ADVERTISEMENT

പങ്കാളിയുമായുണ്ടാകുന്ന വഴക്കുകൾ പലപ്പോഴും മനസ്സിന്റെ സ്വൈര്യം കെടുത്താറുണ്ടോ?. നിസാര വഴക്കുകൾ എല്ലാ ബന്ധത്തിലും സാധാരണമാണ്. എന്നാൽ അത് പരിധി വിടുമ്പോഴാണ് വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നത്. വഴക്കിടുമ്പോൾ ഉപയോഗിക്കുന്ന ക്രൂരമായ വാക്കുകളും മോശം പെരുമാറ്റങ്ങളും പരസ്പരം മനസ്സു മടുപ്പിച്ചേക്കാം. എങ്കിലും പരസ്പരം വെറുക്കാതെ ക്ഷമിക്കാൻ പഠിച്ചാൽ ബന്ധം കൂടുതൽ ഊഷ്മളമാക്കാം.

പങ്കാളിയോട് ക്ഷമിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

1. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നന്നായി വിലയിരുത്തുക. പങ്കാളിയുടെ സ്വഭാവത്തിലെ ഏതു കാര്യമാണ് നിങ്ങൾക്കിഷ്ടപ്പെടാത്തത് എന്ന് അവലോകനം ചെയ്യുക. അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതിനുള്ള ഉത്തരവാദിത്തം ആർക്കാണെന്ന് തിരിച്ചറിയുക. എന്തുകൊണ്ട് അത്തരം ഒരു സാഹചര്യമുണ്ടായി എന്ന് തിരിച്ചറിയുകയും അത്തരം കാരണങ്ങളെ ഒഴിവാക്കാൻ മനപൂർവം ശ്രമിക്കുകയും ചെയ്യുക. മനസ്സിലെ അസ്വസ്ഥത മാറി പങ്കാളിയോടു ക്ഷമിക്കുവാൻ നിങ്ങൾക്കു കഴിയും.

2. പങ്കാളിയോട് ക്ഷമിക്കുന്നത് അവരുടെ മാത്രം നന്മയ്ക്കുവേണ്ടിയല്ല എന്ന സത്യം ആദ്യം തന്നെ മനസ്സിലാക്കാൻ ശ്രമിക്കണം. ബന്ധം ഉലയാതെ കാക്കാൻ മാത്രമല്ല സ്വന്തം മനസ്സമാധാനത്തിനും സന്തോഷത്തിനും കൂടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിനെ ബോധ്യപ്പെടുത്തിയാൽ പിന്നെ സ്വന്തം വികാരങ്ങളെ അവഗണിച്ചുവെന്ന തോന്നൽ നിങ്ങൾക്കുണ്ടാവില്ല.

3. പങ്കാളിയുടെ വ്യക്തിത്വമാണോ അതോ ഏതെങ്കിലും പ്രത്യേക സ്വഭാവമാണോ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുക. മറ്റൊരാളുടെ വ്യക്തിത്വത്തെ പൂർണ്ണമായും മാറ്റാൻ ആർക്കുമാവില്ല എന്ന കാര്യം ഓർമയിൽ വയ്ക്കുക. ഏതെങ്കിലും പ്രത്യേക പെരുമാറ്റമാണ് അസ്വസ്ഥതയുണ്ടാക്കുന്നതെങ്കിൽ ആ സ്വഭാവം പതുക്കെ മാറ്റിയെടുക്കാൻ അവർക്ക് സമയം കൊടുക്കാം. അവരെ അവരായിത്തന്നെ അംഗീകരിക്കാൻ ശ്രമിക്കാം. എന്തൊക്കെ കുറവുകളുണ്ടായാലും അത് സ്വന്തം പങ്കാളിയാണെന്ന കാര്യം മറക്കാതെ പെരുമാറാം.

4.  ഏതെങ്കിലും കാരണവശാൽ വഴക്കുണ്ടായാൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ആ വഴക്ക് ഉറപ്പായും പറഞ്ഞു തീർക്കണം. ദേഷ്യവും വെറുപ്പും നിറഞ്ഞ മനസ്സോടെ ഒരിക്കലും ഉറങ്ങാൻ പോകരുത്. സംസാരിച്ചിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നില്ലെങ്കിൽ അടുത്ത ദിവസം ഉണരുമ്പോഴെങ്കിലും പഴയ പക മനസ്സിൽ വയ്ക്കാതെ സാധാരണ പോലെ പെരുമാറാൻ ശ്രദ്ധിക്കണം. ഇത് വഴക്കവസാനിപ്പിക്കാൻ സഹായിക്കും.

5. ദേഷ്യം, വെറുപ്പ്, വിഷമം തുടങ്ങിയ വികാരങ്ങൾ എപ്പോഴും നഷ്ടബോധമേയുണ്ടാക്കൂവെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. അത് ദാമ്പത്യബന്ധത്തിന്റെ താളം തെറ്റിക്കും. ഒരിക്കലും അങ്ങനെ സംഭവിക്കാനിട വരരുത്. വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയണം. അങ്ങനെയൊരു മാനസികാവസ്ഥയുണ്ടായാൽ വഴക്കുണ്ടാക്കിയ പങ്കാളിയോടു മാത്രമല്ല, നിങ്ങളെ പ്രകോപിപ്പിക്കാൻ വരുന്നവരോടു പോലും ക്ഷമിക്കാൻ നിങ്ങൾക്ക് സാധിക്കും.

English Summary : 5 Ways to forgive your partner when you are hurt and let go of things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com