sections
MORE

സ്വപ്നസാഫല്യം, അർഥപൂർണമായ ജീവിതം

kochouseph-chittilappilly-life-story-part-8
SHARE

ഞാന്‍ ബോധാവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 22 മണിക്കൂറുകള്‍ വേണ്ടി വന്നു. വൈകുന്നേരം 5.30 നാണ് അര്‍ധബോധാവസ്ഥയിലുളള സുഷുപ്തിയില്‍നിന്ന് ഞാന്‍ ഓര്‍മയുടെയും തിരിച്ചറിവിന്‍റെയും സാധാരണതയിലേക്ക് മടങ്ങി വന്നത്. ശരീരത്തിന് അകത്തും പുറത്തും ധാരാളം ട്യൂബുകള്‍ ഘടിപ്പിച്ചിരുന്നു. വേദനസംഹാരികള്‍ കഴിച്ചിരുന്നതുകൊണ്ട് വേദന തോന്നിയില്ല. ഒരു സംഘം വിദഗ്ധരായ സര്‍ജന്‍മാര്‍ എന്‍റെ ഇടത്തേ വൃക്ക എടുത്തുമാറ്റി ജോയിയുടെ ശരീരത്തില്‍ സുരക്ഷിതമായി ഘടിപ്പിച്ചു കഴിഞ്ഞുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ വൃക്കദാനം പൂര്‍ത്തിയായി. 

രണ്ടു കാരണങ്ങളാല്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. ഒന്ന്, ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കുന്നു. രണ്ട്, എന്‍റെ ദീര്‍ഘകാലസ്വപ്നങ്ങളിലൊന്ന് യാഥാർഥ്യമായിരിക്കുന്നു. മറ്റെന്തിനേക്കാളും അർഥപൂര്‍ണ്ണമായ ഒരു ദൗത്യം നിറേവേറ്റിയതിന്‍റെ സംതൃപ്തിയും ചാരിതാർഥ്യവും ഞാന്‍ അനുഭവിച്ചു. ഞാന്‍ ചുറ്റും നോക്കി. എന്നെ പഴയ അവസ്ഥയില്‍ വീണ്ടും കാണാന്‍ സാധിച്ചതിന്‍റെ അതീവസന്തോഷത്തിലാണ് ഷീല. അരുണും മിഥുനും സമാനമായ സന്തോഷം അനുഭവിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഞങ്ങള്‍ ഓരോരുത്തരും കൈകള്‍ ഇറുകെ പിടിച്ചു. 

ഓപ്പറേഷന്‍ കഴിഞ്ഞ് 5 മണിക്കൂറിന് ശേഷം, ഏതാണ്ട് 3 മണിയോടെ എന്നെ കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നതായി അവര്‍ പറഞ്ഞു. അവരുടെ ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ തലയാട്ടുകയും ഉത്തരം നല്‍കുകയും ചെയ്തതായി ഷീലയും മിഥുനും പറഞ്ഞു. വാസ്തവത്തില്‍ എനിക്കതൊന്നും ഓര്‍മയുണ്ടായിരുന്നില്ല. വലിയ ഒരു ചിരിയുമായി ഫാ.ചിറമ്മേല്‍ മുറിയുടെ ഒരു മൂലയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അതേസമയം ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ പരസ്പരം കൈകളില്‍ മുറുകെ പിടിച്ച് സന്തോഷം രേഖപ്പെടുത്തി. ഞങ്ങളുടെ ആഗ്രഹം സഫലമായിരിക്കുന്നു. ഓരോ വൃക്കയുമായി രണ്ട് മനുഷ്യര്‍, പരസ്പരം കൈപിടിച്ച് കുലുക്കുന്നു. ലോകത്തിന്‍റെ ഏറ്റവും ഉന്നതിയില്‍ എത്തി നില്‍ക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി.

