ADVERTISEMENT

ഒരു ദിവസം എനിക്ക് ചിറമ്മേല്‍ അച്ചന്‍റെ കാള്‍ വന്നു. അദ്ദേഹം പറഞ്ഞതിന്‍റെ സാരാംശം ഇതായിരുന്നു. എന്‍റെ വൃക്കയ്ക്ക് യോജിക്കുന്ന ഒരു സ്വീകര്‍ത്താവിനെ ലഭിച്ചിരിക്കുന്നു. സംഘടനയുടെ എല്ലാ വ്യവസ്ഥകളും പാലിച്ച് അവയവദാനത്തിന് തയാറാണ് ആ കുടുംബം. 38 വയസ്സുളള അയാളുടെ ഭാര്യ മറ്റൊരാള്‍ക്ക് വൃക്ക ദാനം ചെയ്തുകൊണ്ട് ഈ ചങ്ങലയുടെ കണ്ണിയാകാന്‍ സന്നദ്ധയാണ്. എനിക്ക് സന്തോഷമായി. പക്ഷേ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. 

കുറച്ചു ദിവസം കഴിഞ്ഞ് അച്ചന്‍ വിളിച്ചു പറഞ്ഞു. ‘ആ ആള്‍ കൈവിട്ടു പോയി’

കാരണം വിചിത്രവും ബാലിശവുമായിരുന്നു. അറുപതുകാരന്‍റെ വൃക്കയാണെന്ന് അറിഞ്ഞപ്പോള്‍ അവരുടെ ചില ബന്ധുക്കള്‍ ഉപദേശിച്ചു പോലും.

‘അറുപതുകാരന്‍റെ വൃക്ക വാങ്ങിയിട്ട് പകരം 38 കാരിയുടെ വൃക്ക കൊടുക്കുന്നത് മണ്ടത്തരമല്ലേ?’

ആ യുക്തിയില്‍ സ്വീകര്‍ത്താവ് വീണു. അങ്ങനെ ആ ഭാര്യയും ഭര്‍ത്താവും പിന്‍മാറി. പിന്നീട് അദ്ദേഹത്തിന് യോജിച്ച നല്ലൊരു വൃക്ക കിട്ടിയിട്ടുണ്ടാവണം.

പിന്നെയും ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു. ഒരാഴ്ചയ്ക്കുളളില്‍ അച്ചന്‍ വിളിച്ച് പാലായിലുളള ഒരു ജോയിയുടെ കാര്യം സൂചിപ്പിച്ചു. അച്ചന്‍ ആ കുടുംബത്തില്‍ പോയി സംസാരിച്ചു. നിത്യജീവിതത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നയാളാണ് ജോയി. ഒരു ട്രക്ക് ഡ്രൈവറാണ്. വൃക്ക തകരാറിലുമാണ്. മാറ്റി വയ്ക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് നാളുകള്‍ തള്ളിനീക്കുകയായിരുന്നു. ജോയിയും ഭാര്യ ജോളിയും കൂടി പല രീതിയിലും പണം സ്വരൂപിക്കാന്‍ ശ്രമിച്ചിരുന്നു. നല്ല മനസ്സുളള നാട്ടുകാര്‍ ചികിത്സയ്ക്ക് ആവശ്യമായ പണം സംഘടിപ്പിച്ചെങ്കിലും വൃക്ക മാറ്റിവയ്ക്കലിന് അതൊന്നും തികയുമായിരുന്നില്ല.

പാലായില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ് വരെ ചികിത്സയ്ക്കായി അയാള്‍ വന്നിരുന്നത് ബസിലാണ്. ഡയാലിസിസ് പോലും ചെയ്യാന്‍ നിവൃത്തിയില്ലാതെ ആകെ ശോഷിച്ചു തുടങ്ങി. അയാളെ സംബന്ധിച്ച് പ്രതീക്ഷകളെല്ലാം അണഞ്ഞിരുന്നു. അച്ചന്‍ ജോയിയെ കണ്ട് പണം മുടക്കാതെ തന്നെ ഒരു വൃക്ക ശരിയാക്കി തരാം എന്ന് അറിയിച്ചു. സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു. നമ്മുടെ നാട്ടില്‍ സൗജന്യമായി വൃക്ക ലഭിക്കുന്നത് സാധാരണഗതിയില്‍ അസംഭാവ്യമാണല്ലോ. 

അച്ചന്‍ അവരോട് സംഘടനയുടെ വ്യവസ്ഥ പറഞ്ഞു: ‘നിങ്ങളുടെ ഭാഗത്തു നിന്ന്  ഒരാളുടെ വൃക്ക തരണം’ഉടന്‍ തന്നെ ജോളി സമ്മതിച്ചു. 

ആദ്യത്തെ കടമ്പ ഞങ്ങളുടെ രക്തം തമ്മില്‍ ചേരുമോയെന്ന് നോക്കണം.

എന്നോട് ആലോചിച്ചിട്ട് അച്ചന്‍ ജോയി-ജോളി ദമ്പതികളെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി അവിടെ ഒരു വീട് എടുത്ത് താമസിപ്പിച്ചു. പിന്നീട് അവര്‍ ഡോ. എബിയുടെ ചികിത്സയിലായി. കോശങ്ങള്‍ തമ്മിലുളള ചേര്‍ച്ചയടക്കം എല്ലാ പരിശോധനകളും നടത്തി. ദാതാവും സ്വീകര്‍ത്താവും തമ്മില്‍ മൂന്ന് കാര്യങ്ങളില്‍ മാച്ച് ചെയ്യണം. ബ്ലഡ് ടൈപ്പ് മാച്ചിങ്, ടിഷ്യൂടൈപ്പ് മാച്ചിങ്, ക്രോസ് മാച്ചിങ്. ഓരോന്നും വ്യത്യസ്തവും പ്രധാനവുമാണ്.

 

നാല് ആഴ്ചകളോളം ഇതുപോലെ പല പരിശോധനകള്‍ ജോയിയുടെ ശരീരത്തില്‍ നടന്നു. ഒടുവില്‍ ധൈര്യമായി ഈ വൃക്ക സ്വീകരിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപ്പോഴേക്കും അടുത്ത പൊല്ലാപ്പ് തലപൊക്കി. ഒരാഴ്ചയ്ക്ക് ശേഷം ജോയിയുടെ ശരീരത്തില്‍ ഏതോ വളര്‍ച്ച ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് ഒരു നല്ല ലക്ഷണമല്ല. അയാളുടെ രക്തസാമ്പിളുകള്‍ ബയോപ്സിക്ക് അയച്ചു. റിസൽറ്റ് വന്നെങ്കിലേ വളര്‍ച്ച എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കാന്‍ പറ്റൂ.

അച്ചന്‍ ചങ്ങലയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അച്ചന്‍ ദാതാക്കളുടെ ഒരു ചാര്‍ട്ട് തന്നെ വരച്ച് തയാറാക്കിയിരുന്നു. ഞാന്‍ ആ ചാര്‍ട്ടിലേക്ക് നോക്കി. പേനയും പെന്‍സിലും ഉപയോഗിച്ച് ചില പേരുകളില്‍ വട്ടമിട്ടിരുന്നു. എന്‍റെ വൃക്ക ജോയിക്കും അയാളുടെ ഭാര്യയുടേത് ഒരു സ്ത്രീയ്ക്കുമാണ്. ആ സ്ത്രീയുടെ ഭര്‍ത്താവ് സൈനുദ്ദീന്‍റെ വൃക്ക ഒരു ജോണിനും ജോണിന്‍റെ അമ്മയുടേത് മറ്റൊരാള്‍ക്കുമാണ്. സംഗതി കൊള്ളാമെന്ന് എനിക്ക് തോന്നി. ഒരിക്കലും മുറിയാത്ത ചങ്ങലയായി, അനന്തമായി നീണ്ടുപോട്ടെയെന്ന് ഞാന്‍ ആശിച്ചു. 

നിര്‍ഭാഗ്യവശാല്‍ ജോയിയുടെ ബയോപ്സി റിസള്‍ട്ട് വിപരീതമായാല്‍ വീണ്ടും എല്ലാം ഒന്നില്‍നിന്നു തന്നെ തുടങ്ങണം. മറ്റൊരു സ്വീകര്‍ത്താവിനെ കണ്ടെത്തണം. അതുവരെ ചെയിന്‍ ഡൊണേഷന്‍റെ പദ്ധതി മരവിപ്പിക്കേണ്ടി വരും. അവസാനം ജോയിയുടെ റിസൽറ്റ് വന്നു. ആ വളര്‍ച്ച കുഴപ്പമുള്ളതല്ല. അയാള്‍ക്ക് വൃക്ക സ്വീകരിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ല. 

കൊച്ചിയില്‍ 2011 ജനുവരിയില്‍ ഞങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി. ആശങ്ക അപ്പോഴും എന്നെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു. പ്രഖ്യാപനം നടത്തിയിട്ട് ഇത് നടക്കാതെ വന്നാലോ? ഞങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാലോ? അവസാന നിമിഷം രോഗിക്ക് എന്തെങ്കിലും കോംപ്ലിക്കേഷന്‍ ഉണ്ടായാലോ? അവയവം ദാനം ചെയ്യാനുള്ള എന്‍റെ ആഗ്രഹം ഒരു അപചയമായി മാറുമോ? അച്ചന്‍ ഇതൊന്നും കാര്യമാക്കിയില്ല. ശക്തമായ യുക്തി കൊണ്ട് അച്ചന്‍ എന്‍റെ  ആശങ്കകളെ മറി കടന്നു. ഈ പത്രസമ്മേളനം കൊണ്ട് നമുക്ക് പൊതുസമൂഹത്തിന്‍റെ പിന്‍തുണ കിട്ടും. ദൗത്യത്തിന് കുറെക്കുടി സ്വീകാര്യത ലഭിക്കും. 

പത്രസമ്മേളനത്തിന് ഞാന്‍ വേദിയില്‍ എത്തിയപ്പോള്‍ അച്ചന്‍ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു. ‘ജോയി ആ ആള്‍ക്കൂട്ടത്തില്‍ പിന്‍നിരയില്‍ ഇരിപ്പുണ്ട്’.

ഞാന്‍ അയാളെ കണ്ടു. ആറടിപൊക്കവും ഒത്തശരീരവും കട്ടിമീശയും. പക്ഷേ ഒരു ബാൻഡേജ് കയ്യില്‍ കെട്ടിയിരുന്നു. ഡയാലിസിസിന്‍റെ സൂചി കുത്താനുളളതായിരുന്നു അത്. പ്രത്യക്ഷത്തില്‍ രോഗിയാണെന്ന് മനസ്സിലാവുന്ന ഒരു ചിഹ്നം അത് മാത്രമായിരുന്നു. അല്ലാത്തപക്ഷം ജോയി എല്ലാ കഴിവുകളും ആരോഗ്യവുമുളള ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. 

ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്ന് വര്‍ത്തമാനം പറഞ്ഞു. അയാളാണ് സ്വീകര്‍ത്താവെന്ന് മാധ്യമങ്ങള്‍ക്ക് അറിയാമായിരുന്നില്ല. തികച്ചും സ്വകാര്യമായി മറ്റൊരു മുറിയിലിരുന്നാണ് ഞങ്ങള്‍ സംസാരിച്ചത്.

ജോയിയും ജോളിയും വികാരാധീനരായി എന്നോട് പറഞ്ഞു. ‘സര്‍ ഇത് സംഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല’.

ജോളി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. അവരുടെ വൈകാരികാവസ്ഥ കുറച്ചുകൊണ്ടു വരാന്‍ ഞാന്‍ ശ്രമിച്ചു.

‘ഇതില്‍ കടപ്പാടിന്‍റെയൊന്നും പ്രശ്നമില്ല. ജോളിയും ഡൊണേറ്റ് ചെയ്യുന്നുണ്ടല്ലോ?’ 

പ്രസ്മീറ്റ് കഴിഞ്ഞ് വാര്‍ത്ത ചാനലുകളില്‍ സ്ക്രോള്‍ വന്നത് മുതല്‍ മെസേജുകള്‍ കൊണ്ട് എന്‍റെ മൊബൈലിന്‍റെ ചാര്‍ജ് പോയി. ആളുകളെ ഇത്രമേല്‍ ഈ സംഭവം ഇളക്കിമറിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല.

എന്നാല്‍ ഈ തീരുമാനം ചില ശത്രുക്കളെയും സൃഷ്ടിച്ചു. തിരുവനന്തപുരത്തുള്ള ഒരു നേതാവ് എന്നെ പരിഹസിച്ചുകൊണ്ട് പ്രസംഗം നടത്തി. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണ് ഞാന്‍ വൃക്ക ദാനം ചെയ്തതെന്ന് ആക്ഷേപിച്ചു. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ എനിക്കെന്തോ ഗൂഢലക്ഷ്യമുണ്ട്. മാത്രമല്ല, കിഡ്നി കൊടുക്കാതെ തന്നെ കൊടുത്തെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം പോലും. ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി ഏതെങ്കിലും ഒരു വ്യക്തിയുടെ കിഡ്നി വാങ്ങി എന്‍റെ പേരില്‍ ഡൊണേറ്റ് ചെയ്യുകയാണ് പദ്ധതിയെന്നും അയാള്‍ ആരോപിച്ചു. എന്നെ പോലുളള പണക്കാര്‍ക്ക് ഇത്തരം കുതന്ത്രങ്ങള്‍ വശമാണെന്നാണ് അയാളുടെ ഭാഷ്യം. ഇത്തരം വികല മനസ്സുളളവരുടെ പ്രതികരണങ്ങള്‍ ചിരിച്ചു തളളുകയാണ് നല്ലതെന്ന് എനിക്ക് തോന്നി.

ആശുപത്രിയില്‍ ഒരു എത്തിക്സ് കമ്മിറ്റിയുണ്ട്. ദാതാവിന്‍റെ ജീവിതപങ്കാളി ഈ കമ്മിറ്റിക്ക് മുന്നില്‍ വന്ന് അവയവദാനത്തിനുളള സമ്മതം അറിയിക്കണമെന്ന് നിര്‍ബന്ധമാണ്. ഭാവിയില്‍ മറ്റ് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ആശുപത്രി മാനേജ്മെന്റ് ഇത് ഒരു രേഖയാക്കി സൂക്ഷിക്കും.

ഷീല ഡോ.എബി ഏബ്രഹാമിനും മറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവികള്‍ക്കും മുന്നില്‍ ഇരുന്നു. കമ്മിറ്റി അവളോട് ചോദിച്ചു: ‘നിങ്ങള്‍ ഇതിനുളള സമ്മതം അദ്ദേഹത്തിന് കൊടുത്തിട്ടുണ്ടോ?’

ഷീല പറഞ്ഞു: ‘ഞാന്‍ സമ്മതിച്ചില്ലെങ്കിലും അദ്ദേഹം ഇത് ചെയ്യും. അതുകൊണ്ട് സമ്മതിക്കുന്നതല്ലേ നല്ലത്?’

ഷീല അവളുടെ യഥാർഥ വികാരമാണ് പ്രകടിപ്പിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മെഡിക്കല്‍ കമ്മിറ്റിയുണ്ട്. അവര്‍ക്ക് മുന്നില്‍ ഈ രീതിയില്‍ മറുപടി പറയരുതെന്ന് അവര്‍ ബുദ്ധിപുര്‍വം ഉപദേശിച്ചു. ആ നേരം കൊണ്ട് ഉറച്ച സമ്മതം നല്‍കണമെങ്കില്‍ അവളുടെ മനസ്സ് കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്.

ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയക്കുളള തീയതി നിശ്ചയിച്ചു. 23 ഫെബ്രുവരി 2011. അപ്പോഴും ഒരു തടസം മുന്നിലുണ്ട്. സര്‍ക്കാര്‍ അധികൃതരുടെയും പൊലീസ് കമ്മിഷണറുടെയും ഔദ്യോഗിക അനുവാദം വ്യക്തമാക്കുന്ന രേഖകള്‍ ഒപ്പിട്ട് കിട്ടണം. വിദഗ്ധരുടെ ഒരു മെഡിക്കല്‍ ടീം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അവര്‍ എന്നെയും കുടുംബത്തെയും സൂക്ഷ്മവിലയിരുത്തലുകള്‍ നടത്തും. ഈ അവയവദാനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് പഠിക്കും. അവയവദാനത്തിന് മുന്‍പുളള നിര്‍ബന്ധിതമായ നടപടിക്രമമാണിത്. ഈ മേഖലയിലെ തട്ടിപ്പുകള്‍ ഒഴിവാക്കാനുളള ശ്രമമാണിത്. ഈ കമ്മിറ്റിയുടെ ചെയര്‍പഴ്സൻ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലാണ്. ഏഴ് അംഗ കമ്മിറ്റിയാണിത്.

ദാനം ചെയ്യാനിടയായ കാരണങ്ങള്‍ അവര്‍ വിശദമായി ചോദിച്ചു. ഞാന്‍ കൃത്യമായ മറുപടികളും നല്‍കി. കുടുംബത്തിന്‍റെ പൂര്‍ണ്ണസമ്മതത്തോടെയാണിത് ചെയ്യുന്നതെന്ന് ഷീലയും മിഥുനും കമ്മിറ്റിയെ ധരിപ്പിച്ചു. ചിറമ്മേല്‍ അച്ചന്‍ ഈ നടപടികളെ സംബന്ധിച്ച് മുന്‍കൂര്‍ ധാരണ നല്‍കിയിരുന്നു. ഒരിക്കല്‍ കമ്മിറ്റി നിരസിച്ചതിന്‍റെ പേരില്‍ അച്ചന് വൃക്ക ദാനം ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ട്. 

അച്ചന്‍ വൃക്ക കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സഭാമേലധ്യക്ഷന്‍മാര്‍ എതിര്‍ത്തു. അവരുടെ അനുവാദമില്ലാതെ ദാനം ചെയ്യുക സാധ്യമല്ല. ബിഷപ്പ് ഈ ആശയത്തോട് യോജിച്ചില്ല. അച്ചന്‍ ആദ്യം ബിഷപ്പിനെ പറഞ്ഞ് മനസ്സിലാക്കി. അതുകഴിഞ്ഞ് സഹോദരങ്ങള്‍ എതിര്‍ത്തു. അവരെയും അദ്ദേഹം സാന്ത്വനിപ്പിച്ചു.

കമ്മിറ്റിയുടെ മീറ്റിങ്ങില്‍ പങ്കെടുത്തപ്പോള്‍ അച്ചന്‍റെ സഹോദരന്‍ ഇങ്ങനെ പറഞ്ഞു.

‘ഞങ്ങളുടെ ഇഷ്ടപ്രകാരമുളള തീരുമാനമല്ല ഇത്. അച്ചന്‍ ഞങ്ങളെ നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചതാണ്’.

അതോടെ മെഡിക്കല്‍ കമ്മിറ്റി ഏകകണ്ഠമായി ചിറമ്മേല്‍ അച്ചന്‍റെ അപേക്ഷ തിരസ്കരിച്ചു. വീണ്ടും ആദ്യം മുതല്‍ ഓരോരോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്.

ഞാനിതൊരു മുന്നറിയിപ്പായി എടുത്തു. കമ്മിറ്റിക്ക് തൊട്ട്മുന്‍പും ഞാന്‍ ഷീലയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. 

‘ഈ മീറ്റിങ്ങില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ ഞാന്‍ ഇതുവരെ ഉണ്ടാക്കിയ എല്ലാ സല്‍പേരും നഷ്ടമാകും. നിനക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ആ ഉത്തരം പറയുന്ന സമയത്ത് അതൊന്നും പുറത്ത് കാണിക്കരുത്. മനസ്സിന്‍റെ ഒരു മൂലയില്‍ മാറ്റി വച്ചേക്കണം’.

ഷീല തലകുലുക്കി. അവളുടെ മനസ്സ് വിറയ്ക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഷീലയുടെ മേല്‍ ഇത്രയും സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. വേദനിപ്പിക്കുന്ന ഒരു കാര്യം പലകുറി ആവര്‍ത്തിച്ച് കേള്‍ക്കുമ്പോഴുളള പ്രയാസം എനിക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ഞങ്ങള്‍ക്കിടയിലെ സ്നേഹത്തിന്‍റെ പരിണിതഫലമായ വികാരത്തെ ഒരു കോണിലേക്ക് ഒതുക്കി വയ്ക്കാന്‍ ഒരിക്കലും ഞാനവളോട് പറയരുതായിരുന്നു. വാസ്തവത്തില്‍ ഇതൊരു തരം ഞാണിന്‍മേല്‍ കളിയായിരുന്നു.

പത്രസമ്മേളനം കഴിഞ്ഞ ആഴ്ച നടന്നതു കൊണ്ട് മെഡിക്കല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ക്കെല്ലാം എന്‍റെ പേരും ആഗ്രഹവുമെല്ലാം പരിചിതമായിരുന്നു. കമ്മിറ്റിയുടെ അദ്ധ്യക്ഷ ഒരു മുതിര്‍ന്ന ലേഡി ഡോക്ടര്‍ ആയിരുന്നു. ഒരു വലിയ ഹാളിന്‍റെ നീളമുളള അറ്റത്താണ് ഈ സെഷന്‍ നടക്കുന്നത്. ഒരു സമയത്ത് ഒരാളെയേ കമ്മിറ്റിക്ക് ഒപ്പം ഇരിക്കാന്‍ അനുവദിക്കു. ആ സമയത്ത് മറ്റുളളവര്‍ ദൂരെ മാറിയിരിക്കണം. ഷീലയെ ചോദ്യം ചെയ്യുന്ന സമയത്ത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങളും അവള്‍ നല്‍കുന്ന മറുപടികളും എനിക്കും മിഥുനും കേള്‍ക്കാന്‍ സാധിക്കില്ല. അവളില്‍ സ്വാധീനം ചെലുത്താനും കഴിയില്ല.  

ഞങ്ങള്‍ ചെന്ന ദിവസം കമ്മിറ്റിക്ക് ഏകദേശം 40 കേസുകള്‍ വരെ കൈകാര്യം ചെയ്യേണ്ടി വന്നു. അതില്‍  ദാതാക്കളും സ്വീകര്‍ത്താക്കളുമായി കുഗ്രാമങ്ങളില്‍ നിന്നു വന്നവര്‍ പോലുമുണ്ട്. ആ എണ്ണം എന്നെ അത്ഭുതപ്പെടുത്തി. എന്‍റെ ഊഴമായപ്പോള്‍ കമ്മിറ്റിക്ക് മുന്നിലേക്ക് ഞങ്ങള്‍ കയറി.എന്നോട് വലിയ ദയാവായ്പോടെയാണ് അംഗങ്ങള്‍ സംസാരിച്ചത്.

ഞങ്ങള്‍ നാലുപേരുണ്ടായിരുന്നു– ഷീല, മിഥുന്‍, ജോളി, ഞാന്‍. ഞങ്ങള്‍ പറയുന്ന ഉത്തരങ്ങള്‍ ഒരു സ്ത്രീ സൂക്ഷ്മതയോടെ എഴുതി എടുക്കുന്നുണ്ടായിരുന്നു. ഞാന്‍ എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു ദാനം ചെയ്യുന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു. എന്‍റെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പുര്‍ണ്ണബോധ്യമുണ്ടോയെന്നും ചോദിച്ചു. ഞാന്‍ കൃത്യമായ മറുപടി നല്‍കി. കുടുംബം ഇതിന് പൂര്‍ണ്ണസമ്മതം നല്‍കിയിട്ടുണ്ടോയെന്നും ചോദിച്ചു. അതും ഞാന്‍ ശരിവച്ചു. പിന്നീട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. എല്ലാം കൂടി ആകെ 3 മിനിറ്റില്‍ താഴെയേ വേണ്ടി വന്നുളളു. 

എനിക്ക് മുന്‍പ് വന്ന പലരുടെയും അപേക്ഷകള്‍ തള്ളപ്പെട്ടു. കമ്മിറ്റി ഷീലയെ വിളിച്ചതും അവളൂടെ മുഖം വിളറുന്നതും ആകെ വിഷമിക്കുന്നതും ഞാന്‍ കണ്ടു. എന്താണ് ഇവള്‍ പറയാന്‍ പോകുന്നതെന്ന് ഓര്‍ത്ത് ഞാന്‍ ആകെ സമ്മര്‍ദ്ദത്തിലായി.

ഷീല എന്താണ് പറഞ്ഞതെന്ന് എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ല. പെട്ടെന്ന് തന്നെ മിഥുന്‍റെയും ജോളിയുടെയും ഊഴമെത്തി.

തിരിച്ചു പോകുമ്പോള്‍ മിഥുനായിരുന്നു കാറോടിച്ചിരുന്നത്. ഞാനും ഷീലയും ബാക്ക്സീറ്റില്‍ ഒരുമിച്ചായിരുന്നു. ഷീല കാറിന്‍റെ സൈഡ് വിന്‍ഡോയിലൂടെ നഗരം നോക്കിക്കൊണ്ട് ഇരിക്കുകയാണ്. അവര്‍ എന്തൊക്കെ ചോദിച്ചെന്ന് ഞാന്‍ ഷീലയോട് അന്വേഷിച്ചു. പക്ഷേ അവള്‍ ഒരു വാക്ക് പോലും പറഞ്ഞില്ല. ഞാന്‍ ചിരിച്ചു. ഷീല പോസിറ്റീവായി തന്നെ പറഞ്ഞിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി.

അസ്വാസ്ഥ്യജനകമായ ഒരു തരം നിശ്ശബ്ദത കാറിനുളളില്‍ പരന്നു. അതിനെ ഭേദിക്കാനായി മിഥുന്‍ കയറി പറഞ്ഞു. 

‘സമ്മതമാണോയെന്നും പ്രത്യാഘാതങ്ങളെക്കുറിച്ചറിയാമോയെന്നുമാണ് ചോദിച്ചത്. ഞാന്‍ അതെ എന്ന് മറുപടി കൊടുത്തു’

ഞാന്‍ ഷീലയെ വീണ്ടും നോക്കി. അവള്‍ എന്‍റെ കണ്ണിലേക്ക് നോക്കാതെ ഇരിക്കുകയാണ്. 

English Summary : Kochouseph Chitilappilly Life Series , Part -6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com