ADVERTISEMENT

നീണ്ട വർഷങ്ങളിലെ പ്രണയത്തിനൊടുവിൽ വിവാഹിതരായി. പക്ഷേ ഇപ്പോൾ പരസ്പരം കാണുന്നതു പോലും ഇഷ്ടമല്ല. ദാമ്പത്യത്തിലെ പ്രണയം തിരിച്ചു പിടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്തുചെയ്യണമെന്ന് അറിയില്ല. ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടോ?. എങ്കിൽ എത്രയും വേഗം ഒരു മാര്യേജ് കൗൺസിലറെ കണ്ടോളൂ.

 

പ്രണയിക്കാനും വിവാഹം കഴിക്കാനും എളുപ്പമാണ്. പക്ഷേ ജീവിതകാലം മുഴുവൻ ആ പ്രണയം നിലനിർത്താനാണ് പ്രയാസം. ജീവിതത്തിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള നെട്ടോട്ടത്തിനിടയിൽ ദമ്പതികൾ തമ്മിൽ അകലുന്നത് സ്വാഭാവികമാണ്. പക്ഷേ അതൊരിക്കലും പരസ്പരം വെറുക്കുന്ന നിലയിലേക്ക് ആവരുതെന്നു മാത്രം. പുറത്തു നിന്നുള്ള കാര്യങ്ങൾ ഒരു പരിധിവിട്ട് ദാമ്പത്യത്തെ ബാധിക്കാതിരിക്കാൻ പങ്കാളികളിരുവരും ശ്രദ്ധിക്കണം.

 

പ്രശ്നമുണ്ടെന്നു തോന്നിയാൽ, പരസ്പരം പരിഹരിക്കാൻ കഴിയുന്നില്ലെന്ന് ഉറപ്പായാൽ ഒരു കൗൺസിലറെ കാണുന്നതിൽ ഒരു തെറ്റുമില്ല. അത് ദാമ്പത്യബന്ധം മെച്ചപ്പെടുത്താനേ ഉപകരിക്കൂ.

 

കൗൺസിലറെ കാണണമെന്ന കാര്യത്തിൽ ഇനിയും സംശയമുണ്ടോ? ഈ ആറുകാര്യങ്ങൾ ആ സംശയം മാറ്റിത്തരും

 

1. മനസ്സു തുറന്നുള്ള സംസാരമില്ലാത്തതാണ് പല ദാമ്പത്യബന്ധങ്ങളും ശിഥിലമാകാൻ കാരണം. ഒന്നിച്ചിരുന്ന് സംസാരിക്കാൻ വിഷയങ്ങളൊന്നും ഇല്ലാതെ വരുന്ന അവസ്ഥ പങ്കാളികളെ വല്ലാതെ നിരാശരാക്കും. ആ അവസ്ഥയിൽ എത്തുന്നതുവരെ കാക്കാതെ എത്രയും വേഗം ഒരു തെറപ്പിസ്റ്റിനെ കാണാനുള്ള മനസ്സ് ഇരുവരും കാണിക്കണം.

 

2. ചെറിയ കാര്യങ്ങൾക്കു പോലും വല്ലാതെ ദേഷ്യപ്പെടുന്നുണ്ടോ? പങ്കാളിയെ വല്ലാതെ അവഗണിക്കുന്നത് പതിവാണോ? സ്വന്തം താൽപര്യങ്ങൾ മാത്രം മുൻനിർത്തിയാണോ കുടുംബത്തിലെ എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. പങ്കാളി അതെല്ലാം നിശ്ശബ്ദമായി സഹിക്കുകയാണോ? എങ്കിൽ തീർച്ചയായും ഒരു മാര്യേജ് കൗൺസിലിങ്ങിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വേഗം തന്നെ ഇരുവരും ചേർന്ന് കൗൺസിലിങ്ങിനു പോകാൻ തയാറാകണം.

 

3. പരസ്പരം ഒരു രഹസ്യങ്ങളുമില്ലാതിരുന്ന പങ്കാളികൾക്കിടയിൽ ഇപ്പോൾ രഹസ്യങ്ങൾ വല്ലാതെ കൂടുന്നുണ്ടോ? പങ്കാളികൾക്ക് സ്വകാര്യത അത്യാവശ്യമാണ് എന്നത് ശരിതന്നെ. പക്ഷേ പ്രണയത്തിലായിരുന്നപ്പോൾ പരസ്പരം രഹസ്യങ്ങളില്ലാതിരുന്നവർക്കിടയിൽ പെട്ടെന്ന് രഹസ്യങ്ങൾ വരുമ്പോൾ അത് ദാമ്പത്യത്തെ മോശമായി ബാധിച്ചേക്കാം. എന്നാൽ ദാമ്പത്യബന്ധത്തെ താറുമാറാക്കുന്ന രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കുന്നതാണു നല്ലത്. അത്തരം സാഹചര്യങ്ങളിൽ ഒരു വിദഗ്ധ ഉപദേശം തേടുന്നതിൽ തെറ്റില്ല.

 

4. പങ്കാളിയുടെ സ്വഭാവം മാറിയിരുന്നെങ്കിലെന്ന് നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടോ? മറ്റൊരാളുടെ സ്വഭാവം മാറ്റാൻ നിങ്ങൾ ആളല്ല എന്ന കാര്യം മനസ്സിലാക്കുക. പങ്കാളിയുടെ നിയന്ത്രണം നിങ്ങളുടെ കൈയിലല്ലെന്നും തിരിച്ചറിയണം. ഒരു കൗൺസിലറുടെ മുന്നിൽ മനസ്സു തുറക്കാൻ തയാറാകുക. പരസ്പരം നന്നായി മനസ്സിലാക്കാൻ ആ ഇടപെടൽ സഹായിച്ചേക്കും.

 

5. വിവാഹം കഴിഞ്ഞിട്ടും വെറും റൂംമേറ്റ്സിനെപ്പോലെയാണ് നിങ്ങളുടെ താമസമെങ്കിൽ അവിടെ വൈകാരിക അടുപ്പവും ശാരീരിക അടുപ്പവും തീരെയുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ അധികം വൈകാതെ തന്നെ ഇരുവരും കൗൺസിലിങ്ങിനു വിധേയരാകാൻ തയാറാകണം.

 

6. വിവാഹേതര ബന്ധങ്ങൾ അത് തീർച്ചയായും വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. വിവാഹജീവിതത്തിൽ പരസ്പരം വിശ്വസ്തത പുലർത്തുക എന്നതാണ് ഒന്നാമത്തെ കാര്യം. സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പങ്കാളിക്കൊപ്പം നല്ലൊരു കൗൺസിലറെ കാണാം.

English Summary  : signs that show why you might need marriage counselling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com