ADVERTISEMENT

എറണാകുളം നോർത്ത് പറവൂർ സ്വദേശി ജിൻസനും മുത്തശ്ശി മേരി ജോസഫ് മാമ്പിള്ളിയും ടിക്ടോക്കിലെ സൂപ്പർ താരങ്ങളാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ‘അമ്മാമയ്ക്കും കൊച്ചുമോനും’ 7.5 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. നിരവധി ആരാധകരെയും സുഹൃത്തുക്കളെയും നേടികൊടുത്ത ടിക്ടോക്കിന് പൂട്ട് വീഴുമ്പോൾ അതൊന്നും അമ്മാമയേയും കൊച്ചുമോനെയും ബാധിച്ചിട്ടില്ല. രാജ്യസുരക്ഷയ്ക്ക് ആണ് പ്രാധാന്യം, അതിലും വലുതല്ല ടിക്ടോക്. മാത്രമല്ല ഫെയ്സ്ബുക്, യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നിങ്ങനെ വേറെയും പ്ലാറ്റ്ഫോമുകളുണ്ടല്ലോ, അതിലൂടെ വിഡിയോകൾ ചെയ്യും എന്നാണ് ജിൻസന്‍ പറയുന്നത്. 

ടിക്ടോക്കിലെ തുടക്കം

87 വയസ്സുണ്ടെങ്കിലും സമാനപ്രായക്കാരിൽ നിന്നും അമ്മാമ ഏറെ വ്യത്യസ്തയാണ്. നല്ല ഹ്യൂമർ സെൻസ് ഇപ്പോഴുമുണ്ട്. ഏറെ അവിചാരിതമായാണ് അമ്മാമ ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. ടിക്ടോക്കും ലിപ് സിങ്ക് വിഡിയോകളും തരംഗമാകുന്ന കാലം. അമ്മമ്മയോട് ചുമ്മാ ഇതേപ്പറ്റി പറഞ്ഞപ്പോൾ ചെയ്തു നോക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ തുടങ്ങിയ അഭിനയമാണ് ഇപ്പോൾ അമ്മാമയെ  ചെറിയയൊരു സെലിബ്രിറ്റിയാക്കി മാറ്റിയത്.

ടിക്ടോക് വിഡിയോകൾ വിജയം കണ്ടതോടെ വെബ് സീരീസുകൾ ചെയ്യാൻ ആരംഭിച്ചു. വെബ് സീരീസ് ഹിറ്റ് ആയതോടെ ഞങ്ങളുടെ അമ്മാമ നാട്ടുകാരുടെ മുഴുവൻ അമ്മാമയായി. അമ്മാമയ്ക്ക് ഇതെല്ലാം വലിയ ആവേശമാണ്.

കലയ്ക്കല്ലല്ലോ നിരോധനം

ടിക്ടോക്കിലൂടെയാണ് ഞങ്ങൾ താരമായത്. ആരും അറിയാതിരുന്ന അമ്മാമയെ മലയാളികളുടെ മുഴുവൻ അമ്മാമയാക്കിയത് ടിക്ടോക് ആണ്. അതുകൊണ്ട് പെട്ടന്ന് ടിക്ടോക് ഇല്ലാതാകുന്നു എന്ന് കേൾക്കുമ്പോൾ ചെറിയൊരു വിഷമം സ്വാഭാവികം. എന്നാൽ ഈ അവസ്ഥയിൽ അത്തരമൊരു വിഷമത്തിനു പ്രസക്തിയില്ല. ഞങ്ങൾ പൂർണമായും രാജ്യത്തിന്റെ തീരുമാനത്തിന് ഒപ്പമാണ്. രാജ്യത്തിന്റെ സുരക്ഷയെക്കാൾ വലുതല്ല ഒന്നും. ടിക്ടോക്കിനല്ലേ നിരോധനം, കലയ്ക്കോ കലാകാരന്മാർക്കോ അല്ലല്ലോ.

വേറെ വഴികളിലൂടെ മുന്നോട്ട്

ടിക്ടോക് ഇല്ലെന്നു കരുതി ഞങ്ങൾ വിഡിയോകൾ ചെയ്യുന്നത് നിർത്തുകയില്ല. കാരണം അമ്മാമ്മയ്ക്കും എനിക്കും ഒരേ പോലെ സന്തോഷം നൽകുന്ന കാര്യമാണ് അത്. ഫെയ്സ്ബുക്, യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് ഞങ്ങൾ എത്തുക തന്നെ ചെയ്യും. ‘നെല്ലിക്ക’ എന്ന ഞങ്ങളുടെ യുട്യൂബ് ചാനലിന് ഒന്നര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഫെയ്സ്ബുക്കില്‍ നാലേകാൽ ലക്ഷവും ഇൻസ്റ്റാഗ്രാമിൽ 32,000 ഫോളോവേഴ്സും ഉണ്ട്.

മേരി അമ്മാമയും ജിൻസനും
മേരി അമ്മാമയും ജിൻസനും

അമ്മാമയുടെ താൽപര്യമാണ് വിജയം

വിഡിയോകൾ ചെയ്യുന്നതിൽ കൂടുതൽ ആവേശം അമ്മാമയ്ക്ക് തന്നെയാണ്. ഞാനും അമ്മാമയും വീട്ടിൽ എങ്ങനെയാണോ അതു പോലെ തന്നെയാണ് വിഡിയോയിലും. പലപ്പോഴും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഞങ്ങൾ വിഡിയോയിലൂടെ അവതരിപ്പിക്കുന്നത്. സ്ക്രിപ്റ്റ് ഞാൻ തയ്യാറാക്കും. മീഡിയ എഡ്ജ് എന്ന ടീം ആണ് യുട്യൂബ് വിഡിയോകളുടെ ടെക്നിക്കൽ ഭാഗം കൈകാര്യം ചെയ്യുന്നത്. ഞാൻ ഗൾഫിൽ സേഫ്റ്റി ഓഫീസറാണ്. അവധിക്ക് നാട്ടിലെത്തുമ്പോഴാണ് അമ്മാമയുമൊത്ത് വിഡിയോകൾ ചെയ്യുന്നത്.

അമ്മാമ സിനിമയിലുമെത്തി

മൂന്നു സിനിമകളില്‍ അമ്മാമ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ , ‘മാർട്ടിൻ’ എന്നിവയാണ് മലയാള ചിത്രങ്ങൾ. മറ്റൊന്ന് തെലുങ്കിലാണ്. ഷൂട്ടിങ് പൂർത്തിയായെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീണ്ടു പോവുകയാണ്.

നാല് തലമുറയുടെ സന്തോഷം

എന്റെ മകൻ ഐഡൻ ജോഷ്വയുടെ ജനനത്തോടെ നാല് തലമുറകളെ കണ്ട സന്തോഷത്തിലാണ് അമ്മാമയിപ്പോൾ. നാലിരട്ടി സന്തോഷത്തിലാണ് ഓരോ ദിവസവും കടന്നു പോകുന്നത്.

പുതിയ സീരിസ്

ടിക്ടോക് നിരോധന വാർത്തയ്ക്കു പിന്നാലെ ഇനിയെന്തു ചെയ്യുമെന്നു ചോദിച്ച് നിരവധി മെസേജുകൾ വന്നിരുന്നു. പുതിയ വെബ് സീരിസിന്റെ ആദ്യ എപ്പിസോഡാണ് അതിനുള്ള മറുപടി. യുട്യൂബ് ചാനലില്‍ വിഡിയോ കാണാം. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സിനോജ് വർഗീസ് ഇതിൽ അഭിനയിക്കുന്നുണ്ട് എന്നതാണ് ഒരു പ്രത്യേകത. എല്ലാവരുടേയും പിന്തുണ എന്നുമുണ്ടാകണം. ഞാനും അമ്മാമയും ഇവിടെയൊക്കെ തന്നെ കാണും.

English Summary : Tiktok stars Ammama and Kochumon on tiktok ban in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com