ADVERTISEMENT

ദക്ഷിണ കൊറിയ വളരെ സങ്കീർണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. രാജ്യത്തെ ജനനനിരക്ക് ഒരോ വർഷവും കുറവ് രേഖപ്പെടുത്തുന്നു. 2020ന്റെ രണ്ടാം പാദത്തിലെ കണക്കുപ്രകാരം 0.84 എന്ന ചരിത്രത്തിലെ ഏറ്റവും കുറവിലാണ് ജനനനിരക്ക് എത്തിനിൽക്കുന്നത്.വളരെ സങ്കീർണമായ സാമൂഹിക പ്രതിസന്ധികളാണ് കൊറിയയിൽ ഇതിലൂടെ ഉണ്ടാകുക. രാജ്യത്തിന്റെ നിലനിൽപ് തന്നെ ഇങ്ങനെ തുടര്‍ന്നാൽ ആപത്തിലാകും.

വിവാഹം, കുട്ടികൾ എന്നിവ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം ക്രമാതീതമായാണ് കൂടുന്നത്. രാജ്യത്തെ സാമ്പത്തികാവസ്ഥയാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. അതു പരിഹാരിക്കാനുള്ള  ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. വിവാഹവും കുട്ടികളുമെല്ലാം ജീവിത ചെലവ് ഉയർത്തുന്ന ഒന്നായാണ് യുവാക്കൾ കാണുന്നത്. വിവാഹം ജീവിതം ദുരിതപൂർണമാക്കുമെന്ന് ഭയപ്പെടുന്നു.

ഇതു കൂടാതെ വിവാഹത്തിലൂടെ സ്ത്രീകൾ അടിമകളാകുന്നു എന്നു വിശ്വസിക്കുന്ന ഫെമിനിസ്റ്റ് മൂവ്മെന്റുകൾ ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ‘നോ സെക്സ്, നോ ഡേറ്റിങ്, നോ ചിൽഡ്രൻ, ഓണ്‍ലി സിംഗിൾ’ എന്ന മുദ്രാവാക്യമുയർത്തി രണ്ട് യുട്യൂബേഴ്സ് തുടക്കമിട്ട മുന്നേറ്റത്തിന് യുവതികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിവാഹമോ കുട്ടികളോ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ലാതെ സ്വതന്ത്ര്യരായി ജീവിക്കാം എന്നതായിരുന്നു ഇതിലൂടെ ഉയർന്ന് ആശയം.

ജുങ് സെ യങ്,  ബെക്ക് ഹാ നാ എന്നിവരാണ് സോളോ ഡാരിറ്റി എന്ന യുട്യൂബ് ചാനലിലൂടെ വിവാഹത്തിനെതിരെ പ്രചാരണം നടത്തിയത്. വിവാഹമാണ് സമൂഹത്തിലെ പുരുഷ മേധാവിത്വത്തിന്റെ അടിസ്ഥാന കാരണമെന്നാണ് ജുങ് സെ യങ്ങിന്റെ വാദം. ഇതിൽ ആകൃഷ്ടരായ യുവതികൾ വിവാഹം കഴിച്ച് കുട്ടികളെയും വീടും നോക്കി ജീവിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കടുത്ത എതിർപ്പും സൈബർ ബുള്ളിയിങ്ങുമാണ് സമൂഹമാധ്യമങ്ങളിൽ ഈ മുന്നേറ്റത്തിന് നേരിടേണ്ടി വന്നത്. ഇവരുടെ പ്രതിഷേധങ്ങളെ ഗർഭപാത്ര സമരം എന്നാണ് എന്നാണ് എതിരാളികൾ കളിയാക്കി വിളിച്ചത്.

വർദ്ധിച്ചു വരുന്ന ജനനിരക്കിലെ കുറവ് ഇല്ലാതാക്കാൻ സർക്കാർ അഞ്ചു കോടി ജനങ്ങള്‍ക്കായി പലതരത്തിലുള്ള പദ്ധതികളും ഇളവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗർഭ സമയത്തെ ചികിത്സകൾ, പാരന്റൽ ലീവ് എന്നിവ അതിൽ ചിലതു മാത്രം. ഡേറ്റിങ് ചെയ്യാൻ തയ്യാറായാല്‍ മാത്രം പ്രവേശനം നൽകുന്ന കോഴ്സുകൾക്ക് സർവകലാശാലകൾ തുടക്കമിട്ടതും വാർത്തയായിരുന്നു. എന്നാൽ ഇതൊന്നും വലിയ മാറ്റങ്ങൾ‌ ഉണ്ടാക്കുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

English Summary : S. Korea’s fertility rate drops to historic low during 2nd quarter of 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com