ശസ്ത്രക്രിയയ്ക്ക് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. സര്‍ജറിയെ തുടര്‍ന്ന് ശരീരം ദുര്‍ബലമായതിനാല്‍ തത്കാലം യാത്രകളൊന്നും പാടില്ലെന്ന് ആശുപത്രി അധികൃതര്‍ കര്‍ശനമായി നിഷ്കര്‍ഷിച്ചു. ഏഴാംദിവസം മുറിവിന്‍റെ ഡ്രസിങ് നീക്കം ചെയ്യാനായി ഞാന്‍ ആശുപത്രിയിലേക്ക് ചെന്നു. ആ സന്ദര്‍ശനത്തില്‍, ശസ്ത്രക്രിയയുടെ ഭാഗമായി ഉണ്ടായിരുന്ന മുറിവ് ഉണങ്ങിയതായി എന്നോട് പറഞ്ഞു. എന്നിട്ട് ഡ്രസിങ് അഴിച്ചുമാറ്റി.

ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഒരാള്‍ക്ക് ശക്തികൂടിയ അനസ്തേഷ്യ കൊടുത്ത് മയക്കി കിടത്തും. ശസ്ത്രക്രിയയുടെ സമയത്ത് ശ്വാസകോശം പ്രവര്‍ത്തിക്കുന്നതു പോലും കൃത്രിമമായിട്ടാണ്. മുറിവ് കരിയാന്‍ മൂന്നു ദിവസം മതി. പക്ഷേ ശസ്ത്രക്രിയയുടെ സമയത്ത് നാലഞ്ച് മണിക്കൂര്‍ കൃത്രിമമായി പ്രവര്‍ത്തിച്ച് മന്ദതയിലായിപ്പോയ ശ്വാസകോശം പുര്‍വസ്ഥിതി പ്രാപിക്കാന്‍ അതിന്‍റെ ശക്തി കൂട്ടുന്ന മൂന്ന് പന്തുകളുള്ള ഒരു വസ്തു വീര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ലംഗ്പവര്‍ റിഫ്രഷിങ് ബ്ലോവര്‍ എന്നായിരുന്നു അതിന്‍റെ പേര്. ബലൂണ്‍ പോലെ വീട്ടിലിരുന്ന് വീര്‍പ്പിക്കണം. ഈ പന്തുകള്‍ വീര്‍ത്തു വരുന്നതാണ് അതിന്‍റെ കണക്ക്. ശ്വാസകോശം പഴയ കരുത്ത് ആര്‍ജ്ജിക്കുന്നതിനുളള വ്യായാമമാണ് അത്.

സര്‍ജറി കഴിഞ്ഞതിന്‍റെ എട്ടാം ദിവസം ഞാന്‍ ഓഫിസില്‍ ചെന്നു. ഇത്ര പെട്ടെന്ന് ഞാന്‍ പൂര്‍വസ്ഥിതി പ്രാപിച്ചതു കണ്ട് ജീവനക്കാര്‍ അന്തംവിട്ടു.  

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിന്‍റെ ഫോണ്‍കോള്‍ വന്നു. അയാളുടെ ശബ്ദം ചിലമ്പിയിരുന്നു. കേരളത്തിലെ ഒരു പൊതുതാത്പര്യ സംഘം എനിക്കെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞുവെന്നാണ് സംഭാഷണത്തിന്‍റെ സാരം. അതിന് എന്തു കുറ്റമാണ് ചെയ്തതെന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എന്നെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചത് എങ്ങനെയാണെന്ന് അദ്ദേഹത്തിനും ഉറപ്പില്ല. എന്‍റെ സര്‍ജറി ഞാന്‍ കൃത്രിമമായി സൃഷ്ടിച്ച ഒരു വ്യാജവാര്‍ത്തയും മാധ്യമപ്രചാരണവും മാത്രമാണെന്ന് ആ ഗ്രൂപ്പ് വിശ്വസിക്കുന്നു പോലും. ഞാന്‍ ഒരു ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടില്ലെന്നും ഇപ്പോഴും രണ്ട് വൃക്കകളുമായി ജീവിക്കുന്നുവെന്നുമാണ് അവരുടെ വിശ്വാസം. 

