ്മാൻ അണ്ടർടേക്കർ

ആരാധകർക്കിടയിൽ ‘ഡെഡ്മാൻ’ എന്നായിരുന്നു അണ്ടർടേക്കർ അറിയപ്പെട്ടത്. ഒരുപാട് നിറം പിടിപ്പിച്ച കഥകളും ഇതിനൊപ്പം പ്രശ്സതി നേടി. ‘മരണശേഷം തിരിച്ചുവന്നവനാണ് അണ്ടർടേക്കർ, മന്ത്രവാദം അറിയാം’ എന്നിങ്ങനെ നീളുന്ന കഥകൾ അദ്ദേഹത്തിന്റെ വിജയങ്ങളേക്കൾ പ്രശസ്തമായിരുന്നു. ഇന്റർനെറ്റ് സജീവമല്ലാതിരുന്ന കാലഘട്ടത്തില്‍ ഈ കഥകൾക്ക് വിശ്വാസ്യത വളരെ കൂടുതലായിരുന്നു.

തൊണ്ണൂറുകളിൽ പരുക്ക് മൂലം റിങ്ങിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്ന അണ്ടർടേക്കർക്ക് പകരമായി ബ്രിയാൻ ലീ എന്നൊരു ‘അണ്ടർഫേക്കറെ’ ഡബ്ല്യുഡബ്ല്യുഇയ്ക്ക് കൊണ്ടു വരേണ്ടിവന്നു. എന്നാൽ ഈ ഫേക്കിങ്ങ് അധികകാലം നീളു മുന്നേ ഇരുട്ടിന്റെ രാജാവായി അണ്ടർടേക്കർ തിരിച്ചെത്തുകയും ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു.

the-undertatker-2

മൂന്നു വിവാഹം, നാലു മക്കൾ

കാലവേ മൂന്നു തവണയാണ് വിവാഹിതനായത്. ഈ മൂന്നു ബന്ധങ്ങളിലായി നാല് മക്കളുണ്ട്. 1989ലാണ് ജോഡി ലിന്നുമായാണ് ആദ്യ വിവാഹം. ഈ ബന്ധത്തിൽ ഒരു മകനാണുള്ളത്. പത്തു വർഷത്തെ ദാമ്പത്യത്തിനുശേഷം 2000ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് സാറാ ഫ്രാങ്കിനെ വിവാഹം ചെയ്തു. 2007 ൽ അവസാനിച്ച ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. ഇപ്പോഴത്തെ ഭാര്യ മിഷേൽ മക്കൂൽ റസ്‌ലിങ് താരമാണ്. ഈ ബന്ധത്തിൽ ഒരു മകളാണുള്ളത്. 17 മില്യനാണ് താരത്തിന്റെ ആസ്ഥി.

വെള്ളിത്തിരയിലെ അണ്ടർടേക്കർ

ഹൾക്ക് ഹോഗൻ നായകനായ ‘സബർബൻ കമാൻഡോ’ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് അണ്ടർടേക്കർ സിനിമയിലെത്തിയത്. പിന്നീട് 4 സിനിമകളിലും ഏതാനും ടിവി സീരീസുകളിലും അഭിനയിച്ചു. 

the-undertatker-4

ആരാധകരുടെ പ്രതീക്ഷ

അൻപത്തിയഞ്ചാം വയസ്സിൽ 25-2 എന്ന നിലയിൽ ഈ വർഷത്തെ റസിൽമാനിയ ജയിച്ചാണ് റിങ്ങിൽ നിന്ന് വിട പറയാൻ കാലവേ തീരുമാനിച്ചത്. ‘ലാസ്റ്റ് റൈഡ്’ എന്നപേരിൽ ഒരു ഡോക്യുമെന്ററി സീരീസ് തന്നെ പുറത്തിറക്കിയാണ് ഇതിഹാസ താരത്തെ ഡബ്യൂഡബ്യൂഇ യാത്രയാക്കുന്നത്. എന്നാൽ ‘മരിച്ചിട്ടും തിരിച്ചു വന്ന’ അണ്ടർടേക്കർ വീണ്ടും റിങ്ങിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വെറുതെ വന്നു വേഗം പോകുന്ന നിരവധി റസ്‌ലർമാര്‍ ഡബ്യൂഡബ്യൂഇയിലുണ്ടായിട്ടുണ്ട്. എന്നാൽ 30 വർഷം ആരാധകരെ രസിപ്പിച്ച കാലവേയുടെ വിട പറച്ചിൽ അങ്ങനെയല്ല. ഡബ്യൂഡബ്യൂഇയുടെ ഒരു കാലഘട്ടത്തിനാണ് അവസാനമാകുന്നത്.

English Summary : life story of wwe undertaker

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA