ADVERTISEMENT

‘അയ്യോ മോളേ കറുത്തു പോയല്ലോ.... എന്തൊരു തടിയാ ഇത്... കണ്ടിട്ട് തന്നെ പേടി ആകുന്നല്ലോ... ഡയറ്റ് ചെയ്തൂടെ...’  25 വയസ്സിനിടയ്ക്ക് ഡോ.അഞ്ജന മേരി റോയ് കേട്ടു തഴമ്പിച്ച പരിഹാസ വാക്കുകളും സഹതാപപ്രകടനങ്ങളും മാറ്റി നിറുത്തലുകളും ഒന്നു രണ്ടു വരികളില്‍ സംഗ്രഹിച്ചാല്‍ ഏകദേശം ഇതുപോലെയാകും. എന്നാല്‍ ഈ വാക്കുകളിലെ പരിഹാസങ്ങളെ കുടഞ്ഞു കളഞ്ഞ്, അവര്‍ കളിയാക്കി വിട്ട കാര്യങ്ങളെ തന്നെ ആഘോഷമാക്കി ഒരു പുഞ്ചിരിയോടെ അഞ്ജന നടന്നു കയറുന്നത് ഒരുപാടു ജീവിതങ്ങളിലേക്കാണ്. കേട്ടു മറക്കാന്‍ കഴിയാത്ത കളിയാക്കലുകളില്‍ മനംനൊന്ത് സ്വയം ഇരുട്ടിലാക്കി, ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുന്നവരെ നോക്കി അഞ്ജന പറയുന്നു- ‘കുറവുകളെന്ന് മറ്റുള്ളവര്‍ പറയുന്നതെല്ലാം ആഘോഷമാക്കി മാറ്റൂ...അറിയാം അത് പ്രയാസമാണെന്ന്... പക്ഷേ, അങ്ങനെ ചെയ്തു കഴിഞ്ഞാലുണ്ടല്ലോ...അത് വേറെ ലെവലാകും’

അഞ്ജന മേരി റോയ് എന്ന ആലപ്പുഴക്കാരി സമൂഹമാധ്യമത്തില്‍ വൈറലാകുന്നത് ഒരു തുറന്നുപറച്ചിലിലൂടെയായിരുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ സ്വന്തം രൂപത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങളെ അക്കമിട്ടു നിരത്തി പറഞ്ഞ ഒരു വിഡിയോയിലൂടെ. ആരോടുമുള്ള പ്രതിഷേധമായിരുന്നില്ല ആ വാക്കുകള്‍. ആത്മരോഷപ്രകടനവും ആയിരുന്നില്ല. മറിച്ച്, തന്റെ രൂപത്തെ വെറുപ്പോടെയും പരിഹാസത്തോടെയും ആഘോഷിച്ചവരെ നോക്കി അവരുടെ ലോകവും മനസുമെല്ലാം ഇത്ര ചെറുതായിരുന്നോ എന്ന് ഓര്‍മപ്പെടുത്തുന്ന ഒന്ന്.  ‘ദ് ലൈഫ് നെക്സ്റ്റ് ഡോർ’ എന്ന ഇൻസ്റ്റഗ്രാം പേജില്‍ അഞ്ജന പങ്കുവയ്ക്കുന്ന വിഡിയോകള്‍ക്കും കുറിപ്പുകള്‍ക്കും സെലിബ്രിറ്റികള്‍ അടക്കമുള്ള വായനക്കാരുണ്ട്. അനുഭവങ്ങളും വര്‍ത്തമാനങ്ങളുമായി ഡോ.അഞ്ജന മേരി റോയ് മനോരമ ഓണ്‍ലൈനില്‍. 

തുറിച്ചു നോക്കുന്ന കണ്ണുകള്‍

ചെറുപ്പം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് അനുഭവങ്ങളിലൂടെ കടന്നു വന്നിട്ടുണ്ട്. ആദ്യമൊക്കെ ഞാന്‍ വീട്ടില്‍ വന്ന് ഇതെല്ലാം പറയുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ അപ്പയ്ക്കും അമ്മയ്ക്കും ആയിരുന്നു സങ്കടം. അവര്‍ എന്നോടു വന്ന് സോറി പറയും. അവരുടെ രൂപമല്ലേ എനിക്ക് കിട്ടൂ, അവര്‍ക്ക് അത് മാറ്റാന്‍ കഴിയില്ലല്ലോ. ഞാന്‍ എന്റെ മാതാപിതാക്കളെപ്പോലെ അല്ലേ ഇരിക്കേണ്ടത്. അതില്‍ ഞാന്‍ വിഷമിക്കേണ്ട കാര്യമില്ലല്ലോ എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങി. അതിനുശേഷം ഞാന്‍ ഇക്കാര്യം പറഞ്ഞ് അവരെ വിഷമിപ്പിച്ചിട്ടില്ല. റോഡിലൂടെ നടന്നു പോകുമ്പോള്‍ ആളുകള്‍ ഇങ്ങനെ തുറിച്ചു നോക്കും. ചിലര്‍ കമന്റടിക്കും. ചിലരുടേത് ഒച്ചത്തിലാകും. അതും പറഞ്ഞ് അവര്‍പോകും. പക്ഷേ, നമ്മള്‍ അവിടെ സ്റ്റക്ക് ആയി നിന്നു പോകും. അതു കേട്ട് നമുക്കു പിന്നെയും മുന്നോട്ടു പോകേണ്ടതായി വരും. അത് അല്‍പം പ്രയാസമേറിയ സംഗതിയാണ്. 

പഠനത്തിനു ശേഷം ഞാനും എന്റെ സഹോദരിയും മാതാപിതാക്കളും എല്ലാവരും ഒരുമിച്ചുണ്ടായ സമയമായിരുന്നു ഈ ലോക്ഡൗണ്‍ കാലം. മെഡിക്കല്‍ കോളജില്‍ പഠിക്കുമ്പോള്‍ ദീര്‍ഘമായൊരു അവധിക്കാലമൊന്നും കിട്ടില്ല. അങ്ങനെ, ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ അപ്പയ്ക്കും അമ്മയ്ക്കും ഒപ്പം വീട്ടില്‍ കൂടുന്നത്. ഓരോ വിശേഷങ്ങളും ഓര്‍മകളും പങ്കുവച്ച കൂട്ടത്തില്‍ ചെറുപ്പം മുതലേ കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങളും വന്നു. എന്നെ നെഗറ്റീവായി അത്തരം അനുഭവങ്ങള്‍ ബാധിച്ചിട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്ക് അത് പ്രചോദനമാകുമെന്ന് അപ്പ പറഞ്ഞു. അങ്ങനെ, എനിക്ക് ടച്ചിങ് ആയ അനുഭവങ്ങള്‍ സുഹൃത്തുക്കളുമായ പങ്കുവയ്ക്കാനാണ് ‘ദ് ലൈഫ് നെക്സ്റ്റ് ഡോർ’ എന്ന പേജ് തുടങ്ങിയത്.      

കരഞ്ഞത് ഒറ്റ തവണ മാത്രം  

ഒരിക്കല്‍ എന്റെ ഒരു ബന്ധു മരിച്ചതിന്റെ ചടങ്ങുകള്‍ക്കായി അവരുടെ വീട്ടിലേക്ക് പോയി. എംബിബിഎസ് പഠിക്കാന്‍ പോയതിനാല്‍ ബന്ധുക്കളില്‍ പലരും എന്നെ കണ്ടിട്ട് ഒരുപാട് നാളായിരുന്നു. ഞാന്‍ ആ വീട്ടിലേക്ക് കേറി ചെന്നപ്പോള്‍ എന്റെ ബന്ധുവായ അപ്പൂപ്പന്റെ മുന്നില്‍ പെട്ടു. ഞാന്‍ ആരാണെന്ന് പുള്ളിക്കാരന് പെട്ടെന്ന് മനസിലായില്ല. ‍ഞാന്‍ എന്നെ പരിചയപ്പെടുത്തി. ‘എന്തൊരു വൃത്തികേടാ ഈ കൊച്ചിനെ കാണാന്‍ ?!’ എന്നായിരുന്നു എന്നെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞത്. ഒറ്റ വരിയില്‍ ആക്ഷേപം നിറുത്താതെ അദ്ദേഹം എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ആകെ തകര്‍ന്നുപോയി. ഒന്നാമത്, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ മരിച്ചതിന്റെ സങ്കടം. അതിന്റെ കൂടെ അപ്രതീക്ഷിതമായി ഈ അപമാനവും. എന്താ ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ അവിടെ തന്നെ നിന്നു പോയി. ഈ ബഹളം കേട്ട് അകത്തു നിന്നു വന്ന എന്റെ മറ്റൊരു ബന്ധുവാണ് എന്നെ അവിടെ നിന്നും അകത്തേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകി. അന്നത്തെ ചടങ്ങുകളില്‍ എങ്ങനെയൊക്കെയോ പങ്കെടുത്തെന്ന് വരുത്തി ആര്‍ക്കും മുഖം കൊടുക്കാതെ വീടിന്റെ പിന്‍ഭാഗത്തിലൂടെ ഞാന്‍ ഇറങ്ങിപ്പോന്നു. ആരെങ്കിലും കളിയാക്കിയതിന്റെ പേരില്‍ അന്നു മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. 

സ്വയം പറയേണ്ട ഐ ലൗവ് യു

എന്നെ ആക്ഷേപിച്ച ആ സാഹചര്യത്തില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ ഞാന്‍ ഓകെ ആകും. പക്ഷേ, എല്ലാവരും അങ്ങനെ ആകണമെന്നില്ല. ഞാനെന്റെ അനുഭവങ്ങളും അതിനെ നേരിട്ട രീതിയും പങ്കുവച്ചപ്പോള്‍ എനിക്ക് ഒരുപാടു പ്രതികരണങ്ങള്‍ ലഭിച്ചു. പലരും സമാനമായ അധിക്ഷേപങ്ങള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ നേരിട്ടിട്ടുള്ളവരാണ്. അതു അവരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവരുടെ വാക്കുകളില്‍ നിന്ന് മനസിലായി. അവര്‍ക്ക് എന്റെ അനുഭവങ്ങള്‍ പ്രചോദമായെന്നു അറിഞ്ഞപ്പോള്‍ എന്റെ വിഡിയോ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ തോന്നി. ഒരാളുടെയെങ്കിലും ജീവിതത്തില്‍ അതൊരു മാറ്റം വരുത്തുന്നുണ്ടെങ്കില്‍ നല്ലതല്ലേ? ആദ്യം നമ്മള്‍ തന്നെയാണ് സ്വയം അംഗീകരിക്കേണ്ടത്. നമുക്ക് സ്വയം ആശ്ലേഷിക്കാന്‍ കഴിയണം. ഒരു വലിയ ഐ ലൗവ് യൂ സ്വയം പറഞ്ഞ് മുന്നോട്ടു പോകണം. പിന്നെ, തിരിഞ്ഞു നോക്കരുത്. മോശം അനുഭവങ്ങളെ അവിടെ തന്നെ ഉപേക്ഷിക്കണം. ചെറുപ്പം മുതലേ ഞാന്‍ ഇങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്. അത് എങ്ങനെ ശീലിച്ചു എന്നറിയില്ല. ഒരുപക്ഷേ, ചെറുപ്പത്തിലേ ഒരുപാടു കളിയാക്കലുകള്‍ നേരിട്ടതുകൊണ്ടാകും. മറ്റുള്ളവര്‍ നമുക്ക് തരാത്ത പ്രോത്സാഹനവും അഭിനന്ദനവും നമ്മള്‍ സ്വയം നല്‍കേണ്ടി വരും. ഇതു ഒരു പ്രാവശ്യം ചെയ്ത് അവസാനിപ്പിക്കാന്‍ കഴിയില്ല. കാരണം, ഓരോ ദിസവും ഇത്തരം നൂറു നൂറു അനുഭവങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്. 

ബോഡി ഷെയ്മിങ് തമാശയല്ല

ഇത്തരം പരിഹാസങ്ങള്‍ നേരിട്ടവര്‍ മാത്രമല്ല എന്നെ വിളിച്ചത്. അറിഞ്ഞോ അറിയാതെയോ ഇങ്ങനെ മറ്റുള്ളവരെ അധിക്ഷേപിച്ചവരും സങ്കടത്തോടെ എന്നെ വിളിച്ചു. എന്നോടു ക്ഷമാപണം നടത്തി. അവര്‍ എന്നോടു ക്ഷമ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. സാധിക്കുമെങ്കില്‍ അവര്‍ അങ്ങനെ അപമാനിച്ചവരോട് മാപ്പു പറയാനാണ് ഞാന്‍ നിര്‍ദേശിച്ചത്. ബോഡി ഷെയ്മിങ് അത്ര വലിയ തമാശ അല്ലെന്ന് തിരിച്ചറിഞ്ഞവരും എന്നെ വിളിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നതിന് എന്റെ വാക്കുകള്‍ അവരെ സഹായിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എനിക്ക് 100 കിലോ ഭാരമുണ്ട്. എംബിബിഎസ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്ന സമയത്ത് എന്റെ ഭാരം 112 കിലോ ആയിരുന്നു. മറ്റു ശാരീരിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ഞാനെന്റെ ഭാരം രണ്ടക്ക നമ്പറില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്, മറ്റുള്ളവരുടെ കളിയാക്കലുകളെ പരിഗണിച്ചല്ല. ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം. ഭാരം ഞാന്‍ 70ല്‍ എത്തിച്ചാലും ഞാന്‍ തടിയുള്ള വ്യക്തി തന്നെയാണ്. ആളുകള്‍ എന്നെ തടിച്ചി എന്നേ വിളിക്കൂ. ആളുകളുടെ മനോഭാവത്തെ നമുക്ക് ഒറ്റടയിക്ക് മാറ്റാന്‍ കഴിയില്ല. പക്ഷേ, നമ്മുടെ ആരോഗ്യം നമ്മള്‍ നോക്കണം. കഷണ്ടിയാണോ, തടിയാണോ, കറുപ്പാണോ... എന്താണ് നിങ്ങളെ മറ്റുള്ളവരുടെ കളിയാക്കലുകള്‍ക്ക് കാരണമാകുന്നത് അതു കൂടുതല്‍ കാണിച്ചുകൊണ്ടു തന്നെ വേണം മുന്നോട്ടു പോകാന്‍. അത് ആഘോഷമാക്കുക. അതിലൂടെ നല്‍കുന്ന സന്ദേശം വളരെ ശക്തമാണ്. ആളുകള്‍ക്ക് നമ്മോട് ആദരവ് തോന്നും. അങ്ങനെയാണ് നമുക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുക. അല്ലാതെ കരഞ്ഞു കാണിച്ചതുകൊണ്ടോ കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞതുകൊണ്ടോ ആരുടെയും മനോഭാവം മാറാന്‍ പോകുന്നില്ല.

English Summary : How dr Anjana mary roy faced body shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com