ADVERTISEMENT

സ്നേഹത്തിന് പരിമിതികളില്ല. ഏതു പ്രതിസന്ധികൾക്കിടയിലും അത് കവിഞ്ഞൊഴുകും. അഞ്ജലി രാധാകൃഷ്ണൻ എന്ന യുവതി തന്റെ ചേട്ടന് പിറന്നാളാശംസിച്ച് പങ്കുവച്ച കുറിപ്പ് ലോകത്തോട് വിളിച്ച് പറയുന്നത് ഇതാണ്. ‘ദി മോസ്റ്റ് ലവിങ് ബ്രദർ’ എന്ന ആമുഖത്തോടെയാണ് അഞ്ജലി കുറിപ്പ് പങ്കുവച്ചത്. കളങ്കമില്ലാതെ സ്നേഹിക്കുന്നതാണ് ഏട്ടനെ വ്യത്യസ്തനാക്കുന്നത്. അസുഖങ്ങൾക്കിടയിലും എട്ടന്‍ ഈ ലോകത്ത് മറ്റാർക്കും സ്നേഹിക്കാൻ കഴിയാത്ത അത്രയും തന്നെ സ്നേഹിക്കുന്നുണ്ട് എന്നും അഞ്ജലി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

Happy birthday to the most loving brother in the world... ചെറുപ്പത്തിൽ ഏട്ടനുമായി വഴക്കിട്ട് ഏട്ടൻ എന്നെ തല്ലുമ്പോ എല്ലാവരും ഏട്ടന്റെ ഭാഗം നിക്കുമായിരുന്നു. ‘അവൻ വയ്യാത്ത കുട്ടിയ, നീയല്ലേ മാറിപോവേണ്ടത്’ എന്ന് ചോദിക്കും.

അന്ന് വന്നിരുന്ന ദേഷ്യം ചില്ലറയല്ല. പിന്നെയങ്ങോട്ട് ഒരുപാട് അവസരങ്ങളിൽ ഈ വയ്യാത്ത കുട്ടി ടാഗ് കുടുംബക്കാർ പലവരും നിരത്തിയപ്പോഴും, സാധാരണ കുട്ടിയെ പോലെത്തന്നെ അച്ഛൻ നാട്ടിൽ വരുമ്പോഴൊക്കെ ഏട്ടനെയും ഒപ്പം എന്നെയും കൂടെ കൊണ്ടുനടന്നു. പൂരങ്ങൾ കണ്ടു, നാട് കണ്ടു. എപ്പോഴും ഒരു വിത്യാസവുമില്ലാതെ അച്ഛൻ ഞങ്ങളെ കൊണ്ടുനടന്നു. അതുകൊണ്ട് അപ്പോഴൊന്നും ഏട്ടനെന്താണ് ‘വയ്യായ്ക’ എന്നെനിക്ക് മനസ്സിലായില്ല.

പിന്നീടെപ്പോഴോ ഏട്ടന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ കരുതി അതാണ് പ്രശ്നമെന്ന്. കാരണം ഇമ്മ്യൂണിറ്റി കുറവായിരുന്ന ചേട്ടന് ഇടയ്ക്കിടെ അസുഖം വരുമായിരുന്നു. അന്നൊക്കെ രാപകലില്ലാതെ അമ്മയും, അമ്മക്ക് ഒരു മകനും അനിയനും ഒക്കെയായി ഡോക്ടറുടെ എടുത്തേക്കും, മെഡിക്കൽ സ്റ്റോറിലേക്കും ഒക്കെ മാറി മാറി ഓടിയത് ഗിരീഷേട്ടൻ( Gireesh Alanghattu) ആയിരുന്നു.

അച്ഛൻ ഗൾഫിലായത് കൊണ്ട് എന്റെ കുട്ടി വാശികൾ ഏറ്റെടുത്തു നാടുമുഴുവൻ നടന്ന് എനിക്ക് വേണ്ടി ഓരോന്ന് കണ്ടുപിടിച്ചു കൊണ്ടുവന്നതും ഗിരീഷേട്ടൻ തന്നെയാട്ടോ. പക്ഷേ പതിയെ ഏട്ടന്റെ ഈ ‘വയ്യായ്ക’ എന്നെ ബാധിച്ചു തുടങ്ങി. ആനുവൽ ഡേയ്‌സിൽ സ്കൂളിൽ എല്ലാവരുടെയും പേരെന്റ്സ് വരുമ്പോ ഞാൻ എന്നും ഗ്രീൻ റൂമിലും ബാക്ക് സ്റ്റേജ് ഇലും ഒറ്റക്കായിരുന്നു. അതിൽ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ഓർമ, ഒരിക്കൽ ആനുവൽ ഡേ കഴിഞ്ഞ് എന്നെ കൂട്ടാൻ ആരും വന്നില്ല, ഏട്ടന് വയ്യായിരുന്നു, ഒപ്പം എന്റെ ഏട്ടന്മാരും (cousins) തിരക്കിലായി..

സിസ്റ്റേഴ്സ്ന്റെ മഠത്തിനു മുമ്പിൽ കുട്ടികളെല്ലാം മാതാപിതാക്കളുടെ കയ്യും പിടിച്ചു പോകുന്നത് ഞാൻ നോക്കി ഇരുന്നു. ‘നീ കുഴപ്പമൊന്നുമില്ലാത്ത കുട്ടിയാണ്, നീയാണ് മനസ്സിലാക്കേണ്ടത്’ എന്ന് നന്നേ ചെറുപ്പത്തിലേ അമ്മൂമയും വീട്ടുകാരും ഒക്കെ പറഞ്ഞതുകൊണ്ട് ഈ കാര്യത്തെ കുറിച്ച് അമ്മയോട് പറയാനും മടിയായിരുന്നു. പറയാതിരിക്കാൻ മറ്റൊരു കാരണം, ചിലപ്പോഴൊക്കെ ഏട്ടന്റെയും, കുട്ടിയായ എന്റെയും വാശികൾക്കിടയിൽ പെട്ട് അമ്മയുടെ കണ്ണുനിറയണത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് അതിന്റെ അർഥമൊന്നും മനസിലായില്ലെങ്കിലും അമ്മക്ക് സങ്കടമാകും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. (ഒരുപക്ഷേ ഇന്ന് ഇത് വായിക്കുമ്പോഴാവും അമ്മ ഇതറിയുന്നത് ).

പിന്നീടെപ്പോഴോ ഒരിക്കൽ ക്ലാസിലെ കുട്ടികളിൽ ഒരാൾ ‘നിന്റെ ഏട്ടൻ പൊട്ടനല്ലേ’ എന്ന് ചോദിച്ചപ്പോഴാണ് ആദ്യമായി കരഞ്ഞു കൂവി അമ്മയുടെ അടുത്തു ചെന്നത്. അമ്മ ഉടനെ അന്നത്തെ ക്ലാസ്സ്‌ ടീച്ചറെ വിളിച്ചു, എന്റെ ക്ലാസ്സ്‌മേറ്റ് പിറ്റേന്ന് തന്നെ വന്നു സോറി പറയുകയും ചെയ്തു. പക്ഷേ അന്ന് മുതലാണ് ഏട്ടന്റെ ‘വയ്യായ്ക’ എന്താണെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത്. കാരണം, പിന്നീടങ്ങോട്ട് ഞാൻ ഏട്ടനെ ശ്രദ്ധിച്ചു തുടങ്ങി, ശരിയാണ്, ഏട്ടൻ മറ്റുള്ളവരെ പോലെയല്ല, വ്യത്യസ്തനാണ്.

പക്ഷേ പിന്നീടെപ്പോഴോ ആ വ്യത്യസ്ഥയുടെ ഒരു വലിയ ഗുണം ഞാനറിഞ്ഞു. ഓരോ തവണ പനിവന്നപ്പോഴും, വയ്യാതായപ്പോഴും, എന്റെ തലയ്ക്കൽ ഒരാൾ കാവലുണ്ടായിരുന്നു, എന്റെ തല തടവി, ‘എല്ലാം മാറും ട്ടോ, ഏട്ടൻ പ്രാർത്ഥിച്ചിണ്ട് ട്ടോ’ എന്നു പറഞ്ഞ് എന്നോട് കിടന്നോളാൻ പറയും. ഞാൻ ഒന്ന് തുമ്മിയാൽ അമ്മക്ക് ഉത്തരവിറങ്ങും, ‘‘അവൾക് മരുന്ന് കൊടുക്ക്, അവൾ നാളെ സ്കൂളിൽ പോണ്ട’’. ഏട്ടന്റെ സ്കൂളിൽ ആരുടെയെങ്കിലും പിറന്നാളുണ്ടെങ്കിൽ അവരുടെ ഒക്കെ പിറന്നാൾ മധുരം സൂക്ഷിച്ച് പോക്കറ്റിൽ വെച്ച് എനിക്ക് കൊണ്ടുവന്നു തരും. അത് വേറെ ആരെങ്കിലും എടുത്താൽ പിന്നവിടെ കലാപമാണ്. പിന്നീട് ഹോസ്റ്റൽ ജീവിതം ആരംഭിച്ചപ്പോ, ആറു മണിക്ക് എത്തുന്ന എന്നെ കാത്ത് മൂന്നു മണിക്കേ ഗേറ്റ് തുറന്നിട്ട്‌ ഏട്ടൻ സിറ്റൗട്ടിൽ ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും. ഒപ്പം അന്ന് രാവിലെ തന്നെ അമ്മയെക്കൊണ്ട് എനിക്കിഷ്ടമുള്ളത് എന്തെകിലും ഉണ്ടാക്കാൻ പറഞ്ഞിട്ടുമുണ്ടാകും.

Happy birthday to the most loving brother in the world... He taught me how to love unconditionally. ചെറുപ്പത്തിൽ ...

Posted by Anjali RadhaKrishnan on Sunday, 6 September 2020

ഞാൻ കുറെ ദിവസം വന്നിലെങ്കിൽ പതിയെ ഏട്ടൻ സൈലന്റ് ആയി തുടങ്ങും. ആ നിശബ്ദത പലപ്പോഴും എന്റെ നെഞ്ച് പിളർന്നിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവും വലിയൊരു പാഠം എന്നെ പഠിപ്പിച്ചത് വ്യത്യസ്തനായ എന്റെ ഏട്ടനാണ്, സ്‌നേഹിക്കേണ്ടതു എങ്ങനെയാണ് എന്ന്. കളങ്കമില്ലാത്ത, നേട്ടങ്ങൾക്കു വേണ്ടിയല്ലാത്ത സ്നേഹം. ജീവിതത്തിൽ അതുകൊണ്ടുതന്നെ കളങ്കപ്പെട്ട സ്നേഹം വിരുന്നിനെത്തിയപ്പോൾ പറഞ്ഞുവിടാൻ പറ്റിയതും അതുകൊണ്ടാണ്. ശരിയാണ് എന്റെ ഏട്ടൻ വ്യത്യസ്തനാണ്, പണത്തിനും, മറ്റുനേട്ടങ്ങൾക്കും വേണ്ടി സ്നേഹത്തെ കളങ്കപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ എല്ലാവരേക്കാളും വ്യത്യസ്തൻ. ഇന്ന് ഇതിവിടെ എഴുതാൻ കാരണം, ഇങ്ങനത്തെ കുട്ടികളെ ശാപമായി കാണുന്ന ഒരു സമൂഹത്തോട് ഒരു കാര്യം പറയാനാണ്, ശരിയാണ് ഇവർ സമ്പാദിക്കുന്നില്ലായിരിക്കാം, ദേഷ്യം വരുമ്പോൾ കുട്ടികളെ പോലെ വാശി കാണിക്കുമായിരിക്കാം. എങ്കിലും, ഈ ലോകത്ത് മറ്റാർക്കും സ്നേഹിക്കാൻ കഴിയാത്ത അത്രയും സ്നേഹിക്കാൻ ഇവർക്ക് മാത്രമേ കഴിയു. അതാണ് ഇവരെ യഥാർഥത്തിൽ വ്യത്യസ്തമാക്കുന്നത്.

English Summary : Viral fb post about a secial brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com