ആ ഗ്രൂപ്പ് കോടതിയോട് ഇങ്ങനെ ആവശ്യപ്പെടാന്‍ പോവുകയാണത്രേ. അതായത്, ഞാന്‍ ഒരു മെഡിക്കല്‍ കമ്മറ്റിക്കു മുന്നില്‍ ഹാജരായി വിശദമായ പരിശോധനയ്ക്ക് വിധേയനായി യഥാർഥത്തില്‍ ഞാന്‍ വൃക്ക ദാനം ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇതുകേട്ട് ഞാന്‍ ഒന്നു ചിരിച്ചു. ചങ്ക് എടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന ആളുകള്‍ക്കിടയില്‍ ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടി വരും. 

ഒരു ദിവസം കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ ടീഷര്‍ട്ട് വലിച്ചുപൊക്കി വയറിന്‍റെ ഭാഗത്തുളള സര്‍ജറി കട്ട് കാണിച്ചുകൊടുത്തു. അതോടെ ഇങ്ങനെയുളള ആരോപണം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

വൃക്കദാനത്തിന്‍റെ പേരില്‍ സമൂഹത്തില്‍നിന്ന് ഇത്ര വലിയ ഒരു പ്രതികരണമുണ്ടാവുമെന്ന് ഞാന്‍ കരുതിയതല്ല. പരമ്പരാഗതമായ ചട്ടക്കുടുകള്‍ പൊളിച്ചു കടന്ന ഒരാളായിട്ടാണ് ജനം എന്നെ നോക്കിക്കാണുന്നത്. എവിടെ പോയാലും ആളുകള്‍ എന്നെ തുറിച്ചു നോക്കും. എല്ലാ മുഖങ്ങളിലും ഒരു പരിചയഭാവമാണ്. വാസ്തവത്തില്‍ ഇതൊന്നും ഞാന്‍ ആഗ്രഹിച്ചതല്ല. 

മൂന്ന് ആഴ്ചകള്‍ക്ക് ശേഷം പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് ഒരാള്‍ എന്‍റടുത്തു വന്നു. അയാള്‍ എന്‍റെ കാല് തൊട്ട് വന്ദിച്ചു. റോട്ടറി ക്ലബിന്‍റെ ഒരു മീറ്റിങ്ങില്‍ വച്ചും സമാനമായ ഒരു പ്രതികരണം ഉണ്ടായി. ഒരാള്‍ വന്ന് എന്‍റെ കൈവെളളയില്‍ ചുംബിച്ചു. അങ്ങനെയുളള ചേഷ്ടകളില്‍ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ആത്മസംതൃപ്തിയും തോന്നി. കൂടുതല്‍ ദാതാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ എന്‍റെ പ്രവൃത്തി കൂടുതല്‍ അർഥപൂര്‍ണ്ണമാവും.

ഒരുപാട് ഫോണ്‍കാളുകള്‍ വന്നു തുടങ്ങി. പല ചടങ്ങുകളിലേക്കും ക്ഷണങ്ങള്‍, ആദരിക്കല്‍, ആശയവിനിമയങ്ങള്‍, ഇടപഴകലുകള്‍ എല്ലാം എന്നെത്തേടി വന്നു.

ശസ്ത്രക്രിയയ്ക്ക് മൂന്നു മാസങ്ങള്‍ക്ക് ശേഷം ചെക്കപ്പിനായി ഞാന്‍ ആശുപത്രി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരില്‍നിന്നും നഴ്സുമാരില്‍നിന്നും ഒരുപാട് സ്നേഹവായ്പ് ലഭിച്ചു. അവര്‍ എന്‍റെ ബ്ലഡിന്‍റെയും യൂറിന്‍റെയും സാംപിള്‍ പരിശോധിച്ചിട്ട് പറഞ്ഞു. ‘താങ്കള്‍ക്ക് ഒരു കുഴപ്പവുമില്ല. മേലില്‍ ഈ വഴിക്ക് കണ്ടുപോകരുത്.’ ഞങ്ങള്‍ ആ ദിവസം പൊട്ടിച്ചിരിച്ചു. ഇങ്ങനെയൊരു ശസ്ത്രക്രിയക്ക് വിധേയനായ കാര്യം മറന്ന് പഴയ ജീവിതത്തിലേക്ക് മടങ്ങിക്കൊളളാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. ഞാന്‍ അവരുടെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ച് വീട്ടിലേക്ക് തിരിച്ചു.

എന്‍റെ വൃക്കദാനം സമൂഹത്തില്‍ ചലനം സൃഷ്ടിക്കുമെന്നായിരുന്നു ഡോ.എബിയുടെ നിരീക്ഷണം. അടുത്ത ബന്ധുക്കള്‍ക്കു വേണ്ടിപ്പോലും വൃക്ക ദാനം ചെയ്യാന്‍ ആളുകള്‍ മടിക്കുന്നതാണ് കാലം. സത്യത്തില്‍ മാധ്യമങ്ങളാണ് ഇതിന് ഇത്രയും വാര്‍ത്താപ്രാധാന്യം നല്‍കിയത്. ആളുകള്‍ക്ക് അവയവദാനത്തിലുളള ഭയം മാറാന്‍ അത് സഹായിച്ചു. സമ്പന്നനായ ഒരാള്‍ക്ക് ലാഘവത്തോടെ ഇത് ചെയ്യാമെങ്കില്‍ മറ്റുളളവര്‍ക്കും അത് ആകാമെന്ന ചിന്ത അവരില്‍ ജനിപ്പിച്ചു. പാമ്പിന്‍റെ പടം പൊഴിക്കുന്നതു പോലെ ആളുകളുടെ ഭയം അങ്ങനെ മാറിക്കിട്ടി. 

ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തി തന്‍റെ വൃക്ക ദാനം ചെയ്തതു കൊണ്ട് ആരോഗ്യവാന്‍മാരായ പലരും ഈ വഴിയിലേക്ക് വരാന്‍ കാരണമായി. 

ഈ ഓളം വളര്‍ന്ന് വിപുലപ്പെട്ട് അര്‍ഹിക്കുന്ന ഒരുപാട് പേര്‍ക്ക് ആലംബമായാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും.

എത്ര ഉറച്ച മനസ്സുളളവരും ഒരു നിമിഷനേരം കൊണ്ട് പതറുന്ന ഒന്നാണ് അവയവദാനം. സന്നദ്ധതയുളളവര്‍ മുന്നോട്ട് വരും. കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ അടുത്ത ബന്ധുക്കളോ ജീവിതപങ്കാളിയോ ഇടപെട്ട് അവരുടെ ത്വര ഇല്ലാതാക്കും. മിക്കപ്പോഴും അനാവശ്യഭയം കൊണ്ടാവും നിരുത്സാഹപ്പെടുത്തുക. ഒരുപാട് ബോധവത്കരണം ആവശ്യമുളള മേഖലയാണ് ഇത്.

നമ്മെ അലട്ടുന്ന ഒരുപാട് ചോദ്യങ്ങള്‍ ഇനിയുമുണ്ട്. എന്നാണ് ഒരു വ്യക്തിക്ക് ബാഹ്യമായ ഇടപെടലുകളില്ലാതെ സ്വതന്ത്രമായി അവയവദാനം ചെയ്യാന്‍ സാധിക്കുക? ആവശ്യമുളളവര്‍ക്ക് പണം നല്‍കിയിട്ടാണെങ്കിലും വൃക്ക ലഭ്യമാക്കാന്‍ സഹായിക്കുന്ന നിയമം എന്നാണ് നിലവില്‍ വരിക?

അവയവദാനത്തെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ബാലികേറാമലയാക്കി മാറ്റുന്നത്? 

തുറന്ന വാതില്‍ സംവിധാനം വഴി നിരവധിയാളുകള്‍ക്ക് അവയവം എത്തിക്കാനുളള സംവിധാനം ഉണ്ടായാല്‍ ഒരുപാട് പേര്‍ക്ക് അത് സഹായകമാകും.

ശസ്ത്രക്രിയയ്ക്ക് ആറു മാസത്തിന് ശേഷം ഞാന്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ട് വല്ലാതെ ആഹ്ളാദിച്ചു. വയനാടുളള 29 കാരനായ ജോഷി എന്ന യുവാവ് അവന്‍റെ നാട്ടിലെ ഒരു സ്ത്രീക്ക് വൃക്ക ദാനം ചെയ്തു. അയാള്‍ ഒരു ലോക്കല്‍ പാര്‍ട്ടിപ്രവര്‍ത്തകനും സൈന്‍ബോര്‍ഡ് പെയിന്‍ററുമാണ്. അയാള്‍ എന്നെയോ ചിറമ്മേല്‍ അച്ചനെയോ ഇന്നേവരെ വിളിച്ചില്ല. സാധാരണ സംശയങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങള്‍ ആരായാനും ആളുകള്‍ വിളിക്കാറുണ്ട്. ഈ മനുഷ്യന്‍ അങ്ങനെ പോലും ചെയ്തിട്ടില്ല. അയാള്‍ നേരേ ചെന്ന് അവയവം കൊടുക്കുകയായിരുന്നു. ഞാനും അച്ചനും അയാളെ തേടിപ്പിടിച്ചു ചെന്ന് സംസാരിച്ചു.

ദിവസക്കൂലിക്ക് സൈന്‍ബോര്‍ഡ് എഴുതുന്നയാളാണ് അദ്ദേഹം. യാതൊരു പ്രചാരണങ്ങളുമില്ലാതെ മറ്റുളളവരെ സഹായിക്കാന്‍ വ്യഗ്രത കാട്ടുന്ന വ്യക്തി. ഞങ്ങളുടെ സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് ആ മനുഷ്യന്‍ പറഞ്ഞു. ഞാന്‍ അയാളോട് പറഞ്ഞു. ‘ഞാന്‍ അറുപതാം വയസ്സിലാണ് ഈ തീരുമാനം എടുത്തത്. മുപ്പത് പോലും തികയും മുന്‍പ് നിങ്ങള്‍ ഇത് ചെയ്തത് അസാധാരണമായി എനിക്ക് തോന്നുന്നു’.

കൈക്കുഞ്ഞായ ഒരു മകളുടെ അച്ഛനാണ് അയാള്‍. ഭാര്യ നിറഞ്ഞ മനസ്സോടെയാണ് അയാളെ പിന്തുണച്ചത്. അവരുടെ നാട്ടിലെ ഒരു പാവപ്പെട്ട സ്ത്രീക്ക് ഒരു വൃക്കയുടെ ആവശ്യമുണ്ടെന്നറിഞ്ഞ് ജോഷി അത് കൊടുക്കുകയായിരുന്നു. പരിമിതമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും ഇങ്ങനെയൊന്ന് ചെയ്യാന്‍ മനസ്സ് കാണിച്ച ഈ യുവാവിനെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നി. ഓരോരുത്തരും ഈ മാനസികാവസ്ഥയിലേക്ക് പതിയെ നടന്നടുത്താല്‍ നമ്മുടെ രാജ്യത്ത് എത്രയോ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും!

English Summary : Kochouseph Chitilappilly life Series - 8

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA