ADVERTISEMENT

ഇത് കൊറോണാക്കാലത്തെ ഒരു വീട്ടുകാര്യമാണ്. കോട്ടയത്തുള്ള  ഒരു നസ്രാണി അമ്മച്ചിയുടെ കൊറോണാക്കാല വിശേഷങ്ങൾ ! രണ്ട് വർഷം മുമ്പ് ‘അതിയാൻ’ പോയതിൽപ്പിന്നെ മക്കളിൽനിന്നു Social Distancing അഥവാ ‘സാമൂഹിക അകലം’ വീട്ടിൽത്തന്നെ അനുഭവിച്ചു തുടങ്ങിയതാണ് അമ്മച്ചി. ഒരു വർഷം മുമ്പ് മക്കളുടെ Brake The Chain അതായത് വീടുമായുള്ള ‘ചങ്ങല പൊട്ടിക്കലിന്റെ’ ഭാഗമായി ആ വലിയ തറവാട്ടുവീട്ടിൽ അമ്മച്ചി ഒറ്റപ്പെട്ടുപോയതാണ്. പിന്നെപ്പിന്നെ പതിയെ ‘ഒറ്റപ്പടലിന്റെ സുഖം’ അമ്മച്ചി ഉൾക്കൊണ്ടു തുടങ്ങിതാനും. എന്നുപറഞ്ഞാൽ അമ്മച്ചി ക്വാറന്റീന് വിധേയയായീന്ന് അർഥം. അല്ലാതെ വേറെ തരമില്ലല്ലോ.

കൊറോണക്കാലത്ത് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് അമ്മച്ചിയുടെ ജീവിതം വീണ്ടും മാറിമറിയുന്നത്. ചാനലിൽ ലോക്ഡൗൺ എന്ന് ഫ്ലാഷ് ന്യൂസ് എഴുതിക്കാണിക്കുന്നതുകണ്ട അമ്മച്ചി ഇതെന്തു കുന്തമാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കോളിങ് ബെല്ലിന്റെ ശബ്ദം. പതിയെ ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ ഇളയ മകൻ സണ്ണിച്ചൻ കുടുംബസമേതം മുറ്റത്ത് നിൽക്കുന്നു. 

‘അമ്മച്ചീ, ഇത് ഞങ്ങളാണേ ... വാതിൽ തുറക്കോ...’

കൊച്ചുമക്കളെ ഒന്ന് വാരിപ്പുണർന്ന് ഒരു മുത്തം കൊടുക്കുവാനുള്ള ആവേശത്തിൽ പെട്ടെന്നുതന്നെ കതക് തുറന്നു. അമ്മച്ചിയെ ഇടിച്ചു മറിച്ചിടുന്ന ആവേശത്തിൽ കൊച്ചുമക്കൾ ഓടി വന്നു. മരുമകളാണെങ്കിൽ ഒരു മാസ്കും ധരിച്ചിട്ടുണ്ട്. അതെന്തായാലും ഭാഗ്യം എന്ന് അമ്മച്ചിയും കരുതി. തറവാട്ടിൽ വരുമ്പോഴുള്ള ‘ശോക’മായ ആ മുഖം കാണണ്ടാല്ലോ. സണ്ണിച്ചൻ അല്പം ‘നൊഷ്ടു’ Nostalgia) ഉള്ള കൂട്ടത്തിലാണെങ്കിലും തറവാട്ടിൽ വന്നാൽ പിറ്റേന്നു തന്നെ മരുമകൾ രംഗം ‘സീനാക്കി’ നേരത്തോടു നേരമാവുന്നതിന് മുമ്പ് തിരിച്ചു പോകാറാണ് പതിവ്.

എന്തായാലും ഇത്തവണ തറവാട്ടു മുറ്റം കൊച്ചുമക്കളുടെ കളിക്കളമായി മാറിയത് പെട്ടെന്നായിരുന്നു. സർക്കാരിന്റെ പുതിയ പ്രോട്ടോക്കോൾ അമ്മച്ചിക്കും വീടിനും പുതിയ ഊർജം നൽകി. അമ്മച്ചി ഇവിടെ ജീവനോടെയുണ്ടോന്നറിയാൻ ഒന്ന് ഫോൺ വിളിച്ച്നോക്കാൻ പോലും സമയം ഇല്ലാതിരുന്ന സണ്ണിച്ചൻ ഇപ്പോൾ ചോദിക്കുവാ: ‘അമ്മച്ചിയുടെ മുട്ടിന്‌ വേദനയൊക്കെ എങ്ങനെയുണ്ട് ?’

