കോവിഡ് പ്രതിസന്ധി, തേങ്ങ വിറ്റ് എംബിഎക്കാരൻ; ജീവിതം തിരികെ പിടിച്ചത് ഇങ്ങനെ

joseph-mba-graduate-became-coconut-seller-to-overcome-financial-troubles
SHARE

ഉന്നത വിദ്യാഭ്യാസം നേടിയതിനാൽ ഇനി വൈറ്റ് കോളർ ജോലി മാത്രേ ചെയ്യൂ എന്ന് വാശി പിടിക്കുന്നവർ ആലപ്പുഴ സ്വദേശിയായ ജോസഫ് സൂസൻ ജെയിംസിനെ കുറിച്ചറിയണം. ഈ എംബിഎ ബിരുദധാരി ഇന്ന് കുട്ടനാട്ടിലെ നാളികേര വിൽപ്പനക്കാരനാണ്. ഒരു എംബിഎ ബിരുദധാരി തേങ്ങ കച്ചവടത്തിലേക്ക് ഇറങ്ങുന്നു എന്ന് കേട്ടപ്പോൾ മൂക്കത്ത് വിരൽ വച്ചവർ നിരവധിയാണ്. എന്നാൽ നിലനിൽപ്പിന്റെ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കോവിഡ് കാലത്ത് അത്തരം എതിർപ്പുകൾക്ക് ജോസഫ് പിടി നൽകിയില്ല. കർഷകരിൽ നിന്നും നാളികേരം ശേഖരിച്ച് പൊതിച്ച് ചില്ലറ വില്പന നടത്തുക എന്ന തീരുമാനവുമായി ജോസഫ് മുൻപോട്ട് പോയി.

ഷാർജയിൽ അകൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു ജോസഫ്. ഭാര്യയ്ക്ക് ശാരീരികമായി ചില പ്രശ്നങ്ങൾ അനുഭവപ്പടുകയും തുടർചികിത്സ അനിവാര്യമായി വരികയും ചെയ്ത സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരാതെ തരമില്ലെന്നായി. നാട്ടിലെത്തി കൊച്ചി കേന്ദ്രീകരിച്ച് ഒരു പാഴ്‌സൽ സർവീസ് തുടങ്ങി. ബിസിനസ് മെല്ലെ പച്ചപിടിച്ചു വരുന്ന അവസ്ഥയിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ. അതോടെ പാഴ്‌സൽ, കൊറിയർ സർവീസുകൾ നിലച്ചു. പ്രാരംഭവസ്ഥയിലുളള ഒരു സ്ഥാപനത്തിന് തിരിച്ചടി നേരിടാൻ ഇതിൽ പരം എന്ത് വേണം?  നിലനിൽപ്പിനായി മറ്റെന്തെങ്കിലും വഴി നോക്കിയേ തീരൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

‘‘പല സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും തൊഴിലാളികളെ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന അവസ്ഥയിൽ ജോലിക്കായി അപേക്ഷ അയച്ച് കാത്തിരിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്കു തോന്നി. എംബിഎ ബിരുദത്തിനും ഇത് വരെയുള്ള പ്രവൃത്തി പരിചയത്തിനും കൊറോണക്കാലത്ത് ഒരു കടലാസിന്റെ വിലയേ ഉള്ളൂ എന്നു ഞാൻ തിരിച്ചറിഞ്ഞു. വീട്ടുചെലവ്, ഭാര്യയുടെ ചികിത്സ എന്നിങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുവശത്ത്. അതിനാൽ ബിരുദം ലോക്കറിൽ വച്ച് വരുമാനത്തിനുള്ള വഴികൾ തേടാൻ തീരുമാനിക്കുകയായിരുന്നു’’– ജോസഫ് പറഞ്ഞു.

അടുത്ത സുഹൃത്ത് വെളിച്ചെണ്ണയുടെ വ്യാപാരം നടത്തുന്നുണ്ടായിരുന്നു. അങ്ങനെയാണ് തേങ്ങയുടെ വിപണിയെ പറ്റി മനസ്സിലാക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന രാസവസ്തുക്കൾ ഇട്ട് വിളയിച്ചെടുത്ത നാളികേരത്തിന് പകരം വിളഞ്ഞ കുട്ടനാടൻ നാളികേരം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഗുണകരമാകും എന്ന് തോന്നലും ഇതിലൂടെ ഉണ്ടായി. 

‘നാടൻ തേങ്ങ വില്പനയ്ക്ക്, വീടുകളിൽ എത്തിച്ചു തരും’ എന്നൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാണ് തുടങ്ങിയത്.   ആളുകളുടെ പ്രതികരണം അറിയുന്നതിനായാണ് ഇങ്ങനെ ചെയ്തത്. ആ പോസ്റ്റിനു കിട്ടിയ പിന്തുണയാണ് നാടൻ നാളികേരത്തിന്റെ വില്പനയിലേക്ക് എത്തിച്ചത്. പാഴ്‌സൽ സർവീസിനു വേണ്ടി ഒരു പിക്കപ്പ് വാൻ വാങ്ങിയിരുന്നു. അത് ഗുണകരമായി. 1000 തേങ്ങ കർഷകരിൽ നിന്നും അടുത്തുള്ള വീടുകളിൽ നിന്നുമായി ശേഖരിച്ച് ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുത്തു. മികച്ച വരുമാനം ലഭിച്ചു തുടങ്ങിയതോടെയാണ് കൂടുതൽ തേങ്ങ ശേഖരിച്ചു തുടങ്ങിയത്. അങ്ങനെ അതിപ്പോൾ ‘ഈഡൻ ഗാർഡൻ കോക്കനട്ട് ആൻഡ് ഓയിൽസ്’ എന്ന സ്ഥാപനം മാറിയിരിക്കുന്നു’– ജോസഫ് പറഞ്ഞു.

ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് നിലവിൽ തേങ്ങ എത്തിച്ചു നൽകുന്നത്. കുട്ടനാടൻ പ്രദേശത്ത് നിന്നുമാണു കൂടുതൽ തേങ്ങയും ശേഖരിക്കുന്നത്. തുടക്കത്തിൽ ചില്ലറ വിൽപന മാത്രമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ മൊത്തവില്പനയും ചെയ്യുന്നുണ്ട്. വീട്ടിലും ഭാര്യവീട്ടിലുമായി തേങ്ങയുടെ ശേഖരണത്തിനും വിൽപനയിക്കുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോവിഡ്, ജീവിതം, അതിജീവനം

ഈ കാലത്ത് നിലനിൽപ്പിനാണ് പ്രാധാന്യമെന്ന് ജോസഫ് പറയുന്നു. എല്ലാ ജോലിക്കും മഹത്വമുണ്ട്. ലോകം പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ബിരുദം കൊണ്ട് ആശിച്ച ജോലി കിട്ടണമെന്നില്ല. ജീവിച്ചേ തീരു. അതിനുവേണ്ടി കഷ്ടപ്പെടാൻ തയാറാകണം. ഓണ്‍ലൈനിലൂടെ പ്രെമോഷൻ ചെയ്ത് ഭാര്യ ജോസഫിന് പിന്തുണ നൽകുന്നുണ്ട്. പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പടെയുള്ളവർ ജോസഫിനെ വിളിച്ച് ഇത്തരം ജോലികളുടെ സാധ്യത അന്വേഷിക്കുന്നുണ്ട്. കഴിയുന്ന രീതിയിൽ എല്ലാവർക്കും ജോസഫ് പിന്തുണ നല്‍കുന്നു.

English Summary : Life of Joseph, a mba graduate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA