ADVERTISEMENT

‘ആകെ ഒരു ജീവതമല്ലേ ഉള്ളൂ, അത് അടിച്ച് പൊളിച്ച് ജീവിക്ക്യാ, വെഷമിച്ചിരുന്നിട്ട് എന്തുട്ടാ കാര്യം.....’ എങ്ങനെ ഇത്ര സന്തോഷമായി ഇരിക്കുന്നുവെന്നു ചോദിച്ചാൽ പ്രണവിന്റെ മറുപടി ഇതായിരിക്കും. ആ ചുണ്ടുകളിൽ എപ്പോഴും ചിരിയാണ്. ശരീരത്തിന്റെ തളർച്ചയ്ക്ക് എത്ര ശ്രമിച്ചിട്ടും മനസ്സില്‍ കയറിക്കൂടാൻ സാധിച്ചില്ല. കളിച്ചും ചിരിച്ചും സ്നേഹിച്ചും പ്രണവ് ജീവിതത്തോട് പോരാടുകയാണ്. 

ആറു വർഷം മുമ്പ് നടന്ന ഒരു അപകടത്തിലാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെ ജീവിതം മാറിമറിഞ്ഞത്. കുതിരത്തടം പൂന്തോപ്പിലുണ്ടായ ബൈക്ക് അപകടത്തിൽ പ്രണവിന്റെ ശരീരം തളർന്നു. ഒരിക്കലും വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന ആളുടെ ജീവിതം വീൽചെയറിലേക്ക് മാറി. പക്ഷേ, സൗഹൃദത്തിന്റെ കരുത്തിൽ, സ്നേഹം നൽകിയ പ്രതീക്ഷയിൽ അതിജീവിക്കാൻ തന്നെയായിരുന്നു പ്രണവിന്റെ തീരുമാനം. 

ജീവിതത്തോടുള്ള പ്രണവിന്റെ അഭിനിവേശം ചുറ്റുമുള്ളവർക്ക് സന്തോഷം നൽകിയപ്പോൾ തിരുവനന്തപുരം സ്വദേശിനി ഷഹാനയിൽ അത് പ്രണയം നിറച്ചു. 2020 മാർച്ച് 3ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍വച്ച് ഇവരുടെ വിവാഹം നടക്കുന്നതിലെത്തി കാര്യങ്ങൾ. ഈ വിവാഹം വാർത്താ പ്രാധാന്യം നേടി. തങ്ങളെ ബാധിക്കാത്ത കാര്യമാണെങ്കിലും സോഷ്യൽ ലോകം വലിയ രീതിയിൽ ചര്‍ച്ചകള്‍ നടത്തി. ഇപ്പോഴും ആ ചർച്ചകൾ തുടരുന്നവരുമുണ്ട്. പക്ഷേ പ്രണവിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും മുമ്പിൽ അതിന് യാതൊരു വിലയുമില്ല. ചെറിയ പരാജയങ്ങൾ പോലും താങ്ങാനാവാതെ വിഷാദത്തിലേക്ക് വീണു പോകുന്നവർക്കും ശ്രമിച്ചു പോലും നോക്കാതെ ജീവിതത്തിൽ തോറ്റു കൊടുക്കുന്നവര്‍ക്കും ഇയാളൊരു പ്രചോദനമാണ്. പ്രണവ് തന്റെ കഥ പറയുന്നു.

‘‘ബികോം മൂന്നാംവർഷ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. ഒരു സുഹൃത്ത് ഗൾഫിലേക്ക് പോകുന്നതിനാല്‍ അന്നൊരു ചെലവ് ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ. അതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ സുഹൃത്തിന് ഓട്ടത്തിന് വിളി വന്നു. മദ്യപിക്കുന്ന ശീലമില്ലാത്തതുകൊണ്ട് അവൻ എന്നോട് പോകാമോ എന്നു ചോദിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു. വൈകീട്ട് ഒരു ആറു മണിയോട് അടുപ്പിച്ചാണ് ഓട്ടം കഴിഞ്ഞ് ഞാൻ തിരിച്ചു വന്നത്. ഓട്ടോറിക്ഷ ഒതുക്കി പുറത്തിറങ്ങിയതും ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിന്നിരുന്ന ഒരു സുഹൃത്ത് ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടു. ഞാൻ അവന്റെ പിന്നിൽ കയറി. ഒരു 300 മീറ്റർ മുന്നോട്ട് പോയി കാണും. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് മതിൽ ഇടിച്ചു കയറി. ഞാൻ തെറിച്ചു പോയി ഒരു തെങ്ങിലിടിച്ച് നിലത്തു വീണു.

സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരെല്ലാം ഓടിയെത്തി. നോക്കിയപ്പോൾ ഞാൻ എഴുന്നേറ്റ് ഇരിക്കുന്നതും ബൈക്ക് ഓടിച്ച സുഹൃത്ത് നിശ്ചലനായി കിടക്കുന്നതുമാണ് കണ്ടത്. അവന് ഗുരുതരമായി എന്തോ സംഭവിച്ചു എന്നാണ് എല്ലാവരും കരുതിയത്. ഞങ്ങളെ വേഗം സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. യാത്രയ്ക്കിടയിൽ എനിക്ക് ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെ പരിശോധനയിൽ ഞാൻ ഗുരുതരാവസ്ഥയിൽ ആണെന്നും സുഹൃത്തിന് കുഴപ്പമൊന്നുമില്ലെന്നും മനസ്സിലായി. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെവച്ച് ഓപ്പറേഷൻ നടത്തി. അഞ്ചുമാസം അങ്ങനെ കിടന്നു. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഛർദിക്കും. അതിന്റെ കാരണം കണ്ടുപിടിക്കാനായി വെല്ലൂരിലേക്ക് കൊണ്ടു പോയി. ഓപ്പറേഷന്‍ ചെയ്തപ്പോൾ കഴുത്തിലൊരു പ്ലേറ്റ് ഇട്ടിരുന്നു. അതിന്റെ സ്ക്രൂ കൊണ്ട് അന്നനാളത്തിൽ ദ്വാരം വീണു. അതിനാൽ കഴിക്കുന്ന ഭക്ഷണം ശ്വാസകോശത്തിലേക്ക് പോകുന്നതാണ് ഛർദിക്കാൻ കാരണമാകുന്നതെന്നു കണ്ടെത്തി. ഓപ്പറേഷൻ ചെയ്യുന്നത് അപകടകരമാണ് എന്നതിനാൽ തനിയെ ദ്വാരം അടയുമോ എന്നു നോക്കാൻ തീരുമാനിച്ചു. അവിടെയും അഞ്ചു മാസം തങ്ങി. അങ്ങനെ തളർന്ന ശരീരവുമായി ഒരു വർഷത്തിനുശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി. 

ഇനി എഴുന്നേൽക്കില്ല

ഓപ്പറേഷൻ കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ എല്ലാം ശരിയാവും എന്നായിരുന്നു എന്നെ ആശ്വസിപ്പിക്കാനായി ആദ്യം പറഞ്ഞത്. നീണ്ടു പോകാൻ തുടങ്ങിയപ്പോൾ എനിക്കു മനസ്സിലായി ഇനി എഴുന്നേൽക്കില്ല എന്ന്. ആദ്യം വളരെയധികം വിഷമം തോന്നി. ഓടിച്ചാടി നടന്നിരുന്ന ഞാൻ ജീവിതകാലം മുഴുവൻ ഒരു കട്ടിലിൽ കിടക്കണം. കഴുത്തിന് മുകളിലേക്കും ഒരു കയ്യിനും മാത്രം ചലനശേഷിയുണ്ട്. പക്ഷേ, ദുഃഖിച്ചും നിരാശനായും ഇരിക്കുന്നതിൽ അർഥമില്ലെന്ന് ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു. സംഭവിക്കാനുള്ളത് സംഭവിച്ചു. അതെന്തായാലും എനിക്ക് സംഭവിക്കാൻ വിധിച്ചതു തന്നെ. തളർന്നു കിടന്നാലും ഓടി നടന്നാലും എനിക്കുള്ളത് ഈയൊരു ജീവിതം മാത്രമാണ്. അത് ദുഃഖിച്ച് തീർക്കുന്നത് എന്തിന് ?

pranav-shahana-6

സൗഹൃദം കരുത്തായി

സമ്പാദ്യമെന്നു പറയാൻ ആകെയുള്ളത് നല്ല സൗഹൃദങ്ങളാണ്. എവിടെയാക്കെ പോയിട്ടുണ്ടോ അവിടെയെല്ലാം സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജീവിതം അടിച്ചുപൊളിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാർ എനിക്കൊപ്പം നിന്നു. എന്റെ ശരീരത്തിന്റെ ചലനമായി അവർ മാറി. എന്നെ പൂരത്തിനും പെരുന്നാളിനും കൊണ്ടുപോയി. ഒരു ഫോൺ കോൾ മതി എന്റെ അടുത്തേക്ക് അവരെത്താൻ. ആഗ്രഹം പറഞ്ഞാൽ എവിടേയ്ക്ക് വേണമെങ്കിലും കൊണ്ടു പോകും. ഒരു നിമിഷം പോലും ഒറ്റയ്ക്കാണെന്നു തോന്നിപ്പിക്കാതെ അവർ ഒപ്പം നിന്നു. 

ആത്മാർഥ സുഹൃത്തുക്കളെ തിരിച്ചറിയാനും ആ ദുരിതകാലം സഹായിച്ചു. ഒപ്പമുണ്ടാകുമെന്നു കരുതിയ ചിലർ മാറിപ്പോയി. പ്രതീക്ഷിക്കാത്തവർ ജീവിതത്തിലേക്ക് കടുന്നു വന്നു. സൗഹൃദം വലിയൊരു സംഭവമാണ്. മനസ്സിൽ എത്ര ശുഭാപ്തിവിശ്വാസം ഉണ്ടെങ്കിലും സൗഹൃദം ഇല്ലായിരുന്നെങ്കിൽ ഞാൻ വിഷാദത്തിലേക്ക് വീണുപോയേനെ. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. തമാശ പറഞ്ഞ്, പരസ്പരം കളിയാക്കി, ചളിയൊക്കെ പറഞ്ഞ് എത്ര നേരം വേണമെങ്കിലും അങ്ങനെ ഇരിക്കാനാകും.

pranav-shahana-2
(ഇടത്) പ്രണവ് അച്ഛൻ സുരേഷ് ബാബുവിനോടൊപ്പം), (വലത്) സഹോദരി ആതിരയ്ക്കും അമ്മ സുനിതയ്ക്കുമൊപ്പം പ്രണവ്

കുടുംബം

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുൾപ്പെടുന്നതാണ് കുടുംബം. ജീവിതത്തിലെ മറ്റൊരു സംഭവമാണ് അമ്മ. വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത ഒരാൾ. സുനിത എന്നാണ് പേര്. ആശുപത്രിയിൽ എന്നെയും നോക്കി കസേരയിൽ ഉറങ്ങാതെയിരിക്കുന്ന അമ്മയുടെ മുഖം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. എത്ര ദിവസങ്ങളാണ് അമ്മ അങ്ങനെ ഇരുന്നത്. 

അച്ഛൻ സുരേഷ് ബാബു ഇലക്ട്രീഷ്യൻ സഹായി ആയി മസ്കറ്റിൽ ജോലി ചെയ്യുകയാണ്. ഓപ്പറേഷനുശേഷം അദ്ദേഹം കരയുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്. അപകട വാർത്തയറിഞ്ഞ് മസ്കറ്റിൽ നിന്ന് ഓടിപിടഞ്ഞ് എത്തിയതായിരുന്നു അച്ഛൻ. അദ്ദേഹം ആകെ തകർന്നു പോയിരുന്നു. അതു കണ്ടപ്പോള്‍ വേദന സഹിക്കാനായില്ല. 

സഹോദരി ആതിര പഠനം കഴിഞ്ഞ് ജോലിക്കു വേണ്ടിയുള്ള ശ്രമത്തിലാണ്. ജോലി നേടി അച്ഛനെയും അമ്മയേയും നോക്കണമെന്നും അതിനുശേഷം കല്യാണം കഴിക്കാം എന്നുമാണ് അവൾ പറയുന്നത്.

pranav-shahana-7

ഇവരൊക്കെ  മുന്നോട്ടു പോകാനുള്ള കരുത്താണ്. ദുഃഖിച്ചിരിക്കുന്ന പ്രണവ് ഇവർക്കെല്ലാം വേദന മാത്രമേ നൽകൂ എന്ന് എനിക്കറിയാം.

ഷഹാന – തേടിയെത്തിയ ഭാഗ്യം

pranav-shahana-3

എന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. എന്തുകൊണ്ടാണ് അവൾ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എനിക്കിപ്പോഴും അറിയില്ല. ആളുകൾ എന്നെ കുറ്റപ്പെടുത്തി പലതും പറയുന്നുണ്ട്. അതൊന്നും കാര്യമാക്കാറില്ല. സ്നേഹിച്ചവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ ഉപേക്ഷിച്ചു പോകുന്നവരുള്ള നാട്ടിലാണ് ഒരു പെൺകുട്ടി ഇങ്ങനയൊരു തീരുമാനമെടുക്കുന്നത്. ഞാനും എന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഈ തീരുമാനം മാറ്റണമെന്ന് ഷഹാനയോട് ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷേ, അവൾ അതിലുറച്ചു നിന്നു. എന്റെ ഈ അവസ്ഥയിൽ ഒരു കല്യാണമോ കുടുംബജീവിതമോ വിദൂര സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. എനിക്കവളെ ജീവന് തുല്യം സ്നേഹിക്കാൻ മാത്രമേ സാധിക്കൂ. അത് ഞാൻ ചെയ്യും.

pranav-shahana-8

ഷഹാന വന്നതോടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായി. വീട്ടുകാരും കൂട്ടുകാരും നോക്കിയിരുന്ന പല കാര്യങ്ങളും അവൾ ഏറ്റെടുത്തു. പല കാര്യങ്ങൾ എന്നല്ല, എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു എന്നു തന്നെ പറയാം. ഒന്നിനും അവൾക്ക് മടിയില്ല. ഒരു കുഞ്ഞിനെ പോലെ എന്ന് പരിചരിക്കുന്നു, സ്നേഹിക്കുന്നു. എനിക്ക് അവളെ ദൈവം അറിഞ്ഞു തന്നതാണ്. കുറച്ച് ദേഷ്യക്കാരിയുമാണ് ആൾ. എന്നാൽ ദേഷ്യം മാറിയാൽ പിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. ഞാൻ അതെല്ലാം വളരെയധികം ആസ്വദിക്കുന്നുണ്ട്. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നു. ഷഹാന വന്നതോടെ ജീവിതത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. ഇപ്പോൾ അവൾക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെയ്ക്കുന്നു.

സ്വപ്നം 

അന്നനാളത്തിലെ പ്രശ്നം കാരണം ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. അതൊന്നു മാറി വായിലൂടെ കഴിക്കാൻ പറ്റണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂ. ട്യൂബിലൂടെ ഏതാനും ചില പോഷക സാധനങ്ങൾ മാത്രമാണ് കിട്ടുന്നത്. വായിലൂടെ എന്തു വേണമെങ്കിലും കഴിക്കാമല്ലോ. ആഹാരത്തോടുള്ള കൊതി കൊണ്ടല്ല, ശരിയായി ആഹാരം കഴിക്കാൻ തുടങ്ങിയാൽ എല്ലാം അടിപൊളിയാവും. പിന്നെ പതിയെ എഴുന്നേറ്റ് നടക്കാനാവുമെന്നും ഞാൻ വിശ്വസിക്കുന്നു. 

pranav-shahana-4

ഓപ്പറേഷൻ നടത്തി അന്നനാളത്തിലെ ദ്വാരം അടയ്ക്കാൻ തീരുമാനിച്ചതാണ്. പക്ഷേ, അപകട സാധ്യത കൂടുതലായതു കൊണ്ട് അവസാന നിമിഷം ഉപേക്ഷിച്ചു. ആ ഒരു കാര്യം മാത്രേ വിഷമമുള്ളൂ. അതൊന്നു മാറണമെന്നു മാത്രമേ ആഗ്രഹമുള്ളൂ. എഴുന്നേറ്റ് നടക്കാൻ പറ്റുന്നില്ലെങ്കിലും എല്ലാവരുടേയും സ്നേഹം അനുഭവിച്ച് ഒരു രാജാവിനെപ്പോലെയല്ലേ എന്റെ ജീവിതം. 

ഞാനായിരിക്കുന്ന അവസ്ഥയിൽ ഏറ്റവും മികച്ചതായിരിക്കാനാണ് ശ്രമം. ഒന്നിനെക്കുറിച്ചോർത്തും ദുഃഖിക്കുന്നില്ല. ഈ ജീവിതം അടിച്ചു പൊളിച്ച് തന്നെ ജീവിക്കും. മറ്റാരുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടാതെ, സുന്ദരമായ ഒരു കൊച്ചു ജീവിതം. ജീവിതത്തിൽ തളർന്നു പോയവരോട് എനിക്ക് പറയാൻ ഒന്നേയുള്ളൂ. നമുക്ക് ഒരു ജീവിതമേ ഉള്ളൂ. അത് ആഘോഷിച്ച്, അടിച്ച് പൊളിച്ച് നല്ല കളർഫുൾ ആക്കി ജീവിക്കണം. അതിനിടയിൽ പലതും പറയുന്നവരുണ്ടാകും. അതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ജനിച്ചതും ജീവിക്കാൻ സാധിക്കുന്നതും തന്നെ വലിയൊരു ഭാഗ്യമാണ്. 

English Summary : Pranav's fight for survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com