ആ ചോദ്യം കേട്ടപ്പോൾത്തന്നെ അമ്മച്ചിയുടെ വേദന പകുതി കുറഞ്ഞിട്ടുണ്ട്. സണ്ണിച്ചൻ മാത്രമല്ല, മൂത്തമകൻ ജർമനിയിലുള്ള മാത്തുക്കുട്ടിയും അവന്റെ ഇളയത് അയർലണ്ടിലുള്ള ബേബിച്ചനും  ഇപ്പോൾ ഫോണിലൂടെ അമ്മച്ചിയുടെ ക്ഷേമം അന്വേഷിക്കാൻ തുടങ്ങി. മുമ്പൊക്കെ അവരുടെ വിളികൾ ‘റേഷൻ’ കണക്കേ ആയിരുന്നു വന്നിരുന്നത്. അങ്ങനെ എന്തൊക്കെയോ മാറ്റങ്ങൾ ഈ കൊറോണ വൈറസ് വരുത്തിയിട്ടുണ്ടെന്ന് അമ്മച്ചിക്ക് തോന്നിത്തുടങ്ങി. 

പിറ്റേന്ന് വീടിന് പിറകുവശത്തുള്ള റബ്ബർ തോട്ടത്തിൽനിന്ന് നീട്ടിയുള്ള ഒരു വിളി: ‘അമ്മച്ചിയേ....’  

സണ്ണിച്ചന്റെ നീട്ടിയുള്ള ആ വിളി കേട്ടപ്പോൾത്തന്നെ അമ്മച്ചിയുടെ മനസ്സ് ഒന്നു നിറഞ്ഞു. ഏറെ നാളായല്ലോ മനസ്സ് തുറന്നുള്ള ആ വിളി കേട്ടിട്ട്.

‘അമ്മച്ചീ, ഇവിടെ നിന്നിരുന്ന ആ പ്ലാവ് വെട്ടിക്കളഞ്ഞോ?’ സണ്ണിച്ചന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി തേൻവരിക്കച്ചക്കയുണ്ടാകുന്ന പ്ലാവ് തപ്പിയിറങ്ങിരിക്കുവാണ് മോൻ. 

‘എടാ സണ്ണിച്ചാ, നിങ്ങളെ പഠിപ്പിക്കാനായി എടുത്ത ലോണും പിന്നെ വീട് പരിഷ്കരിച്ചപ്പോൾ ഉണ്ടായ കടവും വീട്ടാനായി അപ്പച്ചന് മറ്റ് മാർഗ്ഗമൊന്നുമില്ലാതെ വന്നപ്പോൾ ആരെയും ബുദ്ധിമുട്ടിക്കാതെ ആ പ്ലാവും പിന്നെ ആഞ്ഞിലിമരവും ഒക്കെ വെട്ടിവിറ്റിരുന്നു. ഞാൻ പറഞ്ഞതാ അത് വേണ്ടാ, പിള്ളേരോട് പറഞ്ഞാൽ മതിയെന്ന്. അപ്പച്ചൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അവരൊക്കെ ജീവിതം തുടങ്ങിയട്ടല്ലേയുള്ളു, സ്വസ്ഥമായി ജീവിക്കട്ടെ എന്നായിരുന്നു അപ്പച്ചൻ പറഞ്ഞത്. ഇവിടുത്തെ ബുദ്ധിമുട്ടുകളും ഒന്നും ആരെയും അറിയിക്കാൻ കൂട്ടാക്കിയതുമില്ല. എന്നിട്ടെന്താ, ഒരു ബാധ്യതയും അവശേഷിപ്പിക്കാതെ ഈ തറവാട്ടിൽ എന്നെ ഒറ്റക്കാക്കിയിട്ട് .... നേരാംവണ്ണം കൊച്ചുമക്കളെ ഒന്ന് കൊഞ്ചിക്കാനുള്ള അവസരം പോലും അപ്പച്ചന് കിട്ടിയിട്ടില്ല. ങ്ഹാ..., ഇനിയിപ്പം അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. പിന്നെ തേൻവരിക്ക ചക്കേടെ കാര്യം, എടാ സണ്ണിച്ചാ, നീ ഈ പറമ്പിലൊക്കെ ഒന്ന് ഇറങ്ങിയിട്ട് എത്ര കാലമായെടാ? അതെങ്ങനാ, മണ്ണിൽ കാലുകുത്തിയാലല്ലേ നീ ഇതൊക്കെ അറിയൂ.’

അല്ലെങ്കിൽത്തന്നെ ഇടയ്ക്ക് തറവാട്ടിൽ വന്നാൽ വർക്ക് അറ്റ് ഹോം എന്നും പറഞ്ഞ് രണ്ടാം നിലയിൽ കയറിയിരുന്ന് സന്ധ്യയാവുമ്പോൾ ഫോൺ വിളിച്ച് " അമ്മച്ചി അത്താഴം റെഡിയായോ?’  എന്ന് ചോദിക്കുന്നതായിരുന്നു കുറേക്കാലമായി സണ്ണിച്ചന്റെ രീതി.

അടുക്കളയിൽ നിന്ന് കൊച്ചുമക്കളുടെ വിളി കേൾക്കുന്നുണ്ട്. അവരാണെങ്കിൽ അമ്മച്ചിയുടെ പിറകെ പലഹാരങ്ങൾക്കായി നടപ്പാണ്. അമ്മച്ചിയുടെ നാടൻ പലഹാരങ്ങൾ അവർക്ക് രുചിയുടെ പുതിയ ലോകം സമ്മാനിച്ചിട്ടുണ്ട്. മമ്മി ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തുന്ന പീത്‌സയും ബർഗറുമൊക്കെ അമ്മച്ചിയുടെ ചൂടുള്ള നാടൻ പലഹാരങ്ങളുടെ മുമ്പിൽ "പ്ലിങ് " ! കുട്ടികൾക്ക് ഭക്ഷണം എന്നത് ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തുന്ന ഒരു പാഴ്സൽ മാത്രമല്ല മറിച്ച് അമ്മയുടെ കരുതലും വാത്സല്യവും കൃത്യമായ ചേരുവയിൽ ചാലിച്ച് തയ്യാറാക്കി വിളമ്പുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന സംതൃപ്തിയാണ്, നല്ല രുചി അഥവാ നല്ല ഭക്ഷണം എന്ന് മരുമകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ അമ്മച്ചിയെ അമ്പരപ്പിച്ച ഒരു രംഗമുണ്ടായി. വൈകുന്നേരം കൊച്ചുമക്കളെയുംകൂട്ടി പറമ്പിലൂടെ പച്ചക്കറി തൈകൾ നനയ്ക്കുവാനിറങ്ങിയപ്പോൾ വെറുതേ ഒന്ന് ചോദിച്ചു: ‘നമ്മൾ കഴിക്കുന്ന ഈ കോവയ്ക്കയും പാവയ്ക്കയുമൊക്കെ എവിടെ നിന്നാണ് കിട്ടുന്നതെന്ന് മക്കൾക്കറിയാമോ ?’ 

കൊച്ചുമക്കളുടെ മുപടി ഉടൻ വന്നു: ‘ഉം, സൂപ്പർ മാർക്കറ്റിൽ നിന്ന്’.

കേട്ടുകൊണ്ട് നിന്ന സണ്ണിച്ചന്റെ ചോദ്യം ഉടൻ വന്നു: ‘എന്ത് 'വെള്ളിയാടാ' പറയുന്നത് ?’

‘അല്ല, മോനേ സണ്ണിച്ചാ, അവരെ തെറ്റു പറഞ്ഞിട്ട് കാര്യമില്ലല്ലോ? അതിനപ്പുറത്തേക്ക് അവർ കണ്ടിട്ടും കേട്ടിട്ടും ഇല്ലല്ലോ.’

സണ്ണിച്ചനും ഭാര്യയും മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾ ‘ലോകതോൽവി’ ആയിപ്പോയല്ലോ എന്ന തിരിച്ചറിവിൽ പരസ്പരം നോക്കുന്നുണ്ട്. അന്നുതന്നെ എന്തായാലും അവരെയും കൂട്ടി തൊടിയിലെ പച്ചക്കറിത്തോട്ടത്തിലൂടെ അമ്മച്ചി ഒരു സവാരി നടത്തി. അമ്മച്ചി എന്ന പാഠശാലയിൽനിന്നു കുട്ടികൾക്ക് കിട്ടിയത് റസിഡൻഷ്യൽ സ്കൂളിൽ നിന്നു കുത്തിവച്ചു നൽകുന്ന ആഗോളവിവരങ്ങളല്ല, പ്രായോഗിക ജ്ഞാനവും അവരിൽ കൗതുകമുണർത്തുന്ന പുത്തനറിവുകളുമാണ്. കാർട്ടൂൺ ചാനലിലെ കഥാപാത്രങ്ങളെക്കുറിച്ച് മാത്രമറിയാമായിരുന്ന  അവർക്ക് ഇതൊക്കെ ആസ്വാദ്യമായ പുതിയ അറിവാണ്. കൂടുതൽ അറിവിനായുള്ള അവരുടെ കൗതുകം  കൂടിയിട്ടേയുള്ളു. ഫ്ലാറ്റിലെ നാല് ചുവരുകൾക്കുള്ളിൽ അവരുടെ ചിറകരിയുന്നതിന് പകരം കുട്ടികൾക്ക് ലഭിക്കേണ്ടത് അവരുടേതായ ലോകത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഒപ്പം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും കൂടിയുണ്ടെങ്കിൽ അവരുടേതായ വഴി അവർ സ്വയം കണ്ടെത്തിക്കോളും എന്നതാണ് അമ്മച്ചിയുടെ പക്ഷം. 

അന്ന് രാത്രി കുരിശുവരച്ചു കഴിഞ്ഞപ്പോൾ അമ്മച്ചി വളരെക്കാലമായി ആഗ്രഹിച്ചിരുന്നതും എന്നാൽ ഇനി ഒരിക്കലും കിട്ടില്ലെന്ന് വിചാരിച്ചിരുന്നതുമായ ഒരു സമ്മാനം കൂടി അമ്മച്ചിക്കു ലഭിച്ചു. കുരിശ്‌വര കഴിഞ്ഞ് സ്തുതി ചൊല്ലുന്ന സമയം സണ്ണിച്ചൻ അമ്മച്ചിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു. സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയ തന്റെ കണ്ണുകൾ സാരിയുടെ തുമ്പെടുത്ത് അമ്മച്ചി തുടയ്ക്കുമ്പോൾ മരുമകളുടെയും കണ്ണ് നിറഞ്ഞിരുന്നു. ഇതിനോടകം ‘അമ്മച്ചി ഒരു ഭീകര ജീവിയല്ല’ എന്ന് മരുമകളും തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു.

പിറ്റേദിവസം മരുമകളും അമ്മച്ചിയുടെ അടുത്തു കൂടി. ‘അമ്മച്ചീ, നേരാംവണ്ണം ഒരു സാരി ഉടുക്കാൻ ഒന്ന് പഠിപ്പിക്കമോ?’

കല്യാണത്തിന്റെ അന്ന് നെറ്റിയിൽ കുരിശ് വരച്ച് വീട്ടിലേക്ക് കയറ്റിയതിൽപ്പിന്നെ സ്വാതന്ത്ര്യത്തോടെ അമ്മച്ചി മരുമകളുടെ ദേഹത്ത് സ്പർശിക്കുന്നത് ഇതാദ്യമായാണ്. സാരിയുടുത്ത് മലയാളിമങ്കയായി മമ്മിയെ കണ്ടപ്പോൾ കുട്ടികൾക്ക് അതിശയം. 

‘ഇനി, സ്കൂളിൽ വരുമ്പോൾ മമ്മി ഇങ്ങനെ വന്നാൽ മതി’ കുട്ടികളുടെ കമന്റ്.

‘അമ്മച്ചീ കട്ടപ്പനേന്ന് ചാച്ചി വിളിക്കുന്നു.’ സണ്ണിച്ചൻ ഫോൺ കൊണ്ടുവന്ന് അമ്മച്ചിയുടെ കൈയിൽ കൊടുത്തതും എന്തോ വലിയ സംഭവം പറയാനെന്ന ഭാവത്തിൽ അമ്മച്ചി ഫോണുമായി തിണ്ണയിലേക്ക് പോയി. കട്ടപ്പനയിലെ കൊറോണാ വിശേഷം കേട്ടു കഴിഞ്ഞ് കോട്ടയത്തെ കൊറോണാ വിശേഷം പറഞ്ഞ കൂട്ടത്തിൽ അമ്മച്ചിയുടെ മാസ് ഡയലോഗും വന്നു. ‘അതേയ്, ഈ കൊറോണാ വൈറസ് ദൈവത്തിന്റെ ചാരന്മാർ  ആണെന്നാണ് എനിയ്ക്ക് തോന്നുന്നത്. അല്ലെങ്കിൽപ്പിന്നെ, പാസ്പോർട്ട് പോലുമില്ലാതെ എല്ലാ രാജ്യങ്ങളിലും കറങ്ങിനടന്ന് വലിയ അറിവുള്ള മനുഷ്യർക്ക് തിരിച്ചറിവു നൽകുന്ന ഈ വൈറസ്  ആരാണ്?’

എന്തായാലും ഇപ്പോൾ സണ്ണിച്ചനും കുടുംബത്തിനും അമ്മച്ചി എന്ന വൈറസ് ഒഴിവാക്കാനാവാത്ത ഒരു ‘ചങ്ക്’ ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. അമ്മച്ചിക്ക് ഇപ്പോൾ ഒന്നേ പറയാനുള്ളൂ. ‘ലോകം മുഴുവൻ ആശങ്കയിലാഴ്ത്തുന്ന കൊറോണ വൈറസ് ഇനി വേണ്ട, പക്ഷേ ലോക്ഡൗൺ ഇനിയും വേണം.’

ആ തറവാട്ടുമുറ്റവും അമ്മച്ചിയും കാത്തിരിപ്പ് തുടരും, വീണ്ടുമൊരു ലോക്ഡൗണിനായ് !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com