പ്രിയങ്കയുടെ മുതുമുത്തച്ഛൻ : പവനൻ വരച്ച തൂലികാചിത്രം

newzealand-minister-priyanka-radhakrishnan-great-grandfather-cr-krishnappilla-biography
പ്രിയങ്ക രാധാകൃഷ്ണൻ, ഡോ. സി.ആർ. കൃഷ്ണപിള്ള
SHARE

പ്രശസ്ത പത്രപ്രവർത്തകൻ യശശ്ശരീരനായ പവനന്റെ ആത്മകഥയിലുണ്ട്,  ന്യൂസീലൻഡിന് പ്രിയങ്കരിയായി മാറിയ മലയാളി മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്റെ മുതുമുത്തച ൻ ഡോ. സി.ആർ. കൃഷ്ണപിള്ളയുടെ തൂലികാചിത്രം. 

‘ അദ്ദേഹത്തിന്റെ വേഷവും ഭാവവും മറ്റും ഒരിക്കൽ കണ്ടാൽ മറക്കുകയില്ല. ഞാൻ കാണുമ്പോൾ അദ്ദേഹത്തിനു നര ബാധിച്ചിരുന്നു. അപ്പോഴും ഒരു സൗന്ദര്യമത്സരത്തിനു പോയിരുന്നുവെങ്കിൽ അദ്ദേഹം സമ്മാനം വാങ്ങുമായിരുന്നു. അത്രയ്ക്കു കാമകോമളനായിരുന്നു. നരച്ച മുടി സൈഡിട്ട്, ചീകി വെച്ചിരിക്കും. ചെറിയമട്ടിൽ അതൊരു ചുരുളൻമുടിയുമാണ്. നരയും അദ്ദേഹത്തിന് ഒരു അഴകായിരുന്നു. ഒത്ത ഉയരമുള്ള ചുകന്ന വെളുത്ത മനുഷ്യൻ. ചുണ്ടിൽ തേച്ചുവച്ച പൂപ്പുഞ്ചിരി. മൂക്കിനു താഴെ ആ പുഞ്ചിരിക്കു കിന്നരിവെക്കുന്ന ‘അരമീശ’. ദയാമയമായ കണ്ണുകൾ, ഉയർന്ന നെറ്റി, ഓരോ അവയവവും ചേരേണ്ട മട്ടിൽത്തന്നെ അദ്ദേഹത്തിനു ചേർന്നിരിക്കുന്നു. വെളുത്ത കോട്ട്, വെളുത്ത പാന്റ്, ഷർട്ട്. കോട്ടിന്റെ താഴത്തെ പോക്കറ്റിൽ പുറത്തേക്കു നോക്കുന്ന ഒരു വെള്ളി സിഗരറ്റ്കെയ്സ്. കെയ്സിൽ നിറയെ ബീഡിയാണ്. ഒരു പ്രത്യേകതരത്തിൽ തെരച്ച നീണ്ട ബീഡി. സിഗരറ്റ് കെയ്സ് തുറന്ന് അതിൽനിന്ന് ഒരു ബീഡി എടുത്തു കെയ്സ് നമ്മുടെ നേരെ നീട്ടിക്കൊണ്ടു പറയും : ഞാൻ തൊഴിലാളി വർഗത്തിനൊപ്പമാണ്. നിങ്ങളൊക്കെ സിഗരറ്റ് വലിക്കാരല്ലേ?’

മദിരാശിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ജയകേരളം വാരികയുടെ പത്രാധിപസമിതിയിൽ ചേർന്നകാലത്ത് ഡോ.സി.ആർ. കൃഷ്ണപിള്ളയെ ആദ്യമായി കണ്ട നിമിഷം പവനൻ ആത്മകഥയിൽ രേഖപ്പെടുത്തിയതിങ്ങനെ. കെ. പത്മനാഭൻനായരാണ് പവനനെ കൃഷ്ണപിള്ളയ്ക്കു പരിചയപ്പെടുത്തിയത്. 

‘എനിക്കറിയാം. കേരളസമാജത്തിൽവച്ചു കണ്ടിട്ടുണ്ട്. ജയകേരളത്തിൽ നില്ക്കട്ടെ. ശമ്പളം പത്മനാഭൻനായർ നിശ്ചയിക്കും. അധികം കമ്യൂണിസം വേണ്ട കേട്ടോ. മാധവമേനോന്റെയും (അന്നു മന്ത്രിയായിരുന്ന കോഴിപ്പുറത്തു മാധവമേനോൻ) കുട്ടിമാളുഅമ്മയുടെയും ശ്രദ്ധയിൽ നിങ്ങൾ പെട്ടിട്ടുണ്ട്. അതുകൊണ്ട് അല്പം സൂക്ഷിക്കണം’ – കൃഷ്ണപിള്ള മുന്നറിയിപ്പു നല്കി. നാട്ടിൽനിന്ന് ഒളിച്ചോടിവന്ന ഒരു കമ്യൂണിസ്റ്റാണ് പവനനെന്നു ഡോക്ടർ തെറ്റിദ്ധരിച്ചു. അടുത്തു പെരുമാറാനവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറി. പക്ഷേ, കോഴിപ്പുറത്തു മാധവമേനോന്റെ വിശ്വാസം മാറിയിരുന്നില്ല. അവസാനം അതു ജയകേരളത്തിന്റെ  പത്രാധിപസമിതിയിൽനിന്നുള്ള പവനന്റെ രാജിയിലാണ് കലാശിച്ചത്. 

ഡോ.സി.ആർ.കൃഷ്ണപിള്ള : ജീവിതരേഖ

വടക്കൻ പറവൂർ കാലുപറമ്പുവീട്ടിൽ കുഞ്ഞുണ്ണിമേനോന്റെയും ഈശ്വരിയമ്മയുടെയും മകനായി 1900 ഫെബ്രുവരി 27ന് ജനിച്ചു. മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ച ‍‍‍ഡോ.സി.ആർ. കൃഷ്ണപിള്ളയ്ക്കു മദ്രാസിൽ സ്വന്തമായി നേഴ്സിങ് ഹോമുണ്ടായിരുന്നു. മദ്രാസ് കേരള സമാജം, ജയകേരളം വാരിക എന്നിവയുടെ സ്ഥാപകനായ കൃഷ്ണപിള്ള, ജനതാ പ്രിന്റിങ് ആൻഡ് പബ്ളിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായിരുന്നു. നാടകനടൻ, സംവിധായകൻ എന്നീ നിലകളിലും പ്രശസ്തി നേടി. ഉമ്മിണിത്തങ്ക, മഗ്ദലനമറിയം, ശൈലപുത്രി, കുസൃതിക്കുടുക്ക, സെബുന്നിസ എന്നീ നാടകങ്ങൾ രചിച്ച കൃഷ്ണപിള്ള ‘കളഞ്ഞുകിട്ടിയ തങ്കം’ എന്ന പേരിൽ ഒരു നോവലും രചിച്ചിട്ടുണ്ട്. ചിറ്റൂർ വലിയ എഴുവത്ത് ദേവകിയമ്മയെ വിവാഹം കഴിച്ചു. 1960 ഫെബ്രുവരി 18ന് അന്തരിച്ചു. 

ഡോ.സി.ആർ. കൃഷ്ണപിള്ളയുടെ മകൾ ദേവകി രാമചന്ദ്രന്റെയും സി.ആർ.ആർ. പിള്ളയുടെയും ഏകമകളാണു പ്രിയങ്ക രാധാകൃഷ്ണന്റെ അമ്മ ഉഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA